വാര്‍ത്തകള്‍

കുടുംബശ്രീ 'തൃത്താലപ്പൊലിമ'യ്ക്ക് തുടക്കം

Posted on Saturday, September 14, 2024

കുടുംബശ്രീയുടെ  ആഭിമുഖ്യത്തില്‍  'സുസ്ഥിര തൃത്താല' പദ്ധതിയുടെ ഭാഗമായി തൃത്താല വെള്ളിയാങ്കല്ലില്‍ 12 മുതല്‍ 14 വരെ സംഘടിപ്പിക്കുന്ന 'തൃത്താലപ്പൊലിമ' കാര്‍ഷിക പ്രദര്‍ശന, ഓണം വിപണന, ഭക്ഷ്യമേളയ്ക്ക് തുടക്കമായി. കാര്‍ഷിക മേഖലയ്ക്ക് നൂതന കൃഷി രീതികളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നതിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വര്‍ധിച്ചു വരുന്ന സാധ്യതകള്‍, യന്ത്രസാമഗ്രികള്‍, പ്രായോഗിക അറിവുകള്‍ എന്നിവ കര്‍ഷകരിലേക്ക് എത്തിക്കുക എന്നതും ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്.

 കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി കുടുംബശ്രീ സംരംഭകരുടെ സ്റ്റാളുകള്‍ മേളയിലുണ്ട്. ഇതോടൊപ്പം കാര്‍ഷിക രംഗത്തെ മുന്‍നിര കേന്ദ്ര-സംസ്ഥാന ഗവേഷണ സ്ഥാപനങ്ങള്‍, കൃഷി വകുപ്പ്, മറ്റ് അനുബന്ധ വകുപ്പുകള്‍ എന്നിവയുടേതും ഉള്‍പ്പെടെ 50-ലേറെ സ്റ്റാളുകളാണ് ഉല്‍പന്ന പ്രദര്‍ശന വിപണന വിഭാഗത്തിലുള്ളത്.

ഓണം വിപണന മേളയോടനുബന്ധിച്ച് 12,13,14 തീയതികളിലായി 'കിഴങ്ങ് വിളകളുടെ കൃഷി', 'കിഴങ്ങ് വിളകളുടെ മൂല്യവര്‍ധനവ്', 'ചെറുധാന്യങ്ങളുടെ കൃഷി', 'ചെറുധാന്യങ്ങളുടെ മൂല്യവര്‍ധനവ്', 'പച്ചക്കറി കൃഷി-നൂതന രീതികള്‍', ''പച്ചക്കറികളുടെ മൂല്യവര്‍ധനവ്', 'തെങ്ങിന്റെ നൂതന കൃഷി രീതികള്‍','നാളികേരത്തിന്റെ മൂല്യവര്‍ധനവ്', എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍, നാടന്‍പാട്ട്, കുടുംബശ്രീ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യമേള എന്നിവയും ഉണ്ടാകും.

തൃത്താല ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന വിപണന മേള ഉദ്ഘാടനം ചെയ്തു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്  പ്രസിഡന്റുമാരായ വി.വി ബാലചന്ദ്രന്‍, ഷറഫദ്ദീന്‍ കളത്തില്‍, ടി.സുഹറ, തൃത്താല വൈസ് പ്രസിഡന്റ് കെ.പി ശ്രീനിവാസന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.പി ഷാനിബ ടീച്ചര്‍, കമ്മുക്കുട്ടി എടത്തോള്‍, ബ്‌ളോക്ക് പഞ്ചായത്ത് അംഗം കുബ്‌റ ഷാജഹാന്‍, ദീപ പി, ടി.വി സബിത, പി.അരവിന്ദാക്ഷന്‍, തൃത്താല ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി മുഹമ്മദലി, എം. ഗോപിനാഥന്‍, കുടുംബശ്രീ തൃത്താല സി.ഡി.എസ് അധ്യക്ഷ സുജിത ജയപ്രകാശ്, കെ. ബാബു  നാസര്‍, സി.എം അലി, കെ.പി സിദ്ദിഖ്, കെ.ആര്‍ ബാലന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ചന്ദ്രദാസ് എന്നിവര്‍ സംസാരിച്ചു.  കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.എസ് ഷാനനവാസ്, ഡോ.റാണ രാജ്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. പി.എന്‍ ഷമീന എന്നിവര്‍ പങ്കെടുത്തു.

