വാര്‍ത്തകള്‍

കുടുംബശ്രീ 'ഫ്രെഷ് ബൈറ്റ്‌സ്' പദ്ധതിക്ക് തുടക്കം

Posted on Tuesday, August 27, 2024

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന 'ഫ്രെഷ് ബൈറ്റ്‌സ്' പദ്ധതി അയല്‍ക്കൂട്ട വനിതകള്‍ക്ക് സാമ്പത്തികാഭിവൃദ്ധി നേടാന്‍  സഹായകമാകുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.  തൃശൂരില്‍ കുടുംബശ്രീ ഫ്രഷ് ബൈറ്റ്‌സ് -പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രോഡക്ട് ലോഞ്ചും ഓഗസ്റ്റ് 26ന് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ അധ്യക്ഷത വഹിച്ചു.

 കൈപ്പുണ്യമാണ് കുടുംബശ്രീയുടെ കരുത്ത്. ജനകീയ ഹോട്ടല്‍, പ്രീമിയം കഫേ. ലഞ്ച്‌ബെല്‍ തുടങ്ങി നിരവധി പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നുണ്ട്. ഇത്തവണ ഓണത്തിന് കേരളത്തില്‍ എല്ലായിടത്തും കുടുംബശ്രീയുടെ ഫ്രെഷ് ബൈറ്റ്‌സ് എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ചിപ്‌സും ശര്‍ക്കരവരട്ടിയും എത്തും. ഏതൊരു കോര്‍പ്പറേറ്റിനോടും കിടപിടിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ബ്രാന്‍ഡിംഗും മിതമായ വിലയുമാണ് ഉല്‍പന്നത്തിനുളളത്. ഓണവിപണി ലക്ഷ്യമിട്ട് 12000 ഏക്കറില്‍ പച്ചക്കറി കൃഷി നടത്തുന്നു. ഇതിലൂടെ മൂന്നു ലക്ഷത്തിലധികം വനിതാ കര്‍ഷകര്‍ക്ക് ഉപജീവനം ലഭിക്കുന്നുണ്ട്. കൂടാതെ 1500 ഹെക്ടറില്‍ പൂക്കൃഷിയും നടത്തുന്നു. ജനകീയ ഹോട്ടലുകള്‍ നടത്തുന്ന സംരംഭകര്‍ക്ക് സബ്‌സിഡി നിരക്കില്‍ അരി, കൂടാതെ വെള്ളം, വൈദ്യുതി, കെട്ടിടം എന്നിവ ലഭ്യമാക്കുന്നത് കൂടാതെ ഓരോ ജനകീയ ഹോട്ടലിനും ശരാശരി 16 ലക്ഷം രൂപ സബ്‌സിഡിയും നല്‍കാന്‍ കഴിഞ്ഞു. സംരംഭരെ സഹായിക്കുന്നതിനായി വളരെ ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തുന്നത്. വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി കെ-ലിഫ്റ്റ് (കുടുംബശ്രീ ലൈവ്‌ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍)  പദ്ധതി വഴി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നു ലക്ഷം പേര്‍ക്ക് ഉപജീവന മാര്‍ഗം ലഭ്യമാക്കും. ഇതില്‍ 70,000 പേര്‍ക്ക് തൊഴില്‍ ലഭ്യമായി കഴിഞ്ഞു. സാധാരണക്കാരായ സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും നേടാന്‍ അവസരമൊരുക്കി അവരെ സ്വന്തം കാലില്‍ നില്‍ക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം തുറന്നു കൊടുത്തത് കുടുംബശ്രീയാണ്.

വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഓരോ കുടുംബത്തിനും ആവശ്യമായ മൈക്രോ പ്‌ളാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്നുണ്ട്. കൂടാതെ സംസ്ഥാനമൊട്ടാകെയുള്ള കുടുംബശ്രീ അംഗങ്ങളില്‍ നിന്നു സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 29ന് കൈമാറും. സമ്പൂര്‍ണ പുനരധിവാസത്തിന് ലോകത്തിന് മാതൃകയായി കേരളം മാറുമ്പോള്‍ അതിലും കുടുംബശ്രീയുടെ മുദ്രയുണ്ടായിരിക്കുമെന്നു പറഞ്ഞ മന്ത്രി കേരളത്തിലെ സ്ത്രീജീവിതങ്ങളുടെ വിധിവാക്യങ്ങള്‍ തിരുത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും വ്യക്തമാക്കി. 

 ഓണത്തിന് എല്ലാ കുടുംബങ്ങളിലേക്കും കുടുംബശ്രീയുടെ ബ്രാന്‍ഡഡ് ചിപ്‌സും ചിപ്‌സും ശര്‍ക്കരവരട്ടിയും  അതത് ക്‌ളസ്റ്ററുകള്‍ വഴി എത്തുമെന്നത് ഏറെ സന്തോഷകരമാണെന്നും അതിലൂടെ നിരവധി വനിതകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നതില്‍ അഭിമാനമുണ്ടെന്നും റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി അഡ്വ.അഡ്വ. കെ.രാജന്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ നഗരസഭയുടെ സംഭാവനയായി 25 ലക്ഷം രൂപ ഗുരുവായൂര്‍ നഗരസഭാധ്യക്ഷനും മുനിസിപ്പല്‍ ചേമ്പര്‍ അസോസിയേഷന്‍ അധ്യക്ഷനുമായ  എം. കൃഷ്ണദാസ് മന്ത്രി എം.ബി രാജേഷിന് കൈമാറി. ഫ്രഷ് ബൈറ്റ്‌സ് കവര്‍ ഡിസൈന്‍ ചെയ്ത ടീം ബ്രാന്‍ഡിസം സഹ സ്ഥാപകന്‍ സിജു രാജനെ മന്ത്രി ആദരിച്ചു. 


ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റെജീന ടി.എം സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്രീകാന്ത് എ.എസ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് മുഖ്യാതിഥിയായി.  ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ബസന്ത് ലാല്‍ എസ്, തൃശൂര്‍ കോര്‍പ്പറേഷന്‍ ഒന്ന്, രണ്ട് സി.ഡി.എസ് അധ്യക്ഷമാരായ സത്യഭാമ വിജയന്‍, റെജുലകൃഷ്ണകുമാര്‍, കറി പൗഡര്‍ കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഓമന കെ.എന്‍, കുടുംബശ്രീ ഫുഡ് പ്രോസസിങ്ങ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് ക്‌ളസറ്റര്‍ പ്രസിഡന്റ് സ്മിത സത്യദേവ് എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ഡോ.ഷാനവാസ് നന്ദി പറഞ്ഞു. കുടുംബശ്രീ ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാര്‍, ബ്‌ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍, അക്കൗണ്ടന്റ്മാര്‍ എന്നിവര്‍ പങ്കെടുത്തു. 

 

sda

 

Content highlight
kudumbashree fresh bites projet inaguration

ഹാപ്പി കേരളം-ഹാപ്പിനെസ് സെന്‍റര്‍: ലോഗോ പ്രകാശനം ചെയ്തു

Posted on Monday, August 26, 2024

കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്തുന്നതു ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഹാപ്പി കേരളം-ഹാപ്പിനെസ് സെന്‍റര്‍' പദ്ധതിയുടെ ലോഗോ പ്രകാശനം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക് നിര്‍വഹിച്ചു.

കുടുംബശ്രീ സംസ്ഥാന മിഷനില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ കെ.എസ് ബിന്ദു, ചീഫ് ഫിനാന്‍സ് ഓഫീസര്‍ എം.ഗീത, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ്, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.ബി ശ്രീജിത്ത്, ശ്രീകാന്ത് എ.എസ്, മേഘ മേരി കോശി, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ നവീന്‍ സി എന്നിവര്‍ സംബന്ധിച്ചു.  

 

hppy krlm

Content highlight
happy keralam logo released

ഹാപ്പി കേരളം – ഹാപ്പിനെസ് സെന്‍റര്‍ ; വിപുലമായ മുന്നൊരുക്കങ്ങളുമായി കുടുംബശ്രീ

Posted on Friday, August 23, 2024

കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്തുന്നതു ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഹാപ്പിനെസ് സെന്‍റര്‍’ പദ്ധതിയുടെ ഭാഗമായി പരിശീലകര്‍ക്കു വേണ്ടിയുള്ള ത്രിദിന സംസ്ഥാനതല പരിശീലന പരിപാടി ആഗസ്റ്റ് 28, 29, 30 തീയതികളിലായി നടക്കും.  ‘ഹാപ്പി കേരളം’ എന്ന ആശയത്തെ മുന്‍നിര്‍ത്തി രൂപീകരിച്ച പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ 154 മാതൃകാ സി.ഡി.എസുകളില്‍ ഹാപ്പിനെസ്സ് സെന്‍ററുകള്‍ ആരംഭിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായാണ് പരിശീലന പരിപാടി. ഇതുമായി ബന്ധപ്പെട്ട ആസൂത്രണ ശില്‍പശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പരിശീലന മൊഡ്യൂള്‍, പദ്ധതിയുമായി ബന്ധപ്പെട്ട മാര്‍ഗരേഖ, കുടുംബങ്ങളില്‍ സര്‍വേ നടത്തുന്നതിനാവശ്യമായ മാതൃക എന്നിവയും തയ്യാറായി.
രണ്ടു മേഖലകളായി തിരിച്ചു കൊണ്ടാണ് പരിശീലനം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകള്‍ ദക്ഷിണ മേഖലയിലും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ ഉത്തരമേഖലയിലും ഉള്‍പ്പെടും.  മേഖലാതല ഉദ്ഘാടനം കൊല്ലത്തും കോഴിക്കോട്ടുമാണ് സംഘടിപ്പിക്കുക. സംസ്ഥാനതല പരിശീലനത്തിനായി ഓരോ ജില്ലയില്‍ നിന്നും പത്തു പേര്‍ വീതം ആകെ 140 പേരെ  തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ നിന്നും 70 പേര്‍ വീതമാണ് മേഖലാതല പരിശീലനത്തില്‍ പങ്കെടുക്കുക. വിവിധ മേഖലകളിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാര്‍ മുഖേനയാണ് പരിശീലനം.

പരിശീലനം ലഭ്യമായവര്‍ പിന്നീട് ജില്ലാ സി.ഡി.എസ് എ.ഡി.എസ്തലത്തില്‍  ഹാപ്പിനെസ് ഫോറങ്ങള്‍’ രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങളിലും പങ്കാളിത്തം വഹിക്കും. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രതിനിധികളും തദ്ദേശ സ്ഥാപന പ്രതിനിധികളും ഉള്‍പ്പെടുത്തിയാണ് ഹാപ്പിനെസ് ഫോറം രൂപീകരിക്കുക. ഓരോ വാര്‍ഡിലും പത്തു മുതല്‍ നാല്‍പ്പതു വരെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തില്‍ ‘ഇട’ങ്ങളും രൂപീകരിക്കും. പൊതു സമൂഹത്തിലെ എല്ലാ കുടുംബങ്ങളും ഇതിലുണ്ടാകും. ഓരോ കുടുംബത്തിനും ആവശ്യമായ സന്തോഷ സൂചിക കണ്ടെത്തുന്നതിനുളള കുടുംബാധിഷ്ഠിത സൂക്ഷ്മതല പദ്ധതി തയ്യാറാക്കുന്നത് വാര്‍ഡുതലത്തില്‍ രൂപീകരിക്കുന്ന ഈ ‘ഇട’ങ്ങളിലായിരിക്കും. ഓരോ കുടുംബത്തിനുമുള്ള സൂക്ഷ്മതല പദ്ധതി തയ്യാറാക്കുന്നതിനാവശ്യമായ വിവരശേഖരണത്തിനും  പദ്ധതി നിര്‍വഹണത്തിനും പ്രായോഗിക തലത്തില്‍ ഉണ്ടാകുന്ന വെല്ലുവിളികളും സാധ്യതകളും മനസിലാക്കുന്നതിനായി നേരത്തെ ട്രയലും സംഘടിപ്പിച്ചിരുന്നു. ഇതു വഴി ലഭിച്ച നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പരിശീലന മൊഡ്യൂളിന്‍റെ അന്തിമ രൂപം തയ്യാറാക്കിയത്.

