നെഹ്‌റു ട്രോഫി വള്ളംകളി- ഭക്ഷണവിഭവങ്ങള്‍ വിളമ്പി കുടുംബശ്രീ

Posted on Tuesday, September 13, 2022

ആലപ്പുഴയില്‍ സെപ്റ്റംബര്‍ നാലിന് നടന്ന അറുപത്തിയെട്ടാം നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തിയവര്‍ക്ക് രുചിയൂറും ഭക്ഷണവിഭവങ്ങള്‍ വിളമ്പി കുടുംബശ്രീ. രണ്ട് സംരംഭ യൂണിറ്റുകള്‍ ചേര്‍ന്നൊരുക്കിയ ഭക്ഷ്യമേളയില്‍ കപ്പ, മീന്‍ കറി, കക്കായിറച്ചി, ബിരിയാണി, ചായ, കാപ്പി, ഇലയട, സമോസ തുടങ്ങിയ നിരവധി വിഭവങ്ങളാണ് ഒരുക്കിയത്.

 ഫിനിഷിങ് പോയിന്റ് പ്രവേശന കവാടത്തിലും നെഹ്റു പവലിയന്‍ തുരുത്തിലുമാണ് ഭക്ഷണ സ്റ്റാളുകള്‍ സജ്ജീകരിച്ചിരുന്നത്. സുഭിക്ഷ (ആലപ്പുഴ നഗരസഭാ സി.ഡി.എസ്), അനുഗ്രഹ (മുഹമ്മ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്) എന്നീ യൂണിറ്റുകള്‍ കൂപ്പണ്‍ ഉള്‍പ്പെടെ 1,42,650 രൂപയുടെ വിറ്റുവരവും ഭക്ഷ്യ മേളയിലൂടെ നേടി.

nehru

 

Content highlight
Kudumbashree serves delicious food to the viewers who came to watch Nehru Trophy Boat Race

കുട്ടികള്‍ ജനാധിപത്യ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നേടണം: മന്ത്രി അഡ്വ. ആന്‍റണി രാജു

Posted on Tuesday, September 6, 2022

കുട്ടികള്‍ ജനാധിപത്യ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നേടണമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്‍റണി രാജു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ബാലസഭാംഗങ്ങള്‍ക്കായി പഴയ നിയമസഭാ മന്ദിരത്തില്‍ സംഘടിപ്പിച്ച ബാലപാര്‍ലമെന്‍റ് സംസ്ഥാനതല  ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസമെന്നത് വിവിധ മേഖലകളില്‍ നേടുന്ന അറിവിനൊപ്പം സാമൂഹ്യപ്രതിജ്ഞാബദ്ധതയും ഉത്തരവാദിത്വ ബോധവും പുലര്‍ത്താന്‍ കഴിയുന്ന വിധത്തില്‍ ഒരു വ്യക്തിയുടെ സമഗ്ര വികാസമാണ്. എല്ലാ മേഖലയിലും അറിവ് നേടാന്‍ സഹായിക്കുന്ന പദ്ധതിയാണ് കുടുംബശ്രീയുടെ ബാലപാര്‍ലമെന്‍റ്. നിയമസഭയും പാര്‍ലമെന്‍റും ഉള്‍പ്പെടെയുള്ള ജനാധിപത്യസംവിധാനവുമായി ബന്ധപ്പെട്ട് ലഭ്യമാക്കുന്ന ബാലപാര്‍ലമെന്‍റ് പരിശീലനങ്ങള്‍ കുട്ടികളില്‍ ഉന്നതമായ ജനാധിപത്യമൂല്യങ്ങളും നേതൃത്വഗുണവും സംഘടനാ ശേഷിയും പാരിസ്ഥിതിക ബോധവും വളര്‍ത്താന്‍ സഹായകമാകും. പരാജയങ്ങളെ നേരിടാനും അതിജീവിക്കാനുമുളള കരുത്ത് ചെറുപ്രായത്തില്‍ തന്നെ നേടണമെന്നു പറഞ്ഞ മന്ത്രി  ബാലപാര്‍ലമെന്‍റില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭാവിയില്‍ നിയമസഭയിലേക്ക് കടന്നു വരാന്‍ കഴിയട്ടെ എന്ന് ആശംസിച്ചു.