 

 

 

Content highlight
Kudumbashree Agri Expo-'Thrithala Polima' starts at Palakkad

രുചിവൈവിധ്യങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്‍റ് പന്തളത്ത്

Posted on Thursday, September 12, 2024

കൈപ്പുണ്യത്തിന്‍റെ മികവില്‍ രുചിയുടെ ലോകത്ത് വേറിട്ട മാതൃക സൃഷ്ടിച്ച കുടുംബശ്രീ പ്രീമിയം കഫേ ഇനി പന്തളത്തും. എം.സി റോഡില്‍ പന്തളം  ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ അനിമിറ്റി സെന്‍ററിലാണ് പുതിയ പ്രീമിയം കഫേയുടെ പ്രവര്‍ത്തനം. സംസ്ഥാനമൊട്ടാകെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രീമിയം കഫേ ശൃംഖലയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ എറണാകുളം അങ്കമാലി, തൃശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍, വയനാട് ജില്ലയില്‍ മേപ്പാടി എന്നിവിടങ്ങളില്‍ ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടമാണ് ഇപ്പോള്‍ പന്തളത്ത് ആരംഭിച്ചത്. സംരംഭകര്‍ക്ക് വരുമാനവര്‍ദ്ധനവ് നേടുന്നതിനൊപ്പം വനിതകളുടെ നേതൃത്വത്തില്‍ കേരളമൊട്ടാകെ ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന ഭക്ഷ്യശൃംഖല രൂപീകരിക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ് പ്രീമിയം കഫേയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

കാന്‍റീന്‍ കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പു വരുത്തുന്നതിനൊപ്പം തൊഴില്‍രംഗത്ത് ഉയര്‍ന്ന തലത്തില്‍ എത്തിക്കുകയുമാണ് പ്രീമിയം കഫേകള്‍ വഴി ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ സവിശേഷതകളില്‍ ഏറ്റവും പ്രധാനമാണ് കൈപ്പുണ്യം. ഇതിന് കേരളമൊട്ടാകെ വലിയ സ്വീകാര്യതയുണ്ട്. ഇതിനു മുമ്പ് ആരംഭിച്ച പ്രീമിയം കഫേ റെസ്റ്റൊറന്‍റുകള്‍ എല്ലാം വന്‍വിജയമാണെന്നും മന്ത്രി പറഞ്ഞു.

ഉന്നതനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം കഫേ കുടുംബശ്രീ സംരംഭകര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുമെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. പ്രീമിയം കഫേ റസ്റ്റൊറന്‍റുകള്‍ വഴി രുചികരമായ ഭക്ഷണം ലഭ്യമാക്കുന്നത് യാത്രികര്‍ക്ക് ഏറെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.  

മികച്ച പരിശീലനം ലഭിച്ച 17 വനിതകളുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ രാത്രി പതിനൊന്ന് വരെയാണ് കഫേയുടെ പ്രവര്‍ത്തനം.  പാചക വൈവിധ്യം, അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷണവിതരണം, പാഴ്സല്‍ സര്‍വീസ്, കാറ്ററിങ്ങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍,  ശുചിത്വം, മികച്ച മാലിന്യസംസ്ക്കരണ ഉപാധികള്‍ എന്നിവയിലടക്കം ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങള്‍ ഇവിടെയുണ്ട്. പൂര്‍ണമായും ശീതീകരിച്ച റസ്റ്റൊറന്‍റിനോട് ചേര്‍ന്ന് റിഫ്രഷ്മെന്‍റ് ഹാള്‍, മീറ്റിങ്ങ് നടത്താനുള്ള ഹാള്‍, കുടുംബശ്രീ ഉല്‍പന്നങ്ങളുടെ കിയോസ്ക് ജ്യൂസ് കൗണ്ടര്‍, ഡോര്‍മിറ്ററി സംവിധാനം, റൂമുകള്‍, ശുചിമുറികള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. മണ്ഡല കാലത്ത് അയ്യപ്പഭക്തന്‍മാര്‍ക്ക് ഡോര്‍മിറ്ററി സൗകര്യവും ഉണ്ടാകും. കൂടാതെ വിരുന്ന് സല്‍ക്കാരങ്ങള്‍, യോഗങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിനായി പ്രത്യേക ഹാളും ഇതോടൊപ്പമുണ്ട്. പാര്‍ക്കിങ്ങിനും സൗകര്യമുണ്ട്. ഗുണമേന്‍മയുള്ള ചെടികളും ഫലവൃക്ഷത്തൈകളും ലഭ്യമാകുന്ന നഴ്സറിയും ഇതോടൊപ്പം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

സംരംഭങ്ങളുടെ ആധുനികവത്ക്കരണവും സുസ്ഥിരതയും ലക്ഷ്യമിട്ടുകൊണ്ട് ഈ വര്‍ഷം ജനുവരിയിലാണ് പ്രീമിയം കഫേ റെസ്റ്റോറന്‍റുകള്‍ക്ക് തുടക്കമിട്ടത്.  ഇതിനു മുമ്പ് തുടങ്ങിയ മൂന്നു പ്രീമിയം കഫേകള്‍ വഴി വരുമാന ഇനത്തില്‍ ഇതുവരെ നേടിയത് 2.20 കോടി രൂപയാണ്. 22 സംരംഭകര്‍ ഉള്‍പ്പെടെ 48 പേര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ എ.എസ് ശ്രീകാന്ത് സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ ബിന്ദുരേഖ നന്ദിയും പറഞ്ഞു.  

