ഓണച്ചന്തകളിലൂടെ 3.57 കോടി രൂപയുടെ വിറ്റുവരവ്

Posted on Friday, September 18, 2020

*    ആകെ സംഘടിപ്പിച്ചത് 453 ഓണച്ചന്തകള്‍

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും കുടുംബശ്രീ സംരംഭകര്‍ക്കും കൃഷിസം ഘാംഗങ്ങള്‍ക്കും തുണയാകാന്‍ കുടുംബശ്രീ സംഘടിപ്പിച്ച പ്രത്യേക ഓണച്ചന്തകളിലൂടെ 3,57,02,956 രൂപയുടെ വിറ്റുവരവ്. കേരളത്തിലെ ഏറ്റവും പ്രധാന വിപണനക്കാലമായ ഓണ ക്കാലത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ഓണച്ചന്തകള്‍ സംഘടിപ്പി ക്കാറുണ്ട്. ഈ വര്‍ഷവും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സാധ്യമാകുന്നിടങ്ങളില്‍ ഓണ ച്ചന്തകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ഇതനുസരിച്ച് 12 ജില്ലകളില്‍ ഓണച്ചന്തകള്‍ നടത്തുകയുമായിരുന്നു. കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ അനുമതി ലഭിക്കാത്തതി നാല്‍ ഓണച്ചന്തകള്‍ സംഘടിപ്പിച്ചില്ല. 12 ജില്ലകളിലായി 453 ഓണച്ചന്തകളാണ് ഈ ഓണക്കാലത്ത് സംഘടിപ്പിച്ചത്.

  ഒരു സിഡിഎസില്‍ ഒന്ന് എന്ന നിലയിലാണ് ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നത്. അതാത് സിഡിഎസുകള്‍ക്കാണ് നടത്തിപ്പ് ചുമതല. തദ്ദേശ സ്ഥാപനതലങ്ങളില്‍ ചന്ത നടത്താന്‍ സാഹചര്യമുള്ളിടങ്ങളില്‍ എല്ലായിടത്തും ചുരുങ്ങിയത് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഓണച്ചന്തകളാണ് സംഘടിപ്പിച്ചത്. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളും സാധ്യമാ യിടങ്ങളില്‍ കൃഷിസംഘങ്ങളുടെ (ജോയ്ന്‍റ് ലയബിളിറ്റി ഗ്രൂപ്പ്- ജെഎല്‍ജി) ഉത്പന്നങ്ങളും വില്‍പ്പനയ്ക്കായി എത്തിച്ചു. തൃശ്ശൂര്‍, പത്തനംതിട്ട, എറണാകുളം, കോട്ടയം എന്നീ നാല് ജില്ലകളില്‍ ജില്ലാതല വിപണന മേളകളും നടത്തി.

   വിവിധ ജില്ലകളിലായി സംഘടിപ്പിച്ച ഓണച്ചന്തകളുടെ വിശദാംശങ്ങളും വിറ്റുവരവും താഴെ നല്‍കുന്നു.


നം    
ജില്ല    
ഓണച്ചന്തകള്‍    .
പങ്കെടുത്ത സംരംഭകര്‍    
പങ്കെടുത്ത കൃഷിസംഘങ്ങള്‍    
വിറ്റുവരവ്
(രൂപ)
1      തിരുവനന്തപുരം    61
    347    125    15,52,475
2    കൊല്ലം    27    301    205    14,44,500
3    പത്തനംതിട്ട     25    233    283    10,00,682
4    ആലപ്പുഴ    38    317     278    67,72,273
5    കോട്ടയം     32    669    235    34,99,676
6    ഇടുക്കി     38     334     565     16,83,242
7    എറണാകുളം     61     1314    806     66,16,705
8    തൃശ്ശൂര്‍    63    1134    734    77,75,552
9    പാലക്കാട് -    38    300    197    14,50,647
10    വയനാട് -
    19    351    1498    3,67,881
11    കണ്ണൂര്‍ -
    24    609    771    9,57,571
12    കാസര്‍ഗോഡ്    27    1793    987    25,81,752
    ആകെ    453     7702    6684     3,57,02,956

 

Content highlight
ഒരു സിഡിഎസില്‍ ഒന്ന് എന്ന നിലയിലാണ് ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നത്. അതാത് സിഡിഎസുകള്‍ക്കാണ് നടത്തിപ്പ് ചുമതല

കോവിഡ് പ്രതിരോധം- കുടുംബശ്രീയുടെ ഡിസിന്‍ഫെക്ഷന്‍ ടീമുകള്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തനസജ്ജം

