ആയുര്‍ മാസ്‌ക് നിര്‍മ്മാണത്തിന് കുടുംബശ്രീയും

Posted on Thursday, July 2, 2020

കോവിഡ് -19 പ്രതിരോധത്തിനായി ഏവരും മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. പുനരുപയോഗം സാധ്യമാകുന്ന കോട്ടണ്‍ മാസ്‌കുകളും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തുണയാകന്ന ഫേസ് ഷീല്‍ഡുകളും നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് വിവിധ കുടുംബശ്രീ യൂണിറ്റുകള്‍. ഇതിനോടൊപ്പം ആയുര്‍ മാസ്‌കുകളുടെ നിര്‍മ്മാണവും ആരംഭിച്ചിരിക്കുകയാണ് ഞങ്ങളുടെ സംരംഭകര്‍.

  സംസ്ഥാന ആയുഷ് വകുപ്പുമായി സഹകരിച്ചാണ് കുടുംബശ്രീ ആയുര്‍ മാസ്‌ക് നിര്‍മ്മാണത്തിലേക്ക് കടന്നിരിക്കുന്നത്. തിരുവനന്തപുരത്തെ ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എസ്. ആനന്ദിന്റെ നേതൃത്വത്തിലാണ് ഈ ആയുര്‍ മാസ്‌കുകള്‍ വികസിപ്പിച്ചെടുത്തത്. കൈത്തറി തുണിയിലാണ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. തുളസി, മഞ്ഞള്‍ തുടങ്ങി ശ്വസന പ്രക്രിയയെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന ഔഷധങ്ങള്‍ ഈ തുണിയിലേക്ക് ചായം ചേര്‍ക്കുന്നത് പോലെ കൂട്ടിച്ചേര്‍ക്കുന്നു. ഇങ്ങനെ നിര്‍മ്മിച്ചിരിക്കുന്ന ആയുര്‍ മാസ്‌കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന നടപ്പിലാക്കുന്നത്.

  പരീക്ഷണാടിസ്ഥാനത്തില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുന്നതിനായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ സിഡിഎസുകളില്‍ നിന്നുള്ള മണികണ്‌ഠേശ്വര, വന്ദന എന്നീ യൂണിറ്റുകളില്‍ നിന്നുള്ള പത്ത് കുടുംബശ്രീ വനിതകളെ തെരഞ്ഞെടുക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. പേരൂര്‍ക്കടയിലെ സ്‌നേഹിത കേന്ദ്രത്തിലാണ് ഇവര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലനം നല്‍കി. ഡോ. ആനന്ദും ഫാര്‍മസിസ്റ്റായ അജുവുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

 

Content highlight
പരീക്ഷണാടിസ്ഥാനത്തില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുന്നതിനായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ സിഡിഎസുകളില്‍ നിന്നുള്ള മണികണ്‌ഠേശ്വര, വന്ദന എന്നീ യൂണിറ്റുകളില്‍ നിന്നുള്ള പത്ത് കുടുംബശ്രീ വനിതകളെ തെരഞ്ഞെടുക്കുകയും പരിശീലനം നല്‍കുകയും ചെയ്തു.

ഭക്ഷ്യസുരക്ഷയ്ക്കായി അട്ടപ്പാടിയില്‍ ഭക്ഷ്യവനം

Posted on Tuesday, June 16, 2020

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന അട്ടപ്പാടി പ്രത്യേക പദ്ധതിയുടെ ഭാഗമായി ഭക്ഷ്യവനവും. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയില്‍ പങ്കാളികളായാണ് ഭക്ഷ്യവനം തയാറാക്കുന്നത്. ആദിവാസി മേഖലയില്‍ കേരളത്തിലെ ആദ്യത്തെ ഭക്ഷ്യവനമാണ് അട്ടപ്പാടിയിലേത്.

