സപ്ളൈകോയുടെ 500 വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങൾ- സംസ്ഥാനതല ഉദ്ഘാടനം നടത്തി
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലുമായി സപ്ളൈകോയുടെ കീഴിലുള്ള 500 വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വിപണനം ചെയ്യുമെന്ന് ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. സപ്ളൈകോയുടെ സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ ശ്രേണിയിലുള്ള കേന്ദ്രങ്ങൾ വഴി കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം നടത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഉത്പന്നങ്ങളുടെ ആദ്യവിൽപ്പനയും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ ചടങ്ങിൽ അധ്യക്ഷനായി.
വ്യാപാര മേഖലയിലേക്ക് മൂലധനശക്തികൾ കടന്നു വരുന്നത് ചെറുകിട സംരംഭകർക്കും വ്യാപാരികൾക്കും ഭീഷണിയാവുന്നുണ്ട്. കുടുംബശ്രീയുമായി സംയോജിച്ചു കൊണ്ട് പുതിയ പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ പൊതുവിതരണ ശൃംഖലയായ സപ്ളൈകോ വഴി വീട്ടമ്മമാരായ കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിപണനത്തെ ശക്തിപ്പെടുത്താൻ കഴിയും. ഇന്ന് വിപണിയിലെ മാറ്റങ്ങൾക്കൊപ്പം ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഉത്പന്നങ്ങൾ അവർക്ക് തന്നെ തെരഞ്ഞെടുക്കാൻ കഴിയുന്ന വിധത്തിൽ സപ്ളൈകോയ്ക്ക് കീഴിലുളള ഹൈപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, മാവേലി സ്റ്റോറുകൾ എന്നിവ ആധുനികവത്ക്കരിക്കാൻ സാധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. സപ്ലൈകോയിൽ എത്തുന്ന ഉപഭോക്താക്കളിൽ ഏറെയും വീട്ടമ്മമാരാണ്. അവർക്ക് വീട്ടമ്മമാരായ കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഗാർഹികാവശ്യങ്ങൾക്കുള്ള മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന് സപ്ളൈകോ സഹായിക്കും. സംസ്ഥാനത്ത് സപ്ളൈകോയുടെ കീഴിൽ 1600 ൽപരം വിപണനശാലകൾ പ്രവർത്തിക്കുന്നു. ഏഴു സ്ഥലങ്ങളിൽ കൂടി വിപണനകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നു വരികയാണ്. ഇതു കൂടാതെ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ജനങ്ങൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം സപ്ളൈകോ വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇവിടങ്ങളിലെല്ലാം കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ വിപണനത്തിനെത്തിക്കും. ഇതുവഴി നിരവധി വനിതകൾക്ക് തൊഴിലവസരവും വരുമാനവും ലഭ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിതരണ രംഗത്തു രാജ്യത്തിനു തന്നെ മാതൃകയായി മാറിയ സപ്ളൈകോയുടെ വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനം സാധ്യമാക്കുന്നതു വഴി കുടുംബശ്രീയുടെ മാർക്കറ്റിംഗ് സംവിധാനത്തിനും സംരംഭകർക്കും വലിയ തോതിലുള്ള പിന്തുണയാണ് സപ്ളൈകോ നൽകുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. സപ്ളൈകോയുടെ 500 കേന്ദ്രങ്ങളിലും ഉത്പന്നങ്ങൾ എത്തിച്ച് വിപണനം നടത്തുന്നതു വഴി 4000 വനിതകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനം നേരിട്ട പ്രതിസന്ധികളിലും പ്രയാസങ്ങളിലും ജനക്ഷേമത്തിനായി സർക്കാർ ആവിഷ്ക്കരിച്ച പദ്ധതികളോട് മാതൃകാപരമായ നിലപാടു പുലർത്താൻ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്. ഇതിന് സപ്ളൈകോയുമായുളള സംയോജനം വലിയ തോതിൽ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ സംരംഭകരുടെ വരുമാന വർധനവിന് സപ്ളൈകോയുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ വളരെയധികം പിന്തുണ നൽകുന്നുണ്ടെന്ന് പദ്ധതി വിശദീകരണത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ ഐഎഎസ് പറഞ്ഞു. സംസ്ഥാനമെമ്പാടുമുള്ള സപ്ളൈകോ വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ അവസരം ലഭിച്ചത് മികച്ച തുടക്കമാണെന്നും ഇത് കുടുംബശ്രീയുടെ മാർക്കറ്റിംഗ് ശൃംഖലയ്ക്ക് കൂടുതൽ കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു.
സപ്ളൈകോയുടെ വിപണന ശൃംഖലയിലൂടെ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിന് ഒരു ഷെൽഫ് സ്പേസ് നൽകുന്നതാണ് പദ്ധതി. പ്രാരംഭ പ്രവർത്തനമെന്ന നിലയ്ക്ക് സപ്ളൈകോയുടെ വഴുതക്കാട്, ശ്രീകാര്യം എന്നിവിടങ്ങളിലെ ഹൈപ്പർമാർക്കറ്റുകളിലാണ് കുടുംബശ്രീ ഉത്പന്നങ്ങൾക്കായി ഷെൽഫ് സ്പേസ് ഒരുക്കിയിട്ടുള്ളത്. ഈ രണ്ടു കേന്ദ്രങ്ങളിലും പത്ത് സംരംഭകർ തയ്യാറാക്കിയ ധാന്യപ്പൊടികൾ, അച്ചാറുകൾ, കറിപ്പൊടികൾ എന്നിങ്ങനെ വ്യത്യസ്തമായ ഉത്പന്നങ്ങൾ ലഭ്യമാക്കും. അടുത്ത രണ്ടു മാസങ്ങൾക്കുള്ളിൽ 500 കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.
മന്ത്രി.പി തിലോത്തമൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിന് നൽകി ആദ്യ വിൽപ്പന നിർവ്വഹിച്ചു. സപ്ളൈകോ ജനറൽ മാനേജർ ആർ.രാഹുൽ ഐ.ആർ.എസ് സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.കെ.ആർ ഷൈജു നന്ദി പറഞ്ഞു. വാർഡ് കൗൺസിലർ അഡ്വ.രാഖി രവി കുമാർ, സപ്ളൈകോ റീജ്യണൽ മാനേജർ വി.ജയപ്രകാശ്, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ ഷൈജു, മുഹമ്മദ് ഷാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
- 157 views