Posted on Friday, September 18, 2020

തിരുവനന്തപുരം :  കോവിഡ്-19 രോഗം പകരാതെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നായ അണുവിമുക്തമാക്കല്‍ പ്രക്രിയയ്ക്കായി കുടുംബശ്രീയുടെ പ്രത്യേക ഡിസിന്‍ഫെക്ഷന്‍ ടീമുകള്‍ പ്രവര്‍ത്തനസജ്ജമായി. 14 ജില്ലകളിലും സംരംഭ മാതൃകയിലാണ് ഈ ടീമുകള്‍ രൂപീകരിച്ചത്. ഇത്തരത്തില്‍ അണുവിമുക്തമാക്കല്‍ പ്രവ ര്‍ത്തനം നടത്തുന്നതിന് 317 കുടുംബശ്രീ അംഗങ്ങള്‍ക്ക്/കുടുംബശ്രീ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയാണ് യൂണിറ്റുകള്‍ രൂപീകരിച്ചത്. ഇവരില്‍ 162 പേര്‍ ഹരിതകര്‍മ്മസേനാംഗങ്ങളാണ്. 44 സംരംഭ യൂണിറ്റുകളും ഇതുവരെ രജി സ്ട്രര്‍ ചെയ്തുകഴിഞ്ഞു. ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും നിര്‍ദ്ദേശിക്കുന്നത നുസരിച്ചുള്ള അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നു.

  കൊറോണ വൈറസ് ബാധിച്ച് കോവിഡ് പോസിറ്റീവായ വ്യക്തികളുടെ വീടുകളും അവരുപയോഗിച്ചിരുന്ന വാഹനങ്ങളും ഓഫീസുകളുമൊക്കെയാണ് അണുവിമുക്ത മാക്കുന്നത്. ഫയര്‍ ആന്‍ഡ് റെസ്ക്യു, ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ അണുവിമുക്തമാക്കല്‍ പ്രക്രിയ നടന്നുവന്നിരുന്നു. എന്നാല്‍ കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഈ മേഖലയില്‍ മികച്ച പരിശീലനം നേടിയവരുടെ ആവശ്യകതയുണ്ടെന്നതിനാലാണ് കുടുംബശ്രീ മുഖേന ഇത്തരത്തിലൊരു പ്രവര്‍ത്തനം ആരംഭിച്ചത്.

  16 ലിറ്റര്‍ കൊള്ളുന്ന, തോളില്‍ ഉറപ്പിക്കാനാകുന്ന ഒരു പവര്‍ സ്പ്രേയര്‍ ഉപയോഗിച്ചു കൊണ്ടാണ് അണുവിമുക്തമാക്കല്‍ പ്രക്രിയ പ്രധാനമായും നടത്തുന്നത്. ഈ പവര്‍ സ്പ്രേയറില്‍ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് എന്ന അണുനാശിനി വെള്ളത്തോ ടൊപ്പം ചേര്‍ത്ത് നിറയ്ക്കുന്നു. ഒറ്റത്തവണ കൊണ്ട് 7000 ചതുരശ്ര അടി സ്ഥലം ഇങ്ങനെ വൃത്തിയാക്കാനാകും. ഈ ലായനി സ്പ്രേ ചെയ്ത് ഒരു മണിക്കൂറിന് ശേഷം പ്രതലം വൃത്തിയാക്കുന്നു. ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വീണ്ടും ഇവിടം കഴുകി വൃത്തിയാക്കുന്നു. പിന്നീട് സാനിറ്റൈസര്‍ ഉപയോഗിച്ച് വീണ്ടും അണുവിമു ക്തമാ ക്കുന്നു. അവസാനഘട്ടത്തില്‍ പുല്‍ത്തൈലം ഉപയോഗിച്ച് ശുചിയാക്കുന്നു. ഈ മാതൃകയാണ് അണുവിമുക്തമാക്കല്‍ പ്രക്രിയയ്ക്ക് പ്രധാനമായും പിന്തുടരുന്നത്.

 കുടുംബശ്രീ സംഘങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനത്തിനുള്ള ശാ സ്ത്രീയമായ പരിശീലനം നല്‍കിയത്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരിശീലനം നേടിയത്. 52 പേര്‍. തിരുവനന്തപുരത്ത് 46 പേര്‍ക്കും വയനാട്ടില്‍ 42 പേര്‍ക്കും പത്തനംതിട്ടയില്‍ 32 പേര്‍ക്കും പരിശീലനം നല്‍കി കഴിഞ്ഞു. ശേഷിച്ച ജില്ലകളിലായി ശരാശരി 12 പേര്‍ക്ക് വീതവും പരിശീലനം നല്‍കിയിട്ടുണ്ട്  കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കി യൂണിറ്റുകള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലകള്‍ തോറും പുരോഗമിക്കുകയാണ്.   

 

Content highlight
കൊറോണ വൈറസ് ബാധിച്ച് കോവിഡ് പോസിറ്റീവായ വ്യക്തികളുടെ വീടുകളും അവരുപയോഗിച്ചിരുന്ന വാഹനങ്ങളും ഓഫീസുകളുമൊക്കെയാണ് അണുവിമുക്തമാക്കുന്നത്.

അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്ക് കുടുംബശ്രീ ഉല്‍പന്ന കിറ്റ് 'കരുതല്‍' സംസ്ഥാനതല ഉല്‍പന്ന വിപണന ക്യാമ്പെയ്നുമായി കുടുംബശ്രീ

Posted on Friday, September 18, 2020

 തിരുവനന്തപുരം: കോവിഡ് 19 ഭാഗമായുള്ള ലോക്ക് ഡൗണിനെ തുടര്‍ന്ന് നഷ്ടത്തിലായ കുടുംബശ്രീ സംരംഭകര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന 'കരുതല്‍' സംസ്ഥാനതല ഉല്‍പന്ന വിപണന ക്യാമ്പെയന്‍റെ ഭാഗമായി കുടുംബശ്രീ ഓണകിറ്റുകള്‍ തയ്യാറാക്കി അയല്‍ക്കൂട്ടങ്ങളില്‍ വിതരണം ചെയ്യുന്നു. കേരളത്തില്‍ ആകെ മൂന്ന് ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 43 ലക്ഷം അംഗങ്ങളുണ്ട്. ഇതിന്‍റെ ഭാഗമായി ഓരോ ജില്ലയിലും അതത് ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ കിറ്റുകള്‍ വിതരണത്തിന് തയ്യാറായി വരികയാണ്. ക്യാമ്പെയ്ന്‍ സെപ്റ്റംബര്‍ 30ന് അവസാനിക്കും.

അരിപ്പൊടി, ആട്ടമാവ്, മല്ലിപ്പൊടി, സാമ്പാര്‍ പൊടി, മുളക്പൊടി, വെളിച്ചെണ്ണ, അച്ചാര്‍ എന്നിവയുള്‍പ്പെടെ ഉല്‍പന്നങ്ങളാണ് കിറ്റിലുള്ളത്.  തുക പരമാവധി 20 തവണകളായി അയല്‍ക്കൂട്ടങ്ങളില്‍ അടച്ചാല്‍ മതിയാകും. അയല്‍ക്കൂട്ട അംഗങ്ങളല്ലാത്തവര്‍ക്കും കുടുംബശ്രീയുടെ കിറ്റ് വാങ്ങാനാകും.

സംരംഭകരില്‍ നിന്നും ഉല്‍പന്നങ്ങളുടെ വിശദാംശങ്ങളും വിലവിവരവും ശേഖരിച്ചത് ജില്ലാമിഷനുകളാണ്. ഇക്കാര്യം സിഡിഎസുകളെയും അറിയിച്ചിട്ടുണ്ട്. അയല്‍ക്കൂട്ടങ്ങള്‍ക്ക് ആവശ്യമുള്ള കിറ്റുകളുടെ എണ്ണം ജില്ലാമിഷനെ അറിയിക്കാനുള്ള ചുമതലയും കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള പച്ചക്കറി സമാഹരണവും നിര്‍വഹിക്കേണ്ടത് സിഡിഎസുകളാണ്. നിലവില്‍ കാര്‍ഷിക-കാര്‍ഷികേതര മേഖലകളിലെ വിവിധ സംരംഭങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ശേഖരിച്ച് കിറ്റുകളില്‍ പായ്ക്കു ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാന്ദ്യം നേരിട്ട സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുക, കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് 'കരുതല്‍' ഉല്‍പന്ന വിപണന ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. ഇതു പ്രകാരം ഓണം വിപണി പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് സംരംഭകര്‍ ഉല്‍പാദിപ്പിച്ച ഉല്‍പന്നങ്ങള്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കു തന്നെ വിറ്റഴിച്ചു കൊണ്ട് വരുമാനം നേടുകയാണ് ലക്ഷ്യം. ക്യാമ്പെയ്ന്‍ വഴി അഞ്ചു കോടി രൂപ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Content highlight
അരിപ്പൊടി, ആട്ടമാവ്, മല്ലിപ്പൊടി, സാമ്പാര്‍ പൊടി, മുളക്പൊടി, വെളിച്ചെണ്ണ, അച്ചാര്‍ എന്നിവയുള്‍പ്പെടെ ഉല്‍പന്നങ്ങളാണ് കിറ്റിലുള്ളത്.

ILGMS

Posted on Friday, September 4, 2020
ILGMS

കേരള ചിക്കന്‍; തൃശ്ശൂരിലെ ആദ്യ വിപണന കേന്ദ്രത്തിന് തുടക്കം

Posted on Saturday, August 22, 2020

കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ തൃശ്ശൂരിലെ ആദ്യ വിപണന കേന്ദ്രം കൊടുങ്ങല്ലൂരില്‍ വി.ആര്‍. സുനില്‍ കുമാര്‍ എംഎല്‍എ ഓഗസ്റ്റ് 19ന് ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ 1 സിഡിഎസിന് കീഴിലുള്ള ഐശ്വര്യ അയല്‍ക്കൂട്ടാംഗമായ സീത ബാലകൃഷ്ണനാണ്. ഈ വിപണനകേന്ദ്രത്തിലേക്ക് ചിക്കന്റെ ലഭ്യമാക്കുന്നതിന് 3 കോഴി കര്‍ഷകരുമായി കരാറിലുമെത്തിയിട്ടുണ്ട്.