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍.അജയകുമാര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആര്‍. തുളസീധരന്‍ പിള്ള, പന്തളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പോള്‍ രാജന്‍,  സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ ശശിധരന്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പ്രഫ.സതീഷ് കൊച്ചു പറമ്പില്‍, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.എ സൂരജ്, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്‍റ് സജി അലക്സ്, ഡി.ടി.പി.സി എക്സിക്യൂട്ടീവ് അംഗങ്ങളായ മാത്യു കോശി, ടി.മുരുകേഷ്, മനോജ് മാധവശേരില്‍, എം.ശശികുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സുബൈര്‍കുട്ടി, സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, കേരള ബാങ്ക് ജനറല്‍ മാനേജര്‍ ഷാജു ജോര്‍ജ്, കുളനട സി.ഡി.എസ് അധ്യക്ഷ അയിനി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.  

ftgs

 

Content highlight
Second Phase of Cafe Kudumbashree Premium Restaurant Network : New Outlet started at Pathanamthitta

കുടുംബശ്രീ ഓണം വിപണന മേളകള്‍ - സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു

Posted on Tuesday, September 10, 2024
സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന കുടുംബശ്രീ ഓണം വിപണന മേളകള്‍ വഴി ഇത്തവണ 30 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ്  മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പത്തനംതിട്ടയില്‍ കുടുംബശ്രീ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
 
കഴിഞ്ഞ വര്‍ഷം ഓണച്ചന്തകള്‍ വഴി നേടിയ 23.22 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവ് മറികടക്കുകയാണ് ഇക്കുറി ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ 11298 വനിതാ കര്‍ഷക സംഘങ്ങള്‍ മുഖേന 6298 ഏക്കറില്‍ പഴം പച്ചക്കറി കൃഷിയും 3000-ലേറെ കര്‍ഷക സംഘങ്ങള്‍ വഴി 1253 ഏക്കറില്‍ പൂക്കൃഷിയും നടത്തുന്നുണ്ട്.  1070 സി.ഡി.എസുകളിലായി 2140 വിപണന മേളകളും 14 ജില്ലാതല മേളകളും ഉള്‍പ്പെടെ ആകെ 2154 ഓണച്ചന്തകളാണ് ഇത്തവണ കേരളമൊട്ടാകെ സംഘടിപ്പിക്കുന്നത്. ഓണവിപണിയില്‍ വിലക്കയറ്റമുണ്ടാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ന്യായവിലയില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാന്‍ കുടുംബശ്രീ നടത്തുന്ന ഇടപെടല്‍ ഏറെ ശ്രദ്ധേയമാണ്. ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നതിന് ഓരോ സി.ഡിഎസിനും 20,000രൂപ വീതവും ജില്ലാമിഷനുകള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും നല്‍കിയിട്ടുണ്ട്. വയനാട് ചൂരല്‍മല ദുരന്ത പശ്ചാത്തലത്തില്‍ ആ വേദനകളെല്ലാം മായ്ച്ചു കളയുന്ന ഓണം കൂടിയാണിത്. വയനാടിന്‍റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ തുക നല്‍കിയത് പെണ്‍കരുത്തിന്‍റെ പ്രസ്ഥാനമായ കുടുംബശ്രീയാണ്. 20.07 കോടി രൂപയാണ് കുടുംബശ്രീ നല്‍കിയത്. ഇതു കൂടാതെ ദുരന്തബാധിതരായ ഓരോ കുടുംബത്തിന്‍റെയും സമഗ്ര പുനരധിവാസത്തിനാവശ്യമായ സൂക്ഷ്മതല പദ്ധതി ആസൂത്രണം അതിവേഗം പുരോഗമിക്കുകയാണ്. ശുചിത്വ മിഷനുമായി ചേര്‍ന്നു കൊണ്ട് ദുരന്ത മേഖലയിലും ദുരിതാശ്വാസ ക്യാമ്പുകളിലും ഹരിതകര്‍മ സേന നടത്തി വരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ദേശീയ ശ്രദ്ധ നേടിയെന്നും മന്ത്രി പറഞ്ഞു. കെ-ലിഫ്റ്റ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ കൈപ്പുസ്തകത്തിന്‍റെ പ്രകാശനവും  മന്ത്രി നിര്‍വഹിച്ചു.
 
