ഒരേ ഒരു ഭൂമി'ക്കായി ഒന്ന് ചേര്‍ന്ന് കുടുംബശ്രീ

Posted on Wednesday, June 8, 2022
വൃക്ഷത്തൈ നടീല്, ക്യാമ്പെയ്നുകള്, സെമിനാറുകള്, മുന്കാല പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നട്ട മരങ്ങള്ക്കൊപ്പമുള്ള ഫോട്ടോ മത്സരം, പാഴ് വസ്തുക്കള് കൊണ്ട് കൗതുക വസ്തു നിര്മ്മാണ മത്സരം, പരിസര ശുചീകരണ പരിപാടികള് എന്നിങ്ങനെയുള്ള വിവിധ പ്രവര്ത്തനങ്ങളിലൂടെ ജൂണ് അഞ്ചിലെ ലോക പരസ്ഥിതിദിനം കുടുംബശ്രീ അംഗങ്ങള് ആഘോഷമാക്കി.
 
'ഒരേ ഒരു ഭൂമി' എന്നതായിരുന്നു ഈ വര്ഷത്തെ ലോക പരസ്ഥിതിദിനത്തിന്റെ ആപ്തവാക്യം. ഹരിതം ഹരിതാഭം (മലപ്പുറം), കാവല് മരം (ഇടുക്കി), വീട്ടിലൊരു ചെറു നാരകം (കണ്ണൂര്), ഒരു തൈ (പത്തനംതിട്ട) എന്നിങ്ങനെയുള്ള ക്യാമ്പെയ്‌നുകളാണ് വിവിധ ജില്ലകള് പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച സംഘടിപ്പിച്ചത്.
 
അയല്ക്കൂട്ടാംഗങ്ങള് പരിസ്ഥിതിദിനാചരണ പ്രതിജ്ഞയെടുത്തു. ബാലസഭകളും ഓക്‌സിലറി ഗ്രൂപ്പുകളും ജെന്ഡര് റിസോഴ്‌സ് സെന്ററുകളുമെല്ലാം കേന്ദ്രീകരിച്ച് വിവിധ പരിപാടികള് ആസൂത്രണം ചെയ്ത് നടപ്പിലാക്കി.
envenv2

 

Content highlight
Kudumbashree members unite for 'Only One Earth'

കുടുംബശ്രീ ബാലസഭാ അംഗങ്ങള്‍ക്കായി 'കിളിക്കൂട്ടം' അവധിക്കാല സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

Posted on Tuesday, May 31, 2022

'കിളിക്കൂട്ട'ത്തില്‍ ചേര്‍ന്ന് അവധിക്കാലം ആഘോഷമാക്കാന്‍ 45 ബാലസഭാ അംഗങ്ങള്‍ തൃശ്ശൂര്‍ കിലയില്‍ ഒത്തു കൂടി. കൗതുകവും വിസ്മയവും ഒളിപ്പിച്ച കണ്ണുകളുമായി വിദഗ്ധരുടെ ക്ലാസ്സുകള്‍ കേട്ടു, ആശയങ്ങള്‍ പങ്കിട്ടു. കുടുംബശ്രീ ബാലസഭാംഗങ്ങളെ സാമൂഹികവും വിദ്യാഭ്യാസപരവുമായി ശാക്തികരിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ ഈ ക്യാമ്പ് സംഘടിപ്പിച്ചത്. മേയ് 27 മുതല്‍ 29 വരെയായിരുന്നു ക്യാമ്പ്.  

  ക്യാമ്പിന്റെ ഉദ്ഘാടനം നോവലിസ്റ്റും കഥാകൃത്തുമായ ഇ. സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. കിലയിലെ അസോസിയേറ്റ് പ്രൊഫസര്‍ പീറ്റര്‍ എം. രാജ് അധ്യക്ഷനായിരുന്നു. ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത മൂന്ന് വീതം ബാലസഭാംഗങ്ങളും അട്ടപ്പാടി ആദിവാസി സമഗ്ര പദ്ധതിയുടെ ഭാഗമായുള്ള ബാല ഗോത്രസഭകളില്‍ നിന്നുള്ള മൂന്ന് അംഗങ്ങളും ഉള്‍പ്പെടെ ആകെ 45 കൂട്ടുകാരാണ് കുടുംബശ്രീയുടെ 'കിളിക്കൂട്ടം' അവധിക്കാല സഹവാസ ക്യാമ്പില്‍ പങ്കെടുക്കുന്നത്.