  എറണാകുളം ജില്ലയില്‍ നോര്‍ത്ത് പറവൂരിലാണ് സംസ്ഥാനത്തെ കുടുംബശ്രീയുടെ ആദ്യ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് ജൂണ്‍ മാസത്തില്‍ ആരംഭിച്ചത്. കേരള ചിക്കന്‍ പദ്ധതിയുടെ ഗുണഫലങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങുന്ന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. നോര്‍ത്ത് പറവൂരിലെ വിപണന കേന്ദ്രത്തില്‍ ദിവസേന 25,000 രൂപയുടെ ശരാശരി വില്‍പ്പനയാണ് നടന്നുവരുന്നത്. ഏഴിക്കര സിഡിഎസിന് കീഴിലുള്ള അനശ്വര അയല്‍ക്കൂട്ടത്തിന്റെ കീഴിലുള്ള രേണുക രാജനാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.

  നോര്‍ത്ത് പറവൂരിന് പിന്നാലെ എറണാകുളം ജില്ലയിലെ മുളവുകാട്, ശ്രീമൂലനഗരം എന്നിടങ്ങളിലും പുതിയ വിപണനകേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. മുളവുകാട് വിപണന കേന്ദ്രത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് മുളവുകാട് പഞ്ചായത്തിലെ അനുഗ്രഹ കുടുംബശ്രീ അംഗങ്ങളായ ട്രീസ, ഷിബി, ലിവേര എന്നിവര്‍ ചേര്‍ന്നാണ്. ശ്രീമൂലനഗരത്തിലെ വിപണന കേന്ദ്രം നടത്തുന്നത് ഇതേ സിഡിഎസിലെ അല്‍ അമീന്‍ അയല്‍ക്കൂട്ടാംഗമായ റംല സുബൈറാണ്. എറാണാകുളം ജില്ലയിലെ വിപണന കേന്ദ്രങ്ങള്‍ക്കായുള്ള ബ്രോയിലര്‍ ചിക്കന്‍ ലഭ്യമാക്കുന്നതിന് 33 കോഴി കര്‍ഷകരുമായാണ് കരാറിലെത്തിയിരിക്കുന്നത്. വരും നാളുകളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കുടുംബശ്രീ.

 

Content highlight
എറണാകുളം ജില്ലയില്‍ നോര്‍ത്ത് പറവൂരിലാണ് സംസ്ഥാനത്തെ കുടുംബശ്രീയുടെ ആദ്യ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് ജൂണ്‍ മാസത്തില്‍ ആരംഭിച്ചത്. കേരള ചിക്കന്‍ പദ്ധതിയുടെ ഗുണഫലങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങുന്ന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് വിപണന കേന്ദ്

ലോക്കല്‍ എംപ്ലോയ്‌മെന്റ് അഷ്വറന്‍സ് പ്രോഗ്രാം (ലീപ്)

Posted on Saturday, August 22, 2020

2020-21 സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നായ ലോക്കല്‍ എംപ്ലോയ്മെന്റ് അഷ്വറന്‍സ് പ്രോഗ്രാം അഥവാ ലീപ് ന് വേണ്ടി കുടുംബശ്രീയുടെ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്രാദേശികമായി എല്ലാ പഞ്ചായത്തിലും കുറഞ്ഞത് അഞ്ച് പേര്‍ക്ക് വീതം ജോലി നല്‍കുകയെന്ന ലക്ഷ്യമാണ് ലീപ് പദ്ധതിക്കുള്ളത്. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനതലത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഈ പദ്ധതിയില്‍ കുടുംബശ്രീയ്ക്കും ഒരു പ്രധാന പങ്കുവഹിക്കാനുണ്ടെന്നതിനാലാണ് കുടുംബശ്രീ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനൊരുങ്ങുന്നത്. അയല്‍ക്കൂട്ടതലത്തില്‍ നിന്ന് ഗുണഭോക്താക്കളെ കണ്ടെത്തി കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ മുഖേന കുറഞ്ഞത് 40,000 കുടുംബശ്രീ അംഗങ്ങള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ നൈപുണ്യ പരിശീലനം നല്‍കുക, ഉത്പാദന- സേവന മേഖലകളില്‍ പരമാവധി സംരംഭങ്ങള്‍ ആരംഭിക്കുക, ഈ സംരംഭകര്‍ക്ക് കുറഞ്ഞത് 10,000 രൂപ മാസവരുമാനം ഉറപ്പാക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളാണ് ഈ പ്രവര്‍ത്തനങ്ങള്‍ മുഖേന കൈവരിക്കാന്‍ ശ്രമിക്കുന്നത്.

  കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ലീപ്  പരിശീലനത്തിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവരെ കണ്ടെത്തുന്നതിനായി സിഡിഎസ് മുഖേന അയല്‍ക്കൂട്ടതലത്തില്‍ നിന്ന് ഓണ്‍ലൈന്‍ വിവരശേഖരണം നടത്തുന്നു. ഈ വിവരങ്ങള്‍ അപഗ്രഥിച്ച ശേഷം കുടുംബശ്രീ, തദ്ദേശ സ്വയംഭരണവകുപ്പ്, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ വ്യത്യസ്തമായ ഉപജീവന പദ്ധതികളും നൈപുണ്യ പരിശീലന പദ്ധതികളും അടിസ്ഥാനമാക്കി ദ്വിദിന പൊതുഅവബോധ പരിശീലനം നല്‍കുന്നു. എറൈസ്, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയുജികെവൈ), കാര്‍ഷിക വിഭാഗം എന്നിങ്ങനെ വേതനാധിഷ്ഠിത തൊഴില്‍ നേടാനോ സംരംഭങ്ങള്‍ ആരംഭിക്കാനോ സഹായിക്കുന്ന കുടുംബശ്രീയുടെ വിവിധ പദ്ധതികളെ ഈ പരിശീലന വേളയില്‍ പരിചയപ്പെടുത്തുന്നു. പ്രാദേശികമായും അതാത് ജില്ലകളിലും ആരംഭിക്കാനാകുന്ന ഉപജീവനമാര്‍ഗ്ഗങ്ങളെക്കുറിച്ചും അതില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചുമെല്ലാമുള്ള ധാരണയും ഇതുവഴി ഇവര്‍ക്ക് നല്‍കുന്നു. തെരഞ്ഞെടുത്ത പരിശീലന ഏജന്‍സികള്‍ മുഖേന ഇവര്‍ക്ക് സംരംഭരൂപീകരണത്തിനുള്‍പ്പെടെ നൈപുണ്യ പരിശീലനവും നല്‍കുന്നു. താത്പര്യമുള്ളവരെ ചേര്‍ത്ത് സംരംഭ രൂപീകരണം നടത്തും. നിലവിലുള്ള സൂക്ഷ്മ സംരംഭങ്ങള്‍ക്ക് നിരന്തര പിന്തുണാസഹായങ്ങള്‍ നല്‍കി അവരുടെ പ്രശ്നങ്ങള്‍ തരണം ചെയ്യുന്നതിനുള്ള സംവിധാനവും ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കും. സാമ്പത്തിക സഹായവും നൂതന സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതും സംരംഭകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതുമുള്‍പ്പെടെയുള്ള സഹായങ്ങളാണ് ഈ പിന്തുണാ സംവിധാനം മുഖേന ലഭ്യമാക്കുന്നത്.  

  ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ പകുതിയോടെ പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ പൊതുഅവബോധ പരിശീലനം നല്‍കാനും ഡിസംബര്‍ മാസത്തോടെ നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പിന്നീട് സംരംഭ രൂപീകരണം, അല്ലെങ്കില്‍ മറ്റ് വേതനാധിഷ്ഠിത തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനം എന്നിവ നടത്തും. നിലവില്‍ കേരളത്തില്‍ 26,000ത്തിലേറെ സൂക്ഷ്മ സംരംഭങ്ങളാണുള്ളത്. ഇതുമുഖേന ഒരു ലക്ഷത്തോളം അയല്‍ക്കൂട്ടാംഗങ്ങള്‍ ഇപ്പോള്‍ ഉപജീവനം കണ്ടെത്തുന്നു. സൂക്ഷ്മ സംരംഭ വിഭാഗത്തിന്റെ ഭാഗമായി ലീപ്  നടപ്പിലാക്കുന്നതോടെ കുറഞ്ഞത് 5000 സംരംഭങ്ങള്‍ കൂടി രൂപീകരിക്കാനും അതുവഴി 10,000ത്തോളം പേര്‍ക്കെങ്കിലും പുതുതായി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിനല്‍കാനാകുമെന്നുമാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്.

 

Content highlight
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ലീപ് പരിശീലനത്തിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവരെ കണ്ടെത്തുന്നതിനായി സിഡിഎസ് മുഖേന അയല്‍ക്കൂട്ടതലത്തില്‍ നിന്ന് ഓണ്‍ലൈന്‍ വിവരശേഖരണം നടത്തുന്നു.

