2018ലെ പ്രളയത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് കുടുംബശ്രീ മുഖേന ധനസഹായ വിതരണം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു

Posted on Thursday, November 14, 2019

2018 ഓഗസ്റ്റില്‍ കേരളം നേരിട്ട പ്രളയദുരിതത്തില്‍ നാശനഷ്ടം സംഭവിച്ച കുടുംബശ്രീ സംരംഭകര്‍ക്കും വനിതാ സംഘകൃഷി അംഗങ്ങള്‍ക്കുമുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജില്‍ നവംബര്‍ എട്ടിന് നടന്ന ചടങ്ങിലാണ് സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയ, കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന 75 കോടിയുടെ പ്രത്യേക ഉപജീവന പാക്കേജിന്റെ ഭാഗമായുള്ള ഈ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്.

  കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 2018ല്‍ ചെങ്ങന്നൂരില്‍ നടന്ന സരസ് മേളയെ പ്രളയം ബാധിച്ചിരുന്നു. അന്ന് മേളയില്‍ പങ്കെടുത്ത 253 സംരംഭകര്‍ക്ക് ആറ് കോടി രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്. കൂടാതെ കുടുംബശ്രീയുടെ 14,000 വനിതാ കൃഷി സംഘങ്ങളുടെ 25,000 ഹെക്ടര്‍ കൃഷി ഭൂമിയും പ്രളയത്തില്‍ മുങ്ങിപ്പോയിരുന്നു. ഏഴ് കോടി രൂപയാണ് ഈ കൃഷി സംഘങ്ങള്‍ക്കുണ്ടായ നഷ്ടം. അങ്ങനെ ആകെ 13 കോടി രൂപയുടെ ധനസഹായമാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക.

  പ്രളയദുരിതം നേരിട്ടവര്‍ക്ക് ആശ്വാസമേകുന്നതിനായി അയല്‍ക്കൂട്ടങ്ങള്‍ വഴി  സംസ്ഥാന സര്‍ക്കാര്‍ വായ്പ അനുവദിച്ചിരുന്നു. റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം എന്ന പേരിലാണ് ഈ ഗാര്‍ഹിക വായ്പ പദ്ധതി അവതരിപ്പിച്ചത്.

  സജി ചെറിയാന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പദ്ധതി വിശദീകരണം നടത്തി. ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. ഷിബുരാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. അജിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. വേണു, ജെബിന്‍ പി. വര്‍ഗീസ്, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വത്സമ്മ എബ്രഹാം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക്, നഗരസഭാ കൗണ്‍സിലര്‍ കെ. അനില്‍ കുമാര്‍, ചെങ്ങന്നൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വി.കെ. സരോജിനി, ആലപ്പുഴ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി. സുനില്‍ നന്ദി രേഖപ്പെടുത്തി.

 

Content highlight
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 2018ല്‍ ചെങ്ങന്നൂരില്‍ നടന്ന സരസ് മേളയെ പ്രളയം ബാധിച്ചിരുന്നു.

കോഴിക്കോട് ബീച്ചിലെ ഉന്തുവണ്ടി കച്ചവടക്കാര്‍ക്ക് ലൈസന്‍സ്

Posted on Thursday, November 14, 2019

കോഴിക്കോട് ബീച്ചില്‍ ഉന്തുവണ്ടിയിലൂടെ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ക്ക് കോര്‍പ്പറേഷന്‍ ലൈസന്‍സ് നല്‍കി. കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് 27  കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കിയത്. കച്ചവടക്കാര്‍ക്കുള്ള ലൈസന്‍സുകളുടെ വിതരണം നവംബര്‍ നാലിന് കോഴിക്കോട് ബീച്ചില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബീച്ച് റോഡിന്റെ അരികുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ തട്ടുകടകള്‍ കടലോരത്തുള്ള പ്രത്യേക മേഖലയിലേക്ക് മാറ്റുകയും ചെയ്തു. കേരളത്തില്‍ ഇതാദ്യമായാണ് ഇങ്ങനെ ഒരു പ്രത്യേക മേഖല തെരുവുകച്ചടവക്കാര്‍ക്കായി തയാറാക്കി നല്‍കുന്നത്.

  ലൈസന്‍സ് നേടിയ ഉന്തുവണ്ടി കച്ചവടക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ ശുചിത്വവും മറ്റ് നടപടികളും സംബന്ധിച്ച ബോധവത്ക്കരണവും നല്‍കിയിരുന്നു.  നിലവാരമുള്ള ഭക്ഷണ, പാനീയ വില്‍പ്പന കേന്ദ്രം ബീച്ചില്‍ സജ്ജമാക്കുകയെന്ന ലക്ഷ്യവും ഇതിലൂടെ കൈവരിക്കാനാകും. തെരുവുകച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ലൈസന്‍സ് നല്‍കുന്നത്. ഭക്ഷണം തയാറാക്കുന്നതിനായുള്ള വെള്ളം ലഭ്യമാക്കുന്നതിനായി മൂന്ന് പൊതു ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിന്റെ സമീപത്തുള്ള കളക്ഷന്‍ സെന്ററില്‍ മാലിന്യം എത്തിച്ച് ഈ കച്ചവടക്കാര്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനവും നടത്തും.

 

Content highlight
നിലവാരമുള്ള ഭക്ഷണ, പാനീയ വില്‍പ്പന കേന്ദ്രം ബീച്ചില്‍ സജ്ജമാക്കുകയെന്ന ലക്ഷ്യവും ഇതിലൂടെ കൈവരിക്കാനാകും.