  അട്ടപ്പാടിയിലെ 192 ഊരുകളിലും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജൈവ വൈവിധ്യവും തനത് വിളകളും സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തുടക്കമിട്ടിരിക്കുകയാണ്. ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുക. ഊരുകളിലെ മുഴുവന്‍ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി അയല്‍ക്കൂട്ട അംഗങ്ങളുടെയും വനിതാ കര്‍ഷകരുടെയും നേതൃത്തില്‍ ഫലവൃക്ഷ തൈകള്‍, ഭക്ഷ്യ വിളകള്‍, ജൈവ വേലികള്‍ എന്നിവ നട്ടുപിടിപ്പിക്കുക, ഇവ മികച്ച രീതിയില്‍ പരിപാലിക്കുക എന്നിങ്ങനെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഓരോ ഊരുകള്‍ക്കും വേണ്ട ഭക്ഷ്യധാന്യങ്ങള്‍ അതാത് പ്രദേശത്ത് തന്നെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇതോടെ നടപ്പിലാകുന്നത്. കാര്‍ഷികാനുബന്ധ മേഖലയിലെ ഉപജീവന സാധ്യത പ്രയോജനപ്പെടുത്താനും ഇത് മുഖേന കഴിയുന്നു.

അട്ടപ്പാടി മേഖലയിലെ പ്രധാന ഭക്ഷ്യധാന്യങ്ങളായ നെല്ല്, റാഗി, ചാമ, തിന, കരിമ്പ്, വരഗ് എന്നിവയും പച്ചക്കറികളും കിഴങ്ങു വര്‍ഗ്ഗങ്ങളും സുഗന്ധവിളകളുമാണ് കൃഷി ചെയ്തിരിക്കുന്നത്. അട്ടപ്പാടി പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടെ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള 812 കൃഷി സംഘങ്ങള്‍ (ജെഎല്‍ജി- ജോയ്ന്റ് ലയബിളിറ്റി ഗ്രൂപ്പ്) വിവിധ വിളകള്‍ കൃഷി ചെയ്യുന്നു. ഭക്ഷ്യവനം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവ് ലക്ഷ്യമിട്ട് വിവിധ പരിശീലനങ്ങളും തൈ നേഴ്സറികള്‍ അടങ്ങുന്ന ഉപജീവന മാര്‍ഗ്ഗങ്ങളും അട്ടപ്പാടി മേഖലയില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യും. കൃഷിയുടെ പുനരുജ്ജീവനത്തിനും മണ്ണിന്റെയും സസ്യാവരണത്തിന്റെയും പരിരക്ഷണത്തിനുമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Content highlight
അട്ടപ്പാടി മേഖലയിലെ പ്രധാന ഭക്ഷ്യധാന്യങ്ങളായ നെല്ല്, റാഗി, ചാമ, തിന, കരിമ്പ്, വരഗ് എന്നിവയും പച്ചക്കറികളും കിഴങ്ങു വര്‍ഗ്ഗങ്ങളും സുഗന്ധവിളകളുമാണ് കൃഷി ചെയ്തിരിക്കുന്നത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ 1.26 കോടി രൂപ സംഭാവന

Posted on Tuesday, June 16, 2020

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1.26 കോടി രൂപയുടെ സംഭാവന. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ 1.26 കോടി രൂപയുടെ ചെക്ക് കൈമാറി. മന്ത്രിയുടെ ഓഫീസിലെത്തിയാണ് ചെക്ക് കൈമാറിയത്. സംസ്ഥാനത്ത് പതിനാല് ജില്ലകളിലുമുള്ള കുടുംബശ്രീ ജീവനക്കാര്‍, രണ്ടര ലക്ഷത്തിലേറെ വരുന്ന അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ എന്നിവരില്‍ നിന്നായി സമാഹരിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സന്തോഷ് കുമാര്‍. എ, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ വിപിന്‍. വി.സി എന്നിവര്‍ സന്നിഹിതരായിരുന്നു.

                                  
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി 1.26 കോടി രൂപയുടെ ചെക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് കൈമാറുന്നു.

