Posted on Friday, May 20, 2022

അട്ടപ്പാടി, തിരുനെല്ലി, ദേവികുളം പ്രദേശങ്ങളിലെ ആദിവാസി യുവതീയുവാക്കള്‍ക്ക് പ്രതീക്ഷയുടെ പൊന്‍കിരണമായി കുടുംബശ്രീ 'ഗോത്രകിരണം' പദ്ധതി. ആദിവാസി മേഖലകളിലെ യുവതീയുവാക്കളുടെ നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും തൊഴില്‍ ഉറപ്പാക്കുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമായുള്ള കുടുംബശ്രീയുടെ ഈ പ്രത്യേക ഉദ്യമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ മേയ് 19ന് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ അധ്യക്ഷയായി. ഗോത്രകിരണം പദ്ധതി മാര്‍ഗ്ഗരേഖയും മന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു.

   ഗോത്രമേഖലയിലെ യുവതീയുവാക്കളുടെ തൊഴില്‍പരമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്  അതിനനുസൃതമായ  അവരുടെ  പരമ്പരാഗത കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യ പരിശീലനം നല്‍കുന്നതിനും തുടര്‍ന്ന് പ്രാദേശിക തൊഴില്‍ സാധ്യതകളുമായി ബന്ധപ്പെടുന്നതിനുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 5000 ഗുണഭോക്താക്കളെ കണ്ടെത്തുകയും അവരില്‍ നിന്നും കുറഞ്ഞത് 500 പേര്‍ക്കെങ്കിലും തൊഴില്‍ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ അട്ടപ്പാടി തിരുനെല്ലി ദേവികുളം ബ്ളോക്കുകളിലെ ഊരുകളില്‍ അവസ്ഥാപഠനം നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ ഊരിലുമുള്ള പ്രകൃതിവിഭവങ്ങള്‍, മനുഷ്യവിഭവശേഷി എന്നിവയുടെ ലഭ്യത സംബന്ധിച്ച് സാധ്യതകള്‍ കണ്ടെത്തി ഗുണഭോക്തൃ പട്ടികയും തുടര്‍ന്ന് ഇവര്‍ക്കായി സൂക്ഷ്മതല പദ്ധതിയും തയ്യാറാക്കും.

   കുടുംബശ്രീ മുഖേന നിലവില്‍ നടപ്പാക്കി വരുന്ന നൈപുണ്യ പരിശീലന പരിപാടികളില്‍ നിന്നു വ്യത്യസ്തമായി ആദിവാസി മേഖലയിലെ ജനവിഭാഗങ്ങള്‍ക്കിടയിലുള്ള പരമ്പരാഗത തൊഴില്‍ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി സ്വയംതൊഴില്‍ - വേതനാധിഷ്ഠിത തൊഴില്‍ രംഗത്തേക്ക് പ്രാപ്തമാക്കുന്ന വിധത്തിലാകും ഗോത്രകിരണം വഴി യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കുക.

  നിലവില്‍ പരമ്പരാഗത ഉത്പന്ന നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടുവരുന്ന യുവതീയുവാക്കള്‍ക്ക് ഗോത്രകിരണം പദ്ധതിയുടെ ഭാഗമായി കൂടുതല്‍ നൈപുണ്യ പരിശീലനം നല്‍കി അവരെ വിനോദ സഞ്ചാര മേഖലയും പ്രാദേശിക വിപണികളുമായും കൂട്ടിയിണക്കി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കും. പദ്ധതിയുടെ വിജയത്തിനായി കുടുംബശ്രീ കൂടാതെ മറ്റു വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന വിവിധ നൈപുണ്യ പരിപാടികളുമായുള്ള സംയോജനവും ഉറപ്പു വരുത്തും. ഗോത്രവിഭാഗങ്ങളിലെ യുവതീയുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിലാകും നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യുക.

  ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ശ്രീ. പി. സെയ്തലവി സ്വാഗതം ആശംസിച്ചു. ജില്ലാ കളക്ടര്‍ ശ്രീമതി മൃണ്‍മയി ജോഷി ഐ.എ.എസ് മുഖ്യാതിഥിയായി. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി പ്രിയ അജയന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബി. സേതുമാധവന്‍, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പാലക്കാട് സെക്രട്ടറി ശ്രീ. ഇ. ചന്ദ്രബാബു, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം ശ്രീമതി മാരുതി മുരുകന്‍, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ബി. സുഭാഷ്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീമതി റീത്ത എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കുടുംബശ്രീ അട്ടപ്പാടി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ശ്രീ. മനോജ് ബാലന്‍ നന്ദി പറഞ്ഞു.

 

gothrkrnm

 

Content highlight
gothrakiranam