സംസ്ഥാനത്ത് ഇന്നു മുതല് ആരംഭിക്കുന്ന കന്നുകാലി സര്വേയുടെ ഭാഗമായി കുടുംബശ്രീയുടെ പശുസഖിമാര് വിവരശേഖരണത്തിനായി വീടുകളിലെത്തും. രാജ്യവ്യാപകമായി നടത്തുന്ന ഇരുപത്തി ഒന്നാമത് കന്നുകാലി സെന്സസിന്റെ ഭാഗമായി കേരളത്തില് ആകെ 3155 പേരാണ് എന്യൂമറേറ്റര്മാരായി എത്തുന്നത്. ഇതില് 2800-ലധികം പേര് കുടുംബശ്രീയുടെ കീഴിലുള്ള പശുസഖിമാരാണ്. കുടുംബശ്രീയുടെ മൃഗസംരക്ഷണ പദ്ധതികള് ഫീല്ഡ്തലത്തില് ഊര്ജിതമാക്കുന്നതിനായി പ്രവര്ത്തിക്കുന്നവരാണ് ഇവര്.
നിലവിലെ സ്ഥിതിവിവരങ്ങള് വിലയിരുത്താനും ദീര്ഘകാലാടിസ്ഥാനത്തില് മൃഗസംരക്ഷണ പദ്ധതികള് ആസൂത്രണം ചെയ്യാനും കന്നുകാലി സെന്സസ് പ്രയോജനപ്പെടുത്തും. കൂടാതെ മൃഗസംരക്ഷണ മേഖലയില് സര്ക്കാര് നയരൂപീകരണത്തിനും ഉപയോഗിക്കും.
സെന്സസ് സര്വേയുടെ ഭാഗമായി ഓരോ വീടുകളിലുമുള്ള മുഴുവന് കന്നുകാലികളുടെയും വിവരങ്ങള് ശേഖരിക്കും. ഒരു എന്യൂമറേറ്റര്ക്ക് മൂവായിരം മുതല് നാലായിരം വരെ വീടുകള് കന്നുകാലി സെന്സസ് നടപ്പാക്കുന്നതിനായി ചുമതലപ്പെടുത്തും. നാലു മാസമാണ് സര്വേയുടെ കാലാവധി. പശുസഖി വനിതകള്ക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിനും പദ്ധതി ആസൂത്രണത്തില് ഭാഗമാകുന്നതിനും ഈ അവസരം സഹായകമാകും.
1919ല് ആരംഭിച്ച കന്നുകാലി സെന്സസ് ഇപ്പോള് ഓരോ അഞ്ചു വര്ഷം കൂടുമ്പോഴും നടത്തി വരികയാണ്. കഴിഞ്ഞ 20 സെന്സസുകളില് നിന്നും വ്യത്യസ്തമായി ദേശീയതലത്തില് പ്രത്യേകം തയ്യാറാക്കിയ മൊബൈല് ആപ്ളിക്കേഷന് വഴിയാണ് ഇത്തവണ വിവരശേഖരണം നടത്തുന്നത്. ഇതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില് പ്രത്യേക പരിശീലനവും എന്യൂമറേറ്റര്മാര്ക്ക് നല്കി വരുന്നു.
കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയോജിതമായി പശുസഖി അംഗങ്ങള്ക്ക് പരിശീലനം നല്കി ഇവരെ എ-ഹെല്പ് അംഗീകൃത റിസോഴ്സ് പേഴ്സണ് ആയി പ്രാദേശിക മൃഗാശുപത്രികളിലൂടെ കര്ഷക സേവനങ്ങള് നല്കുന്നതിനും പ്രാപ്തരാക്കി വരുന്നു.
- 104 views