 

 

 

 

 

                                                               

 

Content highlight
സംസ്ഥാനത്ത് പതിനാല് ജില്ലകളിലുമുള്ള കുടുംബശ്രീ ജീവനക്കാര്‍, രണ്ടര ലക്ഷത്തിലേറെ വരുന്ന അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ എന്നിവരില്‍ നിന്നായി സമാഹരിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

ടെന്‍ഡറില്ലാതെ രണ്ടു ലക്ഷം രൂപയുടെ മരാമത്ത് പണികള്‍ ചെയ്യാന്‍ കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍, എറൈസ് ഗ്രൂപ്പുകള്‍ക്ക് സര്‍ക്കാര്‍ അനുമതി: ഉത്തരവ് പുറപ്പെടുവിച്ചു

Posted on Tuesday, June 16, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത്, ജലസേചനം, ജലവിഭവം, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന രണ്ടു ലക്ഷം രൂപ വരെയുള്ള മരാമത്ത്പണികള്‍ ടെന്‍ഡര്‍ കൂടാതെ ചെയ്യുന്നിന് കുടുംബശ്രീയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത വനിതാ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍ക്കും എറൈസ് മള്‍ട്ടി ടാസ്ക് ടീമുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ച് ധനകാര്യ (ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ളിക് വര്‍ക്ക്സ്-ബി) വകുപ്പ് ഉത്തരവ് (സ.ഉ.(പി)നം.73/2020/ഫിനാന്‍സ്, തീയതി, തിരുവനന്തപുരം, 03-06-2020) പുറപ്പെടുവിച്ചു.

മരാമത്ത് പണികള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അംഗീകൃത നിരക്കും വിപണി നിരക്കും തമ്മിലുള്ള അന്തരവും  വിദഗ്ധ തൊഴിലാളികളുടെ ദൗര്‍ലഭ്യവും കാരണം വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ ഉണ്ടാകുന്ന മരാമത്ത് പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഗ്രൂപ്പുകളെ സര്‍ക്കാര്‍ പരിഗണിച്ചത്. ഇതോടൊപ്പം റോഡ്, കെട്ടിടങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാത്തതു കാരണം ആളപായം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഉണ്ടാകുന്നതിനും കൂടാതെ മരാമത്ത് ചെലവുകള്‍ ഭീമമായി വര്‍ധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് ചെറുകിട അറ്റകുറ്റ പണികള്‍ ഏറ്റെടുത്ത് ചെയ്യാന്‍ കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് അനുമതി നല്‍കി ധനവകുപ്പിന്‍റെ പുതിയ ഉത്തരവ്.

മരാമത്ത് ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്നതിനായി കുടുംബശ്രീയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നവയും കുടുംബശ്രീ നിര്‍ദേശിക്കുന്നതുമായ  ഗ്രൂപ്പുകളെ ചുമതലപ്പെടുത്തുന്നതു വഴി ഈ മേഖലയില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കി മരാമത്ത് ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍, എറൈസ് ഗ്രൂപ്പുകള്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 288 കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍ക്കും 216 മള്‍ട്ടി ടാസ്ക് ടീമുകള്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. ഓരോ ഡിവിഷനിലുമുള്ള മരാമത്ത് പണികളുടെ കരാര്‍ ഏറ്റെടുക്കുന്ന കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് പരമാവധി 25 ലക്ഷം രൂപയുടെ തൊഴില്‍ അവസരമാണ് ഒരു സാമ്പത്തിക വര്‍ഷം ലഭിക്കുക. ഏറ്റെടുത്ത ജോലികള്‍ വിജയകരമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്ന ഗ്രൂപ്പുകള്‍ക്ക് വീണ്ടും അവസരം ലഭിക്കും. ടെന്‍ഡര്‍ ഒഴിവാക്കി കുടുംബശ്രീ നോമിനേറ്റ് ചെയ്യുന്ന ഗ്രൂപ്പുകള്‍ക്കായിരിക്കും അവസരം ലഭിക്കുക.