ഉദ്ഘാടനത്തിനു ശേഷം നടന്ന ബാലപാര്‍ലമെന്‍റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം, സ്ത്രീസുരക്ഷ, വിദ്യാര്‍ത്ഥികളില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തുടങ്ങി  വിവിധ മേഖലകളെ സംബന്ധിച്ച ചോദ്യോത്തര വേള, അടിയന്തര പ്രമേയം അവതരിപ്പിക്കല്‍, പ്രതിപക്ഷാംഗങ്ങളുടെ വാക്കൗട്ട് എന്നിവയും അരങ്ങേറി.

രാഷ്ട്രപതിയായി ജെസി അലോഷ്യസ്(ആലപ്പുഴ), പ്രധാനമന്ത്രിയായി നന്ദന വി(എറണാകുളം), സ്പീക്കറായി കാദംബരി വിനോദ് (കോഴിക്കോട്), ഡെപ്യൂട്ടി സ്പീക്കറായി ആരോമല്‍ ജയകുമാര്‍(ആലപ്പുഴ), പ്രതിപക്ഷ നേതാവായി സയന്‍ സജി(മലപ്പുറം)എന്നിവര്‍ ബാലപാര്‍ലമെന്‍റില്‍ പങ്കെടുത്തു. അഭിജിത് വി.എസ്, കൃഷ്ണേന്ദു സി.പി എന്നിവര്‍ യഥാക്രമം ധനകാര്യമന്ത്രിയും പാര്‍ലമെന്‍ററികാര്യ മന്ത്രിയുമായി. അഭിനന്ദ് കെ(എറണാകുളം), ആദില്‍ എ(ആലപ്പുഴ), ഫാത്തിമ ദുഫൈമ(കണ്ണൂര്‍), ശിവാനി സന്തോഷ് (ആലപ്പുഴ),ദിയ ജോസഫ് (എറണാകുളം) ഷബാന ഷൗക്കത്ത്(തിരുവനന്തപുരം), എബ്രോണ്‍ സജി(എറണാകുളം), പവിത്ര കെ.ടി (എറണാകുളം), സ്നേഹ കെ.എസ്(കണ്ണൂര്‍), ഐശ്വര്യ പ്രജിത്(ആലപ്പുഴ) എന്നിവര്‍ മറ്റു മന്ത്രിമാരായി. സനുഷ അടിയന്തര പ്രമേയം അവതരിപ്പിച്ചു.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍.ആര്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബാലസഭാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്രീകാന്ത് എ.എസ് പബ്ളിക് റിലേഷന്‍സ്  ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍, കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.നജീബ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍.പി.രാജന്‍ കൃതജ്ഞത അറിയിച്ചു. സംസ്ഥാന ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

minister antony

 

Content highlight
kudumbashree organized state bala parliament

ചുവട്-2022: കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാര്‍ക്കുള്ള സംസ്ഥാനതല പരിശീലന പരിപാടി സമാപിച്ചു

Posted on Monday, September 5, 2022

പ്രാദേശിക സാമ്പത്തിക വികസനത്തിന് പുതിയ വേഗവും ഊര്‍ജവും നല്‍കുക എന്ന ലക്ഷ്യത്തോടെ സി.ഡി.എസ് അധ്യക്ഷമാര്‍ക്കു വേണ്ടി സംഘടിപ്പിച്ച റസിഡന്‍ഷ്യല്‍ പരിശീലനം 'ചുവട് 2022' പൂര്‍ത്തിയായി. ഏഴാമത് ബാച്ചിന്‍റെ പരിശീലനമാണ് 2-9-2022 ന്‌
അവസാനിച്ചത്.  ഇതോടെ പുതുതായി ചുമതലയേറ്റ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കു വേണ്ടി കഴിഞ്ഞ ഒന്നര മാസമായി നടത്തി വന്ന എല്ലാ പരിശീലനവും പൂര്‍ത്തീകരിച്ചു. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എല്ലാ ബാച്ചിലും പങ്കെടുത്തു സി.ഡി.എസ് അധ്യക്ഷമാരെ അഭിസംബോധന  ചെയ്ത് സംസാരിച്ചു.

