കൊറോണ: കോട്ടണ്‍ മാസ്‌കുകള്‍ നിര്‍മ്മിച്ച് തയ്യല്‍ യൂണിറ്റുകള്‍.

Posted on Thursday, March 19, 2020

കൊറോണ വൈറസ് വ്യാപനത്തിനെതിരേ പൊതുജനങ്ങളുടെ പ്രതിരോധത്തിന് തുണയാകാന്‍ കുടുംബശ്രീ തയ്യല്‍ യൂണിറ്റുകള്‍ കോട്ടണ്‍ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചു. കേരളത്തിലെ 14 ജില്ലകളിലുമായി ചെറുതും വലുതുമായ കുടുംബശ്രീയുടെ തയ്യല്‍ യൂണിറ്റുകളുണ്ട്. ഇതില്‍ 268 യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഓര്‍ഡര്‍ ലഭിക്കുന്നത് അനുസരിച്ച് കോട്ടണ്‍ മാസ്‌കുകള്‍ തയാറാക്കാനുള്ള പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. ഈ തയ്യല്‍ യൂണിറ്റുകളുടെ ആകെ പ്രതിദിന മാസ്‌ക് ഉത്പാദന ശേഷി 1,30,000 ആണ്. ഓര്‍ഡറുകള്‍ ലഭിക്കുന്നത് അനുസരിച്ചും അതാത് ജില്ലയുടെ ഉത്പാദന ക്ഷമത അനുസരിച്ചും മാസ്‌കുകള്‍ തയാറാക്കി നല്‍കുന്നതിനുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഓര്‍ഡറുകളാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നേരിട്ട് ലഭ്യമായിട്ടുള്ളത്. ഓരോ ജില്ലയിലും ലഭിക്കുന്ന ഓര്‍ഡറുകള്‍ അതാത് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരുടെ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലാണ് സ്വീകരിക്കുന്നതും പൂര്‍ത്തിയാക്കി നല്‍കുന്നതും.

  തിരുവനന്തപുരം ജില്ലയില്‍ 50,000 കോട്ടണ്‍ മാസ്‌കുകളുടെ ഓര്‍ഡറാണ് ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിച്ചത്. ഇടുക്കിയില്‍ 20,000 മാസ്‌കുകളുടെ ഓര്‍ഡറും. രണ്ട് ദിവസം കൊണ്ട് എല്ലാ ജില്ലകളും തങ്ങളുടെ ഉത്പാദന ക്ഷമത അനുസരിച്ചുള്ള തോതില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുകയും അത് തയാറാക്കി നല്‍കുകയും ചെയ്യുന്ന രീതിയിലേക്ക് പ്രവര്‍ത്തനം എത്തിക്കും.  

  പ്രതിദിനം 1.30 ലക്ഷം മാസ്‌കുകളാണ് ഇപ്പോള്‍ യൂണിറ്റുകളുടെ ആകെ ഉത്പാദന ശേഷി. ലഭിക്കുന്ന ഓര്‍ഡറുകള്‍ മികച്ച ഗുണനിലവാരത്തോടെ പൂര്‍ത്തിയാക്കാനും അത് നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. മാസ്‌ക് നിര്‍മ്മാണത്തിന് ഉപയോഗിച്ച തുണി, ഗുണനിലവാരം എന്നിവ അനുസരിച്ചാണ് വില ഈടാക്കുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ മാസ്‌ക് ഉത്പാദനം തുടങ്ങിയെന്ന വിവരം അറിഞ്ഞ് കൂടുതല്‍ ഓര്‍ഡറുകള്‍ ജില്ലകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ പ്രവൃത്തി സമയം കൂട്ടിയും കൂടുതല്‍ യൂണിറ്റുകളെ ഇതിലേക്ക് എത്തിച്ചും ഉത്പാദനം കൂട്ടാന്‍ ബന്ധപ്പെട്ട ജില്ലാമിഷനുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധമൂലമുണ്ടാകുന്ന രോഗ വ്യാപനം തടയാന്‍ ഇത് വഴി കുടുംബശ്രീ വനിതകള്‍ തങ്ങളുടേതായ പങ്ക് വഹിക്കുകയാണ്.

 

Content highlight
ഓരോ ജില്ലയിലും ലഭിക്കുന്ന ഓര്‍ഡറുകള്‍ അതാത് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരുടെ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലാണ് സ്വീകരിക്കുന്നതും പൂര്‍ത്തിയാക്കി നല്‍കുന്നതും