പുതിയ ഉത്തരവ് പ്രകാരം കുടുംബശ്രീയുടെ കണ്‍സ്ടക്ഷ്രന്‍, എറൈസ് മള്‍ട്ടി ടാസ്ക് ടീമുകള്‍ വഴി കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ ശുചീകരണം, അടഞ്ഞു പോയ കനാലുകളുടെ ശുചീകരണം, ഗതാഗതം തടസപ്പടുത്തുന്ന രീതിയില്‍ റോഡിലേക്ക് വളര്‍ന്നു നില്‍ക്കുന്ന വൃക്ഷത്തലപ്പുകള്‍ വെട്ടി നീക്കല്‍, കലുങ്കുകളുടെ അറ്റകുറ്റപ്പണികള്‍, റോഡിലെ കുഴികള്‍ അടയ്ക്കല്‍ എന്നീ ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്നതിനാണ്  അനുമതി ലഭിച്ചിട്ടുള്ളത്. തുടര്‍ച്ചയായി ചെയ്യേണ്ടി വരുന്ന ഇലക്ട്രിക്കല്‍ ജോലികള്‍, ശുചീകരണ പ്രക്രിയകള്‍ എന്നിവയും പ്രത്യേക തൊഴില്‍ നൈപുണ്യ വൈദഗ്ധ്യം നേടിയ കുടുംബശ്രീ ഗ്രൂപ്പുകള്‍ മുഖേന നിര്‍വഹിക്കും.

ഓരോ ജില്ലകളിലും പൊതുമരാമത്ത്, ജലസേചനം, ജലവിഭവം, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അറ്റകുറ്റപ്പണികള്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കുടുംബശ്രീ ഏറ്റവും മികച്ച ഗ്രൂപ്പുകളെ കണ്ടെത്തും. അതത് ജില്ലാമിഷനുകള്‍ക്കാണ് ഇതിന്‍റെ ചുമതല.

     

 

Content highlight
മരാമത്ത് ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്നതിനായി കുടുംബശ്രീയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നവയും കുടുംബശ്രീ നിര്‍ദേശിക്കുന്നതുമായ

കുടുംബശ്രീ ഇനി ഡിസൈനര്‍ മാസ്ക് നിര്‍മാണ രംഗത്തും

Posted on Tuesday, June 16, 2020

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട്  32 ലക്ഷം മാസ്ക് നിര്‍മിച്ച കുടുംബശ്രീ ഇനി ഡിസൈനര്‍ മാസ്ക് നിര്‍മാണ രംഗത്തേക്കും കടക്കുന്നു.   കൊറോണ സമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി എല്ലാവരും ഫേസ് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ഈ മേഖലയിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള കുടുംബശ്രീയുടെ തീരുമാനം.

പദ്ധതിയുമായി ബന്ധപ്പെട്ട ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക്  കുടുംബശ്രീ കൊല്ലം ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ തുടക്കമായി. ഇതിന്‍റെ ഭാഗമായി കൊല്ലം ജില്ലയില്‍ ചന്ദനത്തോപ്പ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.ഡി(കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍)മായി സഹകരിച്ച് തിരഞ്ഞെടുത്ത കുടുംബശ്രീ 50 വനിതകള്‍ക്ക്  ഡിസൈനര്‍ മാസ്ക് നിര്‍മാണത്തില്‍ ഉടന്‍ പരിശീലനം ആരംഭിക്കും. പരിശീലന ശേഷം ഇവരെ സൂക്ഷ്മസംരംഭ മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ട പ്രവര്‍ത്തനങ്ങളും ഉല്‍പന്നത്തിന് വിപണിയിലെ സ്വീകാര്യതയും വിലയിരുത്തിയ ശേഷം പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.  
 
