ബഡ്സ് സ്ഥാപനങ്ങളില്‍ നൈപുണ്യ പരിശീലനം

Posted on Thursday, August 13, 2020


ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ബഡ്സ് സ്ഥാപനങ്ങള്‍ക്ക് വേണ്ടി പുതിയൊരു നൈപുണ്യ പരിശീലന പദ്ധതി വിപുലപ്പെടുത്തുന്നു. കേരളത്തിലുള്ള ബഡ്സ് സ്ഥാപനങ്ങള്‍ നിലവില്‍ ഭൂരിഭാഗം ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലും (ബിആര്‍സി) നിലവില്‍ നൈപുണ്യ പരിശീലനം നടക്കുന്നുണ്ട്. പേപ്പര്‍ ബൈന്‍ഡിങ്, സ്പൈറല്‍ ബൈന്‍ഡിങ്, പേപ്പര്‍ കവര്‍ , പേപ്പര്‍ പേന, ചവിട്ടി, സോപ്പ്, ഹാന്‍ഡ് വാഷ് നിര്‍മ്മാണം, കൃഷി തുടങ്ങിയ വിവിധ നൈപുണ്യ പദ്ധതികളാണ് പൊതുവേ ബഡ്സ് സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കായി നല്‍കിവരുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇത്തരം പദ്ധതികളുടെ തോത് വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ബഡ്സ് സ്ഥാപനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
  ഇതനുസരിച്ച് കേരളത്തില്‍ 150 ബഡ്സ് സ്ഥാപനങ്ങളില്‍ പുതുതായി നൈപുണ്യ പരിശീലന പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും. ഓരോ ബഡ്സ് സ്ഥാപനത്തിലെയും അധ്യാപകരും പരിശീലനാര്‍ത്ഥികളും മാതാപിതാക്കളും ചേര്‍ന്ന് ആ സ്ഥാപനത്തിന് ചേരുന്ന നൈപുണ്യ പരിശീലന പദ്ധതിയേതാണെന്ന് മനസ്സിലാക്കുകയും അതിന്റെ വിശദമായ പദ്ധതി രൂപരേഖ തയാറാക്കുകയുമാണ് ആദ്യഘട്ടം. ഇത്തരത്തില്‍ പദ്ധതി രൂപരേഖ തയാറാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഓഗസ്റ്റ് 15നകം എല്ലാ സ്ഥാപനങ്ങളില്‍ നിന്നുമുള്ള പദ്ധതി രൂപരേഖ ലഭിച്ചതിന് ശേഷം അതാത് സ്ഥാപനത്തിന് യോജിക്കുന്ന പരിശീലന പദ്ധതിക്ക് അംഗീകാരം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഓരോ സ്ഥാപനത്തിനും ഇതിനായി പ്രത്യേക ധനസഹായവും നല്‍കും. അടിസ്ഥാന സൗകര്യമൊരുക്കാനും പരിശീലനത്തിനും നിര്‍മ്മാണ സാധനങ്ങളും യന്ത്ര സാമഗ്രികളും വാങ്ങാനും വര്‍ക്കിങ് ക്യാപ്പിറ്റലിനും മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍, ബ്രാന്‍ഡിങ് തുടങ്ങിയവയ്ക്കുമൊക്കെയായി 4 കോടി രൂപയാണ് 150 സ്ഥാപനങ്ങള്‍ക്കായി പദ്ധതി പ്രകാരം വകയിരുത്തിയിരിക്കുന്നത്.
  ഇപ്രകാരം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷം ബഡ്സ് സ്ഥാപനങ്ങളിലുത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യാനും കേന്ദ്രീകൃതമായി മാര്‍ക്കറ്റ് ചെയ്യാനും ലക്ഷ്യമിടുന്നു. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി നൈപുണ്യ പരിശീലന പദ്ധതിക്ക് തുടക്കമിടാനും ഡിസംബറോട് കൂടി ബ്രാന്‍ഡിങ് പൂര്‍ത്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.

 

 

Content highlight
ഓഗസ്റ്റ് 15നകം എല്ലാ സ്ഥാപനങ്ങളില്‍ നിന്നുമുള്ള പദ്ധതി രൂപരേഖ ലഭിച്ചതിന് ശേഷം അതാത് സ്ഥാപനത്തിന് യോജിക്കുന്ന പരിശീലന പദ്ധതിക്ക് അംഗീകാരം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.