'കൈ'യടിക്കാം കാസര്‍ഗോഡിന്

Posted on Thursday, November 14, 2019

പാലക്കാടിന്റെ മണ്ണില്‍ നവംബര്‍ 1 മുതല്‍ 3 വരെ നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങില്‍ കാസര്‍ഗോഡ് ജില്ല ഓവറോള്‍ ചാമ്പ്യന്‍മാര്‍. കലോത്സവത്തിന്റെ ആദ്യ ദിനം മുതല്‍ മുന്നേറ്റമാരംഭിച്ച കാസര്‍ഗോഡ് 128 പോയിന്റാണ് ആകെ സ്വന്തമാക്കിയത്. 98 പോയിന്റോടെ കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 65 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് അരങ്ങില്‍ കാസര്‍ഗോഡ് ഓവറോള്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കുന്നത്. നവംബര്‍ മൂന്നിന് വിക്ടോറിയ കോളേജില്‍ നടന്ന സമാപന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.

 14 ജില്ലകളില്‍ നിന്നുള്ള 1904 കുടുംബശ്രീ വനിതകളാണ് മൂന്ന് ദിനങ്ങളിലായി സംഘടിപ്പിച്ച കലോത്സവത്തില്‍ 34 ഇനം മത്സരങ്ങളില്‍ പങ്കാളികളായത്. ജൂനിയര്‍, സീനിയര്‍, പൊതുവിഭാഗങ്ങളിലായായിരുന്നു മത്സരങ്ങള്‍. മലയാള നോവല്‍ സാഹിത്യത്തിലെ പ്രമുഖ നായികാ കഥാപാത്രങ്ങളുടെ പേരുകള്‍ നല്‍കിയ വേദികളിലായിരുന്നു മത്സരങ്ങള്‍. കറുത്തമ്മ (വിക്ടോറിയ കോളേജ്, ഫൈന്‍ ആര്‍ട്സ് ഹാള്‍), ഇന്ദുലേഖ (ഗവണ്‍മെന്റ് മോയന്‍സ് എല്‍.പി. സ്‌കൂള്‍), സുഹറ (ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി, പാലക്കാട്), നാണി മിസ്ട്രസ് (വിക്ടോറിയ കോളേജ് ഓഡിറ്റോറിയം), സുമിത്ര (വിക്ടോറിയ കോളേജ് ഓഡിറ്റോറിയം) എന്നീ വേദികളിലും ശിങ്കാരിമേളം വേദി ചെമ്മരത്തിയിലും നാടകം, മൈം മത്സരങ്ങള്‍ ചെമ്പൈ മെമ്മോറിയല്‍ ഗവണ്മെന്റ് മ്യൂസിക് കോളേജ് വേദിയിലുമായാണ് നടന്നത്.

  അയല്‍ക്കൂട്ട വനിതകളുടെ സര്‍വ്വതല സ്പര്‍ശിയായ വികാസം ലക്ഷ്യമിട്ട് കുടുംബശ്രീ നടത്തുന്ന പ്രധാന പരിപാടികളിലൊന്നാണ് അരങ്ങ് കലോത്സവം. സമാപന സമ്മേളനം മന്ത്രി എ.സി, മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ കെ.വി. വിജയദാസ്, കെ. ബാബു എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സെയ്തലവി സ്വാഗതം ആശംസിച്ചപ്പോള്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ കെ.വി. പ്രമോദ് നന്ദി പറഞ്ഞു.

മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ആദരവ്
പാലക്കാട് ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെയും യൂണിറ്റുകളെയും അരങ്ങ് സമാപന വേദിയില്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. മന്ത്രി എ.സി. മൊയ്തീന്‍, എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെ.വി. വിജയദാസ്, കെ. ബാബു എന്നിവര്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച സിഡിഎസ് ശ്രീകൃഷ്ണപരുമാണ്, അഗളിയിലെ ചൈതന്യ കേറ്ററിങ് യൂണിറ്റിന് മികച്ച പട്ടികവര്‍ഗ്ഗ സംരംഭത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചു. കുടുംബശ്രീയുമായി സഹകരിച്ച് മികച്ച പ്രവര്‍ത്തനം നടത്തിയ പുരസ്‌ക്കാരം കാനറാ ബാങ്കിനും മികച്ച പൊതു അയല്‍ക്കൂട്ടത്തിനുള്ള പുരസ്‌ക്കാരം മുണ്ടൂരിലെ പൂമ്പാറ്റ അയല്‍ക്കൂട്ടത്തിനും ലഭിച്ചു.

ആഘോഷയാത്ര
അരങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച സാംസ്‌ക്കാരിക ഘോഷയാത്രയില്‍ 2500ലേറെ അയല്‍ക്കൂട്ട വനിതകള്‍ പങ്കെടുത്തു. കോട്ടമൈതാനം അഞ്ചു വിളക്ക് പരിസരത്ത് നിന്നും വിക്ടോറിയ കോളേജിലേക്ക് സംഘടിപ്പിച്ച ഘോഷയാത്ര കുടുംബശ്രീ പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. കസവു സാരികളും വര്‍ണ്ണക്കുടകളും, കൊടിക്കൂറകളും, 21 വര്‍ഷത്തെ കുടുംബശ്രീയുടെ മുന്നേറ്റങ്ങള്‍ സൂചിപ്പിക്കുന്ന പ്ലക്കാര്‍ഡുകളും മാറ്റ് കൂട്ടിയ ഘോഷയാത്രയില്‍ മോഹിനിയാട്ടം, തെയ്യം, മയിലാട്ടം, പൊയ്ക്കാള, ഒപ്പന, പാലക്കാടിന്റെ തനത് കരിവേഷം, ദഫ് മുട്ട്, മാര്‍ഗ്ഗംകളി തുടങ്ങിയ കലാരൂപങ്ങളും അണിനിരന്നു.