ഗുണനിലവാരത്തിലും ഡിസൈനിലും വൈവിധ്യം പുലര്‍ത്തുന്നതും കൂടുതല്‍ ഈടുനില്‍ക്കുന്നതുമായ മാസ്കുകള്‍ നിര്‍മിച്ച് ഇവ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് എ.ജി അറിയിച്ചു.  കൊച്ചു കുട്ടികള്‍  മുതല്‍ വയോധികര്‍ വരെയുള്ളവര്‍ക്ക് മികച്ച ഗുണനിലവാരമുള്ള ഡിസൈനര്‍ മാസ്കുകള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നതിനാണ് പരിപാടി. കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സ്പെഷല്‍ ഡിസൈനര്‍ മാസ്കുകളും തയ്യാറാക്കുന്നുണ്ട്. ഇതു കൂടാതെ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് മാസ്ക് നിര്‍മിച്ചു നല്‍കും. ഇതു കൂടാതെ കൊല്ലത്ത് നിലവിലുള്ള നെടുമ്പന, പുനലൂര്‍ അപ്പാരല്‍പാര്‍ക്കിലെ സംരംഭകര്‍ക്ക് ഡിസൈനര്‍ വസ്ത്രങ്ങളുടെ നിര്‍മാണ പരിശീലനം നല്‍കുന്നതിനും തീരുമാനമായി. അപ്പാരല്‍ പാര്‍ക്കുകള്‍ക്കു വേണ്ടി ഗവേഷണ വികസന സഹായം സ്ഥിരമായി നല്‍കുന്നതിനും കെ.എസ്.ഐ.ഡി സന്നദ്ധമായിട്ടുണ്ട്.

കുടുംബശ്രീ അപ്പാരല്‍ യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുത്ത വനിതകള്‍ക്ക് ഡിസൈന്‍ അധിഷ്ഠിത ഫേസ് മാസ്ക് നിര്‍മാണത്തില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിനും അതുവഴി അവര്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ ക്രിയാത്മക വൈദഗ്ധ്യം കൈവരിക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കുന്നതിനുമാണ് പരിശീലന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ.എസ്.ഐ.ഡി പ്രിന്‍സിപ്പല്‍ ഡോ.മനോജ് കുമാര്‍. കെ പറഞ്ഞു. കോട്ടണ്‍, ലിനന്‍, സിന്തറ്റിക് മെറ്റീരിയല്‍ എന്നിവ ഉപയോഗിച്ച്  സ്മോള്‍, മീഡിയം, ലാര്‍ജ് എന്നീ മൂന്നു വിഭാഗങ്ങളിലായി വൈവിധ്യമാര്‍ന്ന ഡിസൈനുകളില്‍ മാസ്കുകള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനമാണ് നല്‍കുന്നത്. ഇതോടൊപ്പം മാസ്കിന്‍റെ പുനരുപയോഗം, ഇതു ധരിക്കുന്നതിലൂടെ ചിലര്‍ക്ക് അലര്‍ജി ഉണ്ടാകുന്ന സാഹചര്യം തുടങ്ങി നിലവിലെ എല്ലാ ന്യൂനതകളും പരിഹരിച്ചു കൊണ്ടാകും കുടുംബശ്രീ വനിതകള്‍ക്ക് മാസ്ക് നിര്‍മാണത്തില്‍ ആവശ്യമായ പരിശീലനം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.


   പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ യൂണിറ്റുകളില്‍ നിന്നായി തിരഞ്ഞെടുത്ത 50 വനിതകള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പൊതു അവബോധന പരിശീലനം നല്‍കി.  ഇവര്‍ക്ക് കെ.എസ്.ഐ.ഡി ടെക്സ്റ്റൈല്‍ അപ്പാരല്‍ ഡിസൈന്‍ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ മാസ്ക് നിര്‍മാണത്തില്‍ ഹ്രസ്വകാല പരിശീലനം ഉടന്‍ ആരംഭിക്കും. പത്തു പേര്‍ വീതമുള്ള അഞ്ച് ബാച്ചുകള്‍ ആയിട്ടാണ് പരിശീലനം. സംസ്ഥാനത്ത് സര്‍ക്കാരിന്‍റെ കീഴിലുള്ള ഏക ഡിസൈന്‍ സ്കൂളാണ് കെ.എസ്.ഐ.ഡി. അസോസിയേറ്റ് ഫാക്കല്‍റ്റി ദിവ്യ കെ.വി, ടീച്ചിങ്ങ് അസിസ്റ്റന്‍റ് സുമിമോള്‍ എന്നിവരാണ് കുടുംബശ്രീ വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്.

