കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്തുന്നതു ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഹാപ്പിനെസ് സെന്റര്‍’ പദ്ധതിയുടെ ഭാഗമായി പരിശീലകര്‍ക്കു വേണ്ടിയുള്ള ത്രിദിന സംസ്ഥാനതല പരിശീലന പരിപാടി ആഗസ്റ്റ് 28, 29, 30 തീയതികളിലായി നടക്കും. ‘ഹാപ്പി കേരളം’ എന്ന ആശയത്തെ മുന്‍നിര്‍ത്തി രൂപീകരിച്ച പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 154 മാതൃകാ സി.ഡി.എസുകളില്‍ ഹാപ്പിനെസ്സ് സെന്ററുകള്‍ ആരംഭിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് പരിശീലന പരിപാടി. ഇതുമായി ബന്ധപ്പെട്ട ആസൂത്രണ ശില്പശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പരിശീലന മൊഡ്യൂള്‍, പദ്ധതിയുമായി ബന്ധപ്പെട്ട മാര്‍ഗരേഖ, കുടുംബങ്ങളില്‍ സര്‍വേ നടത്തുന്നതിനാവശ്യമായ മാതൃക എന്നിവയും തയ്യാറായി.
രണ്ടു മേഖലകളായി തിരിച്ചു കൊണ്ടാണ് പരിശീലനം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകള്‍ ദക്ഷിണ മേഖലയിലും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ ഉത്തരമേഖലയിലും ഉള്‍പ്പെടും. മേഖലാതല ഉദ്ഘാടനം കൊല്ലത്തും കോഴിക്കോട്ടുമാണ് സംഘടിപ്പിക്കുക. സംസ്ഥാനതല പരിശീലനത്തിനായി ഓരോ ജില്ലയില്‍ നിന്നും പത്തു പേര് വീതം ആകെ 140 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ നിന്നും 70 പേര് വീതമാണ് മേഖലാതല പരിശീലനത്തില്‍ പങ്കെടുക്കുക. വിവിധ മേഖലകളിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാര്‍ മുഖേനയാണ് പരിശീലനം.
പരിശീലനം ലഭ്യമായവര്‍ പിന്നീട് ജില്ലാ സി.ഡി.എസ് എ.ഡി.എസ്തലത്തില്‍ ഹാപ്പിനെസ് ഫോറങ്ങള്‍’ രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങളിലും പങ്കാളിത്തം വഹിക്കും. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രതിനിധികളും തദ്ദേശ സ്ഥാപന പ്രതിനിധികളും ഉള്‍പ്പെടുത്തിയാണ് ഹാപ്പിനെസ് ഫോറം രൂപീകരിക്കുക. ഓരോ വാര്‍ഡിലും പത്തു മുതല്‍ നാല്‍പ്പതു വരെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തില്‍ ‘ഇട’ങ്ങളും രൂപീകരിക്കും. പൊതു സമൂഹത്തിലെ എല്ലാ കുടുംബങ്ങളും ഇതിലുണ്ടാകും. ഓരോ കുടുംബത്തിനും ആവശ്യമായ സന്തോഷ സൂചിക കണ്ടെത്തുന്നതിനുളള കുടുംബാധിഷ്ഠിത സൂക്ഷ്മതല പദ്ധതി തയ്യാറാക്കുന്നത് വാര്‍ഡുതലത്തില്‍ രൂപീകരിക്കുന്ന ഈ ‘ഇട’ങ്ങളിലായിരിക്കും. ഓരോ കുടുംബത്തിനുമുള്ള സൂക്ഷ്മതല പദ്ധതി തയ്യാറാക്കുന്നതിനാവശ്യമായ വിവരശേഖരണത്തിനും പദ്ധതി നിര്‍വഹണത്തിനും പ്രായോഗിക തലത്തില്‍ ഉണ്ടാകുന്ന വെല്ലുവിളികളും സാധ്യതകളും മനസിലാക്കുന്നതിനായി നേരത്തെ ട്രയലും സംഘടിപ്പിച്ചിരുന്നു. ഇതു വഴി ലഭിച്ച നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പരിശീലന മൊഡ്യൂളിന്റെ അന്തിമ രൂപം തയ്യാറാക്കിയത്.
‘ഹാപ്പി കേരളം’ പദ്ധതിയുടെ ഭാഗമായാണ് ‘ഹാപ്പിനെസ് സെന്ററുകള്‍’ നടപ്പാക്കുന്നത്. സമൃദ്ധിയില്‍ അധിഷ്ഠിതമായ വിവിധ സന്തോഷ സൂചകങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്ര വികസന രേഖയാണ് പദ്ധതി നിര്‍വഹണത്തിനായി കുടുംബശ്രീ മുന്നോട്ടു വയ്ക്കുക. കുടുംബങ്ങളുടെ സന്തോഷത്തിന് ആധാരമായ വരുമാനം, ആരോഗ്യം, ലിംഗനീതി, തുല്യത എന്നിവ പദ്ധതി വഴി ഉറപ്പാക്കുകയാണ് ലക്ഷ്യം. കേരളത്തിന്റെ സാമൂഹിക സാഹചര്യത്തിന് അനുസൃതമായ രീതിയില്‍ സന്തോഷത്തെ നിര്വചിക്കുന്നതിനുളള സമഗ്ര സമീപനമാകും കുടുംബശ്രീ ഇക്കാര്യത്തില്‍ സ്വീകരിക്കുക. സംസ്ഥാനതല പരിശീലന പരിപാടി പൂര്‍ത്തിയാകുന്നതോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനാണ് തീരുമാനം.
ഫലപ്രദമായ പദ്ധതി നടത്തിപ്പിന് സംസ്ഥാന ജില്ലാ സി.ഡി.എസ്, എ.ഡി.എസ്തലത്തില്‍ റിസോഴ്സ് ഗ്രൂപ്പുകളും രൂപീകരിക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും വിലയിരുത്താനും വിവിധ വകുപ്പുകളുടെയും കുടുംബശ്രീയുടെയും പ്രതിനിധികള്‍, വിഷയ വിദഗ്ധര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട മോണിട്ടറിങ്ങ് ടീമും രൂപീകരിക്കും. പദ്ധതി നടത്തിപ്പില്‍ തദ്ദേശ വകുപ്പ് മുഖ്യപങ്കാളിത്തം വഹിക്കും.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത്, ഡോ.ശ്രീലേഖ ടി.ജെ, ഡോ.റസീന പത്മം, യു.എന്‍.വേള്‍ഡ് ഫുഡ് പ്രോഗ്രാം ന്യൂട്രീഷന്‍ ഡിവിഷന് സീനിയര്‍ പ്രോഗ്രാം അസോസിയേറ്റ് റാഫി. പി, ബൈജു കുമാര്‍ ആര്.എസ്, പോഷകാഹാര വിദഗ്ധരായ ശുഭശ്രീ, സുനിത, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ കൃഷ്ണകുമാരി, പ്രീത ജി. നായര്‍, ഫെബി, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ബീന, നിഷിത, സ്നേഹിത പ്രതിനിധികളായ ഡോ.ഉണ്ണിമോള്, അനു എന്നിവര്‍ ആസൂത്രണ ശില്പശാലയില് പങ്കെടുത്തു.