  പ്രകൃതിയിലേക്ക് തുറക്കുന്ന ക്യാമറക്കണ്ണുകള്‍ എന്ന വിഷയത്തില്‍ ഡോ. സന്ദീപ് ദാസ്, അവനവന്‍ അവളവള്‍ പിന്നെ അവരവരും എന്ന വിഷയത്തില്‍ ഡോ. കെ.പി.എന്‍ അമൃത, ആയിരം കാന്താരി പൂത്ത കാലം എന്ന വിഷത്തില്‍ പ്രൊഫ.കെ. പാപ്പുട്ടി, ഭാവിയുടെ വാതായനങ്ങള്‍ എന്ന വിഷയത്തില്‍ അരുണ്‍ രവി എന്നിവര്‍ ആദ്യ ദിനം ക്ലാസ്സുകളെടുത്തു.

  ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുള്‍ കരീം, കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മൈന ഉമൈബാന്‍, കുടുംബശ്രീ അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ഡാനി ലിബ്‌നി എന്നിവര്‍ സംസാരിച്ചു.

balasabha

 

Content highlight
'Kilikootam' - Kudumbashree organised three Day Summer Camp for Balasabha members organized

യു.എഫ്.സി പൊട്ടിക്കൽ ചാമ്പ്യന്മാര്‍

Posted on Tuesday, May 31, 2022

മൂന്ന് ദിനങ്ങൾ മുപ്പത്തെട്ട് മത്സരങ്ങള്‍ അട്ടപ്പാടിയിലെ യുവാക്കളെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച പ്രഥമ അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗില്‍ യു.എഫ്.സി പൊട്ടിക്കൽ ചാമ്പ്യന്മാര്‍. മേയ് 25ന് നടന്ന ഫൈനലില്‍ ന്യൂ മില്ലേനിയം എഫ്.സി ആനവായെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 ന്  കീഴടക്കിയാണ് അവർ ചാമ്പ്യന്‍  പട്ടം സ്വന്തമാക്കിയത്. 

വിജയികള്‍ക്കുള്ള ട്രോഫിയും മെഡലും 5000 രൂപ ക്യാഷ് അവാര്‍ഡും  സമാപനച്ചടങ്ങിൽ പാലക്കാട് ജില്ലാ കളക്ടര്‍  മൃണ്‍മയി ജോഷി ഐ.എ.എസ് വിതരണം ചെയ്തു. രണ്ടാം സ്ഥാനം നേടിയ ന്യൂ മില്ലേനിയം ക്ലബ്ബിന് ട്രോഫിയും 3000 രൂപ ക്യാഷ് അവാര്‍ഡും മൂന്നാം സ്ഥാനത്തെത്തിയ അനശ്വര എഫ്.സി അബ്ബന്നൂരിന് 2000 രൂപ ക്യാഷ് അവാര്‍ഡും കളക്ടർ സമ്മാനിച്ചു.

കുടുംബശ്രീ മുഖേന അട്ടപ്പാടിയില്‍ നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ലീഗ് മേയ് 23നാണ് ആരംഭിച്ചത്. അട്ടപ്പാടിയിലെ ആദിവാസി യുവാക്കള്‍ക്കിടയിലെ കായിക പ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുള്ള മികച്ച അവസരമേകിയ ലീഗില്‍ 38 ടീമുകള്‍ പങ്കെടുത്തു. മദ്യത്തിനും ലഹരിക്കും അടിമപ്പെടാൻ അനുവദിക്കാതെ കായികശേഷിയും മികവും ലഭ്യമാക്കി ആരോഗ്യമുള്ള യുവസമൂഹത്തെ വാർ‍ത്തെടുക്കുക എന്ന ലക്ഷ്യം നടപ്പിലാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ലീഗ് സംഘടിപ്പിച്ചത്. അട്ടപ്പാടിയിൽ പട്ടികവർഗ്ഗ മേഖലയിലെ യുവാക്കൾക്കായി ഇത്തരത്തിൽ ഫുട്ബോള്‍ ലീഗ് സംഘടിപ്പിക്കുന്നതും ഇതാദ്യമാണ്. 
ലീഗിലെ ബെസ്റ്റ് പ്ലെയർ, ബെസ്റ്റ് ഗോൾ കീപ്പർ, ബെസ്റ്റ് ഡിഫൻഡർ, ടോപ്പ് ഗോൾ സ്കോറർ, ഫൈനലിലെ ബെസ്റ്റ് പ്ലെയർ, എമർജിംഗ് പ്ലെയർ ഓഫ് ദ ലീഗ് എന്നീ അവാർഡുകൾ കളക്ടറും ജനപ്രതിനിധികളും ഉദയോഗസ്ഥരും ചേർന്ന് സമ്മാനിച്ചു.