  വിക്ടോറിയ കോളേജിലെ പ്രധാന വേദിയായ കറുത്തമ്മയില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ അരങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. പാലക്കാട് എം.പി ശ്രീ വി.കെ ശ്രീകണ്ഠന്‍, കൂടിയാട്ട പ്രതിഭ പത്മശ്രീ ശിവന്‍ നമ്പൂതിരി, സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. സംഘാടകസമിതി ചെയര്‍മാന്‍ ഷാഫി പറമ്പില്‍ എംഎല്‍എ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പാലക്കാട് ജില്ലാ കളക്ടര്‍ ശ്രീ. ബാലമുരളി ഐ.എ.എസ്, വിവിധ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാകാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Content highlight
കുടുംബശ്രീയുമായി സഹകരിച്ച് മികച്ച പ്രവര്‍ത്തനം നടത്തിയ പുരസ്‌ക്കാരം കാനറാ ബാങ്കിനും മികച്ച പൊതു അയല്‍ക്കൂട്ടത്തിനുള്ള പുരസ്‌ക്കാരം മുണ്ടൂരിലെ പൂമ്പാറ്റ അയല്‍ക്കൂട്ടത്തിനും ലഭിച്ചു

സരസ് ആജീവിക മേളയില്‍ കുടുംബശ്രീയ്ക്ക് പ്രത്യേക ആദരവും അംഗീകാരവും

Posted on Thursday, November 14, 2019

* ഇന്ത്യ ഓണ്‍ യുവര്‍ പ്ലേറ്റ്' എന്ന ആശയം മുന്‍നിര്‍ത്തി ഫുഡ് കോര്‍ട്ട് സംഘാടനത്തിന് നേതൃത്വം നല്‍കിയത് കുടുംബശ്രീ
* ഫുഡ് കോര്‍ട്ടില്‍ ഒരു കോടിയില്‍പ്പരം രൂപയുടെ വിറ്റുവരവ്

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ സംഘ ടിപ്പിച്ച സരസ് ആജീവിക മേളയോട് അനുബന്ധിച്ചുള്ള ഇന്ത്യ ഫുഡ് കോര്‍ട്ടിന്റെ മികച്ച സംഘാടനത്തിന് കുടുംബശ്രീയ്ക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ പ്രത്യേക ആദര വും അംഗീകാരവും. ഒക്ടോബര്‍ പത്ത് മുതല്‍ 23 വരെ ഇന്ത്യ ഗേറ്റ് പുല്‍ത്തകിടിയില്‍ സംഘ ടിപ്പിച്ച വിപണന-ഭക്ഷ്യമേളയില്‍ ഫുഡ് കോര്‍ട്ട് സംഘടിപ്പിക്കാനുള്ള പ്രധാന ചുമതല കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, കുടുംബശ്രീയെ ഏല്‍പ്പിക്കുകയായിരുന്നു. 'ഇന്ത്യ ഓണ്‍ യുവര്‍ പ്ലേറ്റ്' എന്ന ആശയം അടിസ്ഥാനമാക്കി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ രുചികള്‍ ഒരു കുടക്കീഴിലെത്തിച്ച ഈ ഫുഡ് കോര്‍ട്ടില്‍ നിന്ന് മാത്രം 14 ദിവസം കൊണ്ട് സംരംഭകര്‍ ആകെ നേടിയത് 1,00,97,620 രൂപയുടെ വിറ്റുവരവായിരുന്നു.

   ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ സംരംഭങ്ങള്‍ നടത്തുന്ന സാധാരണക്കാരുടെ മികച്ച ഉത്പന്നങ്ങള്‍ ഇന്ത്യയൊട്ടാകെ പരിചയപ്പെടുത്തുക, ഗ്രാമീണസംരംഭകര്‍ക്ക് വരുമാനവും വലിയമേളകളില്‍ പങ്കെടുക്കാനുള്ള ആത്മവിശ്വാസവും പ്രചോദനവുമേകുക, ഗ്രാമീണമേഖല യിലെ ആദ്യ തലമുറയിലെ തെരഞ്ഞെടുത്ത സംരംഭകര്‍ക്ക് പരിശീലനം നല്‍കി ഇവരിലൂടെ അടുത്ത തലമുറ സംരംഭകരെ വാര്‍ത്തെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സരസ് മേളകള്‍ സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ സംഘടിപ്പിക്കുന്ന സരസ് മേളകളിലെല്ലാം ഇന്ത്യന്‍ രുചികള്‍ ഒരു കുടക്കീഴില്‍ എത്തിച്ച് ഫുഡ് കോര്‍ട്ടുകള്‍ സംഘടിപ്പിച്ച് അത് വിജയമാക്കിയതോ ടെയാണ് ഡല്‍ഹിയിലെ ആജീവികാ മേളയില്‍ ഫുഡ് കോര്‍ട്ട് സംഘടിപ്പിക്കാനുള്ള ചുമതല കുടുംബശ്രീയെ ഏല്‍പ്പിച്ചത്.