വര്‍ത്തമാനകാലത്ത് ലോകത്തിന് കേരളം നല്‍കിയ ഏറ്റവും മികച്ച മാതൃകകളിലൊന്നാണ് കുടുംബശ്രീയെന്നും ഓണം വിപണന മേള ജില്ലയിലെത്തുന്നത് ഓരോ കുടുംബശ്രീ കുടുംബത്തിനുമുളള അംഗീകാരമാണെന്നും ആരോഗ്യ വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

 ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു കറി പൗഡര്‍ ഉല്‍പന്നങ്ങളുടെ ലോഞ്ചിംഗ്, ആദ്യവില്‍പ്പന, ഹോംഷോപ്പ് അംഗങ്ങള്‍ക്കുള്ള ഉപകരണ വിതരണം എന്നിവ നിര്‍വഹിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ നിര്‍മല ദേവി കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വായ്പാ വിതരണവും പ്‌ളാസ്റ്റിക് ക്യാരി ബാഗ് രഹിത പത്തനംതിട്ട ക്യാമ്പയിന്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അജിത് കുമാര്‍ ക്യാമ്പയിന്‍ പദ്ധതി വിശദീകരിച്ചു. 'ആരവം' വിപണന മേള ലോഗോ തയ്യാറാക്കിയ അനീഷ് വാസുദേവിനെ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ എ.എസ് ശ്രീകാന്ത്, ഡോ.റാണാ രാജ് എന്നിവര്‍ സംയുക്തമായി ആദരിച്ചു.

  ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍ കേരള ചിക്കന്‍ പദ്ധതിയുടെ ജില്ലാതല തല ഉദ്ഘാടനം നടത്തി. പത്തനംതിട്ട നഗരസഭ സി.ഡി.എസ് അധ്യക്ഷ പൊന്നമ്മ ശശി, കുടുംബശ്രീയുടെ 'ധീരം' കരാട്ടെ ടീം അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലയിലെ 11 ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോ വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

എം.എല്‍.എമാരായ അഡ്വ.പ്രമോദ് നാരായണന്‍, അഡ്വ.കെ.യു ജനീഷ് കുമാര്‍, സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ ശശിധരന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആദില എസ് നന്ദി പറഞ്ഞു.

 

 
ds

 

Content highlight
Kudumbashree State Level Onam Marketing Fair starts

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആയിരം രൂപ ഓണം ഉത്സവബത്ത

Posted on Saturday, September 7, 2024

സംസ്ഥാനത്ത് ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ആഘോഷിക്കാന്‍ സര്‍ക്കാരിന്‍റെ പിന്തുണ. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് യഥേഷ്ടാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി.


2023-ലും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയില്‍ ഈ വര്‍ഷവും  ഉത്സവബത്ത ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കുടുംബശ്രീ ഡയറക്ടര്‍ സര്‍ക്കാരിന് കത്തു നല്‍കിയതു പരിഗണിച്ചാണ് നടപടി.

 

fd

 

Content highlight
Festival allowance of Rs 1000 for Haritha Karma Sena members

ഓണപ്പൂ വിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഇക്കുറിയും കുടുംബശ്രീ കര്‍ഷകര്‍

Posted on Friday, September 6, 2024

ഇത്തവണയും പൊന്നോണത്തിന് പൂക്കളമിടാന്‍ കുടുംബശ്രീയുടെ പൂക്കളെത്തും. ഓണവിപണി മുന്നില്‍ കണ്ട് സംസ്ഥാനമൊട്ടാകെ  ആരംഭിച്ച പൂക്കൃഷി വിളവെടുപ്പിന് പാകമായി. ജമന്തി, മുല്ല, താമര എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 780 ഏക്കറിലായി 1819 കര്‍ഷക സംഘങ്ങള്‍ പൂക്കൃഷിയില്‍ പങ്കാളികളായിരുന്നു. ഇത്തവണ ആയിരം ഏക്കറില്‍ പൂക്കൃഷി ആരംഭിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നിലവില്‍ 3000 വനിതാ കര്‍ഷക സംഘങ്ങള്‍ മുഖേന 1253 ഏക്കറില്‍ പൂക്കൃഷി ചെയ്യുന്നുണ്ട്.