‍ അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് മരുതി മുരുകന്‍, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി പഞ്ചായത്ത് സമിതി പ്രസിഡന്‍ റ്മാർ‍, സെക്രട്ടറിമാർ‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ‍ എന്നിവര്‍ പങ്കെടുത്തു.

Content highlight
UFC Pottikkal become the winner of the first season of Attappady Tribal Football League

അട്ടപ്പാടിയില്‍ ‘വേനല്‍ പറവകള്‍’ ക്യാമ്പ് സംഘടിപ്പിച്ചു

Posted on Tuesday, May 31, 2022

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ബാല വിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബാലഗോത്രസഭാംഗങ്ങളായ കുട്ടികള്‍ക്ക് വേണ്ടി വേനല്‍ പറവകള്‍’ വേനല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മൂന്ന് പഞ്ചായത്തുകളിലെ വിവിധ ഊരുകളിലെ ബാല ഗോത്രസഭകളില്‍ അംഗങ്ങളായ 400 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കക്കുപടി ബി.ആര്‍. അംബേദ്കര്‍ ട്രെയിനിങ് സെന്ററിലായിരുന്നു എട്ട് ദിനം നീണ്ടുനിന്ന ക്യാമ്പ്.

ആശയ വിനിമയ കല, നേതൃത്വ പാടവം, പഴമയുടെ പാട്ടുകള്‍, എന്നി വിഷയങ്ങളില്‍ നിഖില്‍, ജോസ്‌ന, അരുണ്‍ ചന്ദ്രന്‍ തുടങ്ങിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ജനപ്രതിനിധികള്‍, പഞ്ചായത്ത് സമിതി, ഊരുസമിതി ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

മേയ് 9 ന് നടന്ന ചടങ്ങിൽ പഞ്ചായത്ത് സമിതി പ്രസിഡന്റ് ചന്ദ്ര ഏലച്ചുവഴി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അട്ടപ്പാടി പ്രത്യേക പദ്ധതി പ്രോജക്ട് ഓഫീസര്‍ ശ്രീ. മനോജ് ബി.എസ് മുഖ്യാതിഥിയായി. ബിനില്‍ കുമാര്‍ സ്വാഗതവും സുധീഷ് മരുതലം നന്ദിയും പറഞ്ഞു.

Content highlight
Venal Paravakal' Summer Camp organized at Attappadyen

തിരുനെല്ലിയില്‍ ‘നൂറാങ്കി’ന് തുടക്കം

Posted on Wednesday, May 25, 2022

കുടുംബശ്രീയുടെ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിലെ ഇരുമ്പുപാലം ഊരില്‍ കിഴങ്ങുവര്‍ഗ്ഗങ്ങളുടെ നടീല്‍ ഉത്സവം മേയ് 10ന് സംഘടിപ്പിച്ചു. കിഴങ്ങുവര്‍ഗ്ഗങ്ങളുടെ സംരക്ഷണവും വിത്ത് ഉത്പാദനവും വിതരണവും കൂടാതെ പുതു തലമുറയ്ക്ക് കിഴങ്ങ് വര്‍ഗ്ഗങ്ങളെക്കുറിച്ച് അറിവ് പകരലും ലക്ഷ്യമിട്ട് ആവിഷ്‌ക്കരിച്ച ‘നൂറാങ്ക്’ പദ്ധതിയുടെ ഭാഗമായാണ് കിഴങ്ങുവര്‍ഗ്ഗ കൃഷി നടത്തുന്നത്. 300ല്‍ പരം കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്നു.

  ഇരുമ്പുപാലം ഊരിലെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് കൃഷി ചെയ്യുന്നത്. സി.ഡി.എസ് ചെയര്‍ പേഴ്‌സണല്‍ സൗമിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹുമാനപെട്ട പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ റുക്കിയ സ്വാഗതം ആശംസിച്ചു. വത്സല, ടി.സി. ജോസഫ്, ഷഫ്ന എം.എസ്, പി. ജെ. മാനുവല്‍ എന്നിവര്‍ ആശംസ അറിയിച്ചു. തിരുനെല്ലി സ്‌പെഷ്യല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.

trnlly

 

Content highlight
'Noorang' Programme starts at Thirunellyml

അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗിന് തുടക്കം

Posted on Tuesday, May 24, 2022

അട്ടപ്പാടിയിലെ ആദിവാസി യുവാക്കള്‍ക്കിടയിലെ മെസ്സിമാര്‍ക്കും റൊണാള്‍ഡോമാര്‍ക്കുമെല്ലാം തങ്ങളുടെ ഫുട്‌ബോള്‍ പ്രതിഭ തെളിയിക്കാനുള്ള അവസരം നല്‍കി അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗുമായി കുടുംബശ്രീ.