അട്ടപ്പാടി, ട്രാന്‍സ്ജന്‍ഡര്‍ യൂണിറ്റുകള്‍ക്കും ബഹുമതി
 
19 സംസ്ഥാനങ്ങളില്‍ നിന്നുള്ള 25 യൂണിറ്റുകളുടെ സ്റ്റാളുകളായിരുന്നു ഫുഡ് കോര്‍ട്ടിലു ണ്ടായിരുന്നത്. ഇതില്‍ ഏറ്റവും മികച്ച സ്റ്റാളിനുള്ള ബഹുമതി കേരളത്തെ പ്രതിനിധീകരിച്ച കുടുംബശ്രീ സ്റ്റാളിനും ലഭിച്ചു. ഗോവ, ബീഹാര്‍ സംസ്ഥാനങ്ങള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. കൂടാതെ മേളയില്‍ പങ്കെടുത്ത എറണാകുളം ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കുടുംബശ്രീ സംരംഭത്തിനും അട്ടപ്പാടിയിലെ കുടുംബശ്രീ യൂണിറ്റിനും പ്രത്യേക പുരസ്‌ക്കാര ങ്ങളും ലഭിച്ചു. തങ്ങളുടെ വിഭാഗത്തില്‍ നിന്ന് സാമ്പത്തിക, സാമൂഹിക ശാക്തീകരണ ത്തിനായി ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കായുള്ള അംഗീകാരമായാണ് ഈ ബഹുമതി നല്‍കിയ ത്. ഇത് കൂടാതെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ തനത് രുചികള്‍ പരിചയപ്പെടുത്തുന്ന ഒരു പുസ്തക വും ഭക്ഷ്യമേഖലയിലെ വനിതാ സംരംഭകരെക്കുറിച്ചുള്ള മറ്റൊരു പുസ്തകവും മേളയുടെ ഭാഗമായി കുടുംബശ്രീ ടീം തയാറാക്കി പ്രകാശനവും ചെയ്തു.

 

Content highlight
'ഇന്ത്യ ഓണ്‍ യുവര്‍ പ്ലേറ്റ്' എന്ന ആശയം അടിസ്ഥാനമാക്കി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ രുചികള്‍ ഒരു കുടക്കീഴിലെത്തിച്ച ഈ ഫുഡ് കോര്‍ട്ടില്‍ നിന്ന് മാത്രം 14 ദിവസം കൊണ്ട് സംരംഭകര്‍ ആകെ നേടിയത് 1,00,97,620 രൂപയുടെ വിറ്റുവരവായിരുന്നു

അലക്കുകുഴിയില്‍ 20 കുടുംബങ്ങള്‍ക്ക് തലചായ്ക്കാനിടമായി-

Posted on Thursday, November 14, 2019

കുടുംബശ്രീ വനിതാ കെട്ടിട നിര്‍മ്മാണ സംഘങ്ങള്‍ പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു

കൊല്ലം കോര്‍പ്പറേഷനിലെ അലക്കുകുഴി കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി മുണ്ടയ്ക്കലില്‍ നിര്‍മ്മിച്ച 20 വീടുകളുടെ താക്കോല്‍ദാനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. അഞ്ഞൂറ് ചതുരശ്ര അടി ചുറ്റളവുള്ള വീടുകള്‍ നിര്‍മ്മിച്ചത് കുടുംബശ്രീ വനിതാ കെട്ടിട നിര്‍മ്മാണ സംഘങ്ങളാണ്. 1 കോടി 70 ലക്ഷം രൂപയായിരുന്നു പദ്ധതിച്ചെലവ്.  

   2018 നവംബറിലാണ് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറും കൊല്ലം കോര്‍പ്പറേഷനും തമ്മില്‍ വീട് നിര്‍മ്മാണത്തിനുള്ള കരാറിലൊപ്പുവച്ചത്. 2019 ജനുവരി ഒന്നിന് ആരംഭിച്ച നിര്‍മ്മാണ പ്രവൃത്തിക്ക് നേതൃത്വം നല്‍കിയത് കൊല്ലം ജില്ലയിലെ കൊറ്റങ്കര പഞ്ചായത്തിലെ കുടുംബശ്രീ വനിതാ കെട്ടിട നിര്‍മ്മാണ യൂണിറ്റായ ഫീനിക്‌സ് കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പാണ്. ഇവരുടെ പൂര്‍ണ്ണമായ ഉത്തരവാദിത്തത്തിലും കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, കല്ലട, ഏഴുകോണ്‍, തൃക്കടവൂര്‍ എന്നീ സ്ഥലങ്ങളിലെ വിവിധ നിര്‍മ്മാണ ഗ്രൂപ്പുകളില്‍പ്പെട്ട വനിതകളുടേയും കൂട്ടായ്മയില്‍ 32 സ്ത്രീകളുടെ കരുത്തിലാണ് ഈ വീടുകള്‍ ഉയര്‍ന്നത്. കൂടാതെ കോര്‍ ഗ്രൂപ്പിലെ ശിവശൈലം, പടിഞ്ഞാറേ കല്ലടയിലെ ദേവി എന്നീ ഗ്രൂപ്പുകളുടെയും സജീവ പങ്കാളിത്തം നിര്‍മ്മാണത്തിലുണ്ടായി.

  രണ്ട് കിടപ്പുമുറികളും സിറ്റൗട്ടും അടുക്കളയും ഹാളും ശുചിമുറിയും ഉള്‍പ്പെടുന്ന വീടുകളാണ് അലക്കുകുഴിയില്‍ നിര്‍മ്മിച്ചത്. വൈദ്യുതി, കുടിവെള്ളം കണക്ഷനുകളും പ്രത്യേകമായി ഏര്‍പ്പെടുത്തി.

  പിഎംഎവൈ- ലൈഫ് പദ്ധതി വഴി പൂര്‍ത്തീകരിച്ച 1600 വീടുകളുടെ താക്കോല്‍ദാനം മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മയും കെ. രാജുവും ചേര്‍ന്ന് നിര്‍വ്വഹിച്ചു. പദ്ധതിപ്രകാരം ഇതുവരെ 1600 വീടുകളുടെ നിര്‍മ്മാണം കോര്‍പ്പറേഷനില്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.  ചടങ്ങില്‍ മേയര്‍ വി. രാജേന്ദ്ര ബാബു അധ്യക്ഷനായിരുന്നു. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, എം. നൗഷാദ് എംഎല്‍എ, ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം.എ. സത്താര്‍, പി.ജെ. രാജേന്ദ്രന്‍, എസ്. ഗീതാ കുമാരി, ചിന്ത എല്‍. സജിത്, വി.എസ്. പ്രിയദര്‍ശനന്‍, ഷീബ ആന്റണി, ടി.ആര്‍. സന്തോഷ് കുമാര്‍, ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, ആര്‍.എസ്.പി മണ്ഡലം സെക്രട്ടറി സജി ഡി. ആനന്ദ്, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി. ലാലു, കൗണ്‍സിലര്‍മാരായ ഗിരിജാ സുന്ദരന്‍, എ.കെ. ഹഫീസ്, റീന സെബാസ്റ്റ്യന്‍, നഗരസബാ സെക്രട്ടറി എ.എസ്. അനുജ, സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി.ജെ. അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Content highlight
കൊല്ലം ജില്ലയിലെ കൊറ്റങ്കര പഞ്ചായത്തിലെ കുടുംബശ്രീ വനിതാ കെട്ടിട നിര്‍മ്മാണ യൂണിറ്റായ ഫീനിക്‌സ് കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പാണ്.

