ഗോത്ര സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വയനാട്ടിലെ പൂക്കോട് ഒരുക്കിയ ‘എന്‍ ഊര്’ പൈതൃക ഗ്രാമത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് കുടുംബശ്രീയുടെ ‘ഗോത്രശ്രീ’ ട്രൈബല്‍ കഫറ്റീരിയ.
ജില്ലയിലെ ഗോത്രജനതയുടെ തനത് പാരമ്പര്യം, ജീവിതരീതി, ആചാരാനുഷ്ഠാനങ്ങള്‍, കലകള്‍ എന്നിവ പുറംലോകത്തിന് പരിചയപ്പെടുത്താനും അതുവഴി അവര്‍ക്ക് മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗം ഒരുക്കി നല്‍കാനും വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഈ പൈതൃക ഗ്രാമം. വൈത്തിരി താലൂക്കിലെ കുന്നത്തിടവക വില്ലേജില്‍ 25 ഏക്കര്‍ സ്ഥലത്താണ് പൈതൃക ഗ്രാമം ഒരുക്കിയിരിക്കുന്നത്.
പ്രത്യേക പരിശീലനം ലഭിച്ച പട്ടികവര്‍ഗ്ഗ യുവതീയുവാക്കളുടെ സംഘമാണ് കുടുംബശ്രീയുടെ ഗോത്രശ്രീ കഫറ്റീരിയ നടത്തുന്നത്. ഒരു യുവതി ഉള്‍പ്പെടെ 12 പേരാണ് സംഘത്തിലുള്ളത്. തനത് വയനാടന്‍ വിഭവങ്ങള്‍ക്കൊപ്പം, ഊണ്, വനസുന്ദരി സ്‌പെഷ്യല്‍ ചിക്കന്‍, വിവിധ ഇലക്കറികള്‍, പുഴുക്ക്, കുമ്പിളപ്പം എന്നിങ്ങനെ വിവിധ വിഭവങ്ങള്‍ ഇവിടെ ലഭിക്കും. പത്ത് ദിവസം കൊണ്ട് ഗോത്രശ്രീ സംരംഭകര്‍ നേടിയത് രണ്ടരലക്ഷം രൂപയുടെ വരുമാനമാണ്!
‘ഗോത്രശ്രീ’ കഫറ്റീരിയ കൂടാതെ ഗോത്രശ്രീ കാര്‍ഷിക നേഴ്‌സറി, ഗോത്രശ്രീ ഔഷധ നേഴ്‌സറി, മസാലപ്പൊടികള്‍, അച്ചാറുകള്‍, കാപ്പിപ്പൊടി തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ തയാറാക്കി വിപണനം നടത്തുന്ന ഗോത്രശ്രീ ഫുഡ് പ്രോസസിങ് യൂണിറ്റ് എന്നിങ്ങനെ മൂന്ന് കുടുംബശ്രീ സംരംഭങ്ങള്‍ കൂടി ഈ പൈതൃക ഗ്രാമത്തിലുണ്ട്.