സ്ത്രീശാക്തീകരണത്തിന്റെ മുഖശ്രീയായ കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങള്ക്ക് അനന്തപുരിയുടെ മണ്ണില് നിറപ്പകിട്ടാര്ന്ന തുടക്കം. തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്വെന്ഷന് സെന്ററില് സംസ്ഥാനത്തെ 1070 സി.ഡി.എസുകളെ പ്രതിനിധീകരിച്ചെത്തിയ സി.ഡി.എസ് ചെയര്‌പേഴ്‌സണ്മാരെ സാക്ഷി നിര്ത്തി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര് ഒരു വര്ഷം നീണ്ടു നില്ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്ക്ക് തിരി തെളിച്ചു.
കഴിഞ്ഞ 24 വര്ഷങ്ങളിലെ നിസ്വാര്ത്ഥ പ്രവര്ത്തനങ്ങളിലൂടെ കേരളത്തിലെ സ്ത്രീകളെ മുഖ്യധാരയിലേക്കുയര്ത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് രജത ജൂബിലി ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്വഹിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര് പറഞ്ഞു.
കേരളത്തിലെ സ്ത്രീകളെ സാമൂഹ്യവും സാമ്പത്തികവുമായ മുന്നേറ്റം കൈവരിക്കുന്നതില് കുടുംബശ്രീ വഹിച്ച പങ്ക് അഭിമാനകരമാണ്. അധികാര സ്ഥാനങ്ങളിലേക്ക് കടന്നു ചെല്ലാന് പ്രാപ്തമാക്കിയതുള്‌പ്പെടെ സമൂഹത്തില് സ്ത്രീകളുടെ ദൃശ്യപരത വര്ധിപ്പിക്കാനും സാമൂഹിക പ്രശ്‌നങ്ങളില് അവരുടെ ഇടപെടല് ശേഷി വളര്ത്താന് കഴിഞ്ഞതും സ്ത്രീശാക്തീകരണ വഴികളിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടമാണ്. വിവിധ ഉപജീവന അവസരങ്ങള്, നൈപുണ്യവികസനം, പാര്പ്പിടം, അടിസ്ഥാന സൗകര്യങ്ങള്, ശുദ്ധജന ലഭ്യത എന്നിവ ഉള്‌പ്പെടെയുള്ള കാര്യങ്ങള് നേടിയെടുത്തു കൊണ്ട് പ്രാദേശിക സാമ്പത്തിക വികസനത്തെ ശക്തിപ്പെടുത്തുന്നതില് നിര്ണായക ഭാഗധേയം വഹിക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീക്ക് മാറിയിരിക്കുന്നു.
നിസ്വാര്ത്ഥമായ പ്രവര്ത്തനങ്ങളിലൂടെ സമൂഹത്തെ മുമ്പോട്ടു നയിക്കുന്ന ചരിത്രമാണ് കുടുംബശ്രീയുടേത്. അതിനാല് നവകേരള സൃഷ്ടിയില് നിര്ണായക പങ്കു വഹിക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറുമെന്നത് തീര്ച്ചയാണ്. കാര്ഷിക സൂക്ഷ്മസംരംഭ മേഖലയില് പരമ്പരാഗതവും നൂതനവുമായ നിരവധി പദ്ധതികള് നടപ്പാക്കുന്നതു കൂടാതെ കേരളം അഭിമുഖീകരിക്കുന്ന നിരവധി പ്രതിസന്ധിഘട്ടങ്ങളില് സമൂഹത്തിന് താങ്ങും തണലുമായി നില്ക്കാനും ഈ സ്ത്രീകൂട്ടായ്മയുണ്ട്. വിവിധ കേന്ദ്ര പദ്ധതികള് വിജയകരമായി നടപ്പാക്കുന്നതിനൊപ്പം ഇതര സംസ്ഥാനങ്ങളില് കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്മാര്ജന മാതൃകകള് നടപ്പാക്കുന്നതിനുള്ള നാഷണല് റിസോഴ്‌സ് ഓര്ഗനൈസേഷനായും കുടുംബശ്രീ വളര്ന്നു കഴിഞ്ഞിരിക്കുന്നു. 24 വര്ഷത്തെ പ്രവര്ത്തനാനുഭവങ്ങളുടെ കരുത്ത് മൂലധനമാക്കി പുതിയ കാലത്തിന്റെ ആവശ്യങ്ങള്ക്കനുസൃതവും കൂടുതല് സമഗ്രവുമായ വികസന പദ്ധതികള് നടപ്പാക്കാന് കുടുംബശ്രീയെ സജ്ജമാക്കുക എന്നതാണ് ഇനിയുള്ള പ്രധാന ലക്ഷ്യം. കെഡിസ്‌കുമായും വിവിധ വകുപ്പുകളുമായും സഹകരിച്ചു കൊണ്ട് പരമാവധി പേര്ക്ക് തൊഴില് ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീയുടെ പരിശ്രമങ്ങളെന്നും മന്ത്രി പറഞ്ഞു.
