കുടുംബശ്രീ ബാലസഭാ അംഗങ്ങള്‍ക്കായി 'കിളിക്കൂട്ടം' അവധിക്കാല സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

Posted on Tuesday, May 31, 2022

'കിളിക്കൂട്ട'ത്തില്‍ ചേര്‍ന്ന് അവധിക്കാലം ആഘോഷമാക്കാന്‍ 45 ബാലസഭാ അംഗങ്ങള്‍ തൃശ്ശൂര്‍ കിലയില്‍ ഒത്തു കൂടി. കൗതുകവും വിസ്മയവും ഒളിപ്പിച്ച കണ്ണുകളുമായി വിദഗ്ധരുടെ ക്ലാസ്സുകള്‍ കേട്ടു, ആശയങ്ങള്‍ പങ്കിട്ടു. കുടുംബശ്രീ ബാലസഭാംഗങ്ങളെ സാമൂഹികവും വിദ്യാഭ്യാസപരവുമായി ശാക്തികരിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ ഈ ക്യാമ്പ് സംഘടിപ്പിച്ചത്. മേയ് 27 മുതല്‍ 29 വരെയായിരുന്നു ക്യാമ്പ്.  

  ക്യാമ്പിന്റെ ഉദ്ഘാടനം നോവലിസ്റ്റും കഥാകൃത്തുമായ ഇ. സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. കിലയിലെ അസോസിയേറ്റ് പ്രൊഫസര്‍ പീറ്റര്‍ എം. രാജ് അധ്യക്ഷനായിരുന്നു. ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത മൂന്ന് വീതം ബാലസഭാംഗങ്ങളും അട്ടപ്പാടി ആദിവാസി സമഗ്ര പദ്ധതിയുടെ ഭാഗമായുള്ള ബാല ഗോത്രസഭകളില്‍ നിന്നുള്ള മൂന്ന് അംഗങ്ങളും ഉള്‍പ്പെടെ ആകെ 45 കൂട്ടുകാരാണ് കുടുംബശ്രീയുടെ 'കിളിക്കൂട്ടം' അവധിക്കാല സഹവാസ ക്യാമ്പില്‍ പങ്കെടുക്കുന്നത്.

  പ്രകൃതിയിലേക്ക് തുറക്കുന്ന ക്യാമറക്കണ്ണുകള്‍ എന്ന വിഷയത്തില്‍ ഡോ. സന്ദീപ് ദാസ്, അവനവന്‍ അവളവള്‍ പിന്നെ അവരവരും എന്ന വിഷയത്തില്‍ ഡോ. കെ.പി.എന്‍ അമൃത, ആയിരം കാന്താരി പൂത്ത കാലം എന്ന വിഷത്തില്‍ പ്രൊഫ.കെ. പാപ്പുട്ടി, ഭാവിയുടെ വാതായനങ്ങള്‍ എന്ന വിഷയത്തില്‍ അരുണ്‍ രവി എന്നിവര്‍ ആദ്യ ദിനം ക്ലാസ്സുകളെടുത്തു.

  ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുള്‍ കരീം, കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മൈന ഉമൈബാന്‍, കുടുംബശ്രീ അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ഡാനി ലിബ്‌നി എന്നിവര്‍ സംസാരിച്ചു.

balasabha

 

Content highlight
'Kilikootam' - Kudumbashree organised three Day Summer Camp for Balasabha members organized