ഓണവിപണിയില്‍ പൂക്കള്‍ക്കുള്ള വര്‍ധിച്ച ആവശ്യകത തിരിച്ചറിഞ്ഞാണ് കുടുംബശ്രീ വനിതാ കര്‍ഷകര്‍ ഈ മേഖലയിലും ചുവടുറപ്പിക്കുന്നത്. ഓണാഘോഷത്തെ മനോഹരമാക്കാന്‍ മിതമായ നിരക്കില്‍ പൂവ് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒപ്പം ചുരുങ്ങിയ കാലയളവില്‍ മികച്ച വരുമാനം നേടാന്‍ കഴിയുമെന്നതും കര്‍ഷകരെ പൂക്കൃഷിയിലേക്ക് ആകര്‍ഷിക്കുന്നു. വിളവെടുപ്പിന് തയ്യാറായ കൃഷിയിടങ്ങളില്‍ നിന്നു തന്നെ പൂക്കള്‍ക്ക് വലിയ തോതില്‍ ആവശ്യകത ഉയരുന്നുണ്ട്. ഇതോടൊപ്പം സെപ്റ്റംബര്‍ പത്തിന് സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന 2000-ലേറെ ഓണച്ചന്തകളിലും മറ്റു വിപണികളിലും കുടുംബശ്രീയുടെ പൂക്കളെത്തും.    

കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ വഴി നെല്ല്, വാഴ, പച്ചക്കറികള്‍ എന്നിവ സംസ്ഥാനമൊട്ടാകെ കൃഷി ചെയ്യുന്നുണ്ട്. ഇതു കൂടാതെയാണ് ഇപ്പോള്‍ പൂക്കൃഷിയിലും സജീവമാകുന്നത്. അതത് സി.ഡി.എസുകളുമായി ചേര്‍ന്നു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍.

 

adf

 

Content highlight
Kudumbashree to have a strong presence in the Onapoo marketml

'കുടുംബശ്രീ ഹാപ്പി കേരളം-ഹാപ്പിനെസ് സെന്‍റര്‍' മാര്‍ഗരേഖ പ്രകാശനം ചെയ്തു

Posted on Thursday, September 5, 2024

കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്തുന്നതു ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഹാപ്പി കേരളം-ഹാപ്പിനെസ് സെന്‍റര്‍' പദ്ധതിയുടെ ഭാഗമായി പരിശീലകര്‍ക്കു വേണ്ടി തയ്യാറാക്കിയ മാര്‍ഗരേഖ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. പരിശീലന മൊഡ്യൂള്‍, പദ്ധതിയുടെ ഭാഗമായി കുടുംബങ്ങളില്‍ നിന്നും വിവര ശേഖരണം നടത്തുന്നതിനുള്ള മാതൃക എന്നിവയും മാര്‍ഗരേഖയില്‍ ഉള്‍പ്പെടും.

കുടുംബശ്രീ ഡയറക്ടര്‍ കെ.എസ് ബിന്ദു, പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത്, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ കൃഷ്ണ കുമാരി, എഡിറ്റോറിയല്‍ അസിസ്റ്റന്‍റ് ആശാ പണിക്കര്‍, കമ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് ചൈതന്യ ജി, മഞ്ജരി അശോക്, ഓഫീസ് സെക്രട്ടേറിയറ്റ് സ്റ്റാഫ് അര്‍ജുന്‍ പ്രതാപ്, അരുവിക്കര, ആര്യനാട് സി.ഡി.എസ് അധ്യക്ഷമാരായ ഓ.എസ് പ്രീത, സുനിത കുമാരി ജെ.ആര്‍ എന്നിവര്‍ പങ്കെടുത്തു.  

 

SD

 

Content highlight
Guidelines of 'Kudumbashree Happy Keralam - Happiness Centre' released

കുടുംബത്തോടൊപ്പം, കുടുംബശ്രീക്കൊപ്പം - സംസ്ഥാനമൊട്ടാകെ 2000-ലേറെ ഓണച്ചന്തകളുമായി കുടുംബശ്രീ