സര്‍ഗ്ഗാത്മകത ആഘോഷമാക്കാന്‍ അരങ്ങ്

Posted on Thursday, November 14, 2019
  • കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങിന് പാലക്കാട് വേദിയാകും
  • നവംബര്‍ 1 മുതല്‍ 3 വരെ
  • ആറ് പ്രധാനവേദികള്‍

അയല്‍ക്കൂട്ട വനിതകളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ മാറ്റുരയ്ക്കുന്ന അരങ്ങ് സംസ്ഥാന കലോത്സവം നവംബര്‍ 1 മുതല്‍ 3 വരെ പാലക്കാട് നടക്കും. തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, പാലക്കാട് വിക്ടോറിയ കോളേജിലെ പ്രധാനവേദിയില്‍ നവംബര്‍ ഒന്നിന് വൈകുന്നേരം മൂന്നിന് നടക്കുന്ന ചടങ്ങില്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ഈ കലോത്സവം കുടുംബശ്രീ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മൂവായിരത്തോളം അയല്‍ക്കൂട്ട വനിതകള്‍ അണിനിരക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്രയും നടക്കും. വിക്ടോറിയ കോളേജ് കൂടാതെ ഫൈന്‍ ആര്‍ട്‌സ് ഹാള്‍, ഗവണ്‍മെന്റ് മോയന്‍ എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലും മത്സരവേദികളുണ്ട്.

  സ്റ്റേജ്, സ്റ്റേജിതരങ്ങളിലായി 34 ഇനങ്ങളില്‍ ജൂനിയര്‍, സീനിയര്‍ തലങ്ങളില്‍ മത്സരങ്ങളുണ്ട്. 18 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ ജൂനിയര്‍ വിഭാഗത്തിലും 35 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ സീനിയര്‍ തലത്തിലുമാണ് മത്സരിക്കുക. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള അയല്‍ക്കൂട്ട അംഗങ്ങളായ 2000ത്തോളം സ്ത്രീകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോആക്ട്, മിമിക്രി, നാടോടിനൃത്തം, സംഘനൃത്തം, സംഘഗാനം, തിരുവാതിര, ഒപ്പന, മാര്‍ഗംകളി, മൈം, കാര്‍ട്ടുണ്‍, കഥാരചന, കവിതാ രചന എന്നിങ്ങനെയുള്ള ഇനങ്ങളില്‍ മത്സരങ്ങളുണ്ട്. സി.ഡി.എസ്, താലൂക്ക്, ജില്ലാതലങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ വിജയിച്ചെത്തുന്നവരാണ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നത്.

  നവംബര്‍ മൂന്നിന് വൈകിട്ട് നാലിന് വിക്ടോറിയ കോളേജിലെ പ്രധാനവേദിയില്‍ സമാപന സമ്മേളനം നടക്കും. എല്ലാ ദിവസവും വിക്ടോറിയ കോളേജിലെ വേദിയില്‍ ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കും.

സ്ത്രീകഥാപാത്രങ്ങളുടെ പേരില്‍ വേദികള്‍
കറുത്തമ്മ, ഇന്ദുലേഖ, സുഹറ, നാണിമിസ്ട്രസ്, സുമിത്ര, ചെമ്മരത്തി. അരങ്ങ് കലോത്സവത്തിന്റെ ആറ് വേദികള്‍. മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ നോവലുകളിലെ പ്രധാന കഥാപാത്രങ്ങളുടെ പേരുകളാണ് ഈ ആറ് വേദികള്‍ക്കും നല്‍കിയിരിക്കുന്നത്. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീനിലെ നായികാ കഥാപാത്രമായ കറുത്തമ്മയുടെ പേരിലുള്ള വേദി വിക്ടോറിയ കോളേജില്‍. ഒ. ചന്തുമേനോന്റെ ഇന്ദുലേഖ എന്ന കഥാപാത്രത്തിന്റെ പേരിലുള്ള വേദി ഗവണ്‍മെന്റ് മോയന്‍ എല്‍പിഎസില്‍. വിക്ടോറിയ കോളേജ് ഓഡിറ്റോറിയത്തിലെ രണ്ട് വേദികള്‍ക്ക് യഥാക്രമം നാണിമിസ്ട്രസ് (ചെറുകാടിന്റെ മുത്തശ്ശിയിലെ കഥാപാത്രം), സുമിത്ര (എംടി വാസുദേവന്‍ നായരുടെ കാലത്തിലെ കഥാപാത്രം) എന്നിങ്ങനെ പേരുകള്‍ നല്‍കിയിരിക്കുന്നു. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയിലെ വേദിക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയിലെ കഥാപാത്രമായ സുഹറയുടെ പേരും. വിക്ടോറിയ കോളേജ് ഗ്രൗണ്ടിലെ വേദിക്ക് എന്‍. പ്രഭാകരന്റെ ഏഴിനു മീതേയിലെ ചെമ്മരത്തി എന്ന കഥാപാത്രത്തിന്റെ പേരും.

