ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആവശ്യപ്രകാരം കുടുംബശ്രീ മാതൃക ആ ഇടങ്ങളിലേക്ക് പകര്‍ത്തുന്ന നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ (എന്‍ആര്‍ഒ)ത്രിപുരയില്‍ അരക്ഷിതാവസ്ഥ ലഘൂകരണ പദ്ധതി (വള്‍ണറബിളിറ്റി റിഡക്ഷന്‍ പ്ലാന്‍- വിആര്‍പി) നടപ്പിലാക്കാനും സഹായകമേകി ശ്രദ്ധേ നേടുന്നു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍- എന്‍ആര്‍എല്‍എം) ഭാഗമായുള്ള ഈ പദ്ധതി പ്രവര്‍ത്തനം ത്രിപുര സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യ(എസ്ആര്‍എല്‍എം)വുമായി ചേര്‍ന്നാണ് എന്‍ആര്‍ഒ നടത്തുന്നത്. ഒരു പ്രദേശത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുടുംബങ്ങളെ (പട്ടികവര്‍ഗ്ഗ, പട്ടികജാതി, പ്രാക്തന ഗോത്രവിഭാഗം, സ്ത്രീ കുടുംബനാഥയായത്, മനുഷ്യക്കടത്തിന് ഇരയായവര്‍ ഉള്‍പ്പെട്ടത്, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ ഉള്‍പ്പെട്ടത് എന്നിങ്ങനെയുള്ള കുടുംബങ്ങളെ) മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് വിആര്‍പി. ഓരോ പഞ്ചായത്തിലുമുള്ള പത്ത് മുതല്‍ 15 വരെ സ്വയം സഹായ സംഘങ്ങള്‍ (സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍- എസ്എച്ച്ജി- അയല്‍ക്കൂട്ടത്തിന് സമാനമായ സംഘങ്ങള്‍) ചേര്‍ന്ന വില്ലേജ് ഓര്‍ഗനൈസേഷനുകളുടെ (വിഒ) നേതൃത്വത്തിലാണ് ആ പ്രദേശത്ത് വിആര്‍പി നടപ്പിലാക്കുന്നത്.
വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ച് പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുടുംബങ്ങളെ കണ്ടെത്തുകയും ഈ കുടുംബങ്ങളുടെ ലിസ്റ്റ് തയാറാക്കുകയും ഇതില്‍ ഏറ്റവും അരക്ഷിതമായ കുടുംബങ്ങളെ തെരഞ്ഞെടുത്ത് ആ കുടുംബങ്ങള്‍ക്ക് വേണ്ടി അവരുടെ ആവശ്യങ്ങള്‍ അനുസരിച്ചുള്ള വള്‍ണറബിളിറ്റി റിഡക്ഷന്‍ പ്ലാനുകള്‍ തയാറാക്കുകയും ചെയ്യുന്നു. ഈ ആവശ്യങ്ങളില്‍ ചിലത് എസ്ആര്‍എല്‍എമ്മിന്റെ ഭാഗമായി നടപ്പാക്കാനാകുന്നതാകും, ചിലത് വിവിധ വകുപ്പ് പദ്ധതികളുടെ ഭാഗമായമായി നടപ്പിലാക്കാനാകുന്നതാകും ചിലത് വില്ലേജ് ഓര്‍ഗനൈസേഷനുകള്‍ക്ക് നേരിട്ട് ചെയ്യാനാകാകുന്നതാകും...ഇത്തരത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുടുംബങ്ങളുടെ ആവശ്യങ്ങള്‍ പരമാവധി നിറവേറ്റി നല്‍കുകയും അവരെ സ്വയം സഹായ സംഘങ്ങളുടെ ഭാഗമാക്കുകയും മുഖ്യധാരയിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു.
ത്രിപുരയില്‍ എന്‍ആര്‍ഒ പ്രവര്‍ത്തിക്കുന്ന ബ്ലോക്കുകളിലെ വില്ലേജ് ഓര്‍ഗനൈസേഷനുകള്‍ക്ക് വേണ്ടി വിആര്‍പി നടത്തുന്നതിന് നിരവധി സഹായങ്ങളാണ് എന്‍ആര്‍ഒ നല്‍കിയത്. ഇതിനായി പ്രത്യേക മൊഡ്യൂള്‍ തയാറക്കി നല്‍കിയതിനൊപ്പം പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള ബോധവത്ക്കരണം നല്‍കല്‍, പരിശീലനം നല്‍കല്‍ കൂടാതെ വിആര്‍പി പ്ലാനുകള്‍ തയാറാക്കാനുള്ള പൂര്‍ണ്ണ സഹായവും കുടുംബശ്രീ എന്‍ആര്‍ഒ ചെയ്ത് നല്‍കുന്നു. കേരളത്തില്‍ ആശ്രയ പദ്ധതി നടപ്പിലാക്കിയതിന്റെ അനുഭവസമ്പത്തിന്റെ ബലത്തിലാണ് എന്‍ആര്‍ഒ മെന്റര്‍മാര്‍മാരും കോര്‍ഡിനേറ്റര്‍മാരും ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് നല്‍കുന്നത്. മതബാരി ബ്ലോക്കിലെ കുന്‍ജാബന്‍ ഗ്രാമ പഞ്ചായത്തില്‍ 2018 നവംബര്‍ 28നാണ് ഇത്തരത്തില്‍ ആദ്യ പ്രവര്‍ത്തനം നടത്തിയത്. വയോജന പെന്‍ഷന്‍ മാത്രം ആശ്രയിച്ച് ബൗദ്ധിക വെല്ലുവിളി നേരിടുന്ന 21കാരിയായ മകള്‍ക്കൊപ്പം ജീവിക്കുന്ന 65 വയസ്സുള്ള ഹിരണ്‍ ബല ദാസ്, ഭാര്യയുടെ മരണശേഷം ഒറ്റപ്പെട്ട് ജീവിക്കുന്ന വയോജന പെന്‍ഷന്‍ മാത്രം ആശ്രയമായുള്ള 71കാരനായ ധീരേന്ദ്ര ദാസ്...എന്നിങ്ങനെ നിരവധി പേര്‍ക്കായി പ്ലാന്‍ രൂപീകരിച്ചു.
2019 ജൂലൈ 31ന് മുഹിരിപുര്‍ ഗ്രാമ പഞ്ചായത്തിലെ ജൊലൈബാരി ബ്ലോക്കില്‍ മാ ദുര്‍ഗ വില്ലേജ് ഓര്‍ഗനൈസേഷന്‍ മുഖേന വിആര്‍പി പ്രവര്‍ത്തനം നടത്തി. 216 കുടുംബങ്ങളുടെ വിശദാംശങ്ങള്‍ ഇത്തരത്തില്‍ ശേഖരിച്ചു. വിശദമായ പഠനത്തിന് ശേഷം 12 കുടുംബങ്ങള്‍ ഏറെ അരക്ഷിതരാണെന്നും ഉടന്‍ സഹായം ആവശ്യമുള്ളവരാണെന്നും കണ്ടെത്തി അവര്‍ക്കായി പ്രത്യേക പ്ലാനും തയാറാക്കി. 58,000 വള്‍ണറബിളിറ്റി റിഡക്ഷന്‍ ഫണ്ട് (വിആര്‍എഫ്) ആയും നല്‍കി. ചില പഞ്ചായത്തുകളില്‍ അവരുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വിആര്‍പി പ്ലാനുകളും സമര്‍പ്പിക്കാന്‍ കഴിഞ്ഞു.