‘ഹാപ്പി കേരളം’ പദ്ധതിയുടെ ഭാഗമായാണ് ‘ഹാപ്പിനെസ് സെന്‍ററുകള്‍’ നടപ്പാക്കുന്നത്. സമൃദ്ധിയില്‍ അധിഷ്ഠിതമായ വിവിധ സന്തോഷ സൂചകങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്ര വികസന രേഖയാണ് പദ്ധതി നിര്‍വഹണത്തിനായി കുടുംബശ്രീ മുന്നോട്ടു വയ്ക്കുക.  കുടുംബങ്ങളുടെ സന്തോഷത്തിന് ആധാരമായ വരുമാനം, ആരോഗ്യം, ലിംഗനീതി, തുല്യത എന്നിവ പദ്ധതി വഴി ഉറപ്പാക്കുകയാണ് ലക്ഷ്യം. കേരളത്തിന്‍റെ സാമൂഹിക സാഹചര്യത്തിന് അനുസൃതമായ രീതിയില്‍ സന്തോഷത്തെ നിര്‍വചിക്കുന്നതിനുളള സമഗ്ര സമീപനമാകും കുടുംബശ്രീ ഇക്കാര്യത്തില്‍ സ്വീകരിക്കുക. സംസ്ഥാനതല പരിശീലന പരിപാടി പൂര്‍ത്തിയാകുന്നതോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനാണ് തീരുമാനം.  

ഫലപ്രദമായ പദ്ധതി നടത്തിപ്പിന് സംസ്ഥാന ജില്ലാ സി.ഡി.എസ്, എ.ഡി.എസ്തലത്തില്‍ റിസോഴ്സ് ഗ്രൂപ്പുകളും രൂപീകരിക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും വിലയിരുത്താനും വിവിധ വകുപ്പുകളുടെയും കുടുംബശ്രീയുടെയും പ്രതിനിധികള്‍, വിഷയ വിദഗ്ധര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട മോണിട്ടറിങ്ങ് ടീമും രൂപീകരിക്കും.  പദ്ധതി നടത്തിപ്പില്‍ തദ്ദേശ വകുപ്പ് മുഖ്യപങ്കാളിത്തം വഹിക്കും.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത്,  ഡോ.ശ്രീലേഖ ടി.ജെ,  ഡോ.റസീന പത്മം,  യു.എന്‍.വേള്‍ഡ് ഫുഡ് പ്രോഗ്രാം ന്യൂട്രീഷന്‍ ഡിവിഷന്‍ സീനിയര്‍ പ്രോഗ്രാം അസോസിയേറ്റ് റാഫി. പി,  ബൈജു കുമാര്‍ ആര്‍.എസ്, പോഷകാഹാര വിദഗ്ധരായ ശുഭശ്രീ, സുനിത, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ കൃഷ്ണകുമാരി, പ്രീത ജി. നായര്‍, ഫെബി, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ബീന,  നിഷിത, സ്നേഹിത പ്രതിനിധികളായ ഡോ.ഉണ്ണിമോള്‍, അനു എന്നിവര്‍ ആസൂത്രണ ശില്‍പശാലയില്‍ പങ്കെടുത്തു.

 

 

Content highlight
happiness centre workkshop held

ബഡ്‌സ് ദിനം ആചരിച്ച് പരിശീലനാർത്ഥികൾ

Posted on Friday, August 23, 2024

ഓഗസ്റ്റ് 16-ലെ ബഡ്‌സ് ദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികള്‍ ആഘോഷമാക്കി. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയോജിച്ച് നടത്തുന്നതാണ് ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളും (18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി). 

2004-ല്‍ സംസ്ഥാനത്തെ ആദ്യ ബഡ്‌സ് സ്‌കൂള്‍ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ദിനമാണ് ഓഗസ്റ്റ് 16. ബഡ്സ് സ്ഥാപനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക, പരിശീലനാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വളര്‍ത്തിക്കൊണ്ടുവരിക, ബഡ്‌സ് സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ഉള്‍ച്ചേര്‍ക്കുക, രക്ഷിതാക്കള്‍ക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളും ബഡ്‌സ് ദിനം ആഘോഷിക്കുന്നതിന് പിന്നിലുണ്ട്. 

ബഡ്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി ബഡ്‌സ് വാരാചരണവും സംഘടിപ്പിച്ചിരുന്നു. സ്ഥാപനങ്ങളിലേക്ക് എത്താന്‍ കഴിയാത്ത സഹ പരിശീലനാര്‍ത്ഥികളുടെ വീടുകളിലേക്ക് ഭവനസന്ദര്‍ശം, രക്ഷാകര്‍ത്താക്കള്‍ക്കുള്ള ബോധവത്ക്കരണം, പൊതുഇട സന്ദര്‍ശനം, സിനിമാ പ്രദര്‍ശനം, വിനോദയാത്ര, കലാപരിപാടികള്‍ എന്നിങ്ങനെ നിരവധി പരിപാടികളാണ് വിവിധ ബഡ്‌സ് സ്ഥാപനങ്ങള്‍ ബഡ്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. നിലവിലുള്ള 361 സ്ഥാപനങ്ങളിലായി (ബഡ്‌സ് സ്‌കൂളുകളും ബി.ആര്‍.സികളും) 11847 പരിശീലനാര്‍ത്ഥികളുണ്ട്.