വീടിന്റെ അകത്തളങ്ങളില് കഴിഞ്ഞിരുന്ന സ്ത്രീകളെ മികച്ച സംരംഭകരാക്കി മാറ്റുന്നതിനും നാടിന്റെ വികസന പ്രവര്ത്തനങ്ങളില് ക്രിയാത്മകമായി ഇടപെടാന് കഴിയുന്ന വിധത്തില് മാനസികവും ബൗദ്ധികവുമായി സജ്ജരാക്കാനും കഴിഞ്ഞ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് ചടങ്ങില് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര് ബിന്ദു പറഞ്ഞു.
ഇല്ലായ്മകളില് നിന്നും പൊരുതി മുന്നേറുന്നതിനും കരുതലോടെ ജീവിക്കാനും ആയിരക്കണക്കിന് സ്ത്രീകളെ പഠിപ്പിക്കുകയും അതുവഴി കേരളത്തിലെ സാമൂഹ്യ രംഗത്ത് വിപ്‌ളവകരമായ മാറ്റം സൃഷ്ടിക്കാനും സാധിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. കുടുംബശ്രീയെ കുറിച്ച് പഠിക്കുന്നതിനായി കേരളത്തിലെത്തിയ ഹിമാചല് പ്രദേശിലെ സുന്ദര് നഗര് മുനിസിപ്പാലിറ്റിയുടെ ചെയര്മാന്, വൈസ് ചെയര്മാന്, സീനിയര് ഒഫീഷ്യല്‌സ് എന്നിവര് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, പി.ഐ ശ്രീവിദ്യ എന്നിവരെ തലപ്പാവ് അണിയിച്ച് ആദരിച്ചു.
തിരുവനന്തപുരം കോര്പ്പറേഷന് മേയര് ആര്യാ രാജേന്ദ്രന്, നാലാഞ്ചിറ കൗണ്‌സിലര് ജോണ്‌സണ് ജോസഫ്, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ഗീതാ നസീര്, വിവിധ സി.ഡി.എസുകളെ പ്രതിനിധീകരിച്ച് സെലീന, ഓമന കുമാരി എന്നിവര് ആശംസാ പ്രസംഗം നടത്തി. കോര്പ്പറേഷന് സി.ഡി.എസ് ഒന്ന് ചെയര്‌പേഴ്‌സണ് സിന്ധു ശശി നന്ദി പറഞ്ഞു.
തുടര്ന്ന് 'നവകേരള സൃഷ്ടിയും കുടുംബശ്രീയും', 'പ്രാദേശിക സാമ്പത്തിക വികസനം- കുടുംബശ്രീയുടെ പങ്ക്', 'ലിംഗപദവി തുല്യതയും മുന്ഗണനാ സമീപനങ്ങളും' എന്നീ വിഷയങ്ങളില് സെമിനാര് സംഘടിപ്പിച്ചു. ആഭ്യന്തര വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ശ്രീ. ടി.കെ ജോസ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ശ്രീമതി ശാരദാ മുരളീധരന്, നവകേരളം മിഷന് സ്റ്റേറ്റ് കോ-ഓര്ഡിനേറ്റര് ഡോ.ടി.എന് സീമ, പി.കെ ശ്രീമതി ടീച്ചര്, സാമൂഹ്യശാസ്ത്രജ്ഞ ഡോ.ജെ ജേവിക, കരകുളം ഗ്രാമീണ പഠന കേന്ദ്രം എക്‌സിക്യൂട്ടീവ് ഡയറക്ടര് എന്.ജഗജീവന്, ടി.ജി സെല് സ്റ്റേറ്റ് കോ-ഓര്ഡിനേറ്റര് ശ്യാമ.എസ്.പ്രഭ, അഡ്വ.സിന്ധു അജയകുമാര്, സി.ഡി.എസ് ചെയര്‌പേഴ്‌സണ്മാരായ ഹരിത, ഓമന കുമാരി, സെലീന, സജ്‌ന, ശശികല, എന്നിവര് സംസാരിച്ചു. കുടുംബശ്രീ കണ്ണൂര് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ഡോ. എം. സുര്ജിത്, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര് സജിത് സുകുമാരന് എന്നിവര് മോഡറേറ്റര്മാരായി.