അട്ടപ്പാടി ആദിവാസി സമഗ്ര പദ്ധതിയുടെ ഭാഗമായുള്ള സെവന്‍സ് ഫുട്‌ബോള്‍ ലീഗ് 23ന് കിക്കോഫ് ചെയ്തു. അഗളി പഞ്ചായത്ത് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. ഫൈനല്‍ 25ന് നടക്കും.

ലീഗിന്റെ ലോഗോ പ്രകാശനം മേയ് 19ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചിരുന്നു. യുവജനക്ഷേമ ബോര്‍ഡ്, പട്ടികവര്‍ഗ്ഗ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനം, കുടുംബശ്രീ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പട്ടികവര്‍ഗ്ഗ യുവജന ക്ലബ്ബുകള്‍ക്കും യുവശ്രീ ഗ്രൂപ്പുകള്‍ക്കുമാണ് ഫുട്‌ബോള്‍ ലീഗില്‍ മത്സരിക്കുന്നതിന് അവസരമുള്ളത്.

attappadi

 

Content highlight
atfl kick satarted

ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംപിടിച്ച് കുടുംബശ്രീ കര്‍ഷക

Posted on Monday, May 23, 2022

ഒരു പടവലങ്ങ സമ്മാനിച്ച ലോക റെക്കോഡ് നേട്ടത്തിന്റെ തിളക്കത്തിലാണ് കുടുംബശ്രീ മാസ്റ്റര്‍ കര്‍ഷകയായ കാസര്‍ഗോഡ് സ്വദേശിനി ഡോളി ജോസഫ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പടവലങ്ങ കൃഷി ചെയ്ത കര്‍ഷകയെന്ന റെക്കോഡ് സ്വന്തമാക്കിയാണ് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഡോളി ഇടംപിടിച്ചത്.

  ബലാല്‍ സി.ഡി.എസിന് കീഴിലുള്ള അയല്‍ക്കൂട്ടാംഗമായ ഡോളി ജോസഫിന്റെ കൃഷി തോട്ടത്തിലുണ്ടായ പടവലങ്ങയുടെ നീളം 2.65 മീറ്റര്‍! 2.63 മീറ്ററിന്റെ റെക്കോഡാണ് പഴങ്കഥയായത്. തീര്‍ത്തും ജൈവ രീതിയിലാണ് ഡോളി ഈ പടവലങ്ങ കൃഷി ചെയ്തതും. കാര്‍ഷിക സര്‍വ്വകലാശാല പ്രതിനിധികളും ഈ റെക്കോഡ് നേട്ടക്കാരന്‍ പടവലങ്ങ കാണാന്‍ ഡോളിയുടെ കൃഷിത്തോട്ടത്തില്‍ എത്തിയിരുന്നു.

  ജൈവവളവും ജൈവ കീടനാശിനിയും ജീവാമൃതവുമാണ് പച്ചക്കറി കൃഷിക്കായി ഡോളി ഉപയോഗിക്കുന്നത്. തോട്ടത്തില്‍ നീളക്കാരായ ഏഴ് പടവലങ്ങളുണ്ട്. സംസ്ഥാന കൃഷി വകുപ്പ് നടത്തിയ ഓണത്തിന് ഒരു മുറം പച്ചക്കറി സംസ്ഥാനതല മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട് ഡോളി. ഏറ്റവും മികച്ച വനിതാ കര്‍ഷകയെന്ന അവാര്‍ഡും ഡോളി സ്വന്തമാക്കിയിട്ടുണ്ട്.