 

sdf

Content highlight
buds day celebrated

സംസ്ഥാന കര്‍ഷക പുരസ്‌ക്കാരം - കുടുംബശ്രീക്ക് അഭിമാനമായി അയല്‍ക്കൂട്ടാംഗം കെ. ബിന്ദുവും തിരുനെല്ലിയിലെ ബഡ്‌സ് പാരഡൈസ് സ്‌കൂളും

Posted on Thursday, August 15, 2024
കൃഷി വകുപ്പിന്റെ 2023ലെ കര്‍ഷക പുരസ്‌ക്കാരങ്ങളില്‍ കുടുംബശ്രീക്ക് അഭിമാനനേട്ടം. കേരളത്തിലെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള കര്‍ഷകതിലകം പുരസ്‌ക്കാരം കണ്ണൂരിലെ പട്ടുവം സി.ഡി.എസിന് കീഴിലുള്ള ഹരിത ജെ.എല്‍.ജി അംഗമായ കെ. ബിന്ദുവിനാണ്. അതേസമയം മികച്ച കാര്‍ഷിക വിദ്യാലയത്തിനുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ വിഭാഗം പുരസ്‌ക്കാരം വയനാട്ടിലെ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ ബഡ്‌സ് പാരഡൈസ് സ്‌കൂളും സ്വന്തമാക്കി.
 
26 ഏക്കറില്‍ നെല്ല്, പൂക്കള്‍, മഞ്ഞള്‍, ഇഞ്ചി, പച്ചക്കറി, എള്ള്, ചെറുപയര്‍ തുടങ്ങിയ നിരവധി വിളകളാണ് ബിന്ദു കൃഷി ചെയ്തുവരുന്നത്. മംഗലശ്ശേരി കാക്കവാണി വീട്ടിലെ ബിന്ദു 25 വര്‍ഷങ്ങളായി കാര്‍ഷിക മേഖലയില്‍ സജീവമാണ്. കാര്‍ഷിക യന്ത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ കുടുംബശ്രീ അംഗങ്ങളെ ബിന്ദു പരിശീലിപ്പിക്കുകയും ചെയ്യുന്നു.
 
കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെയും മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് പാരഡൈസ് സ്‌കൂളില്‍ വിഭിന്ന ശേഷിക്കാരായ 40 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. കുടുംബശ്രീ സംസ്ഥാന മിഷന്‍ ബഡ്‌സ് പരിശീലനാര്‍ത്ഥികളുടെ മാനസിക, ശാരീരിക വളര്‍ച്ചയ്ക്ക് വേണ്ടി നടപ്പിലാക്കിയ അഗ്രി തെറാപ്പിയുടെ ഭാഗമായി ഒരേക്കറോളം സ്ഥലത്ത് ഒരുക്കിയ കൃഷിയാണ് സ്‌കൂളിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. കീസ്റ്റോണ്‍ ഫൗണ്ടേഷന്റെ സഹായവും പച്ചക്കറിത്തോട്ടമൊരുക്കാനുണ്ടായിരുന്നു. തിരുനെല്ലി കൃഷി ഭവന്‍ മേല്‍നോട്ടവും നടത്തി.
 
കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ തക്കാളി, വഴുതനങ്ങ, കോളിഫ്‌ളവര്‍, ക്യാബേജ്, പയറുവര്‍ഗങ്ങള്‍, ചീര, ചേമ്പ്, ചേന, കപ്പ, വാഴ, കോവല്‍, പച്ചമുളക്, കാന്താരി, കാച്ചില്‍ എന്നീ വിളകളും മുളവര്‍ഗ്ഗങ്ങളുമെല്ലാമാണ് കൃഷി.
 
karshaka award

 

Content highlight
Kerala State Farms Award 2023 : Proud Achievement for Kudumbashree NHG member Bindu & BUDS Paradise School of Thirunelly

തദ്ദേശീയ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഉപജീവന സാധ്യതകള്‍ തുറന്ന് കുടുംബശ്രീ 'പുനര്‍ജീവനം' സംരംഭകത്വ വികസന പരിശീലന പരിപാടിക്ക് സമാപനം

Posted on Thursday, August 15, 2024

തദ്ദേശീയ മേഖലയിലെ വനിതാ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച ഉപജീവന സാധ്യതകള്‍ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയും കേന്ദ്ര കിഴങ്ങുവിള കേന്ദ്രവും സംയുക്തമായി അട്ടപ്പാടി ഷോളയൂര്‍ നിര്‍വാണ ഹോളിസ്റ്റിക് ലിവിങ്ങ് സെന്‍ററില്‍ മൂന്നു ദിവസമായി സംഘടിപ്പിച്ച 'പുനര്‍ജീവനം'- സംരംഭകത്വ വികസന പരിശീലന  ശില്‍പശാല സമാപിച്ചു. വരുമാനദായകവിളയായ സമ്പൂഷ്ടീകരിച്ച മധുരക്കിഴങ്ങ് ഇനങ്ങളുടെ കൃഷി രീതികളും വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിലുമാണ് പരിശീലനം നല്‍കിയത്.