സ്വാതന്ത്ര്യവും സമത്വവും പങ്കാളിത്തവും
എറണാകുളം, ആലുവ അസറുല്‍ ഉലൂം ഇസ്ലാമിക് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മത് സഫുവന്‍ രൂപകല്‍പ്പന ചെയ്ത ലോഗോയാണ് അരങ്ങ് കലോത്സവ ലോഗോയായി തെരഞ്ഞെടുത്തത്. ലോഗോ രൂപകല്‍പ്പന ചെയ്യുന്നതിന് സംഘടിപ്പിച്ച മത്സരത്തില്‍ ലഭിച്ച 13 അപേക്ഷകളില്‍ നിന്നാണ് മുഹമ്മദിന്റെ ലോഗോ തെരഞ്ഞെടുത്തത്. സ്വാതന്ത്ര്യം, സമത്വം, പങ്കാളിത്തം എന്നീ മൂന്ന് ആശയങ്ങള്‍ അടിസ്ഥാനമാക്കിയാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.

 

Content highlight
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മൂവായിരത്തോളം അയല്‍ക്കൂട്ട വനിതകള്‍ അണിനിരക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്രയും നടക്കും.

അട്ടപ്പാടിയില്‍ മൊബൈല്‍ ന്യുട്രീഷ്യന്‍ ഗാര്‍ഡന്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

Posted on Thursday, November 14, 2019

അട്ടപ്പാടിയിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് പോഷക സമൃദ്ധമായ ജൈവ പച്ചക്കറിയും പഴങ്ങളും എത്തിക്കാനുള്ള മൊബൈല്‍ ന്യുട്രീഷ്യന്‍ ഗാര്‍ഡന്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. അഗളി ഗ്രാമ പഞ്ചായത്ത്  അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി പ്രകാരം കുടുംബശ്രീ അട്ടപ്പാടിയില്‍  കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന മഹിളാ കിസാന്‍ സശാക്തികരണ പരിയോജന ( MKSP) വഴി തെരഞ്ഞെടുത്ത പത്ത് ഊരുകളില്‍ കൃഷി ചെയ്യുന്ന ഉത്പന്നങ്ങളാണ് ഊരുകളിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് എത്തിക്കുന്നത്.  അഗളി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീലക്ഷ്മി ശ്രീകുമാര്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

    അഗളി , ഷോളയൂര്‍ , പുതൂര്‍ , കുറുംബ പഞ്ചായത്ത് സമിതിയുടെ നേതൃത്തില്‍  അട്ടപ്പാടിയിലെ 192 ഊരുകളിലും  പോഷകാഹാര സമൃദ്ധി ഉറപ്പു വരുത്താന്‍  ആവശ്യമായ പദ്ധതികളാണ് എംകെഎസ്പി മുഖേന നടപ്പാക്കി വരുന്നത്. നാല് മുതല്‍ പത്ത് വരെ അംഗങ്ങള്‍ ചേര്‍ന്ന കൃഷി സംഘങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. ഈ നാല് പഞ്ചായത്ത് സമിതിക്ക് കീഴിലെ 712 സംഘകൃഷി സംഘങ്ങളിലായി 3324 ആദിവാസി വനിതാ കര്‍ഷകര്‍ കൃഷി ചെയ്ത് വരുന്നു.
 
  കമ്മ്യുണിറ്റി കിച്ചനിലേക്ക് ആവശ്യമായ പോഷക ആഹാരം ലഭ്യമാക്കുന്നതിനായി  32 ന്യൂട്രിഷന്‍ ഗാര്‍ഡന്‍ യൂണിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അഗളിയില്‍ 17 ഉം ഷോളയൂരില്‍ ഒമ്പതും പുതൂരില്‍ ആറും യൂണിറ്റുകള്‍ വീതമാണ് സ്ഥാപിച്ചത്. ഓരോ യൂണിറ്റും 2 ഏക്കര്‍ മുതല്‍ 4 ഏക്കര്‍ വരെ സ്ഥലത്ത്  റാഗി , ചാമ , തുവര , അമര, തക്കാളി , പയര്‍ , വെണ്ട , പയര്‍ , വഴുതന , ചേന , മത്തന്‍ , ചേമ്പ് , വിവിധ തരം ചീരകള്‍,  കപ്പ , തുടങ്ങിയ വിളകള്‍ കൃഷി ചെയ്തു വരുന്നു. ഈ ന്യൂട്രിഷന്‍ ഗാര്‍ഡനുകളില്‍ ഉത്പാദിപ്പിച്ച പച്ചക്കറികള്‍ മറ്റ് ഊരുകളിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് മൊബൈല്‍ ന്യൂട്രിഷന്‍ ഗാര്‍ഡന്‍ യൂണിറ്റ് വഴി വിതരണം ചെയ്യുകയാണ് ചെയ്യുക.

 

Content highlight
കമ്മ്യുണിറ്റി കിച്ചനിലേക്ക് ആവശ്യമായ പോഷക ആഹാരം ലഭ്യമാക്കുന്നതിനായി 32 ന്യൂട്രിഷന്‍ ഗാര്‍ഡന്‍ യൂണിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അഗളിയില്‍ 17 ഉം ഷോളയൂരില്‍ ഒമ്പതും പുതൂരില്‍ ആറും യൂണിറ്റുകള്‍ വീതമാണ് സ്ഥാപിച്ചത്

അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം ആഘോഷമാക്കി കുടുംബശ്രീ

Posted on Thursday, November 14, 2019

ഒക്ടോബര്‍ 15ന്റെ അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം കുടുംബശ്രീ അയല്‍ക്കൂട്ട വനിതകള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സിഡിഎസുകളുടെ നേതൃത്വത്തില്‍ അവബോധ ക്ലാസ്സുകളും ആദരിക്കല്‍ ചടങ്ങുകളുമുള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചു.

