മൂന്ന് ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളിലായി 45 ലക്ഷത്തോളം സ്ത്രീകളാണ് കുടുംബശ്രീ എന്ന സ്ത്രീ ശാക്തീകരണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രസ്ഥാനത്തിന്റെ കരുത്ത്. പ്രശ്‌നങ്ങളോ ദുരിതങ്ങളോ പ്രതിബന്ധങ്ങളോ നേരിടുന്ന വേളയില്‍ എന്നും സഹായ ഹസ്തവുമായി ഈ സംഘടനാ സംവിധാനം വര്‍ത്തിച്ചിട്ടുണ്ട്. 2018ലെയും 2019ലെയും പ്രളയമുഖത്ത് നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെയും കോവിഡ്-19 എന്ന മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാന്‍ നടത്തിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെയും ലോകം കണ്ടറിഞ്ഞു.
സംസ്ഥാനതലത്തില്‍ നിന്നും ജില്ലാതലത്തില്‍ നിന്നും നിര്‍ദ്ദേശിക്കുന്നതനുസരിച്ചും അതാത് പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യകത കണ്ടറിഞ്ഞുമാണ് ഇപ്പോള്‍ കൊറോണ കാലത്തെ പ്രവര്‍ത്തനങ്ങള്‍ അയല്‍ക്കൂട്ട വനിതകള്‍ നടത്തുന്നത്. ഇത്തരത്തില്‍ സംസ്ഥാനമൊട്ടാകെയുള്ള കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളില്‍ കൊറോണ വൈറസ് വ്യാപന ഘട്ടത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ച ചിലരെ ഒരു പുസ്തകം മുഖേന പരിചയപ്പെടുത്തുകയാണ്. പബ്ലിക് റിലേഷന്‍സ് വിഭാഗത്തിലെ കമ്മ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റുകളായ ചൈതന്യ.ജിയും മഞ്ജരി അശോകും ചേര്‍ന്ന് എഴുതിയ ലേഖനങ്ങള്‍ ഉള്‍പ്പെടുന്ന 'കനിവിന്റെയും കരുത്തിന്റെയും കഥകള്‍' എന്ന പുസ്തകമാണ് തയാറാക്കിയത്. ഗ്രാഫിക് ഡിസൈനറായ എസ്. അരുണാണ് പുസ്തകത്തിന്റെ ലേ ഔട്ടും ഡിസൈനും നിര്‍വ്വഹിച്ചിരിക്കുന്നത്. http://www.kudumbashree.org/pages/159 എന്ന ലിങ്കിലെ ബുക്സ് ആന്‍ഡ് ബ്രോഷര്‍ വിഭാഗത്തില്‍ നിന്ന് ഈ പുസ്തകം നിങ്ങള്‍ക്ക് വായിക്കാനാകും.
കുടുംബശ്രീ എന്ന മഹാപ്രസ്ഥാനം കേരള സമൂഹത്തില്‍ വിവിധ സാഹചര്യങ്ങളില്‍ നടത്തുന്ന ഫലപ്രദമായ ഇടപെടലിന് ഒരു ഉദാഹരണമായി ഈ പുസ്തകം മാറും.
- 157 views