കൃഷിയിലും അനുബന്ധമേഖലകളിലും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ സഹായകമാകുന്ന രീതിയിലായിരുന്നു പരിശീലനം. പരിശീലനാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മനസിലാക്കി അതിനനുസൃതമായ രീതിയിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. അധികം മുതല്‍ മുടക്കില്ലാതെ മെച്ചപ്പെട്ട ആദായം ലഭിക്കുന്ന മധുരക്കിഴങ്ങ് ഇനങ്ങളുടെ കൃഷിയും മധുരക്കിഴങ്ങില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണവം  ലഘുഭക്ഷണങ്ങളും മറ്റുല്‍പ്പന്നങ്ങളും, ബേക്ക്ഡ് ഉല്‍പന്നങ്ങള്‍, ചെറുധാന്യങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണം, വിള പരിപാലനം, ജൈവ ഫെര്‍ട്ടിഗേഷന്‍ എന്നിവയില്‍ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം നല്‍കി. കൂടാതെ കര്‍ഷകര്‍ക്ക് സഹായകമാകുന്ന വിവിധ പദ്ധതികളെയും ശില്‍പശാലയില്‍ പരിചയപ്പെടുത്തി.

'ചെറുധാന്യങ്ങള്‍,  വാഴപ്പഴം എന്നിവയില്‍ നിന്നുളള മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണം',  എന്ന വിഷയത്തില്‍ കായംകുളം കൃഷിവിജ്ഞാന കേന്ദ്രം സബ്ജെക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ.ജിസി ജോര്‍ജ് ക്ളാസ് നയിച്ചു. കൂടാതെ ചെറുധാന്യങ്ങള്‍ കൊണ്ട്  ഹെല്‍ത്ത് മിക്സ്, സ്പൈസി കുക്കീസ്, സ്വീറ്റ് കുക്കീസ്, കഞ്ഞി മിക്സ്, ഉപ്പുമാവ് മിക്സ് എന്നിങ്ങനെ അഞ്ച് പോഷക ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നതും അവതരിപ്പിച്ചു. 'ഉപജീവനത്തിലൂടെ സ്ത്രീശാക്തീകരണം, വനിതാ സംരംഭകരുടെ വിജയഗാഥകള്‍' എന്ന വിഷയത്തില്‍ കൊല്ലം ജില്ലയില്‍ പുനലൂരില്‍ നിന്നുള്ള കുടുംബശ്രീ സംരംഭകയായ അശ്വതി സംരംഭ വഴികളിലെ തന്‍റെ വിജയാനുഭവ കഥകള്‍ പങ്കു വച്ചു.

പുനര്‍ജീവനം പദ്ധതിയുടെ ഭാഗമായി ഇനി മുതല്‍ ഓരോ ജില്ലയിലും വനിതാ കര്‍ഷകര്‍ക്കായി വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശ്യം. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവുമായും അതത് കൃഷി വിജ്ഞാന്‍ കേന്ദ്രവുമായും സഹകരിച്ചു കൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ഷാനവാസ്, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ രമ്യ രാജപ്പന്‍ എന്നിവര്‍ ത്രിദിന ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.

 

pnrjvnm

 

Content highlight
First Training Programme of Kudumbashree 'Punarjeevanam' concluded

സ്വാതന്ത്ര്യദിന പരേഡില്‍ അതിഥികളാകാന്‍ കുടുംബശ്രീ അംഗങ്ങള്‍ ഡല്‍ഹിയില്‍

Posted on Wednesday, August 14, 2024
നാളെ, ഓഗസ്റ്റ് 15ന് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ ക്ഷണിക്കപ്പെട്ട അതിഥികളായി പങ്കെടുക്കാന്‍ നാല് കുടുംബശ്രീ അംഗങ്ങള്‍ ഡല്‍ഹിയില്‍. തൃശ്ശൂര്‍ സ്വദേശിനി സൗമ്യ ബിജു, എറണാകുളം സ്വദേശിനി നതാഷ ബാബുരാജ്, പാലക്കാട് സ്വദേശിനി ശ്രീവിദ്യ. ആര്‍, കാസര്‍ഗോഡുകാരി സില്‍ന കെ.വി എന്നിവരാണ് ഇന്നലെ രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നത്.
 
ഒരു ലക്ഷം വാര്‍ഷിക വരുമാനം സ്വന്തമാക്കുന്ന 'ലാക്പതി ദീദി', ഡ്രോണ്‍ പരിശീലനം നേടിയ 'ഡ്രോണ്‍ ദീദി' വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ക്ക് വീതമാണ് ഈ അവസരം നല്‍കിയത്. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ക്ഷണപ്രകാരമാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്.
 
വരന്തരപ്പള്ളി പുതിയമഠത്ത് വീട്ടിലെ സൗമ്യയുടെ പ്രധാന വരുമാന മാര്‍ഗ്ഗം പച്ചക്കറികൃഷിയും പശു, ആട് വളര്‍ത്തല്‍ എന്നിവയുമാണ്. ജീവ അയല്‍ക്കൂട്ടാംഗമാണ് സൗമ്യ. കൂണ്‍ കൃഷിയും തേങ്ങയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണവുമാണ് എടക്കാട്ടുവയലിലെ ഇടപ്പറമ്പില്‍ വീട്ടിലെ നതാഷ ബാബുരാജിന്റെ ഉപജീവന മാര്‍ഗ്ഗം. കീര്‍ത്തി മഷ്‌റൂം എന്ന സംരംഭമാണ് നതാഷയുടേത്. ഇരുവരും 'ലാക്പതി ദീദി' വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.
 
