കുടുംബശ്രീയില്‍ പഠനസന്ദര്‍ശനം നടത്തി മേഘാലയ സംഘം

Posted on Saturday, June 18, 2022

കേരളത്തിലെ ആരോഗ്യ മേഖലയില്‍ കുടുംബശ്രീ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് പഠിക്കാന്‍ മേഘാലയ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥര്‍ കുടുംബശ്രീ സന്ദര്‍ശിച്ചു. മിഷന്‍ ഡയറക്ടര്‍ എസ്. രാം കുമാര്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ ജൂണ്‍ 10നാണ് കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫീസില്‍ സംഘം എത്തിയത്. മേഘാലയ സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് സൊസൈറ്റി (എം.എസ്.ആര്‍.എല്‍.എസ്) ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

  പി.ആര്‍.ഐ- സി.ബി.ഒ സംയോജന പദ്ധതി നടപ്പിലാക്കുന്നതിന് കുടുംബശ്രീ എന്‍.ആര്‍.ഒയും മേഘാലയയുമായി നേരത്തേ കരാറിലെത്തിയിരുന്നു. കുടുംബശ്രീയുടെ ആരോഗ്യ മേഖലയിലുള്ള ഇടപെടലുകളെക്കുറിച്ചുള്ള അവതരണം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് നടത്തി.  

  അംഗന്‍വാടികള്‍ വഴി വിതരണം ചെയ്യുന്ന കുട്ടികള്‍ക്കുള്ള പൂരക പോഷകാഹാരമായ അമൃതം ന്യൂട്രിമിക്‌സ് കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചും ആരോഗ്യ മേഖലയയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി നടത്തുന്ന ഇടപെടലുകളെക്കുറിച്ചും പഞ്ചായത്തുകളിലുള്ള വാര്‍ഡ് തല ആരോഗ്യ-ശുചിത്വ കമ്മിറ്റികളെക്കുറിച്ചുമെല്ലാം വിശദമാക്കി. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായുള്ള സ്വയം സഹായ സംഘങ്ങള്‍ മുഖേന ആരോഗ്യ, പോഷണ മേഖലയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ മേഘാലയ്ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വാഗ്ദ്വാനം ചെയ്തു.

  മേഘാലയ സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് മിഷനുമായി ചേര്‍ന്ന് കുടുംബശ്രീ എന്‍.ആര്‍.ഒ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രെസന്റേഷനില്‍ വിശദമാക്കി. ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും അംഗന്‍വാടി തലത്തിലുള്ള മോണിറ്ററിങ് സംവിധാനവും പിന്തുണാ സമിതിയും സജീവമാക്കുന്നതിനും ന്യൂട്രിഗാര്‍ഡനുകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുക്കുന്നതിനെക്കുറിച്ചുമെല്ലാം വ്യക്തമാക്കി. കൊല്ലം, എറണാകുളം ജില്ലകളില്‍ സംഘം ഫീല്‍ഡ് സന്ദര്‍ശനം നടത്തി.

Content highlight
Meghalaya Delegation visits Kudumbashree National Resource Organisation