തിരുവനന്തപുരം മണ്‍വിള അഗ്രകള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച സമാപന സമ്മേളനത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സി.ഡി.എസ് അധ്യക്ഷമാര്‍ക്കും പരിശീലക ടീമുകള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഹേമലത സി.കെ അധ്യക്ഷത വഹിച്ചു.
     
സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് ഭരണനിര്‍വഹണശേഷിക്കൊപ്പം അക്കാദമിക് മികവും പ്രഫഷണലിസവും ലഭ്യമാക്കുക എന്നതാണ് കുടുംബശ്രീ ഇത്തവണ ലക്ഷ്യമിട്ടത്. ഇതിന്‍റെ ഭാഗമായി മുന്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, ആഭ്യന്തര വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കുടുംബശ്രീ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ഗ്രാമീണ പഠന കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടറും കുടുംബശ്രീ മുന്‍ പ്രോഗ്രാം ഓഫീസറുമായ എന്‍.ജഗജീവന്‍, അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും മുന്‍ പ്രോഗ്രാം ഓഫീസറുമായ എം.രാമനുണ്ണി എന്നിവരുമായി സംവദിക്കാനുള്ള അവസരവും സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് ലഭ്യമാക്കിയത് ഏറെ ഫലപ്രദമായി. കൂടാതെ കിലയുടെ നേതൃത്വത്തില്‍ മൂന്നു ബാച്ചുകളുടെ പരിശീലനവും സംഘടിപ്പിച്ചു.

ഫലപ്രദമായ ആസൂത്രണവും സംഘാടനമികവും ഒരുമിച്ച 'ചുവട് 2022' കുടുംബശ്രീയുടെ നേതൃത്വത്തില്‍ സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് ഇതുവരെ  നല്‍കിയിട്ടുള്ളതില്‍ ഏറ്റവും  വിപുലമായ പരിശീലന പരിപാടിയായി മാറി കഴിഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കുടുംബശ്രീ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ  എന്നിവര്‍ പരിശീലന വിഷയങ്ങളുടെ തിരഞ്ഞെടുപ്പിലും രൂപവല്‍ക്കരണത്തിലും നേതൃത്വം നല്‍കിയത് പരിപാടിക്ക് കൂടുതല്‍ പ്രഫഷണല്‍ സമീപനം കൈവരിക്കാന്‍ സഹായകമായി. കൂടാതെ കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍, സംസ്ഥാന മിഷന്‍ ഉദ്യോഗസ്ഥരും പരിശീലന ഗ്രൂപ്പ് അംഗങ്ങളും ഇതില്‍ പങ്കാളികളായി.  
 
ഒന്നര മാസം നീണ്ടു നിന്ന പരിശിലന പരിപാടിയുടെ വിജയത്തിനു പിന്നില്‍ കുടുംബശ്രീയുടെ ദൃഢനിശ്ചയത്തിനൊപ്പം പരിശീലക ഗ്രൂപ്പുകളില്‍ നിന്നുള്ള അറുപതോളം അംഗങ്ങളുടെ നിരന്തര അധ്വാനവുമുണ്ട്.  ദൂരെയുള്ള ജില്ലകളില്‍ നിന്നും കൈക്കുഞ്ഞുങ്ങളുമായി പരിശീലനത്തിനെത്തിയവര്‍ക്കും തുണയായത് ഇവരുടെ സ്നേഹവും കരതലുമാണ്. കുഞ്ഞുങ്ങളുടെ പകല്‍പരിപാലനം ഏറ്റെടുത്തതു മുതല്‍ ക്യാമ്പിലെത്തുന്നവരുടെ താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ മേല്‍നോട്ടവും ഏകോപനവും നിര്‍വഹിച്ചതും ഇവരുടെ നേതൃത്വത്തിലാണ്.  കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍ സ്വാഗതവും സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി നന്ദിയും പറഞ്ഞു.