അതേസമയം കിഴക്കേത്തറ അടിച്ചിറത്തില്‍ ശ്രീവിദ്യയും കാഞ്ഞങ്ങാട് മാണികോത്ത് സില്‍നയും ഡ്രോണ്‍ ദീദി പരിശീലനം നേടിയവരാണ്. അഹല്യ അയല്‍ക്കൂട്ടാംഗമായ ശ്രീവിദ്യയും ജ്വാല അയല്‍ക്കൂട്ടാംഗമായ സില്‍നയും വിദഗ്ധ പരിശീലനം നേടി ഡ്രോണ്‍ ലൈസന്‍സ് സ്വന്തമാക്കിയവരുമാണ്. കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഡ്രോണ്‍ ദീദിമാര്‍ ചെയ്യുന്നത്.
നാല് അയല്‍ക്കൂട്ടാംഗങ്ങളും അവരുടെ പങ്കാളികളും കുടുംബശ്രീ സ്‌റ്റേറ്റ് മിഷന്‍ പ്രോഗ്രാം മനേജരായ ഡോ. ഷമീന പി.എന്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ചിഞ്ചു ഷാജ് എന്നിവരുള്‍പ്പെട്ട സംഘം സ്വാതന്ത്ര്യദിന പരേഡിന്റെ ഭാഗമാകും.
 
 
hjh

 

Content highlight
സ്വാതന്ത്ര്യദിന പരേഡില്‍ അതിഥികളാകാന്‍ കുടുംബശ്രീ അംഗങ്ങള്‍ ഡല്‍ഹിയില്‍

'പുനര്‍ജീവനം'- കുടുംബശ്രീയുടെ കാര്‍ഷിക മേഖലയിലെ സംരംഭകത്വ പരിശീലന പരമ്പരയ്ക്ക് തുടക്കം

Posted on Tuesday, August 13, 2024

കൃഷിയിലും അനുബന്ധമേഖലകളിലും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ സഹായകമാകുന്ന പദ്ധതിയാണ് പുനര്‍ജീവനമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയും കേന്ദ്ര കിഴങ്ങുവിള കേന്ദ്രവും സംയുക്തമായി അട്ടപ്പാടി ഷോളയൂര്‍ നിര്‍വാണ ഹോളിസ്റ്റിക് ലിവിങ്ങ് സെന്‍ററില്‍ സംഘടിപ്പിക്കുന്ന 'പുനര്‍ജീവനം'- സംരംഭകത്വ വികസന പരിശീലന പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയിലെ ഉപജീവന സാധ്യതകള്‍ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മുഖേന കേരളത്തിലുടനീളം ആരംഭിക്കുന്ന സംരംഭകത്വ വികസന പരിശീലന പരമ്പരയാണ് പുനര്‍ജീവനമെന്നും മന്ത്രി പറഞ്ഞു.


തദ്ദേശീയ ജനവിഭാഗത്തിന്‍റെ പോഷകാഹാര കുറവ് പരിഹരിക്കുന്നതോടൊപ്പം നൂതന സംരംഭങ്ങള്‍ രൂപീകരിച്ചു കൊണ്ട് മികച്ച വരുമാനലഭ്യതയ്ക്ക് വഴിയൊരുക്കുക എന്നതാണ് കുടുംബശ്രീയുടെ ഈ വര്‍ഷത്തെ മുഖ്യ പ്രവര്‍ത്തനങ്ങളിലൊന്ന്. ഇതിനായി സംഘടിപ്പിക്കുന്ന പരിശീലന പരമ്പരയിലെ ആദ്യശില്‍പശാലയാണ് അട്ടപ്പാടിയിലേത്.
 
പരിശീലനാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മനസിലാക്കി അതിനനുസൃതമായ രീതിയിലാണ് ശില്‍പശാലയുടെ സംഘാടനം. മികച്ച വരുമാനദായകവിളയായ സമ്പൂഷ്ടീകരിച്ച മധുരക്കിഴങ്ങ് ഇനങ്ങളും അവയുടെകൃഷി രീതിയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ശില്‍പശാലയില്‍ പരിചയപ്പെടുത്തും. കൂടാതെ അട്ടപ്പാടിയില്‍ പരമ്പരാഗതമായി കൃഷി ചെയ്യുന്ന ചെറുധാന്യങ്ങളും മറ്റു വിളകളും ഉള്‍പ്പെടുത്തി മധുരക്കിഴങ്ങ് അടിസ്ഥാനമാക്കിയ പോഷക സമ്പുഷ്ടമായ ആഹാരക്രമം എന്ന ആശയം വികസിപ്പിക്കുന്നതിനും ശില്‍പശാലയിലൂടെ ലക്ഷ്യമിടുന്നു. മധുരക്കിഴങ്ങ് ഇനങ്ങളുടെ കൃഷി, മധുരക്കിഴങ്ങില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണം, ലഘുഭക്ഷണങ്ങളും മറ്റുല്‍പ്പന്നങ്ങളും, ബേക്ക്ഡ് ഉല്‍പന്നങ്ങള്‍, ചെറുധാന്യങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണം, വിള പരിപാലനം, ജൈവ ഫെര്‍ട്ടിഗേഷന്‍ എന്നിവയില്‍ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം നല്‍കും. കൂടാതെ ഉപജീവന മേഖലയില്‍ ലഭ്യമായ മറ്റു പദ്ധതികള്‍ സംരംഭങ്ങള്‍  തുടങ്ങുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ എന്നിവ സംബന്ധിച്ചുളള വിവരങ്ങളും ശില്‍പശാലയില്‍ ലഭിക്കും.

കര്‍ഷകരുടെയും സംരംഭകരുടെയും നൈപുണ്യവികസനത്തിന് ഈ വര്‍ഷം മുതല്‍ കൂടുതല്‍ ഊന്നല്‍ നല്‍കും. ഇതിന്‍റെ ഭാഗമായി പരിശീലനാര്‍ത്ഥികള്‍ക്കായി പോഷകാഹാര തോട്ടങ്ങള്‍, കര്‍ഷക ബിസിനസ് സ്കൂളുകള്‍, ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക പഠനയാത്രകള്‍ എന്നീ തുടര്‍പ്രവര്‍ത്തനങ്ങളും പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ട്. ഇപ്രകാരം വര്‍ഷം മുഴുവന്‍ തുടര്‍പരിശീലനങ്ങളും പിന്തുണയും നല്‍കുന്നതുവഴി കാര്‍ഷിക ഉപജീവന മേഖലയില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.  