Posted on Wednesday, September 4, 2024

മലയാളിക്ക്  ഓണം ആഘോഷിക്കാന്‍ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി കേരളമൊട്ടാകെ കുടുംബശ്രീയുടെ ഓണച്ചന്തകള്‍ക്ക് 10ന് (10-9-2024) തുടക്കമാകും. ഉപഭോക്താക്കള്‍ക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഈ മാസം 10ന് പത്തനംതിട്ടയില്‍ കുടുംബശ്രീ ഓണംവിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസുകളില്‍ ഓരോന്നിലും രണ്ട് വീതം  2140 വിപണന മേളകളും  14 ജില്ലാതല മേളകളുമാണ് സംഘടിപ്പിക്കുക. ഇതു പ്രകാരം ഓണത്തോടനുബന്ധിച്ച് കേരളമൊട്ടാകെ ആകെ 2154 വിപണന മേളകള്‍ കുടുംബശ്രീയുടേതായി ഇപ്രാവശ്യം ഉണ്ടാകും. ജില്ലാതല വിപണന മേളകള്‍ സംഘടിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും രണ്ട്  ലക്ഷം രൂപയും ഗ്രാമ നഗര സി.ഡി.എസുകള്‍ക്ക് 20,000 രൂപ വീതവും നല്‍കും. ഇതു കൂടാതെ  നഗര സി.ഡി.എസുകളില്‍ രണ്ടില്‍ കൂടുതലായി നടത്തുന്ന ഓരോ വിപണനമേളയ്ക്കും 10,000 രൂപ വീതവും  നല്‍കും. ഓണച്ചന്തകളുടെ വിജയത്തിന് എല്ലാ വ്യക്തിഗത-ഗ്രൂപ്പു സംരംഭകരുടെയും പൂര്‍ണ പങ്കാളിത്തവും ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്.  ഇതിന്‍റെ ഫലപ്രദമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാമിഷനുകളുടെ തയ്യാറെടുപ്പ് യോഗങ്ങള്‍, സംഘാടക സമിതി രൂപീകരണം, സംരംഭക യോഗങ്ങള്‍ എന്നിവയും പൂര്‍ത്തിയായി.  

കുടുംബശ്രീ സൂക്ഷ്മസംരംഭ കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച് വരുമാനം നേടാനുള്ള ഏറ്റവും മികച്ച അവസരമാണ് ഓണം വിപണന മേളകളിലൂടെ ലഭിക്കുക. ഇതിനായി ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും കുറഞ്ഞത് ഒരുല്‍പന്നമെങ്കിലും മേളകളില്‍ എത്തിക്കും. സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളാണ് പ്രധാനമായും മേളയിലെത്തുക. 'ഫ്രഷ് ബൈറ്റ്സ്' ചിപ്സ്, ശര്‍ക്കരവരട്ടി ഉള്‍പ്പെടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബ്രാന്‍ഡ് ചെയ്ത ഉല്‍പന്നങ്ങള്‍ ഒന്നാകെ വിപണിയിലെത്തും.  ഇതു കൂടാതെ വിവിധ തരം ധാന്യപ്പൊടികള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, കരകൗശലവസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവയും ലഭിക്കും. ഓണച്ചന്തയിലെത്തുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും കുടുംബശ്രീ ലോഗോ പതിച്ച കവര്‍, പായ്ക്കിങ്ങ്, യൂണിറ്റിന്‍റെ പേര്, വില, ഉല്‍പാദന തീയതി, വിപണന കാലയളവ് എന്നിവ രേഖപ്പെടുത്തിയ ലേബലും ഉണ്ടാകും. കൂടാതെ  വനിതാ കര്‍ഷകരുടെയും സംരംഭകരുടെയും നേതൃത്വത്തില്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷികോല്‍പന്നങ്ങളും എത്തിക്കുന്നുണ്ട്.  കുടുംബശ്രീ ഓണച്ചന്തകള്‍ക്ക് നിറപ്പകിട്ടേകാന്‍ ഇത്തവണ വനിതാകര്‍ഷകര്‍ കൃഷി ചെയ്ത ജമന്തി, ബന്ദി,മുല്ല, താമര എന്നിങ്ങനെ വിവിധയിനം പൂക്കളുമെത്തും.

 വിപണന മേളയോടനുബന്ധിച്ച് മിക്ക സി.ഡി.എസുകളിലും അയല്‍ക്കൂട്ട അംഗങ്ങളുടെയും   ബാലസഭാംഗങ്ങളുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. വിപണന മേള 14ന് സമാപിക്കും.

Content highlight
onam fares

വരുന്നൂ..കുടുംബശ്രീ 'ആരവം' പത്തനംതിട്ടയില്‍ - ലോഗോ പ്രകാശനം ചെയ്തു

Posted on Tuesday, September 3, 2024
കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങളോടെ ഈ ഓണത്തിന് നിറംപകരാന് ഏവര്ക്കും അവസരമൊരുക്കി കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേള പത്തനംതിട്ടയില്. സെപ്റ്റംബര് 10ന് പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാന്ഡില് ആരംഭിക്കുന്ന മേളയുടെ ലോഗോ പ്രകാശനം ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോര്ജ്ജ് ഓഗസ്റ്റ് 31ന് നിര്വഹിച്ചു. മേള 14ന് സമാപിക്കും.
 
