എന്‍ആര്‍ഒയിലൂടെ കുടുംബശ്രീയുടെ ബാലസഭാ മാതൃക പകര്‍ത്തി നാല് സംസ്ഥാനങ്ങളും

Posted on Friday, August 14, 2020

ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ കുടുംബശ്രീ ബാലസഭാ മാതൃകയില്‍ കുട്ടികളുടെ സംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേരളത്തിലെ കുടുംബശ്രീ മാതൃക മറ്റ് സംസ്ഥാനങ്ങളിലും രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ വര്‍ത്തിക്കുന്ന കുടുംബശ്രീയുടെ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ മുഖേനയാണ് ഈ പ്രവര്‍ത്തനങ്ങള്‍. അമ്മമാരുടെ കൂടെ അയല്‍ക്കൂട്ട യോഗങ്ങളിലെത്തുന്ന കുട്ടികളുടെ ഒരു കൂട്ടായ്മ എന്ന നിലയില്‍ തുടക്കമിട്ട കുട്ടികളുടെ കുടുംബശ്രീയാണ് ബാലസഭകള്‍. എന്‍ആര്‍ഒയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ബാലസഭകളുടെ രൂപീകരണവും നടത്തിയത്.  ത്രിപുര, അസം, ഝാര്‍ഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇതുവരെ ബാലസഭാ രൂപീകരണം ആരംഭിച്ചിട്ടുള്ളത്. ത്രിപുരയില്‍ 125 ബാലസഭകളിലായി 1529 കുട്ടികളും അസമില്‍ 1150 ബാലസഭകളിലായി 17,250 കുട്ടികളും ഝാര്‍ഖണ്ഡിലെ 2900 ബാലസഭകളിലായി 41,290 കുട്ടികളും മണിപ്പൂരിലെ 20 ബാലസഭകളിലായി 300 കുട്ടികളും അംഗങ്ങളാണ്.

  2012ലാണ് എന്‍ആര്‍ഒ എന്ന പദവി കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീയ്ക്ക് നല്‍കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് അവരുടെ ആവശ്യപ്രകാരം സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിക്കുക, സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സ്ത്രീകള്‍ക്ക് കൈത്താങ്ങേകുക, തദ്ദേശ സ്ഥാപനങ്ങളുമായുള്ള സംയോജനം സാധ്യമാക്കി അര്‍ഹമായ അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് നേടിക്കൊടുക്കുക എന്നിങ്ങനെ വിവിധ മേഖലകളില്‍ എന്‍ആര്‍ഒ പ്രവര്‍ത്തിക്കുന്നു. നിലവില്‍ 20 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമായാണ് കുടുംബശ്രീ എന്‍ആര്‍ഒ കരാറിലെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വിവിധ സംസ്ഥാനങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്‍ആര്‍ഒ ടീം കണ്ടറിഞ്ഞത്. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുക, ബാലവിവാഹം, മനുഷ്യക്കടത്തിന് ഇരയാകല്‍, മയക്കുമരുന്ന് ഉപയോഗം...ഇങ്ങനെ നീളുന്നു ഈ പ്രശ്നങ്ങള്‍. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് എന്‍ആര്‍ഒ പ്രവര്‍ത്തിക്കുന്നിടങ്ങളില്‍ ബാലസഭകള്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതും ഈ ആശയം പ്രാവര്‍ത്തികമാക്കിയതും.
  തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ദാരിദ്ര്യ വ്യാപനം തടയുക, വിനോദങ്ങളിലൂടെയുള്ള വിജ്ഞാന സമ്പാദനം, നേതൃശേഷി, സഹകരണ മനോഭാവം, ശാസ്ത്ര അഭിരുചി, ജനാധിപത്യ ബോധം, പരിസ്ഥിതി ബോധം എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുക, വ്യക്തി വികാസം...എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളാണ് ബാലസഭകള്‍ക്കുള്ളത്. ഈ ലക്ഷ്യങ്ങളുടെ ചുവടുപിടിച്ചാണ് എന്‍ആര്‍ഒ ബാലസഭകള്‍ രൂപീകരിച്ചത്.
  തുടക്കത്തില്‍ ഇങ്ങനെയൊരു പ്രവര്‍ത്തനം നടത്തുന്നതിന് അത്ര അനുകൂല സാഹചര്യമുണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ നാല് സംസ്ഥാനങ്ങളില്‍ മികച്ച രീതിയില്‍ ബാലസഭകളുടെ രൂപീകരണം നടന്നുവരികയാണ്. ഈ ബാലസഭകളിലംഗങ്ങളായ കുട്ടികള്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങളും നടത്തുന്നു. ബാലസഭകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഗ്രാമവാസികള്‍ക്കിടയില്‍ത്തന്നെയുള്ളവരെ റിസോഴ്സ് പേഴ്സണ്‍മാരായി തെരഞ്ഞെടുത്ത് ചുമതല ഏല്‍പ്പിച്ചിട്ടുമുണ്ട്.

 

Content highlight
തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ദാരിദ്ര്യ വ്യാപനം തടയുക, വിനോദങ്ങളിലൂടെയുള്ള വിജ്ഞാന സമ്പാദനം, നേതൃശേഷി, സഹകരണ മനോഭാവം, ശാസ്ത്ര അഭിരുചി, ജനാധിപത്യ ബോധം, പരിസ്ഥിതി ബോധം എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുക, വ്യക്തി വികാസം...എന്നിങ്