കൃഷിയിലും അനുബന്ധമേഖലകളിലും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ സഹായകമാകുന്ന പദ്ധതിയാണ് പുനര്‍ജീവനമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയും കേന്ദ്ര കിഴങ്ങുവിള കേന്ദ്രവും സംയുക്തമായി അട്ടപ്പാടി ഷോളയൂര്‍ നിര്‍വാണ ഹോളിസ്റ്റിക് ലിവിങ്ങ് സെന്ററില്‍ സംഘടിപ്പിക്കുന്ന 'പുനര്‍ജീവനം'- സംരംഭകത്വ വികസന പരിശീലന പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയിലെ ഉപജീവന സാധ്യതകള്‍ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മുഖേന കേരളത്തിലുടനീളം ആരംഭിക്കുന്ന സംരംഭകത്വ വികസന പരിശീലന പരമ്പരയാണ് പുനര്‍ജീവനമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശീയ ജനവിഭാഗത്തിന്റെ പോഷകാഹാര കുറവ് പരിഹരിക്കുന്നതോടൊപ്പം നൂതന സംരംഭങ്ങള്‍ രൂപീകരിച്ചു കൊണ്ട് മികച്ച വരുമാനലഭ്യതയ്ക്ക് വഴിയൊരുക്കുക എന്നതാണ് കുടുംബശ്രീയുടെ ഈ വര്‍ഷത്തെ മുഖ്യ പ്രവര്‍ത്തനങ്ങളിലൊന്ന്. ഇതിനായി സംഘടിപ്പിക്കുന്ന പരിശീലന പരമ്പരയിലെ ആദ്യശില്പശാലയാണ് അട്ടപ്പാടിയിലേത്.
പരിശീലനാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മനസിലാക്കി അതിനനുസൃതമായ രീതിയിലാണ് ശില്പശാലയുടെ സംഘാടനം. മികച്ച വരുമാനദായകവിളയായ സമ്പൂഷ്ടീകരിച്ച മധുരക്കിഴങ്ങ് ഇനങ്ങളും അവയുടെകൃഷി രീതിയും മൂല്യവര്‍ധിത ഉല്പന്നങ്ങളും ശില്പശാലയില് പരിചയപ്പെടുത്തും. കൂടാതെ അട്ടപ്പാടിയില്‍ പരമ്പരാഗതമായി കൃഷി ചെയ്യുന്ന ചെറുധാന്യങ്ങളും മറ്റു വിളകളും ഉള്‍പ്പെടുത്തി മധുരക്കിഴങ്ങ് അടിസ്ഥാനമാക്കിയ പോഷക സമ്പുഷ്ടമായ ആഹാരക്രമം എന്ന ആശയം വികസിപ്പിക്കുന്നതിനും ശില്പശാലയിലൂടെ ലക്ഷ്യമിടുന്നു. മധുരക്കിഴങ്ങ് ഇനങ്ങളുടെ കൃഷി, മധുരക്കിഴങ്ങില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മാണം, ലഘുഭക്ഷണങ്ങളും മറ്റുല്‍പ്പന്നങ്ങളും, ബേക്ക്ഡ് ഉല്പന്നങ്ങള്, ചെറുധാന്യങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മാണം, വിള പരിപാലനം, ജൈവ ഫെര്ട്ടിഗേഷന് എന്നിവയില്‍ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം നല്‍കും. കൂടാതെ ഉപജീവന മേഖലയില്‍ ലഭ്യമായ മറ്റു പദ്ധതികള്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ എന്നിവ സംബന്ധിച്ചുളള വിവരങ്ങളും ശില്പശാലയില് ലഭിക്കും.
കര്‍ഷകരുടെയും സംരംഭകരുടെയും നൈപുണ്യവികസനത്തിന് ഈ വര്‍ഷം മുതല്‍ കൂടുതല്‍ ഊന്നല്‍ നല്‍കും. ഇതിന്റെ ഭാഗമായി പരിശീലനാര്‍ത്ഥികള്‍ക്കായി പോഷകാഹാര തോട്ടങ്ങള്‍, കര്‍ഷക ബിസിനസ് സ്കൂളുകള്‍, ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക പഠനയാത്രകള്‍ എന്നീ തുടര്‍പ്രവര്‍ത്തനങ്ങളും പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ട്. ഇപ്രകാരം വര്‍ഷം മുഴുവന്‍ തുടര്‍പരിശീലനങ്ങളും പിന്തുണയും നല്കുന്നതുവഴി കാര്‍ഷിക ഉപജീവന മേഖലയില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പാലക്കാട് ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍-കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.ജി.ബൈജു മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ഷാനവാസ് പദ്ധതി വിശദീകരിച്ചു. ഷോളയൂര്‍ സി.ഡി.എസ് അധ്യക്ഷ സ്മിത, അഗളി പഞ്ചായത്ത് സമിതി പ്രസിഡന്റ് സരസ്വതി മുത്തുകുമാര്‍, പുതൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് തുളസി, ഷോളയൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് സലീന ഷണ്മുഖം, കുറുമ്പ പഞ്ചായത്ത് സമിതി പ്രസിഡന്റ് അനിത എന്നിവര്‍. അഗളി സി.ഡി.എസ് അധ്യക്ഷ ഉഷാകുമാരി എന്നിവര്‍ ആശംസിച്ചു. മധുരക്കിഴങ്ങിന്റെ തൈകള്‍, ജൈവകീടനാശിനികള്‍, ജൈവക്യാപ്സൂള്‍ എന്നിവ വിവിധ പഞ്ചായത്ത് സമിതി പ്രസിഡന്റ്മാര്‍ക്ക് നല്കി.
'സുസ്ഥിര ഉപജീവനത്തിനായി കിഴങ്ങ് വിളകള്‍', 'കിഴങ്ങ് വിളകളിലെ കീടരോഗ നിയന്ത്രണം', 'കിഴങ്ങ് വിളയിലെ മൂല്യവര്‍ധനവും സംരംഭ സാധ്യതകളും', 'റെയിന്‍ബോ ഡയറ്റ് ക്യാമ്പയിന്-പ്രൊജക്ട് അനുഭവപാഠങ്ങള്‍', എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ.ജി സുജ, ഡോ.എച്ച്.കേശവ കുമാര്‍, ഡോ.എം.എസ് സജീവ്, ഡോ.പി.എസ് ശിവകുമാര്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.
അട്ടപ്പാടി പ്രത്യേക പദ്ധതി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ മനോജ് ബി.എസ് സ്വാഗതവും അട്ടപ്പാടി പ്രത്യേക പദ്ധതി ഫാം ലൈവ്ലിഹുഡ് കോര്‍ഡിനേറ്റര്‍ അഖില്‍ സോമന് നന്ദിയും പറഞ്ഞു. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷന് ഉദ്യോഗസ്ഥര്‍, അട്ടപ്പാടിയിലെ കര്‍ഷകര്‍, സംരംഭകര്‍ എന്നിവര്‍ ഉള്‍പ്പെടെ മുന്നൂറോളം പേര് ശില്പശാലയില് പങ്കെടുത്തു.
- 29 views