 


                                                               

 

Content highlight
പദ്ധതിയുമായി ബന്ധപ്പെട്ട ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ കൊല്ലം ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ തുടക്കമായി.

'മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി' കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ബാങ്കില്‍ സമര്‍പ്പിച്ചത് 1562 കോടി രൂപയുടെ വായ്പാ അപേക്ഷകള്‍

Posted on Tuesday, June 16, 2020

തിരുവനന്തപുരം: കൊവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ ഉള്‍പ്പെട്ട 'മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി' പ്രകാരം, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ സംസ്ഥാനത്തെ വിവിധ ബാങ്കുകളിലായി ഇതുവരെ സമര്‍പ്പിച്ചത് 1562 കോടി രൂപയ്ക്കുള്ള വായ്പാ അപേക്ഷകള്‍. അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച 1,70,943 അപേക്ഷകളിലാണ് ഇത്രയും തുകയുടെ ആവശ്യം. വായ്പ അനുവദിക്കുന്നതോടെ ഈ അയല്‍ക്കൂട്ടങ്ങളിലെ  അംഗങ്ങളായ 19 ലക്ഷത്തിലേറെ കുടുംബശ്രീ വനിതകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

ഇതുവരെ സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച ആകെ അപേക്ഷകളില്‍  നിന്നും  23459 അയല്‍ക്കൂട്ടങ്ങള്‍ക്ക് 212 കോടി രൂപ വായ്പയും അനുവദിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ചത് കോഴിക്കോട് ജില്ലയിലാണ്. 90 കോടി രൂപ.  അപേക്ഷ സമര്‍പ്പിച്ച ബാക്കി അയല്‍ക്കൂട്ടങ്ങള്‍ക്കും വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവിധ ബാങ്കുകളില്‍ പുരോഗമിക്കുകയാണ്.  

സംസ്ഥാനത്താകെ കുടുംബശ്രീയുടെ കീഴിലുള്ള 2,83,934  അയല്‍ക്കൂട്ടങ്ങളില്‍ 231207 എണ്ണവും മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ആകെയുള്ള അയല്‍ക്കൂട്ടങ്ങളുടെ  81 ശതമാനം വരും. ഇത്രയും അയല്‍ക്കൂട്ടങ്ങളില്‍ 292492 വനിതകളുമുണ്ട്. ഈ അയല്‍ക്കൂട്ടങ്ങള്‍ക്കു മുഴുവന്‍ വായ്പ ലഭ്യമാക്കുന്നതോടെ 30 ലക്ഷത്തോളം സ്ത്രീകള്‍ക്കാണ് പദ്ധതി വഴി സഹായം ലഭിക്കുന്നത്.  നിലവില്‍ സിഡിഎസുകളില്‍ ലഭിച്ച അപേക്ഷകള്‍ വിശദമായ പരിശോധന കഴിഞ്ഞ് സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ വായ്പക്കായി സമര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ബാങ്കുകള്‍ മുഖേന കൂടുതല്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.   

കൊവിഡ്-19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടവും അതിലൂടെ സാധാരണക്കാര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന കഷ്ടതകളും കണക്കിലെടുത്താണ് 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന നിലയ്ക്ക് ഈ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. അതത് ജില്ലാമിഷനുകളുടെ മേല്‍നോട്ടത്തിലാണ് വായ്പാ വിതരണവുമായി ബന്ധപ്പെട്ട സിഡിഎസിന്‍റെ പ്രവര്‍ത്തനങ്ങള്‍.