മുഖ്യമന്ത്രിയുടെ സഹായഹസ്തം- ഇതുവരെ നല്‍കിയ വായ്പ 1785.19 കോടി രൂപ, ബാങ്കുകളില്‍ എത്തിച്ചത് 1958 കോടി രൂപയുടെ വായ്പാ അപേക്ഷ

Posted on Thursday, August 20, 2020

കോവിഡ്-19 പ്രതിസന്ധി കാലയളവില്‍ വരുമാന നഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് താത്ക്കാലിക ആശ്വാസമേകുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പലിശരഹിത വായ്പാ പദ്ധതിയായ മുഖ്യമന്ത്രിയുടെ സഹായഹസ്തം വഴി 1785.19 കോടി രൂപ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് നല്‍കി. ഏപ്രില്‍ 23 മുതല്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം 1958 കോടി രൂപയുടെ വായ്പാ അപേക്ഷ ബാങ്കുകളില്‍ എത്തിച്ചു. ഓഗസ്റ്റ് 19 വരെ 1,92,522 അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ ലഭിച്ചു കഴിഞ്ഞു. ആകെ 22,41,316 അയല്‍ക്കൂട്ടാംഗങ്ങള്‍ക്കാണ് വായ്പാത്തുക ലഭിച്ചത്.

  2018ലെ പ്രളയത്തിന് ശേഷം റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍കെഎല്‍എസ്) എന്ന വായ്പാ പദ്ധതി കുടുംബശ്രീയിലൂടെ വിജയകരമായി നടപ്പാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ സഹായ ഹസ്തം എന്ന വായ്പാ പദ്ധതിയും കുടുംബശ്രീ മുഖേന നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും 2000 കോടി രൂപ പലിശരഹിത വായ്പയായി വിതരണം ചെയ്യാന്‍ ആരംഭിച്ചതും.

  പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ടത്തില്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തുകയും 9 ശതമാനം പലിശയ്ക്ക് തുക നല്‍കാന്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്എല്‍ബിസി) തയാറാകുകയുമായിരുന്നു. അയല്‍ക്കൂട്ടങ്ങള്‍ക്ക് പലിശസബ്‌സിഡി സര്‍ക്കാര്‍ നല്‍കുന്നു. പലിശരഹിത വായ്പയായതിനാല്‍ തന്നെ 2000 കോടി രൂപയില്‍ പരിമിതപ്പെടുത്തി സിഡിഎസിനും അയല്‍ക്കൂട്ടങ്ങള്‍ക്കും ലഭിക്കുന്ന വായ്പാ പരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു.

Content highlight
2018ലെ പ്രളയത്തിന് ശേഷം റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍കെഎല്‍എസ്) എന്ന വായ്പാ പദ്ധതി കുടുംബശ്രീയിലൂടെ വിജയകരമായി നടപ്പാക്കിയിരുന്നു.

പിഎംഎവൈ (അര്‍ബന്‍) ലൈഫ് : 10,465 വീടുകളും നാല് ഭവനസമുച്ചയങ്ങളും കൂടി നിര്‍മ്മിക്കാന്‍ അനുമതി

Posted on Wednesday, August 19, 2020

പിഎംഎവൈ (അര്‍ബന്‍) ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരങ്ങളിലെ ഭവനരഹിതര്‍ക്ക് കൂടുതല്‍ വീടുകളും ഭവനസമുച്ചയങ്ങളും നിര്‍മ്മിച്ച് നല്‍കാന്‍ അനുമതി. 52 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 10,465 വ്യക്തിഗത ഭവനങ്ങള്‍ നിര്‍മ്മിക്കാനും പുനലൂര്‍, പന്തളം, ആലപ്പുഴ, ചിറ്റൂര്‍-തത്തമംഗലം എന്നീ നഗരസഭകളില്‍ ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വേണ്ടി പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനുമുള്ള അനുമതിയാണ് ലഭിച്ചത്. ഈ നാല് പാര്‍പ്പിട സമുച്ചയങ്ങളിലായി 286 ഭവനങ്ങളാണുണ്ടാകുക. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ അപ്രൈസല്‍ കമ്മിറ്റിയുടെയും (എസ്എല്‍എസി) ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ സാംങ്ഷനിങ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെയും അനുമതി ലഭിച്ച ശേഷം സെന്‍ട്രല്‍ സാംങ്ഷനിങ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (സിഎസ്എംസി) അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

  ഡിസംബറില്‍ നടന്ന സിഎസ്എംസിയില്‍ 17 നഗരസഭകളുടെ 3181 വീടുകളുടെ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചിരുന്നു. ഇതോടെ ഡിസംബറിലും ഓഗസ്റ്റിലുമായി 13,646 വീടുകളുടെ നിര്‍മ്മാണത്തിന് കൂടി അനുമതി ലഭിച്ചിരിക്കുകയാണ്. ഈ വീടുകളുടെ നിര്‍മ്മാണം ഈ സാമ്പത്തികവര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ലൈഫ് പദ്ധതിയുടെ ഭാഗമായ ഈ പദ്ധതി പ്രകാരം വ്യക്തിഗത ഗുണഭോക്താവിന് 4 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഇതില്‍ 50,000 രൂപ സംസ്ഥാന വിഹിതവും 2 ലക്ഷം രൂപ നഗരസഭാ വിഹിതവുമാണ്. 1.5 ലക്ഷം രൂപ കേന്ദ്രവിഹിതവും.

