ശയ്യ കിടക്കകള്‍ നിര്‍മ്മിക്കാനും കുടുംബശ്രീ

Posted on Thursday, August 13, 2020

എറണാകുളം ജില്ലാ ഭരണകൂടം മുന്‍കൈയെടുത്ത് കുടുംബശ്രീയിലൂടെ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഒരു പുതിയ പ്രവര്‍ത്തനമാണ് 'ശയ്യ' എന്ന കിടക്കയുടെ നിര്‍മ്മാണം. കോവിഡ് -19 രോഗ ചികിത്സയുടെ ഭാഗമായി ഇപ്പോള്‍ പേഴ്സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകള്‍ (പിപിഇ) വ്യാപകമായി തയാറാക്കി വരുന്നു. ഇതിന്റെ ഭാഗമായ ഗൗണുകള്‍ തയ്ക്കാനുള്ള ഓര്‍ഡറുകള്‍ ചെറു തയ്യല്‍ യൂണിറ്റുകള്‍ക്ക് മുതല്‍ വന്‍കിട യൂണിറ്റുകളില്‍ വരെ ഇപ്പോള്‍ ലഭിക്കുന്നു. ഈ ടെയ്ലറിങ് യൂണിറ്റുകളില്‍ നിന്ന് ഗൗണുകള്‍ തയ്ച്ച ശേഷം പാഴാകുന്ന വാട്ടര്‍പ്രൂഫ് ആയ മെറ്റീരിയലും തുണിയും ഉപയോഗിച്ചാണ് ശയ്യ എന്ന കിടക്കയുണ്ടാക്കുന്നത്. ഇത്തരത്തില്‍ കിടക്കയുണ്ടാക്കാന്‍ സാധിക്കുമെങ്കില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്ക് (സി.എഫ്.എല്‍.ടി.സി) കുറഞ്ഞ ചെലവില്‍ മെത്തകള്‍ ലഭ്യമാക്കാന്‍ കഴിയും. ഇത് കൂടാതെ ടെയ്ലറിങ് യൂണിറ്റുകളില്‍ നിന്ന് പാഴായിപ്പോകുന്ന തുണി ക്രിയാത്മകമായി ഉപയോഗിക്കാനും യൂണിറ്റുകള്‍ക്ക് പുതിയൊരു വരുമാനം ലഭിക്കുമെന്ന മേന്മയും ഈ ആശയത്തിനുണ്ട്.
 ലക്ഷ്മി മേനോന്‍ (https://www.facebook.com/lakshmi.menon.9699
) എന്ന സംരംഭകയാണ് ശയ്യ എന്ന ആശയം കുടുംബശ്രീയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഈ ആശയത്തിന് വേണ്ട പിന്തുണ നല്‍കാമെന്നും ടെയ്ലറിങ് യൂണിറ്റുകളില്‍ നിന്ന് പാഴാകുന്ന ഗൗണ്‍ മെറ്റീരിയല്‍ ഉള്‍പ്പെടെ ശേഖരിക്കാന്‍ സഹായിക്കാമെന്നും അറിയിച്ച് കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിസ്ഡം ഡെവലപ്പ്മെന്റ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ മുന്നോട്ട് വന്നു. കിറ്റെക്സ്, പോപ്പീസ് തുടങ്ങിയ വന്‍കിട യൂണിറ്റുകളില്‍ നിന്നുള്ള പാഴ്ത്തുണി സൗജന്യമായി ശേഖരിച്ച് ഇങ്ങനെ കിടക്കകള്‍ തയാറാക്കുന്ന യൂണിറ്റുകളിലേക്ക് എത്തിക്കാമെന്നും കിടക്ക തയാറാക്കാന്‍ പരിശീലനം നല്‍കാമെന്നും മാര്‍ക്കറ്റിങ്ങിന് സഹായിക്കാമെന്നും ഈ എന്‍ജിഒ ഉറപ്പ് നല്‍കി. ഇതനുസരിച്ച് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് കുടുംബശ്രീ 'ശയ്യ' എന്ന ഈ ആശയം പരീക്ഷണാടിസ്ഥാനത്തില്‍ സാക്ഷാത്ക്കരിച്ച് തുടങ്ങിയിരിക്കുകയാണ്.
  എറണാകുളം ജില്ലയിലെ ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ ഹരിതകര്‍മ്മസേനാംഗങ്ങളാണ് ഈ കിടക്കകള്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നത്.  കോവിഡ് കെയര്‍ സെന്ററുകളില്‍ എത്തുന്ന ഓരോരുത്തര്‍ക്കും ഓരോ കിടക്ക വീതം ലഭ്യമാക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ തീരെ ചെലവുകുറഞ്ഞ ഈ കിടക്കകള്‍ കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കും. തീരെ ചെലവുകുറഞ്ഞ ഈ ഉത്പന്നത്തിന്റെ വിപണിയിലെ സ്വീകാര്യതയും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും അനുസരിച്ച് മറ്റ് ജില്ലകളിലേക്കും ശയ്യയുടെ നിര്‍മ്മാണ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എറണാകുളം ജില്ലയിലെ 14 ബ്ലോക്കുകളിലും ഓരോ യൂണിറ്റുകളെ വീതം ഈ കിടക്ക നിര്‍മ്മാണത്തിനായി കണ്ടെത്തിയിട്ടുണ്ട്. പിപിഇ കിറ്റ് ഗൗണുകള്‍ തയ്ക്കുന്ന ടെയ്ലറിങ് യൂണിറ്റുകള്‍ക്ക് സമീപത്തുള്ള യൂണിറ്റുകളെയാണ് ഇങ്ങനെ തെരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് കാലത്ത് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പുതുതായി വരുമാനം കണ്ടെത്താനുള്ള മറ്റൊരു അവസരമാണ് ശയ്യ എന്ന ഈ ആശയം.

 

Content highlight
ലക്ഷ്മി മേനോന്‍ (https://www.facebook.com/lakshmi.menon.9699 ) എന്ന സംരംഭകയാണ് ശയ്യ എന്ന ആശയം കുടുംബശ്രീയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്.