Content highlight
സംസ്ഥാനത്താകെ കുടുംബശ്രീയുടെ കീഴിലുള്ള 2,83,934 അയല്‍ക്കൂട്ടങ്ങളില്‍ 231207 എണ്ണവും മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വയോജനങ്ങളുടെ കരുതലിനായി കുടുംബശ്രീയുടെ ഗ്രാന്‍ഡ് കെയര്‍ പദ്ധതി

Posted on Tuesday, June 16, 2020


                     
തിരുവനന്തപുരം: കൊറോണയ്ക്കെതിരേയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ വയോജനങ്ങള്‍ ഏറെ കരുതലോടെയിരിക്കണമെന്ന സന്ദേശം  കേരളത്തിലെ 80 ലക്ഷം കുടുംബങ്ങളിലേക്കും എത്തിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇന്നു(15-5-2020) മുതല്‍ സംസ്ഥാനത്ത് ഗ്രാന്‍ഡ് കെയര്‍ പദ്ധതി നടപ്പാക്കുന്നു. വിവിധതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച  ബൃഹത്തായ ബോധവല്‍ക്കരണ പരിപാടിയാണിത്.  കോവിഡ് 19 സമൂഹവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വദേശികളായവരും വിദേശത്തു നിന്നെത്തുന്നവരുമായ  വയോജനങ്ങളുടെ കരുതലും സുരക്ഷയും മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആരോഗ്യ-വനിതാ ശിശു വികസന-  സാമൂഹ്യനീതി-തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുമായുള്ള സഹകരണവും ഉറപ്പു വരുത്തിയിട്ടുണ്ട്. പരമാവധി ആളുകളിലേക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ നിരന്തരം എത്തിക്കുക എന്നതു ലക്ഷ്യമിട്ടു കൊണ്ട് ഒരു ദീര്‍ഘകാല പദ്ധതിയായി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

സംസ്ഥാനത്തെ 80 ലക്ഷം കുടുംബങ്ങളിലേക്കും അതോടൊപ്പം സമൂഹത്തിന്‍റെ വിവിധ മേഖലകളിലേക്കും പദ്ധതിയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എത്തിക്കുകയും അതുവഴി വയോജന സുരക്ഷയ്ക്ക് കരുത്ത് പകരുന്ന വിധം സമൂഹ മനോഭാവത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഗ്രാന്‍ഡ് കെയര്‍ പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനം പൂര്‍ണമായും ഉപയോഗിച്ചു കൊണ്ടാകും പദ്ധതി  പ്രവര്‍ത്തനങ്ങള്‍.  

വയോജനങ്ങള്‍ക്ക് പൊതുവേ പലവിധ അസുഖങ്ങള്‍ ഉളളതിനാലും രോഗപ്രതിരോധശേഷി കുറവായതിനാലും കൊറോണ വൈറസ് വ്യാപനം മൂലം ഏറ്റവും കൂടുതല്‍ ഭീഷണിയുണ്ടാകുന്നതും, രോഗബാധിതരായാല്‍ ഏറ്റവും കൂടുതല്‍ അപകടകരമായ അവസ്ഥ നേരിടേണ്ടി വരുന്നവരും ഇവര്‍ക്കാണ്. അതിനാല്‍ ഇവിടെയുള്ള വയോജനങ്ങളും വിദേശത്തു നിന്നെത്തുന്ന വയോജനങ്ങളും മറ്റുളളവരുമായുള്ള സമ്പര്‍ക്കം  ഒഴിവാക്കി കോവിഡ് 19 പ്രോട്ടോകോള്‍ പാലിക്കണമെന്നും വിദേശത്തു നിന്നും വരുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഗൃഹനിരീക്ഷണത്തില്‍ കഴിയണമെന്നുമുള്ള സന്ദേശങ്ങള്‍ സംസ്ഥാനമെമ്പാടും എത്തിക്കുന്നതിനായി വിവിധതലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് ഗ്രാന്‍ഡ് കെയര്‍ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്.  

