കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 2024 മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ഉപന്യാസ രചനാ മത്സരത്തില്‍ മലപ്പുറം പാലക്കോട് വരമ്പൂര്‍ സ്വദേശിയും ചെന്നൈ ഐ.ഐ.ടിയിലെ അഞ്ചാം വര്‍ഷ ഇന്റഗ്രേറ്റഡ് എം.എ വിദ്യാര്‍ത്ഥിയുമായ അഭിരാം പവിത്രന് ഒന്നാം സ്ഥാനം.
കോട്ടയം തോട്ടക്കാട് കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനില്‍ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ് സ്റ്റഡീസ് വിദ്യാര്‍ത്ഥി അലന് ആന്റണിക്കാണ് രണ്ടാം സ്ഥാനം. തിരുവനന്തപുരം പട്ടം സ്വദേശിയും ഹൈദരബാദ് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ സോഷ്യോളജി വിഭാഗം ഗവേഷക വിദ്യാര്‍ത്ഥിയായ അല്‍ അമീന് ജെ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും.
കാസര്‍കോട് കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബി. എ മലയാളം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി നന്ദന എം, തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളേജിലെ ബി.എ ഇക്കണോമിക്സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി അമിത് ജ്യോതി യു.പി എന്നിവര്‍ 5000 രൂപ വീതം പ്രോത്സാഹന സമ്മാനവും നേടി. എല്ലാ വിജയികള്‍ക്കും ക്യാഷ് അവാര്‍ഡിനൊപ്പം മെമന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
മത്സരത്തിന്റെ ഭാഗമായി ലഭിച്ച എഴുപതോളം എന്‍ട്രികളില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്. പി.എസ്.സി മുന്‍ അംഗവും കുടുംബശ്രീ മുന്‍ പി.ആര്.ഓയും മാധ്യമ പ്രവര്‍ത്തകയുമായ ആര്.പാര്‍വതീ ദേവി, ശുചിത്വ മിഷന് കണ്‍സള്‍ട്ടന്റും കുടുംബശ്രീ മുന്‍ പ്രോഗ്രാം ഓഫീസറുമായ എന്‍.ജഗജീവന്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.