പൊതുജനങ്ങള്ക്കായി സംഘടിപ്പിച്ച ലോഗോ തയാറാക്കല് മത്സരത്തില് ലഭിച്ച 22 എന്ട്രികളില് നിന്നാണ് വിദഗ്ധ പാനല് വിജയ ലോഗോ തെരഞ്ഞെടുത്തത്. അടൂര് സ്വദേശി അനീഷ് വാസുദേവനാണ് ലോഗോ ഡിസൈന് ചെയ്തത്. അനീഷിനുള്ള സമ്മാനം മേളയില് വിതരണം ചെയ്യും. ഈ ഓണത്തിന് ജില്ലാ, സി. ഡി. എസ് തലങ്ങളിൽ 2000ത്തോളം ഓണം വിപണന മേളകൾ കുടുംബശ്രീ സംഘടിപ്പിക്കും.
 
പത്തനംതിട്ട കളക്ടറേറ്റിൽ സംഘടിപ്പിച്ച ലോഗോ പ്രകാശന ചടങ്ങില് തിരുവല്ല എം. എല്.എ. മാത്യു ടി. തോമസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്മാന് ജിജി മാത്യു, എ.ഡി.എം ജ്യോതി. ബി, ജില്ലാ പ്ലാനിങ് ഓഫീസര് മായ എം, കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന് കോര്ഡിനേറ്റര് ആദില എസ്, അസിസ്റ്റന്റ് ജില്ലാ മിഷന് കോര്ഡിനേറ്റര് ബിന്ദുരേഖ. കെ എന്നിവര് പങ്കെടുത്തു.
 
d

 

Content highlight
logo of kudumbashree state level onam fare Aravam released

വയനാട് ദുരന്തം: സമഗ്ര പുനരധിവാസത്തിന് മാതൃകാ പ്രവര്‍ത്തനങ്ങളുമായി കുടുംബശ്രീ

Posted on Saturday, August 31, 2024

വയനാട്ടില്‍ മുണ്ടക്കൈ ചൂരല്‍മല സമഗ്ര പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 കോടി ധനസഹായം നല്‍കിയതിനൊപ്പം നിരവധി മാതൃകാ പ്രവര്‍ത്തനങ്ങളും.   പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശ പ്രകാരം മൂന്നു വാര്‍ഡുകളിലെ മുഴുവന്‍ കുടുംബങ്ങളുടെയും കുടുംബ സര്‍വേ പൂര്‍ത്തിയാക്കിയത് കുടുംബശ്രീയാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുടുംബങ്ങള്‍ക്കാവശ്യമായ മൈക്രോ പ്ളാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.

 ദുരന്തത്തില്‍ മരിച്ച ഒമ്പത് അയല്‍ക്കൂട്ട അംഗങ്ങളുടെ അവകാശികളായ കുടുംബാംഗങ്ങള്‍ക്ക് കുടുംബശ്രീ ജീവന്‍ ദീപം ഇന്‍ഷുറന്‍സ് പ്രകാരം  ആകെ 7,22,500 (ഏഴ് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ മാത്രം) രൂപ ലഭ്യമാക്കി. വീടും ജീവനോപധികളും നഷ്ടമായവര്‍ക്ക് ഇത് ഏറെ സഹായകമാകും. മരണമടഞ്ഞവരുടെ ബാങ്ക് വായ്പ എഴുതി തള്ളുന്നതിനായി സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയില്‍ ശുപാര്‍ശ ചെയ്തതടക്കമുളള കാര്യങ്ങളും നിര്‍വഹിച്ചു കഴിഞ്ഞു.  

ദുരന്തബാധിത മേഖലയിലെ തൊഴില്‍ അന്വേഷകര്‍ക്കായി ജില്ലാ ഭരണകൂടത്തിന്‍റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ തൊഴില്‍ മേള സംഘടിപ്പിച്ച് നിലവില്‍ 59 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി. 127 പേരുടെ അന്തിമ പട്ടികയും തയ്യാറാക്കി. ഇവര്‍ക്കും എത്രയും വേഗം അര്‍ഹമായ തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. കൂടാതെ കമ്യൂണിറ്റി മെന്‍ററിങ്ങ് സംവിധാനവും ആരംഭിച്ചു.  ഇതിന്‍റെ ഭാഗമായി 50 കുടുംബങ്ങള്‍ക്ക് ഒരു മെന്‍റര്‍ എന്ന നിലയില്‍ 20 കമ്യൂണിറ്റി മെന്‍റര്‍മാരുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്.