  ഇതിന് മുമ്പ് 88,583 വീടുകളുടെ നിര്‍മ്മാണത്തിനായിരുന്നു അന്തിമ അനുമതി ലഭിച്ചിരുന്നത്. ഇതില്‍ 48,445 വീടുകളുടെ (54.6%) നിര്‍മ്മാണം പൂര്‍ത്തിയായി. 28,447 വീടുകളുടെ (32%) നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്. 76,892 വീടുകള്‍ക്കുള്ള (86.8%) ആദ്യഗഡു ധനസഹായം നല്‍കി കഴിഞ്ഞു.

 

Content highlight
ഡിസംബറില്‍ നടന്ന സിഎസ്എംസിയില്‍ 17 നഗരസഭകളുടെ 3181 വീടുകളുടെ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചിരുന്നു.

ത്രിപുരയില്‍ അരക്ഷിതാവസ്ഥാ ലഘൂകരണ പദ്ധതി രൂപീകരിക്കാന്‍ തുണയായി കുടുംബശ്രീ എന്‍ആര്‍ഒ

Posted on Friday, August 14, 2020

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആവശ്യപ്രകാരം കുടുംബശ്രീ മാതൃക ആ ഇടങ്ങളിലേക്ക് പകര്‍ത്തുന്ന നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ (എന്‍ആര്‍ഒ)ത്രിപുരയില്‍ അരക്ഷിതാവസ്ഥ ലഘൂകരണ പദ്ധതി (വള്‍ണറബിളിറ്റി റിഡക്ഷന്‍ പ്ലാന്‍- വിആര്‍പി) നടപ്പിലാക്കാനും സഹായകമേകി ശ്രദ്ധേ നേടുന്നു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍- എന്‍ആര്‍എല്‍എം) ഭാഗമായുള്ള ഈ പദ്ധതി പ്രവര്‍ത്തനം ത്രിപുര സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യ(എസ്ആര്‍എല്‍എം)വുമായി ചേര്‍ന്നാണ് എന്‍ആര്‍ഒ നടത്തുന്നത്. ഒരു പ്രദേശത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുടുംബങ്ങളെ (പട്ടികവര്‍ഗ്ഗ, പട്ടികജാതി, പ്രാക്തന ഗോത്രവിഭാഗം, സ്ത്രീ കുടുംബനാഥയായത്, മനുഷ്യക്കടത്തിന് ഇരയായവര്‍ ഉള്‍പ്പെട്ടത്, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ ഉള്‍പ്പെട്ടത് എന്നിങ്ങനെയുള്ള കുടുംബങ്ങളെ) മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് വിആര്‍പി. ഓരോ പഞ്ചായത്തിലുമുള്ള പത്ത് മുതല്‍ 15 വരെ സ്വയം സഹായ സംഘങ്ങള്‍ (സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍- എസ്എച്ച്ജി- അയല്‍ക്കൂട്ടത്തിന് സമാനമായ സംഘങ്ങള്‍) ചേര്‍ന്ന വില്ലേജ് ഓര്‍ഗനൈസേഷനുകളുടെ (വിഒ) നേതൃത്വത്തിലാണ് ആ പ്രദേശത്ത് വിആര്‍പി നടപ്പിലാക്കുന്നത്.

  വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ച് പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുടുംബങ്ങളെ കണ്ടെത്തുകയും ഈ കുടുംബങ്ങളുടെ ലിസ്റ്റ് തയാറാക്കുകയും ഇതില്‍ ഏറ്റവും അരക്ഷിതമായ കുടുംബങ്ങളെ തെരഞ്ഞെടുത്ത് ആ കുടുംബങ്ങള്‍ക്ക് വേണ്ടി അവരുടെ ആവശ്യങ്ങള്‍ അനുസരിച്ചുള്ള വള്‍ണറബിളിറ്റി റിഡക്ഷന്‍ പ്ലാനുകള്‍ തയാറാക്കുകയും ചെയ്യുന്നു. ഈ ആവശ്യങ്ങളില്‍ ചിലത് എസ്ആര്‍എല്‍എമ്മിന്റെ ഭാഗമായി നടപ്പാക്കാനാകുന്നതാകും, ചിലത് വിവിധ വകുപ്പ് പദ്ധതികളുടെ ഭാഗമായമായി നടപ്പിലാക്കാനാകുന്നതാകും ചിലത് വില്ലേജ് ഓര്‍ഗനൈസേഷനുകള്‍ക്ക് നേരിട്ട് ചെയ്യാനാകാകുന്നതാകും...ഇത്തരത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുടുംബങ്ങളുടെ ആവശ്യങ്ങള്‍ പരമാവധി നിറവേറ്റി നല്‍കുകയും അവരെ സ്വയം സഹായ സംഘങ്ങളുടെ ഭാഗമാക്കുകയും മുഖ്യധാരയിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു.