 

ed

 

Content highlight
'Chuvad 22': State Level Training Programme for Kudumbashree CDS Chairpersons concludeden

മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്ററെ കുടുംബശ്രീ ഉപഹാരം നൽകി ആദരിച്ചു

Posted on Friday, September 2, 2022
സ്ഥാനമൊഴിയുന്ന തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്ററെ കുടുംബശ്രീ ഉപഹാരം നൽകി ആദരിച്ചു. സ്വരാജ് ഭവനിൽ ഇന്ന് സംഘടിപ്പിച്ച ചടങ്ങിൽ കുടുംബശ്രീയെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ജാഫർ മാലിക് ഐ.എ.എസ് മന്ത്രിയ്ക്ക് ഉപഹാരം നൽകി.
 
പുതിയ കർമ്മ മണ്ഡലത്തിൽ ഉജ്ജ്വല ശോഭയോടെ തിളങ്ങാൻ ബഹുമാനപ്പെട്ട എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് കുടുംബശ്രീ കുടുംബത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു.
 
kshree

 

തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ് ഉപഹാരം നൽകുന്നു. മന്ത്രി പത്നി പി.കെ. ശ്യാമള, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐ.എ.എസ് , തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ഐ.എ.എസ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ജഹാംഗീർ, പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. മൈന ഉമൈബാൻ എന്നിവർ സമീപം

Content highlight
Kudumbashree felicitated m.v. govindan master

വായനാപക്ഷാചരണം: കുടുംബശ്രീ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ അഭിരാം പവിത്രന് ഒന്നാം സ്ഥാനം

Posted on Friday, September 2, 2022

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണത്തോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി 'സാമ്പത്തിക, സാമൂഹിക, സ്ത്രീ ശാക്തീകരണത്തില്‍ കുടുംബശ്രീയുടെ പങ്ക്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ഉപന്യാസ മത്സര ത്തില്‍ അഭിരാം പവിത്രന്‍. ഒ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ.ഐ.ടി മദ്രാസില്‍ ഇന്‍റഗ്രേറ്റഡ് എംഎ ഇംഗ്ലീഷ് സ്റ്റഡീസ് വിദ്യാര്‍ത്ഥിയാണ് മലപ്പുറം അങ്ങാടിപ്പുറം സ്വദേശി യായ അഭിരാം.

  പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ സോഷ്യോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ അക്ഷയ് പി.പി രണ്ടാം സ്ഥാനവും കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ്സ് കോളേജില്‍ ബി.എസ്.സി ഫിസിക്സ്  വിദ്യാര്‍ത്ഥിനിയായ നീലിമ വാസന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ ഹരിവിന്ദ്നാഥ് വി.പി (എം.എഡ് വിദ്യാര്‍ത്ഥി, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എഡ്യുക്കേഷന്‍, കേരള യൂണിവേഴ്സിറ്റി), ശിവരഞ്ജിനി ജി.ബി (എല്‍.എല്‍.ബി രണ്ടാം സെമസ്റ്റര്‍, ഗവണ്‍മെന്‍റ് ലോ കോളേജ് തിരുവനന്തപുരം) എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 10,000, 7000, 5000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. പ്രോത്സാഹന സമ്മാനം നേടിയവര്‍ക്ക് 1000 രൂപയാണ് ക്യാഷ് അവാര്‍ഡ്. കൂടാതെ വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

essay

 

Content highlight
essay competition winners announced

സമൂഹത്തില്‍ സര്‍വതല സ്പര്‍ശിയായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് കഴിയണം: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

Posted on Thursday, September 1, 2022

കുടുംബശ്രീയെന്ന ഊര്‍ജ്ജ സ്രോതസ് ഉപയോഗിച്ചു കൊണ്ട് സമൂഹത്തില്‍ സര്‍വതല സ്പര്‍ശിയായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് കഴിയണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തിരുവനന്തപുരം മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍  സി.ഡി.എസ് അധ്യക്ഷമാര്‍ക്കുള്ള റസിഡന്‍ഷ്യല്‍ പരിശീലനം 'ചുവട് 2022' ന്‍റെ  അവസാന ബാച്ചിന്‍റെ മൂന്നാം ദിനം സി.ഡി.എസ് അധ്യക്ഷമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം.

സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന മേഖലയിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ ജീവിതത്തില്‍ സ്ത്രീകള്‍ക്ക് അഭിമാനകരമായ സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സാക്ഷരാ പ്രവര്‍ത്തനവും ജനകീയാസൂത്രണവും പോലുള്ള വിപ്ളവകരമായ മാറ്റങ്ങളുടെ പിന്തുടര്‍ച്ചയാണ് കുടുംബശ്രീയും. കേരളം വികസനത്തിലേക്ക് നീങ്ങുന്നതിന്‍റെ പ്രധാന കാരണങ്ങള്‍ പൊതുജനാരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ കൈവരിച്ച പുരോഗതിയാണ്. തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. അതിന് കുടുംബശ്രീക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനാകും. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ കെഡിസ്കുമായി ചേര്‍ന്ന് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയണം.

പുതുതായി രൂപീകരിച്ച 19555 ഓക്സിലറി ഗ്രൂപ്പുകളെ പ്രാദേശിക തലത്തില്‍ മികച്ച സംരംഭകരാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കണം. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും വിശ്വാസ്യതയും ആഗോള വിപണിയില്‍ ഇടം നേടാന്‍ കഴിയുന്ന വിധത്തില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താനാകണം. ക്രിയാത്മക ചിന്ത കൊണ്ടും സാമൂഹ്യ പ്രതിജ്ഞാബദ്ധതയോടെയുളള പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സാമൂഹിക ജീവിതത്തിലും വ്യക്തിജീവിതത്തിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് കഴിയണം.  നിരന്തരമായ നവീകരണത്തിലൂടെ ഈ നേട്ടങ്ങള്‍ കൈവരിക്കാനുള്ള ഇച്ഛാശക്തി കൈവരിക്കണമെന്നും മന്ത്രി പറഞ്ഞു.    

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പുതുതായി ചുമതലയേറ്റ 1070 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കുളള പരിശീലനമാണ് ഇപ്പോള്‍ നടന്നു വരുന്നത്. ജൂലൈ 29നാണ് പരിശീലനം ആരംഭിച്ചത്. ആകെ ഏഴു ബാച്ചുകള്‍ ഉള്ളതില്‍ ആറെണ്ണത്തിന്‍റെ പരിശീലനം പൂര്‍ത്തിയായി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സ്വാഗതവും  സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ വിപിന്‍ വില്‍ഫ്രഡ് നന്ദിയും പറഞ്ഞു. കുടുംബശ്രീയുടെ പത്തൊമ്പത് പരിശീലക ഗ്രൂപ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത അമ്പത്തേഴ് പേരുടെ നേതൃത്വത്തിലാണ് പരിശീലനം. ഇപ്പോള്‍ നടന്നു വരുന്ന അവസാന ബാച്ചിന്‍റെ പരിശീലനം വെള്ളിയാഴ്ച പൂര്‍ത്തിയാകും.

 

 

minister

 

Content highlight
minister mv govindan master interacts with cds chairpersons

ഒരു പൂ അല്ല, ഈ ഓണത്തിന് ഒരു പൂക്കാലം തന്നെ കുടുംബശ്രീ ഒരുക്കും

Posted on Tuesday, August 30, 2022

ഓണക്കിറ്റിലേക്ക് ശര്‍ക്കരവരട്ടിയും ചിപ്‌സും തയാറാക്കി നല്‍കല്‍. പച്ചക്കറിയും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും ലഭ്യമാക്കി ഓണവിപണന മേളകള്‍ സംഘടിപ്പിക്കല്‍. ഇതിനെല്ലാം പുറമേ ഈ വരുന്ന ഓണക്കാലത്തെ സ്വീകരിക്കാന്‍ മലയാളികള്‍ക്ക് വേണ്ടി വിവിധ ഇനം പൂക്കള്‍ കൃഷി ചെയ്ത് തയാറാക്കുന്നതിലും വ്യാപൃതരാണ് കുടുംബശ്രീ അംഗങ്ങള്‍.


