തൃശ്ശൂര്‍ ജില്ലയില്‍ തീരദേശവാസികള്‍ക്ക് ആശ്വാസമാകാന്‍ തീരശ്രീയുടെ തയ്യല്‍ഗ്രാമം

Posted on Wednesday, February 26, 2020

തൃശ്ശൂര്‍ ജില്ലയിലെ തീരദേശമേഖലയിലെ കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാന്‍ തീരശ്രീ പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ മിഷന്റെ തയ്യല്‍ ഗ്രാമമത്തിന് തുടക്കം. മേഖലയിലെ  മുഴുവന്‍ കുടുംബശ്രീ വനിതകളെയും സംയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണിത്.  എറിയാട് പഞ്ചായത്തിലെ കരിക്കുളം ജംക്ഷനില്‍ ആരംഭിച്ച സംരംഭത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഫെബ്രുവരി 24 ന് നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.

  സ്ത്രീകളെ ഉപജീവന മാര്‍ഗത്തിലേക്ക് നയിക്കുകയും അതുവഴി അവര്‍ക്ക് വരുമാനമാര്‍ഗ്ഗം കണ്ടെത്തി നല്‍കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. തീരശ്രീയുടെ കീഴില്‍ വരുന്ന പഞ്ചായത്തുകളെ മാതൃകാ ഗ്രാമമാക്കുക എന്നതും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. എറിയാട് പഞ്ചായത്തിലെ 21ാം വാര്‍ഡിലാണ് പദ്ധതിയുടെ ആദ്യം ആരംഭിച്ചിരിക്കുന്നത്.
വാര്‍ഡിലെ 30 അംഗങ്ങള്‍ക്കും തുണിബാഗ് നിര്‍മാണമടക്കമുള്ളവയില്‍ വിദഗ്ധ പരിശീലനം നല്‍കി. കരിക്കുളം ആസ്പത്രിയ്ക്ക് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്. രണ്ടര ലക്ഷം രൂപയാണ് പദ്ധതി തുക.

  ജില്ലയില്‍ എറിയാട്, മതിലകം, ശ്രീനാരായണപുരം, വലപ്പാട്, കയ്പമംഗലം എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകളാണ് തീരശ്രീയ്ക്ക് കീഴില്‍ വരുന്നത്. ഇവയിലെല്ലാം കൂടി 25 തീരദേശ വാര്‍ഡുകളും. മാതൃകാ ഗ്രാമത്തിന്റെ ഭാഗമായി ഓരോ വാര്‍ഡുകളിലും വ്യത്യസ്തമായ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. തയ്യല്‍ ഗ്രാമം പോലെ അച്ചാര്‍ ഗ്രാമം, പൊടി ഗ്രാമം, പഴം-പച്ചക്കറി ഗ്രാമം, കാറ്ററിങ് ഗ്രാമം എന്നിങ്ങനെ വിവിധ മേഖലകളില്‍ ഊന്നിയാണ് പദ്ധതി നടപ്പാക്കുക.  മേഖലയിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന കടബാധ്യത, വിദ്യാഭ്യാസത്തിന്റെയും തൊഴില്‍ നൈപുണ്യ പരിശീലനത്തിന്റെയും പ്രകടമായ കുറവ്, സമ്പാദ്യ ശീലത്തിന്റെ അഭാവം എന്നിവ ഫലപ്രദമായ ഇടപെടലുകളിലൂടെ  പരിഹരിച്ചുകൊണ്ട് തീരദേശ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതി വഴി തീരശ്രീ ലക്ഷ്യമിടുന്നത്.

  സംസ്ഥാനത്തെ 82 തീരദേശ പഞ്ചായത്തുകളിലെ തീരദേശ വാര്‍ഡുകളില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തി ഈ മേഖലയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പൊതു ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ പദ്ധതിയാണ് തീരശ്രീ  പദ്ധതി. തീരദേശ മേഖലയില്‍ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ സമഗ്രമായ വ്യാപനവും നവീകരണവും ലക്ഷ്യമിട്ടുകൊണ്ട് സാമൂഹ്യവികസനത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
 
  ജോലിയിലുള്ള അനിശ്ചിതാവസ്ഥ, ക്രമമായ വരുമാനം ലഭിക്കാത്ത സാഹചര്യം, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, സ്ത്രീകളിലും കുട്ടികളിലും കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, കുടിവെള്ള ലഭ്യതക്കുറവ്, മത്സ്യബന്ധനവും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളുമൊഴിച്ച് മറ്റ് ഉപജീവന പ്രവര്‍ത്തനങ്ങളുടെ അഭാവം എന്നിവയാണ് തീരദേശവാസികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. സ്ത്രീകളും കുട്ടികളുമാണ് ഇതിന്റെ ദുരിതങ്ങള്‍ ഏറെയും സഹിക്കേണ്ടി വരുന്നത്. ഇതിന് പരിഹാരമെന്നോണമാണ് തീരശ്രീയുടെ കീഴില്‍ നിരവധി പദ്ധതികള്‍ രൂപം കൊള്ളുന്നത്.

  പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി.ജ്യോതിഷ് കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ റെജി തോമസ് എന്നിവര്‍ മുഖ്യാതിഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. സിദ്ദീഖ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വി.എ. സബാഹ്, സുഗത ശശിധരന്‍, അംബിക ശിവപ്രിയന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിനീത ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗം പ്രസീന റാഫി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

Content highlight
ജില്ലയില്‍ എറിയാട്, മതിലകം, ശ്രീനാരായണപുരം, വലപ്പാട്, കയ്പമംഗലം എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകളാണ് തീരശ്രീയ്ക്ക് കീഴില്‍ വരുന്നത്.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ അവാര്‍ഡ്

Posted on Wednesday, February 26, 2020

* കോട്ടയം ജില്ലയിലെ കൊണ്ടൂര്‍ വില്ലേജിലെ പഞ്ചമി, തൃശൂര്‍ ജില്ലയിലെ അഴിക്കോട് വില്ലേജിലെ ഉഷസ് എന്നീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ അവാര്‍ഡ്

തിരുവനന്തപുരം: മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്ത് മികച്ച രീതിയില്‍ സ്ത്രീ മുന്നേറ്റം കൈവരിച്ച കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ അവാര്‍ഡ്. കോട്ടയം ജില്ലയിലെ കൊണ്ടൂര്‍ വില്ലേജിലെ പഞ്ചമി, തൃശൂര്‍ ജില്ലയിലെ അഴിക്കോട് വില്ലേജിലെ ഉഷസ് എന്നീ അയല്‍ക്കൂട്ടങ്ങള്‍ക്കാണ് ഇത്തവണ ദേശീയതല അംഗീകാരം. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം-പദ്ധതി (എന്‍.ആര്‍.എല്‍.എം) നടപ്പാക്കുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍ട്രികളില്‍ നിന്നാണ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍  മാര്‍ച്ച് 7ന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികളോടനുബന്ധിച്ചുള്ള ചടങ്ങില്‍ അയല്‍ക്കൂട്ട പ്രതിനിധികളും ജില്ലാമിഷന്‍ അധികൃതരും ചേര്‍ന്ന് എന്‍.ആര്‍.എല്‍.എം ദേശീയ അവാര്‍ഡുകള്‍ സ്വീകരിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ്ങ് ടോമര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയും പരിപാടിയില്‍ പങ്കെടുക്കും.      

   ആഴ്ച തോറുമുള്ള അയല്‍ക്കൂട്ട അംഗങ്ങളുടെ ഹാജര്‍, സമ്പാദ്യം, നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കല്‍, വായ്പാ തിരിച്ചടവിന്‍റെ കൃത്യത, അംഗങ്ങള്‍ക്ക് വായ്പ നല്‍കി ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുകയും അതുവഴി ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുക എന്നിവയാണ് അവാര്‍ഡിനു പരിഗണിച്ച മാനദണ്ഡങ്ങള്‍. അവാര്‍ഡിനു വേണ്ടി എന്‍.ആര്‍.എല്‍.എം പ്രത്യേകമായി തയ്യാറാക്കിയ മാതൃകയിലാണ് വിവരങ്ങള്‍ നല്‍കിയത്. ഇതിനായി ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ ഓരോ ജില്ലയില്‍ നിന്നും ഏറ്റവും മികച്ച മൂന്ന് അയല്‍ക്കൂട്ടങ്ങള്‍ വീതം തിരഞ്ഞെടുക്കുകയും പിന്നീട് അതില്‍ നിന്നും ഏറ്റവും മികവ് പുലര്‍ത്തിയ മൂന്ന് അയല്‍ക്കൂട്ടങ്ങളെ സംസ്ഥാന മിഷന്‍ നോമിനേറ്റ് ചെയ്യുകയുമായിരുന്നു. ഇതില്‍ നിന്നാണ് രണ്ട് അയല്‍ക്കൂട്ടങ്ങളെ തിരഞ്ഞെടുത്തത്.

    ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും മികച്ച സംഭാവനകള്‍ നല്‍കിയ സ്ത്രീകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അന്താരാഷ്ട്ര വനിതാ ദിന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സമൂഹത്തിലെ മറ്റു സ്ത്രീകള്‍ക്കും മാതൃകയാക്കാന്‍ കഴിയും വിധം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച അയല്‍ക്കൂട്ട അംഗങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കു വയ്ക്കലും പരിപാടിയോടനുബന്ധിച്ചു നടക്കും.

 

Content highlight
ആഴ്ച തോറുമുള്ള അയല്‍ക്കൂട്ട അംഗങ്ങളുടെ ഹാജര്‍, സമ്പാദ്യം, നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കല്‍, വായ്പാ തിരിച്ചടവിന്‍റെ കൃത്യത, അംഗങ്ങള്‍ക്ക് വായ്പ നല്‍കി ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുകയും അതുവഴി ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുക എന്ന