ആയുര്‍ മാസ്‌ക് നിര്‍മ്മാണത്തിന് കുടുംബശ്രീയും

Posted on Thursday, July 2, 2020

കോവിഡ് -19 പ്രതിരോധത്തിനായി ഏവരും മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. പുനരുപയോഗം സാധ്യമാകുന്ന കോട്ടണ്‍ മാസ്‌കുകളും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തുണയാകന്ന ഫേസ് ഷീല്‍ഡുകളും നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് വിവിധ കുടുംബശ്രീ യൂണിറ്റുകള്‍. ഇതിനോടൊപ്പം ആയുര്‍ മാസ്‌കുകളുടെ നിര്‍മ്മാണവും ആരംഭിച്ചിരിക്കുകയാണ് ഞങ്ങളുടെ സംരംഭകര്‍.

  സംസ്ഥാന ആയുഷ് വകുപ്പുമായി സഹകരിച്ചാണ് കുടുംബശ്രീ ആയുര്‍ മാസ്‌ക് നിര്‍മ്മാണത്തിലേക്ക് കടന്നിരിക്കുന്നത്. തിരുവനന്തപുരത്തെ ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എസ്. ആനന്ദിന്റെ നേതൃത്വത്തിലാണ് ഈ ആയുര്‍ മാസ്‌കുകള്‍ വികസിപ്പിച്ചെടുത്തത്. കൈത്തറി തുണിയിലാണ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. തുളസി, മഞ്ഞള്‍ തുടങ്ങി ശ്വസന പ്രക്രിയയെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന ഔഷധങ്ങള്‍ ഈ തുണിയിലേക്ക് ചായം ചേര്‍ക്കുന്നത് പോലെ കൂട്ടിച്ചേര്‍ക്കുന്നു. ഇങ്ങനെ നിര്‍മ്മിച്ചിരിക്കുന്ന ആയുര്‍ മാസ്‌കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന നടപ്പിലാക്കുന്നത്.

  പരീക്ഷണാടിസ്ഥാനത്തില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുന്നതിനായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ സിഡിഎസുകളില്‍ നിന്നുള്ള മണികണ്‌ഠേശ്വര, വന്ദന എന്നീ യൂണിറ്റുകളില്‍ നിന്നുള്ള പത്ത് കുടുംബശ്രീ വനിതകളെ തെരഞ്ഞെടുക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. പേരൂര്‍ക്കടയിലെ സ്‌നേഹിത കേന്ദ്രത്തിലാണ് ഇവര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലനം നല്‍കി. ഡോ. ആനന്ദും ഫാര്‍മസിസ്റ്റായ അജുവുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

 

Content highlight
പരീക്ഷണാടിസ്ഥാനത്തില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുന്നതിനായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ സിഡിഎസുകളില്‍ നിന്നുള്ള മണികണ്‌ഠേശ്വര, വന്ദന എന്നീ യൂണിറ്റുകളില്‍ നിന്നുള്ള പത്ത് കുടുംബശ്രീ വനിതകളെ തെരഞ്ഞെടുക്കുകയും പരിശീലനം നല്‍കുകയും ചെയ്തു.