ജമന്തി, ചെണ്ടുമല്ലി, ബന്ദി എന്നിങ്ങനെയുള്ള പൂക്കളാണ് കൃഷി ചെയ്തുവരുന്നത്. പൂക്കൃഷിയില്‍ ശ്രദ്ധ കേന്ദ്രീരിച്ചിരിക്കുന്ന കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് മികച്ച വരുമാനം സ്വന്തമാക്കാനുള്ള അവസരമായാണ് ഓണക്കാലത്തെ കണക്കാക്കുന്നത്.

കാസര്‍ഗോഡ് (18 യൂണിറ്റ് 12 ഏക്കര്‍), കണ്ണൂര്‍ (55 യൂണിറ്റ്, 27.5 ഏക്കര്‍), വയനാട് (1 യൂണിറ്റ് 1.5 ഏക്കര്‍), മലപ്പുറം (31 യൂണിറ്റ്, 10.76 ഏക്കര്‍), കോഴിക്കോട് (3 യൂണിറ്റ് 1 ഏക്കര്‍), തൃശ്ശൂര്‍ (77 യൂണിറ്റ് 28.85 ഏക്കര്‍), എറണാകുളം (14 യൂണിറ്റ് 8 ഏക്കര്‍), ആലപ്പുഴ (294 യൂണിറ്റ് 27.87 ഏക്കര്‍), കോട്ടയം (21 യൂണിറ്റ് 6.5 ഏക്കര്‍), പത്തനംതിട്ട (1 യൂണിറ്റ് 50 സെന്റ്), തിരുവനന്തപുരം (19 യൂണിറ്റ് 3.52 ഏക്കര്‍) എന്നീ ജില്ലകളിലെല്ലാം പൂക്കൃഷി തകൃതിയായി നടന്നുവരികയാണ്.

 

flwr

 

Content highlight
Kudumbashree cultivates flowers across the state for the upcoming Onam Seasonml

തീപാറും ചോദ്യങ്ങള്‍, അതിവിദഗ്ധ ഉത്തരങ്ങള്‍, വിഷയാധിഷ്ഠിത ചര്‍ച്ചകള്‍...വെറും കുട്ടിക്കളിയില്ല ഈ കുട്ടി പാര്‍ലമെന്റ്

Posted on Friday, August 26, 2022
സ്‌കൂള് വിദ്യാര്ത്ഥികള് നേരിടുന്ന യാത്രാ ദുരിതം, ബാലവാകാശ പ്രശ്‌നങ്ങള് എന്ന് തുടങ്ങി പാര്ശ്വവത്ക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ ദുരിതങ്ങളും പട്ടിണിമരണങ്ങളുമെല്ലാം ചര്ച്ചാ വിഷയങ്ങള്. ചാട്ടുളി പോലുള്ള ചോദ്യങ്ങളുമായി പ്രതിപക്ഷം. വിവാദങ്ങള് ഒഴിവാക്കി വിദഗ്ധ ഉത്തരങ്ങളുമായി ഭരണപക്ഷം. കഴിഞ്ഞ രണ്ടാഴ്ചക്കാലം സംസ്ഥാനത്തെ വിവിധ ജില്ലകളില് നടന്ന ബാല പാര്ലമെന്റുകള് അക്ഷരാര്ത്ഥത്തില് സംഭവ ബഹുലമായിരുന്നു.
 