  എല്ലാവര്‍ഷവും ഒക്ടോബര്‍ 15 അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭയാണ് തീരുമാനിച്ചത്. കൃഷി, ഭക്ഷ്യ സുരക്ഷ, പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യല്‍, പോഷണം എന്നിങ്ങനെ എല്ലാ മേഖലകളും കൈകാര്യം ചെയ്യുന്നതില്‍ ഗ്രാമീണ വനിതകളാണ് മുന്‍പന്തിയില്‍. കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ചെറുത്തുനിര്‍പ്പുയര്‍ത്തുന്ന ഗ്രാമീണ വനിതകളും പെണ്‍കുട്ടികളും എന്നതായിരുന്നു ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനത്തിന്റെ പ്രമേയം.

 

Content highlight
എല്ലാവര്‍ഷവും ഒക്ടോബര്‍ 15 അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭയാണ് തീരുമാനിച്ചത്.

അസര്‍ബയ്ജാനില്‍ കുടുംബശ്രീ ഫലവത്തായ മാറ്റങ്ങളുമായി മുന്നോട്ട്

Posted on Thursday, November 14, 2019

കുടുംബശ്രീ മാതൃക കേരളത്തിനും ഇന്ത്യയ്ക്കും പുറത്തേക്ക് വ്യാപിപ്പിക്കുന്ന കുടുംബശ്രീയുടെ മറ്റൊരു പ്രവര്‍ത്തനം കൂടി ഫലവത്താകുന്നു. അസര്‍ബയ്ജാനും കുടുംബശ്രീയും തമ്മിലുള്ള കൂട്ടുകെട്ടാണ് കാതലായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത്. ഗ്രാമീണമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകയും ഉപജീവന പദ്ധതികള്‍ക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന അസര്‍ബെയ്ജാന്‍ റൂറല്‍ ഇന്‍വസ്റ്റ്മെന്റ് പ്രോജക്ടിന്റെ (AZRIP) ഭാഗമായാണ് കുടുംബശ്രീ അസര്‍ബയ്ജാനില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2005 മുതല്‍ അസര്‍ബെയ്ജാനില്‍ ലോക ബാങ്കിന്റെ സഹായത്തോടെ നടക്കുന്ന പ്രോജക്ടാണിത്.

  ലോക ബാങ്കിന്റെ റീജ്യണല്‍ ഡയറക്ടര്‍ സെബാസ്റ്റിയന്‍ മോളിന്യൂസ്, കുടുംബശ്രീ പ്രതിനിധികള്‍ പരിശീലനം നല്‍കിയ അസര്‍ബയ്ജാനിലെ മസാലി സന്ദര്‍ശിച്ച് അവിടെയുണ്ടായ മാറ്റങ്ങളെക്കുറിച്ച് സ്വന്തം ട്വിറ്റര്‍ അക്കൗണ്ട് വഴി പുറംലോകത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഇതുവരെ അസര്‍ബെയ്ജാനിലെ മസാലിയില്‍ മാത്രം 468 സ്ത്രീകളുടെ പങ്കാളിത്തത്തോടെ 38 സംരംഭ യൂണിറ്റുകള്‍ തുടങ്ങിക്കഴിഞ്ഞു. നൂറിലധികം സംരംഭങ്ങള്‍ ഇവരുടെ കൂട്ടായ്മയിലൂടെ പ്രവര്‍ത്തിക്കുകയാണ്. ഇത് കൂടാതെ അസര്‍ബെയ്ജാനിലെ സ്ത്രീകളുടെ ഈ സംരംഭ ഗ്രൂപ്പുകളുടെ ഫെഡറേഷനായ അസര്‍ബെയ്ജാന്‍ ഗ്രാമീണ വനിതാ അസോസിയേഷന് സംരംഭ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അസര്‍ബെയ്ജാന്‍ ഗവണ്‍മെന്റിന്റെ പ്രത്യേക അവാര്‍ഡ് ഇവര്‍ക്ക് ലഭിച്ചപ്പോള്‍ കുടുംബശ്രീയുടെ നേതൃത്വത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.

  2017ല്‍ AZRIP ടീം സ്ത്രീകളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് പ്രത്യേക പൈലറ്റ് പ്രോജക്ട് നടപ്പാക്കാന്‍ ലക്ഷ്യമിടുകയും ഇതിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മാതൃകകള്‍ പഠിക്കുകയും ചെയ്തു. ഇതില്‍ മികച്ച രീതിയില്‍ സംയോജന സാധ്യതയുള്ളത് കുടുംബശ്രീയിലൂടെ മാതൃകയാണെന്ന് മനസ്സിലാക്കി കുടുംബശ്രീയെ അസര്‍ബെയ്ജാനിലേക്ക് ക്ഷണിക്കുകയായിരുന്നു.  2018 മാര്‍ച്ചില്‍ നാല് കുടുംബശ്രീ പ്രതിനിധികള്‍ പത്ത് ദിവസത്തെ ആദ്യഘട്ട പരിശീലനം അസര്‍ബെയ്ജാനിലെത്തി നല്‍കി. അസ്‌റിപ് (AZRIP) പ്രോജക്ടിലെ മാസ്റ്റര്‍ ട്രെയിനികള്‍ക്കാണ് അവര്‍ പരിശീലനം നല്‍കിയത്. അവരിലൂടെ അസര്‍ബെയ്ജാനിലെ മറ്റ് സ്ത്രീകളെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തിലൂന്നിയായിരുന്നു ഈ പരിശീലനം.