ദുരന്തം സംഭവിച്ചതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരംഭിച്ച ഹെല്‍പ് ഡെസ്കിന് നേതൃത്വം നല്‍കിയത് കുടുംബശ്രീ അംഗങ്ങളാണ്.  കൂടാതെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണ വിതരണം, ഹരിതകര്‍മസേന കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്പുകളുടെ ശുചീകരണം, കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കൗണ്‍സലിങ്ങ് എന്നീ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടപ്പാക്കി. ഇപ്രകാരം അതിജീവിതര്‍ക്ക് തണലൊരുക്കാന്‍ ഒട്ടേറെ  കരുതല്‍ പ്രവര്‍ത്തനങ്ങളാണ് സ്ത്രീശാക്തീകരണത്തിന്‍റെ മാതൃകാ സ്ഥാപനം ദുരന്തഭൂമിയില്‍ നടപ്പാക്കുന്നത്.

Content highlight
Wayanad disaster: Kudumbashree with exemplary actions for comprehensive rehabilitation

വയനാടിന്‍റെ പുനരധിവാസത്തിന് കുടുംബശ്രീയും : പെണ്ണൊരുമയുടെ കരുതലില്‍ രണ്ടു ദിനം കൊണ്ട് 20 കോടി

Posted on Friday, August 30, 2024

ഉരുള്‍പൊട്ടലില്‍ നിന്നും അതിജീവനത്തിന്‍റെ വഴികളില്‍ മുന്നേറുന്ന വയനാടിന്‍റെ സമഗ്ര പുനരധിവാസത്തിന് കരുത്തേകാന്‍ കുടുംബശ്രീയുടെ പെണ്‍കരുത്ത്. സംസ്ഥാനമൊട്ടാകെയുളള അയല്‍ക്കൂട്ട ഓക്സിലറി ഗ്രൂപ്പ്  അംഗങ്ങള്‍ ആഗസ്റ്റ് 10,11 തീയതികളിലായി സമാഹരിച്ചത് 20,05,00,682 (ഇരുപത് കോടി അഞ്ചു ലക്ഷത്തി അറുനൂറ്റി എണ്‍പത്തിരണ്ട് കോടി രൂപ മാത്രം) കോടി രൂപ. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 46 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങളും ഒരേ മനസോടെ കൈകോര്‍ത്തതാണ് ധനസമാഹരണം വേഗത്തിലാക്കിയത്. ഇതോടൊപ്പം കുടുംബശ്രീയുടെ കീഴിലുളള വിവിധ നൈപുണ്യ ഏജന്‍സികള്‍ വഴി 2,05,000 (രണ്ട് ലക്ഷത്തി അയ്യായിരം രൂപ മാത്രം) രൂപയും സമാഹരിച്ചു. ഇതു പ്രകാരം ആകെ 20,07,00,682 രൂപയുടെ ചെക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഇന്ന്(29-8-2024) മുഖ്യമന്ത്രിക്ക് കൈമാറി. ഇതോടെ ആദ്യഘട്ട സമാഹരണം പൂര്‍ത്തിയായി. സംസ്ഥാനത്ത് അയല്‍ക്കൂട്ടങ്ങളില്‍ രണ്ടാംഘട്ട ധനസമാഹരണം ഇപ്പോഴും ഊര്‍ജിതമാണ്. ഈ തുകയും വൈകാതെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടും ജീവനോപാധികളും നഷ്ടമായവരെ സഹായിക്കുന്നതിനായി ആഗസ്റ്റ് 10, 11 തീയതികളില്‍ 'ഞങ്ങളുമുണ്ട് കൂടെ' എന്ന പേരില്‍ കുടുംബശ്രീ ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അയല്‍ക്കൂട്ട അംഗങ്ങള്‍ ഒന്നടങ്കം മുന്നോട്ടു വന്നത്. വയനാടിന്‍റെ പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ലക്ഷ്യം.

പ്രകൃതിദുരന്തങ്ങളില്‍ കേരളത്തിന് തുണയാകാന്‍ കുടുംബശ്രീ ഒന്നടങ്കം മുന്നോട്ടു വരുന്നത് ഇതാദ്യമല്ല. 2018ല്‍ സംസ്ഥാനമൊട്ടാകെ ദുരിതം വിതച്ച പ്രളയക്കെടുതികളില്‍ ദുരന്തബാധിതര്‍ക്ക് തുണയാകാന്‍ കുടുംബശ്രീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്ന് 11.18 കോടി രൂപ നല്‍കിയിരുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ്, കുടുംബശ്രീ നിയുക്ത എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.ഗീത, മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക്, ഡയറക്ടര്‍ കെ.എസ് ബിന്ദു, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി, അക്കൗണ്ടന്‍റ് അബ്ദുള്‍ മനാഫ്, കമ്യൂണിക്കേഷന്‍ സ്പെഷലിസ്റ്റ് ചൈതന്യ ജി എന്നിവര്‍ പങ്കെടുത്തു.

sdaf

 

Content highlight
Rs 20 crores from Kudumbashree to Chief Minister's Distress Relief Fund as a helping hand for Wayanadml