കുടുംബശ്രീ ബാലസഭാംഗങ്ങള്ക്ക് ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസ്സിലാക്കി നല്കുന്നതിനായാണ് ബാല പാര്ലമെന്റ് എന്ന പ്രവര്ത്തനം നടപ്പിലാക്കി വരുന്നത്. ഇപ്പോള് 28,000 ബാലസഭകളിലായി 3.95 ലക്ഷം കുട്ടികള് അംഗങ്ങളാണ്. പാര്ലമെന്റ് നടപടിക്രമങ്ങള്, ഭരണസംവിധാനങ്ങള്, നിയമ നിര്മ്മാണം, ഭരണഘടനാ മൂല്യം തുടങ്ങിയ വിവിധ വിഷയങ്ങളില് അവബോധം സൃഷ്ടിക്കുകയും ലക്ഷ്യമാണ്.
 
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുമുള്ള ബാലസഭകളിലെ അംഗങ്ങളായ കുട്ടികളില് നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര് ചേരുന്ന ബാല പഞ്ചായത്തുകള് തദ്ദേശ സ്ഥാപനതലത്തില് സംഘടിപ്പിക്കുന്നു. ഓരോ ജില്ലയിലെയും ബാല പഞ്ചായത്തുകളില് നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരംഗം വീതം ഉള്പ്പെടുന്ന ജില്ലാ പാര്ലമെന്റുകള് ജില്ലാതലത്തിലും നടത്തുന്നു. ഓരോ ജില്ലയിലെയും ജില്ലാ പാര്ലമെന്റുകളില് നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വീതം കുട്ടികളാണ് (അഞ്ച് പെണ്കുട്ടികളും ആണ്കുട്ടികളും വീതം) സംസ്ഥാനതല ബാലപാര്ലമെന്റില് പങ്കെടുക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില് നിന്നുള്ള കുട്ടികളുടെ അവകാശങ്ങളും അവര് നേരിടുന്ന വെല്ലുവിളികളും ഈ സംവിധാനങ്ങള് മുഖേന ചര്ച്ച ചെയ്യുകയും രേഖകള് തയാറാക്കുകയും ചെയ്യുന്നു.
 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളില് ജില്ലാതല ബാല പാര്ലമെന്റുകള് സംഘടിപ്പിച്ചു കഴിഞ്ഞു. സംസ്ഥാനതല ബാല പാര്ലമെന്റ് അടുത്തമാസം ആദ്യം തിരുവനന്തപുരത്ത് സംഘടിപ്പിക്കും.

 

Content highlight
District Level Bala Parliament Sessions progressing in the stateen

സെപ്റ്റംബര്‍ ഒന്നു മുതല്‍ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ 1084 ഓണച്ചന്തകള്‍- മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു

Posted on Friday, August 26, 2022

കുടുംബശ്രീയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണചന്തകളുടെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാണിത്. 1070 സി.ഡി.എസ് തല ഓണം വിപണന മേളകളും പതിനാല് ജില്ലാതല മേളകളും ഉള്‍പ്പെടെ  സംസ്ഥാനത്ത് 1084 വിപണന മേളകള്‍ സംഘടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഓണം വിപണന മേളയുടെ തയ്യാറെടുപ്പുകള്‍, സംഘാടനം, സാമ്പത്തിക സഹായം എന്നിവ സംബന്ധിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
 
ഓണത്തോടനുബന്ധിച്ച് ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സി.ഡി.എസ്തല വിപണന മേളകള്‍ക്കാണ് ഈ വര്‍ഷം മുന്‍തൂക്കം നല്‍കുന്നത്. ഇതോടൊപ്പം ജില്ലാതല ഓണം വിപണന മേളകളും ഉണ്ടാകും. മൂന്നു മുതല്‍ അഞ്ചു ദിവസം വരെ ഓണച്ചന്തകള്‍ നടത്താനാണ് നിര്‍ദേശം. ഗ്രാമ സി.ഡി.എസുകള്‍ക്കൊപ്പം നഗര സി.ഡി.എസുകളും ഓണച്ചന്തകളുടെ സംഘാടനത്തില്‍ സജീവമാകും.