പാലക്കാട് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍-കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.ജി.ബൈജു മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ഷാനവാസ് പദ്ധതി വിശദീകരിച്ചു. ഷോളയൂര്‍ സി.ഡി.എസ് അധ്യക്ഷ സ്മിത, അഗളി പഞ്ചായത്ത് സമിതി പ്രസിഡന്‍റ് സരസ്വതി മുത്തുകുമാര്‍, പുതൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്‍റ് തുളസി, ഷോളയൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്‍റ് സലീന ഷണ്‍മുഖം, കുറുമ്പ പഞ്ചായത്ത് സമിതി പ്രസിഡന്‍റ് അനിത എന്നിവര്‍. അഗളി സി.ഡി.എസ് അധ്യക്ഷ ഉഷാകുമാരി എന്നിവര്‍ ആശംസിച്ചു.  മധുരക്കിഴങ്ങിന്‍റെ തൈകള്‍, ജൈവകീടനാശിനികള്‍, ജൈവക്യാപ്സൂള്‍ എന്നിവ വിവിധ പഞ്ചായത്ത് സമിതി പ്രസിഡന്‍റ്മാര്‍ക്ക് നല്‍കി.

'സുസ്ഥിര ഉപജീവനത്തിനായി കിഴങ്ങ് വിളകള്‍', 'കിഴങ്ങ് വിളകളിലെ കീടരോഗ നിയന്ത്രണം', 'കിഴങ്ങ് വിളയിലെ മൂല്യവര്‍ധനവും സംരംഭ സാധ്യതകളും', 'റെയിന്‍ബോ ഡയറ്റ് ക്യാമ്പയിന്‍-പ്രൊജക്ട് അനുഭവപാഠങ്ങള്‍', എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ.ജി സുജ, ഡോ.എച്ച്.കേശവ കുമാര്‍, ഡോ.എം.എസ് സജീവ്, ഡോ.പി.എസ് ശിവകുമാര്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.  

 അട്ടപ്പാടി പ്രത്യേക പദ്ധതി അസിസ്റ്റന്‍റ് പ്രോജക്ട് ഓഫീസര്‍  മനോജ് ബി.എസ് സ്വാഗതവും  അട്ടപ്പാടി പ്രത്യേക പദ്ധതി ഫാം ലൈവ്ലിഹുഡ് കോര്‍ഡിനേറ്റര്‍ അഖില്‍ സോമന്‍  നന്ദിയും പറഞ്ഞു. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, അട്ടപ്പാടിയിലെ  കര്‍ഷകര്‍, സംരംഭകര്‍ എന്നിവര്‍ ഉള്‍പ്പെടെ മുന്നൂറോളം പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.  

 

hhhh

 

jg

 

Content highlight
'Punarjeevanam' - Kudumbashree's Entrepreneurship Development Series to revive the livelihood opportunities in agricultural sector launched

'ഞങ്ങളുമുണ്ട് കൂടെ' ദുരിതമുഖത്ത് വയനാടിനു കരുതലേകാന്‍, സംസ്ഥാനതല ക്യാമ്പയിനുമായി കുടുംബശ്രീ

Posted on Saturday, August 10, 2024

ഉരുള്‍പൊട്ടലിന്‍റെ ദുരിതമുഖത്തു നിന്നും വയനാടിന് കരുതലേകാന്‍ 'ഞങ്ങളുമുണ്ട് കൂടെ' സംസ്ഥാനതല ക്യാമ്പയിനുമായി കുടുംബശ്രീയും. വയനാടിന്‍റെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധന സമാഹരണത്തിനായി ഓഗസ്റ്റ് 10,11 തീയതികളില്‍ സംസ്ഥാനത്ത് പ്രത്യേക അയല്‍ക്കൂട്ട, ഓക്സലറി ഗ്രൂപ്പ് യോഗങ്ങള്‍  ചേരും.  

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം വഴി സമാഹരിക്കുന്ന മുഴുവന്‍ തുകയും ഓഗസ്റ്റ് 14ന് സംസ്ഥാനമിഷനിലെത്തിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതു കൂടാതെ കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷന്‍ ജീവനക്കാര്‍, വിവിധ പിന്തുണാ സംവിധാനങ്ങള്‍, വിവിധ ഏജന്‍സികള്‍  എന്നിവ മുഖന ലഭിക്കുന്ന തുകയും സംസ്ഥാനമിഷന്‍റെ അക്കൗണ്ടിലേക്ക് നല്‍കും. ധനസമാഹരണത്തിന് ആരെയും നിര്‍ബന്ധിക്കില്ല.

ഓഗസ്റ്റ് 12ന് അയല്‍ക്കൂട്ട ഓക്സിലറി ഗ്രൂപ്പുകളില്‍ നിന്നും ദുരിതാശാസ നിധിയിലേക്കായി സമാഹരിക്കുന്ന മുഴുവന്‍ തുകയും അന്നു തന്നെ എ.ഡി.എസുകള്‍ക്ക് കൈമാറും. തുടര്‍ന്ന് ഓഗസ്റ്റ് 13ന്  സി.ഡി.എസുകള്‍ക്ക് കൈമാറുന്ന ഈ തുക ജില്ലാമിഷനുകളുടെ അക്കൗണ്ടിലേക്കും മാറ്റും. ഇപ്രകാരം ഓരോ സി.ഡി.എസും നിക്ഷേപിക്കുന്ന തുകയുടെ കൗണ്ടര്‍ഫോയില്‍ 14ന് ജില്ലാ മിഷനുകള്‍ വിളിച്ചു ചേര്‍ക്കുന്ന പ്രത്യേക അവലോകന യോഗത്തില്‍ സമര്‍പ്പിക്കും. കൗണ്ടര്‍ ഫോയിലില്‍ പറഞ്ഞ പ്രകാരമുള്ള തുക ബാങ്കില്‍ ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം ഓരോ ജില്ലാമിഷനും സമാഹരിച്ച മുഴുവന്‍ തുകയും ഓഗസ്റ്റ് 14ന് തന്നെ സംസ്ഥാനമിഷന്‍റെ അക്കൗണ്ടിലേക്ക് നല്‍കും. ഇതോടൊപ്പം ഓരോ സി.ഡി.എസില്‍ നിന്നു ലഭിച്ച തുകയുടെ വിശദാംശങ്ങളും പ്രത്യേകം ലഭ്യമാക്കും.