  മാസാലിയിലെ സെപരാഡി, ലങ്കാരണിലെ ചക്രിലി, ബലാക്കാനിലെ ഗൈസ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി ഫീല്‍ഡ് തലത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കിയാണ് പരിശീലനം ചിട്ടപ്പെടുത്തിയത്. കുടുംബശ്രീയുടെ മാതൃകയെക്കുറിച്ചും അയല്‍ക്കൂട്ടങ്ങളും പ്രവര്‍ത്തന ഗ്രൂപ്പുകളും രൂപീകരിക്കുന്നതിനെക്കുറിച്ചും ഉപജീവന പദ്ധതികളെക്കുറിച്ചും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു പ്രധാനമായും മാസ്റ്റര്‍ ട്രെയിനി ടീമിനെ പരിശീലിപ്പിച്ചത്. അസ്‌റിപ് (AZRIP) പ്രോജക്ടിലെ കമ്മ്യൂണിറ്റി മൊബിലൈസര്‍മാരും ഉപജീവന സ്പെഷ്യലിസ്റ്റുകളും ഉള്‍പ്പെടെ 16 പേര്‍ പങ്കെടുത്ത ഈ പരിശീലനത്തിന്റെ സമയത്തുതന്നെ 56 സ്ത്രീകള്‍ 4 സ്വയം സഹായ സംഘങ്ങള്‍  രൂപീകരിക്കാന്‍ മുന്നോട്ടുവരികയും ചെയ്തു.  

  ലോക ബാങ്കിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന ഈ പ്രോജക്ടിന്റെ വിജയം കുടുംബശ്രീയുടെ ഒരു അന്താരാഷ്ട്രതലത്തിലുള്ള ഇടപെടലിന്റെ വിജയം കൂടിയാണ്.

 

Content highlight
മാസാലിയിലെ സെപരാഡി, ലങ്കാരണിലെ ചക്രിലി, ബലാക്കാനിലെ ഗൈസ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി ഫീല്‍ഡ് തലത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കിയാണ് പരിശീലനം ചിട്ടപ്പെടുത്തിയത്.

വയസ്സ് 80, 64, 62...അതൊക്കെ വെറും അക്കങ്ങളല്ലേ

Posted on Thursday, November 14, 2019

കുടുംബശ്രീ അരങ്ങിന്റെ വേദിയില്‍ നിറഞ്ഞാടിയ അയല്‍ക്കൂട്ട വനിതകള്‍ക്കിടയില്‍ പ്രായത്തിന്റെ വെല്ലുവിളിയെ പുഞ്ചിരിയോടെ നേരിട്ട് പോരാടാനെത്തി അരങ്ങിന്റെ കാണികളുടെ ഹൃദയം കീഴടക്കി ചിലര്‍. ആലപ്പുഴയില്‍ നിന്ന് കോമളവല്ലിയമ്മ, ഇടുക്കിക്കാരി വിജയം ഗോപാലകൃഷ്ണന്‍, പാലക്കാടിന്റെ സ്വന്തം മറിയം പെണ്ണമ്മ എന്നിവര്‍ പ്രായം വെറും അക്കങ്ങള്‍ മാത്രമെന്ന് തെളിയിക്കുകയായിരുന്നു. വിക്ടോറിയ കോളേജില്‍ ഒരുക്കിയ പ്രധാനവേദിയായ കറുത്തമ്മയില്‍ ആദ്യദിനം നടന്ന തിരുവാതിര മത്സരത്തില്‍ പാരമ്പര്യ തനിമ കൊണ്ട് ശ്രദ്ധ നേടിയ ആലപ്പുഴ ടീമിന്റെ നട്ടെല്ലായിരുന്നു കോമളവല്ലിയമ്മ. തകഴി സിഡിഎസില്‍ നിന്നെത്തിയ എട്ടംഗ ടീമിനെ പരിശീലിപ്പിച്ചത് 80 വയസ്സ് പിന്നിട്ട കോമളവല്ലിയമ്മയായിരുന്നു. 12ാം വയസ്സില്‍ തന്നെ നൃത്തം പഠിച്ച കോമളവല്ലിയമ്മ വിവാഹശേഷം കുടുംബശ്രീ ഒരുക്കിയ വേദികളിലൂടെയാണ് കലാലോകത്തേക്ക് തിരികെയെത്തുന്നത്.

  കവിതാപാരായണം സീനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ മറിയം പെണ്ണമ്മയ്ക്ക് പ്രായം 64 വയസ്സ്!. നെന്മാറ അയിലൂര്‍ സ്വദേശിനിയായ മറിയം പെണ്ണമ്മ വിനോദ് പൂവക്കോടിന്റെ കാട്ടുപൂവ് എന്ന കവിത ചൊല്ലിയാണ് മൂന്നാമതെത്തിയത്. ലളിതഗാനം, നാടന്‍പാട്ട് തുടങ്ങിയ ഇനങ്ങളിലും ഇവര്‍ മത്സരിച്ചിരുന്നു. അതേസമയം  സീനിയര്‍ വിഭാഗം നാടോടിനൃത്തത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ഇടുക്കി തൊടുപുഴക്കാരിയായ വിജയം ഗോപാലകൃഷ്ണന്റെ പ്രായം 62 പിന്നിട്ടിരിക്കുന്നു. ചടുല നൃത്തച്ചുവടുകള്‍ കൊണ്ട് വേദിയെ അമ്പരപ്പിച്ചു ഇവര്‍. അടുത്ത അരങ്ങിലേക്ക് വീണ്ടും മത്സരിക്കാനെത്തുമെന്ന ഉറപ്പും നല്‍കിയാണ് ഇവരേവരും പാലക്കാട് നിന്ന് മടങ്ങിയത്.

 

Content highlight
കവിതാപാരായണം സീനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ മറിയം പെണ്ണമ്മയ്ക്ക് പ്രായം 64 വയസ്സ്!. നെന്മാറ അയിലൂര്‍ സ്വദേശിനിയായ മറിയം പെണ്ണമ്മ വിനോദ് പൂവക്കോടിന്റെ കാട്ടുപൂവ് എന്ന കവിത ചൊല്ലിയാണ് മൂന്നാമതെത്തിയത്.