  ത്രിപുരയില്‍ എന്‍ആര്‍ഒ പ്രവര്‍ത്തിക്കുന്ന ബ്ലോക്കുകളിലെ വില്ലേജ് ഓര്‍ഗനൈസേഷനുകള്‍ക്ക് വേണ്ടി വിആര്‍പി നടത്തുന്നതിന് നിരവധി സഹായങ്ങളാണ് എന്‍ആര്‍ഒ നല്‍കിയത്. ഇതിനായി പ്രത്യേക മൊഡ്യൂള്‍ തയാറക്കി നല്‍കിയതിനൊപ്പം പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള ബോധവത്ക്കരണം നല്‍കല്‍, പരിശീലനം നല്‍കല്‍ കൂടാതെ വിആര്‍പി പ്ലാനുകള്‍ തയാറാക്കാനുള്ള പൂര്‍ണ്ണ സഹായവും കുടുംബശ്രീ എന്‍ആര്‍ഒ ചെയ്ത് നല്‍കുന്നു. കേരളത്തില്‍ ആശ്രയ പദ്ധതി നടപ്പിലാക്കിയതിന്റെ അനുഭവസമ്പത്തിന്റെ ബലത്തിലാണ് എന്‍ആര്‍ഒ മെന്റര്‍മാര്‍മാരും കോര്‍ഡിനേറ്റര്‍മാരും ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് നല്‍കുന്നത്.  മതബാരി ബ്ലോക്കിലെ കുന്‍ജാബന്‍ ഗ്രാമ പഞ്ചായത്തില്‍ 2018 നവംബര്‍ 28നാണ് ഇത്തരത്തില്‍ ആദ്യ പ്രവര്‍ത്തനം നടത്തിയത്. വയോജന പെന്‍ഷന്‍ മാത്രം ആശ്രയിച്ച് ബൗദ്ധിക വെല്ലുവിളി നേരിടുന്ന 21കാരിയായ മകള്‍ക്കൊപ്പം ജീവിക്കുന്ന 65 വയസ്സുള്ള ഹിരണ്‍ ബല ദാസ്, ഭാര്യയുടെ മരണശേഷം ഒറ്റപ്പെട്ട് ജീവിക്കുന്ന വയോജന പെന്‍ഷന്‍ മാത്രം ആശ്രയമായുള്ള 71കാരനായ ധീരേന്ദ്ര ദാസ്...എന്നിങ്ങനെ നിരവധി പേര്‍ക്കായി പ്ലാന്‍ രൂപീകരിച്ചു.

  2019 ജൂലൈ 31ന് മുഹിരിപുര്‍ ഗ്രാമ പഞ്ചായത്തിലെ ജൊലൈബാരി ബ്ലോക്കില്‍ മാ ദുര്‍ഗ വില്ലേജ് ഓര്‍ഗനൈസേഷന്‍ മുഖേന വിആര്‍പി പ്രവര്‍ത്തനം നടത്തി. 216 കുടുംബങ്ങളുടെ വിശദാംശങ്ങള്‍ ഇത്തരത്തില്‍ ശേഖരിച്ചു. വിശദമായ പഠനത്തിന് ശേഷം 12 കുടുംബങ്ങള്‍ ഏറെ അരക്ഷിതരാണെന്നും ഉടന്‍ സഹായം ആവശ്യമുള്ളവരാണെന്നും കണ്ടെത്തി അവര്‍ക്കായി പ്രത്യേക പ്ലാനും തയാറാക്കി. 58,000 വള്‍ണറബിളിറ്റി റിഡക്ഷന്‍ ഫണ്ട് (വിആര്‍എഫ്) ആയും നല്‍കി. ചില പഞ്ചായത്തുകളില്‍ അവരുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വിആര്‍പി പ്ലാനുകളും സമര്‍പ്പിക്കാന്‍ കഴിഞ്ഞു.

 

Content highlight
ത്രിപുരയില്‍ എന്‍ആര്‍ഒ പ്രവര്‍ത്തിക്കുന്ന ബ്ലോക്കുകളിലെ വില്ലേജ് ഓര്‍ഗനൈസേഷനുകള്‍ക്ക് വേണ്ടി വിആര്‍പി നടത്തുന്നതിന് നിരവധി സഹായങ്ങളാണ് എന്‍ആര്‍ഒ നല്‍കിയത്. ഇതിനായി പ്രത്യേക മൊഡ്യൂള്‍ തയാറക്കി നല്‍കിയതിനൊപ്പം പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുടുംബങ്ങളെ കണ്ടെത്ത