 തുക സംഭാവന നല്‍കുന്ന അയല്‍ക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ പേര് വിവരങ്ങള്‍  പ്രത്യേക രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കും. എ.ഡി.എസ്, സി.ഡി.എസ്, ജില്ലാമിഷന്‍ എന്നിവിടങ്ങളിലേക്ക് തുക കൈമാറുമ്പോഴും ഇതു സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്ററില്‍ ചേര്‍ക്കും. നിക്ഷേപിക്കുന്ന തുകയുടെ രസീതും നല്‍കും. അതോടൊപ്പം മിനുട്സിലും രേഖപ്പെടുത്തും.

ഇതിനു മുമ്പും പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിച്ച സമയത്ത് നാടിന് കൈത്താങ്ങ് നല്‍കാന്‍ കുടുംബശ്രീ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 ല്‍ കേരളത്തെയൊന്നാകെ ഉലച്ച പ്രളയത്തില്‍ കേരളത്തിന്‍റെ പുനസൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ നല്‍കിയത് 11.18 കോടി രൂപയാണ്. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ വിതരണം, അവശ്യസാധനങ്ങളുടെ സമാഹരണം, റീസര്‍ജന്‍റ് കേരള ലോണ്‍ സ്കീം വഴി കുറഞ്ഞ വിലയ്ക്ക് ഗൃഹോപകരണങ്ങള്‍, പ്രളയത്തില്‍ പെട്ട വീടുകളുടെ ശുചീകരണം, ക്യാമ്പുകളില്‍ കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസിക പിന്തുണ നല്‍കുന്നതിനായി കൗണ്‍സലിങ്ങ് തുടങ്ങി നിരവധി സേവനങ്ങളാണ് കുടുംബശ്രീ മുഖേന അന്ന് ലഭ്യമാക്കിയത്.  നിലവില്‍ വയനാട്ടിലും നിരവധി സന്നദ്ധസേവനങ്ങളാണ് കുടുംബശ്രീ മുഖേന നിര്‍വഹിച്ചു വരുന്നത്.

Content highlight
njanagalumundu koode, kudumbashree campaign for wayanad

തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാചരണം കുടുംബശ്രീ കോട്ടയത്ത് സംഘടിപ്പിച്ചു ; ശ്രദ്ധേയമായി പങ്കാളിത്ത ഉദ്ഘാടനം

Posted on Saturday, August 10, 2024
ഓഗസ്റ്റ് ഒമ്പതിലെ തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനത്തിന്റെ സംസ്ഥാനതല ആചരണം കുടുംബശ്രീ  കോട്ടയത്ത് സംഘടിപ്പിച്ചു. പാലക്കാട്, കോട്ടയം, തൃശ്ശൂര്, എറണാകുളം എന്നീ ജില്ലകളിലെ തദ്ദേശീയ മേഖലയിലെ കുടുംബശ്രീ പ്രവര്ത്തകര് ചേര്ന്ന് ദിനാചരണത്തിൻ്റെ ഉദ്ഘാടനം നിര്വഹിച്ചത് ശ്രദ്ധേയമായി.
 
ചടങ്ങില് കുടുംബശ്രീ പ്രോഗ്രാം ഓഫീസര് ഡോ. ബി. ശ്രീജിത്ത് അധ്യക്ഷനായി. ടാറ്റാ കണ്സള്ട്ടന്സി ഗവേഷണ വിഭാഗം മേധാവി റോബിന് ടോമി മുഖ്യപ്രഭാഷണം നടത്തി. തദ്ദേശീയ മേഖലകള് കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന കുടുംബശ്രീ പ്രവര്ത്തകര് അതാത് തദ്ദേശീയ മേഖലകളുടെ സവിശേഷതകളും തദ്ദേശീയ ജനത മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളെയും കുറിച്ചുള്ള അനുഭവങ്ങള് പങ്കുവച്ചു. കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര് അരുണ് പി. രാജന് സ്വാഗതവും അസിസ്റ്റന്റ് പ്രോഗ്രാം മാനേജര് ജിഷ്ണു ഗോപന് നന്ദിയും പറഞ്ഞു.
 
കുടുംബശ്രീ തദ്ദേശീയ മേഖലയില് സംഘടിപ്പിക്കുന്ന പട്ടികവര്ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ നേതൃത്വത്തില് കുട്ടികള്ക്കായി സജ്ജം - സുരക്ഷിതരാകാം, സുരക്ഷിതരാക്കാം ദുരന്തനിവാരണ പരിപാടിയും ഇന്നാരംഭിച്ചു. പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും അവയെ അഭിമുഖീകരിക്കുന്നതിനുമായി തദ്ദേശീയ സമൂഹങ്ങളുടെ തനതായ സാമൂഹിക, സാമ്പത്തിക, സാംസ്‌ക്കാരിക, പാരിസ്ഥിതിക സവിശേഷതകള് പരിഗണിച്ചാണ് സജ്ജം- ബില്ഡിങ് റെസിലിയന്സ് പരിശീലന പരിപാടി നടപ്പിലാക്കുന്നത്. വയനാടും, കോഴിക്കോടും, മലപ്പുറവും ഒഴികെയുള്ള മറ്റ് 11 ജില്ലകളിലെയും ഉന്നതികളിലുള്ള കുട്ടികള്ക്കുള്ള പരിശീലനം 11ാം തീയതിക്കുള്ളില് പൂര്ത്തിയാക്കും.
 
fg

 

Content highlight
The International Day of the World's Indigenous Peoples