നിലവില്‍ ഹോട്ട്സ്പോട്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വയോജനങ്ങള്‍ തിരിച്ചെത്തുമ്പോള്‍ ഇവര്‍ കൃത്യമായി ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും ഇവര്‍ക്കൊപ്പം പൊതുസമൂഹത്തിലെ വയോജനങ്ങള്‍ക്കും പ്രത്യേക കരുതലും സുരക്ഷയും ഒരുക്കേണ്ടതും അനിവാര്യമായ സാഹചര്യത്തിലാണ് ഗ്രാന്‍ഡ് കെയര്‍ പദ്ധതി നടപ്പാക്കുന്നത്.  കേരളത്തിലേക്ക് വരുന്ന വയോധികരില്‍ ഹോം ക്വാറന്‍റെയ്നില്‍ കഴിയുന്നവര്‍  കരുതലോടെയിരിക്കണമെന്നുള്ള സന്ദേശം കുടുംബശ്രീ  റിസോഴ്സ് പേഴ്സണ്‍മാര്‍ മുഖേന ഇവരിലേക്ക് എത്തിക്കും.

കൂടാതെ ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍, തീരദേശ മേഖലയില്‍ കഴിയുന്നവര്‍, സംരക്ഷിക്കാന്‍ ആരുമില്ലാതെ കഴിയുന്നവര്‍ എന്നിങ്ങനെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അരക്ഷിതാവസ്ഥയില്‍ കഴിയുന്നവരുമായ വയോധികര്‍ക്കും ആവശ്യമായ കരുതലൊരുക്കുന്നതിനും പദ്ധതിയില്‍ ലക്ഷ്യമിടുന്നു. ഇതിന്‍റെ ഭാഗമായി പട്ടികവര്‍ഗ അനിമേറ്റര്‍മാരുടെയും  തീരദേശ വൊളണ്ടിയര്‍മാരുടെയും സഹകരണത്തോടെ ഇവര്‍ക്കായി ഒരു പ്രത്യേക ക്യാമ്പെയ്നും നടത്തുന്നുണ്ട്. കുടുംബശ്രീയുടെ കീഴില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രീകൃത കോള്‍ സെന്‍ററുകള്‍ വഴി ഈ മേഖലയിലെ വയോജനങ്ങളെ  ഫോണില്‍ വിളിച്ച് കരുതലോടെയിരിക്കണമെന്ന സന്ദേശം ഇവരിലേക്കെത്തിക്കും. അതോടൊപ്പം അവര്‍ക്കാവശ്യമായ മാനസിക പിന്തുണയും ഉറപ്പു വരുത്തും.  പരിശീലനം നേടിയ 20 റിസോഴ്സ് പേഴ്സണ്‍മാര്‍ക്കായിരിക്കും ഇതിന്‍റെ ചുമതല. വയോജനങ്ങള്‍ പുറത്തു നിന്നുള്ളവരുമായി  സമ്പര്‍ക്കം ഒഴിവാക്കുന്നതിനും അവര്‍ക്ക് കരുതലൊരുക്കുന്നതിനും ആവശ്യമായ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്ന ഒരു ബൃഹദ്ക്യാമ്പെയ്നും സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി  സമൂഹമാധ്യമങ്ങളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും.

ക്യാമ്പെയ്നുമായി ബന്ധപ്പെട്ട ലോഗോയുടെ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന് നല്‍കി നിര്‍വഹിച്ചു. ലോഗോ പ്രകാശന ചടങ്ങില്‍ ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, കെ.എസ്.ഐ.ഡി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉമേഷ്.എന്‍.എസ്.കെ, കുടുംബശ്രീ  മാര്‍ക്കറ്റിങ്ങ് മാനേജര്‍(കേരള ചിക്കന്‍ പ്രോജക്ട്), കിരണ്‍.എം.സുഗതന്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതിക്കായി ലോഗോ ഡിസൈന്‍ ചെയ്തത്  സ്കെച്ച് മീഡിയ യാണ്. ഫേസ്ബുക്ക് വഴി സംഘടിപ്പിച്ച മത്സരത്തില്‍ നിന്നാണ് സ്കെച്ച് മീഡിയ തിരഞ്ഞെടുത്തത

Content highlight
ക്യാമ്പെയ്നുമായി ബന്ധപ്പെട്ട ലോഗോയുടെ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന് നല്‍കി നിര്‍വഹിച്ചു.