  റബ്ബര്‍, തെങ്ങ്, കുരുമുളക്, കശുവണ്ടി, വാഴ, കവുങ്ങ്, മറ്റ് കിഴങ്ങു വര്‍ഗ്ഗങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നതിന് സഹായിക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍ കൂടിയായി ഡോളി ജോസഫ് പ്രവര്‍ത്തിക്കുന്നു. കൂടാതെ ക്ഷീര കര്‍ഷകയുമാണ്. കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയുടെ ഭാഗമായി മികച്ചൊരു തോട്ടവും ഡോളി ഒരുക്കിയിട്ടുണ്ട്.

snakegourd dolly

 

Content highlight
Kudumbashree JLG member from Kasaragod enters the International Book of Records with the 'Longest Snake Gourd'

കുടുംബശ്രീ 'ഗോത്രകിരണം' പദ്ധതിക്ക് തുടക്കം- മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു

Posted on Friday, May 20, 2022

അട്ടപ്പാടി, തിരുനെല്ലി, ദേവികുളം പ്രദേശങ്ങളിലെ ആദിവാസി യുവതീയുവാക്കള്‍ക്ക് പ്രതീക്ഷയുടെ പൊന്‍കിരണമായി കുടുംബശ്രീ 'ഗോത്രകിരണം' പദ്ധതി. ആദിവാസി മേഖലകളിലെ യുവതീയുവാക്കളുടെ നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും തൊഴില്‍ ഉറപ്പാക്കുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമായുള്ള കുടുംബശ്രീയുടെ ഈ പ്രത്യേക ഉദ്യമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ മേയ് 19ന് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ അധ്യക്ഷയായി. ഗോത്രകിരണം പദ്ധതി മാര്‍ഗ്ഗരേഖയും മന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു.

   ഗോത്രമേഖലയിലെ യുവതീയുവാക്കളുടെ തൊഴില്‍പരമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്  അതിനനുസൃതമായ  അവരുടെ  പരമ്പരാഗത കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യ പരിശീലനം നല്‍കുന്നതിനും തുടര്‍ന്ന് പ്രാദേശിക തൊഴില്‍ സാധ്യതകളുമായി ബന്ധപ്പെടുന്നതിനുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 5000 ഗുണഭോക്താക്കളെ കണ്ടെത്തുകയും അവരില്‍ നിന്നും കുറഞ്ഞത് 500 പേര്‍ക്കെങ്കിലും തൊഴില്‍ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ അട്ടപ്പാടി തിരുനെല്ലി ദേവികുളം ബ്ളോക്കുകളിലെ ഊരുകളില്‍ അവസ്ഥാപഠനം നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ ഊരിലുമുള്ള പ്രകൃതിവിഭവങ്ങള്‍, മനുഷ്യവിഭവശേഷി എന്നിവയുടെ ലഭ്യത സംബന്ധിച്ച് സാധ്യതകള്‍ കണ്ടെത്തി ഗുണഭോക്തൃ പട്ടികയും തുടര്‍ന്ന് ഇവര്‍ക്കായി സൂക്ഷ്മതല പദ്ധതിയും തയ്യാറാക്കും.

   കുടുംബശ്രീ മുഖേന നിലവില്‍ നടപ്പാക്കി വരുന്ന നൈപുണ്യ പരിശീലന പരിപാടികളില്‍ നിന്നു വ്യത്യസ്തമായി ആദിവാസി മേഖലയിലെ ജനവിഭാഗങ്ങള്‍ക്കിടയിലുള്ള പരമ്പരാഗത തൊഴില്‍ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി സ്വയംതൊഴില്‍ - വേതനാധിഷ്ഠിത തൊഴില്‍ രംഗത്തേക്ക് പ്രാപ്തമാക്കുന്ന വിധത്തിലാകും ഗോത്രകിരണം വഴി യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കുക.

  നിലവില്‍ പരമ്പരാഗത ഉത്പന്ന നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടുവരുന്ന യുവതീയുവാക്കള്‍ക്ക് ഗോത്രകിരണം പദ്ധതിയുടെ ഭാഗമായി കൂടുതല്‍ നൈപുണ്യ പരിശീലനം നല്‍കി അവരെ വിനോദ സഞ്ചാര മേഖലയും പ്രാദേശിക വിപണികളുമായും കൂട്ടിയിണക്കി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കും. പദ്ധതിയുടെ വിജയത്തിനായി കുടുംബശ്രീ കൂടാതെ മറ്റു വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന വിവിധ നൈപുണ്യ പരിപാടികളുമായുള്ള സംയോജനവും ഉറപ്പു വരുത്തും. ഗോത്രവിഭാഗങ്ങളിലെ യുവതീയുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിലാകും നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യുക.

  ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ശ്രീ. പി. സെയ്തലവി സ്വാഗതം ആശംസിച്ചു. ജില്ലാ കളക്ടര്‍ ശ്രീമതി മൃണ്‍മയി ജോഷി ഐ.എ.എസ് മുഖ്യാതിഥിയായി. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി പ്രിയ അജയന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബി. സേതുമാധവന്‍, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പാലക്കാട് സെക്രട്ടറി ശ്രീ. ഇ. ചന്ദ്രബാബു, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം ശ്രീമതി മാരുതി മുരുകന്‍, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ബി. സുഭാഷ്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീമതി റീത്ത എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കുടുംബശ്രീ അട്ടപ്പാടി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ശ്രീ. മനോജ് ബാലന്‍ നന്ദി പറഞ്ഞു.

 

gothrkrnm

 

Content highlight
gothrakiranam

വയോജനങ്ങളിലേക്ക് കൂടുതൽ കരുതലുമായി കുടുംബശ്രീയുടെ 'വയോമൈത്രി‌‌'

Posted on Wednesday, May 18, 2022
ഏറ്റവും കൂടുതൽ കരുതലും സ്നേഹവും പരിചരണവും ഓരോരുത്തരും ആ​ഗ്രഹിക്കുന്ന കാലമാണ് വാർദ്ധക്യകാലം. ഇന്ത്യയിൽ തന്നെ ആനുപാതികമായി വയോജനങ്ങളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനം നമ്മുടെ കൊച്ചു കേരളവുമാണ്. അതിനാൽ തന്നെ കുടുംബശ്രീയുടെ സംഘടനാ സംവിധാനത്തെ കൂടുതൽ വയോജന സൗഹൃദമാക്കുക ഉദ്ദേശിച്ച് വയോമൈത്രി പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്.
 
കണ്ണൂരിൽ താവം, ചെറുകുന്ന് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മേയ് 15ന്‌ നടന്ന ചടങ്ങിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എ.വി. ​ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. വയോജനങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാൻ റിലേഷൻഷിപ്പ് കേരള എന്ന പേരിൽ വയോജന അയൽക്കൂട്ട രൂപീകരണ പ്രവർത്തനങ്ങൾ കുടുംബശ്രീ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വയോമൈത്രി പദ്ധതി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
 
വയനാട്, കാസർ​ഗോഡ്, തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള സി.ഡി.എസുകളെ പൈലറ്റ് അടിസ്ഥാനത്തിൽ വയോമൈത്രി സി.ഡി.എസ് ആക്കി മാറ്റും. വയോജന വിദ്യാഭ്യാസം, കുറഞ്ഞത് 50 വയോജന അയൽക്കൂട്ടങ്ങളുടെ രൂപീകരണം, ഉപജീവന പദ്ധതികളുടെ നടത്തിപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനവും മറ്റ് വകുപ്പുകളുമായും സംയോജിച്ച് വയോജനക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ ഭാ​ഗമായി ഈ സി.ഡി.എസുകളിൽ നടത്തും. പൈലറ്റ് പദ്ധതിയുടെ അടിസ്ഥാനത്തിൽ ആവശ്യമായ ഭേദ​ഗതികൾ വരുത്തി ഈ പ്രവർത്തനങ്ങൾ ശേഷിക്കുന്ന സി.ഡി.എസുകളിലേക്കും വ്യാപിപ്പിക്കും. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ AGRASAR പ്രോജക്റ്റും ഇതിന്റെ ഭാഗമായി നടത്തും.
 
മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതികളുടെ ഭാ​ഗമായി പ്രഖ്യാപിച്ച ഇൻസ്പെയർ (സൂക്ഷ്മ സംരംഭങ്ങൾക്കും ഹരിത കർമ്മസേനകൾക്കും മറ്റ് സംരംഭകർക്കം വേണ്ടി), ജീവൻദീപം (ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനും സ്റ്റേറ്റ് ഇൻഷ്വറൻസ് ഏജൻസിയുമായി ചേർന്ന് കുടുംബശ്രീ അം​ഗങ്ങൾക്ക് വേണ്ടി) ഇൻഷ്വറൻസ് പദ്ധതികളുടെ പ്രഖ്യാപനവും നടത്തി. കൂടാതെ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഡി.ഡി.യു-ജി.കെ.വൈ, യുവകേരളം പദ്ധതിയുടെ ഭാ​ഗമായ യോ​ഗ്യരായ പരിശീലനാർത്ഥികൾക്ക് വേണ്ടിയുള്ള കുടുംബശ്രീ നൈപുണ്യ സ്കോളർഷിപ്പ് വിതരണവും മന്ത്രി നിർവഹിച്ചു.
 
vayomaithri

 

Content highlight
Vayomaithri' Programme launched for Geriatric Care