ഓണാഘോഷത്തിന് ന്യായവിലയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും ഒരുല്‍പന്നമെങ്കിലും വിപണന മേളകളില്‍ എത്തിച്ചു കൊണ്ട് സംരംഭകര്‍ക്ക് പരമാവധി വരുമാനം ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.ഓണം വിപണന മേളകള്‍ സംഘടിപ്പിക്കുന്നതിന്  ജില്ലാതലത്തില്‍ ഒരു ലക്ഷം രൂപയും നഗര സി.ഡി.എസ് കൂതലത്തില്‍ 15,000 രൂപയും ഗ്രാമപഞ്ചായത്ത്തലത്തില്‍ 12,000 രൂപ വീതവും കുടുംബശ്രീ നല്‍കും.
 
ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, മൈക്രോ എന്‍റര്‍പ്രൈസ് കണ്‍സള്‍ട്ടന്‍റ്മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയിലുള്ള എല്ലാ വ്യക്തിഗത-ഗ്രൂപ്പു സംരംഭകരുടെയും പൂര്‍ണ പങ്കാളിത്തവും  ഓണച്ചന്തയില്‍ ഉറപ്പാക്കും. ഓരോ സി.ഡി.എസിലും നേടുന്ന വിറ്റുവരവ് രേഖപ്പെടുത്തുന്നതിന് പ്രത്യേക ബില്ലിങ്ങ് സംവിധാനവും  ഏര്‍പ്പെടുത്തുന്നുണ്ട്. മാര്‍ഗ നിര്‍ദേശ പ്രകാരം  ഓണച്ചന്തകളുടെ ഫലപ്രദമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ മിഷനുകളുടെ തയ്യാറെടുപ്പ് യോഗങ്ങള്‍, സംഘാടക സമിതി രൂപീകരണം, സംരംഭക യോഗങ്ങള്‍ എന്നിവയും ഉടന്‍ പൂര്‍ത്തീകരിക്കും. കൂടാതെ ജില്ലകളില്‍ സപ്ളൈക്കോയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിപണന മേളകളിലും കുടുംബശ്രീ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും.  

Content highlight
Kudumbashree to set up 1084 Onam marketsen

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരം, അഞ്ചാം സീസണിന് തുടക്കം - സെപ്റ്റംബര്‍ 22 വരെ എന്‍ട്രികള്‍ അയയ്ക്കാം

Posted on Wednesday, August 24, 2022

കേരള സമൂഹത്തില്‍ അതിശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞിരി ക്കുന്ന സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ സംഘടിപ്പിക്കുന്ന 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ അഞ്ചാം സീസണിന് തുടക്കം. സെപ്റ്റംബര്‍ 22 ആണ് അവസാന തീയതി. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിലേക്ക് പരിഗണിക്കുക.

  കുടുംബശ്രീ അയല്‍ക്കൂട്ട യോഗങ്ങള്‍, അയല്‍ക്കൂട്ടാംഗങ്ങള്‍ നടത്തുന്ന വിവിധ സംരംഭ പ്രവര്‍ത്തനങ്ങളും കാര്‍ഷിക പ്രവര്‍ത്തനങ്ങളും, കുടുംബശ്രീ ബാലസഭകള്‍, ബഡ്സ് സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ആധാരമാക്കിയ ചിത്രങ്ങള്‍ എടുക്കാം.

  ഫോട്ടോകള്‍  kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തി ലേക്ക് അയച്ചു നല്‍കാം. ഫോട്ടോ പ്രിന്‍റുകളോ അല്ലെങ്കില്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാത്ത ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ സി.ഡി-യോ 'പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലേക്ക് അയച്ചു നല്‍കാം. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയി രിക്കണം.

  വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡ് ലഭിക്കും. കൂടാതെ പത്ത് പേര്‍ക്ക് 2000 രൂപവീതം പ്രോത്സാഹന സമ്മാനമായും ലഭിക്കും. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്‍റെ പൂര്‍ണ്ണരൂപം  www.kudumbashree.org/photography2022 എന്ന വെബ്സൈറ്റ് ലിങ്കില്‍ ലഭിക്കും.

 

pht

 

Content highlight
Kudumbashree oru nerchithram photography contest starts