വാര്‍ത്തകള്‍

കേരളീയം 2023 - കേരളത്തിന്റെ രുചിക്കലവറയായി കുടുംബശ്രീ ഭക്ഷ്യമേള, കനകക്കുന്നിലേക്ക് ജനപ്രവാഹം

Posted on Friday, November 3, 2023
കേരളീയം 2023 നോടനുബന്ധിച് കനകക്കുന്നില് ആരംഭിച്ചിരിക്കുന്ന കുടുംബശ്രീ ഫുഡ്‌കോര്ട്ടില് ആദ്യ ദിനങ്ങളില് തന്നെ വന്ജനത്തിരക്ക്. കേരളത്തിലെ 14 ജില്ലകളിലെയും തനത് വിഭവങ്ങള് ലഭ്യമാക്കുന്ന ഫുഡ്‌കോര്ട്ടില് ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നത് സ്വാദൂറും രുചികളാണ്. കൂടാതെ ബ്രാന്ഡഡ് വിഭവങ്ങള് ലഭിക്കുന്ന ഫുഡ് സ്റ്റാളുകളില് കുടുംബശ്രീ യൂണിറ്റുകള് തയാറാക്കുന്ന അട്ടപ്പാടിയിലെ വനസുന്ദരിയും വയനാട്ടിലെ മുളയരി പായസവുമുണ്ട്.
 
വിവിധ ഇനം ദോശകള്, വിവിധ തരം മീന്, ചിക്കന് വിഭവങ്ങള്, ഇറച്ചി ചോറ്, ചെറു ധാന്യങ്ങള് കൊണ്ടു തയ്യാറാക്കിയ വിഭവങ്ങള്, വിവിധതരം ജ്യൂസുകള്, പായസങ്ങള്, ഉന്നക്കായ, കായ്‌പ്പോള, പഴം നിറച്ചത്, കിളിക്കൂട്, പത്തിരി തുടങ്ങിയ വൈവിധ്യമാര്ന്ന പലഹാരങ്ങള് എന്നിങ്ങനെ നീളുന്നു ഭക്ഷ്യവിഭവങ്ങള്.
 
നിശ്ചിത തുകയ്ക്കുള്ള കൂപ്പണുകള് എടുത്ത് ആ കൂപ്പണുകള് കുടുംബശ്രീ ഫുഡ് സ്റ്റാളില് കൈമാറി വേണം ഭക്ഷണ വിഭവങ്ങള് വാങ്ങാന്. പൂര്ണ്ണമായും ഹരിതചട്ടം പാലിച്ചാണ് ഫുഡ്‌കോര്ട്ടിന്റെ നടത്തിപ്പ് എന്നതാണ് മറ്റൊരു പ്രത്യേകത.
 
sdj
Content highlight
കേരളീയം 2023 - കേരളത്തിന്റെ രുചിക്കലവറയായി കുടുംബശ്രീ ഭക്ഷ്യമേള, കനകക്കുന്നിലേക്ക് ജനപ്രവാഹം

കേരളീയം ഭക്ഷ്യമേള രുചിവൈവിധ്യങ്ങളുടെ കലവറ : മന്ത്രി എം.ബി. രാജേഷ്

Posted on Thursday, November 2, 2023
മലയാളിയുടെ രുചിവൈവിധ്യങ്ങളുടെ കലവറയാണ് കേരളീയം ഭക്ഷ്യമേളയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. വിഭവസമൃദ്ധമായ ഭക്ഷണം ലോകത്തിനു മുന്നില് അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് കേരളീയത്തിലൂടെ ലഭ്യമായതെന്നും മന്ത്രി പറഞ്ഞു. കേരളീയത്തോടനുബന്ധിച്ച് കനകക്കുന്നില് സംഘടിപ്പിക്കുന്ന കുടുംബശ്രീയുടെ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
 
കേരളത്തിന്റെ ആകൃതിയില് ക്രമീകരിച്ച വിഭവസമൃദ്ധമായ ഭക്ഷണം രുചിച്ചുനോക്കിയാണ് മന്ത്രി ഉദ്ഘാടനം നിര്വ്വഹിച്ചത്. പതിനാലു ജില്ലകളില് നിന്നുള്ള പ്രാദേശിക വിഭവങ്ങള് നേരില്കണ്ട് രുചിച്ചുനോക്കിയ മന്ത്രി കേരളീയത്തിലൂടെ ബ്രാന്ഡു ചെയ്യുന്ന വനസുന്ദരി ചിക്കന് തയ്യാറാക്കുന്നതിലും പങ്കുചേര്ന്നു.
 
കുടുംബശ്രീയുടെ വ്യാപാര വിപണന മേളയും മന്ത്രി ഉദ്ഘാടനം ചെയ്തു. അഡീഷണല് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഐ.എ.എസും മന്ത്രിക്കൊപ്പം സ്റ്റാളുകള് സന്ദര്ശിച്ചു. കുടുംബശ്രീ ഡയറക്ടര് ബിന്ദു കെ.എസ് കുടുംബശ്രീ ജില്ലാ മിഷന് കോര്ഡിനേറ്റര് ഡോ. ബി. ശ്രീജിത്ത്, പ്രോഗ്രാം ഓഫീസര് ശ്രീകാന്ത്, പബ്ലിക് റിലേഷൻസ് ഓഫീസര് നാഫി മുഹമ്മദ് എന്നിവരും പങ്കെടുത്തു.
ഇതുപത്തിനാലായിരം ചതുരശ്രയടി വിസ്തീര്ണത്തിലുള്ള വിശാലമായ അടുക്കളയില് പതിനാലുജില്ലകളിലെ പ്രാദേശിക വിഭവങ്ങളാണ് കുടുംബശ്രീ കൂട്ടായ്മയിൽ തയ്യാറാകുന്നത്.
 
കാസര്കോഡിന്റെ പ്രത്യേക വിഭവമായ കടമ്പും കോഴിയും മുതല് മലപ്പുറം സ്‌പെഷ്യലായ ചിക്കന്പൊട്ടിത്തെറിച്ചത് വരെ സ്റ്റാളുകളില് ലഭ്യമാണ്. രണ്ട് ബ്രാന്റഡ് വിഭവങ്ങളുടെ സ്റ്റാളുകളും കുടുംബശ്രീ ക്രമീകരിച്ചിട്ടുണ്ട്.
 
ing

 

Content highlight
Minister MB Rajesh inaugurates kudumbashree food court at Keraleeyam

കേരളീയം - 'കേളികൊട്ട് ' കുടുംബശ്രീ വിളംബര കലാജാഥയ്ക്ക് ഫ്ളാഗ് ഓഫ്

Posted on Saturday, October 28, 2023
നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിനായി കുടുംബശ്രീ സംഘടിപ്പിക്കുന്ന 'കേളികൊട്ട് ' കലാജാഥയ്ക്ക് തുടക്കം. ഇന്ന് കനകക്കുന്നു കൊട്ടാരവളപ്പിൽ നിന്നാരംഭിച്ച കലാജാഥ ' കേരളീയം ' സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.
 
വയനാട്ടിലെ കുടുംബശ്രീ യൂണിറ്റിന്റെ സംഗീതസംഘമായ മലമുഴക്കിയാണ് കലാജാഥയ്ക്കു നേതൃത്വം നൽകുന്നത്. ഫ്‌ളാഗ് ഓഫിനു മുന്നോടിയായി കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജനയ്ക്കു കീഴിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഫ്‌ളാഷ് മോബും അരങ്ങേറി. തുടർന്ന് ക്വിസ് മത്സരവും സംഘടിപ്പിച്ചു.
 
ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ്, കേരളീയം കൺവീനർ എസ്. ഹരികിഷോർ ഐ. എ.എസ് എന്നിവരും പങ്കെടുത്തു. നാളെയും മറ്റന്നാളുമായി തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തും. നാളെ നെടുമങ്ങാടും പാലോടും എത്തുന്ന യാത്ര മറ്റന്നാൾ ബാലരാമപുരം, നെയ്യാറ്റിൻകര, തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളിലും എത്തിയശേഷം മാനവീയം വീഥിയിൽ സമാപിക്കും.
Content highlight
keraleeyam kelikottu kudumbashree cultural procession starts

കുടുംബശ്രീ ചെറുധാന്യ സന്ദേശ യാത്രയ്ക്ക് കൊട്ടിക്കലാശം - 12.93 ലക്ഷം രൂപയുടെ വില്‍പ്പന

Posted on Saturday, October 28, 2023
അന്താരാഷ്ട്ര ചെറുധാന്യ വര്ഷത്തോടനുബന്ധിച്ച് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംഘടിപ്പിച്ച 'നമ്ത്ത് തീവനഗ' ചെറുധാന്യ സന്ദേശ യാത്രയ്ക്ക് പാലക്കാട് ഇന്നലെ (ഒക്ടോബര് 26) പരിസമാപ്തി. സെപ്റ്റംബര് 18ന് തിരുവനന്തപുരത്ത് തുടക്കമായ യാത്രയുടെ ആദ്യഘട്ടം 27ന് തൃശ്ശൂരില് അവസാനിച്ചിരുന്നു. ഒക്ടോബര് 17 നാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. യാത്രയിലൂടെ 12,93,051 രൂപയുടെ വിറ്റുവരവും നേടാനായി.
 
ചെറുധാന്യ കൃഷിയുടെ ഉപയോഗം, വ്യാപനം, ബോധവത്ക്കരണം, അട്ടപ്പാടിയിലെ ചെറുധാന്യ ഉത്പന്നങ്ങള്ക്ക് വിപണി കണ്ടെത്തല്, ജീവിതശൈലി രോഗങ്ങള് തടയുന്നതിന് ചെറുധാന്യങ്ങളുടെ കൃഷിയും പാചകവും പ്രോത്സാഹിപ്പിക്കലും എന്നീ ലക്ഷ്യങ്ങളാണ് സന്ദേശയാത്രയ്ക്കുള്ളത്. അട്ടപ്പാടിയിലെ ചെറുധാന്യ കര്ഷകരും കുടുംബശ്രീ പ്രവര്ത്തകരുമാണ് സന്ദേശയാത്രയുടെ ഭാഗമായത്.
ചോളം, റാഗി-പഞ്ഞപ്പുല്ല്, തിന, ചാമ, വരക്/വരക് അരി, കവടപ്പുല്ല് തുടങ്ങിയ നിരവധി ചെറുധാന്യങ്ങളുടെ പ്രദര്ശനവും വിപണനവും ഭക്ഷ്യമേളയും ചെറുധാന്യങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകളും ഈ സന്ദേശ യാത്രയുടെ ഭാഗമായി ഒരുക്കിയിരുന്നു.
 
ഒക്ടോബര് 26 ന് പാലക്കാട് സിവില് സ്റ്റേഷനില് സംഘടിപ്പിച്ച സമാപന യോഗത്തില് കുടുംബശ്രീ പാലക്കാട് നോര്ത്ത് സി.ഡി.എസ് ചെയര്പേഴ്‌സണ് കെ. സുലോചന അധ്യക്ഷയായി. പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് കെ.കെ. ചന്ദ്രദാസന് സ്വാഗതം ആശംസിച്ചു. സമാപന യോഗവും ചെറുധാന്യ ഉദ്പന്നങ്ങളുടെ വിപണന മേളയും പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള് ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ കളക്ടര് ഡോ. എസ്. ചിത്ര ഐ.എ.എസ് മുഖ്യാതിഥിയായി. ചെറുധാന്യ സന്ദേശ യാത്രയുടെ ഭാഗമായ അട്ടപ്പാടിയില് നിന്നുള്ള അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. പാലക്കാട് സബ് കളക്ടര് ധര്മ്മലശ്രീ ഐ.എ.എസ്, കുടുംബശ്രീ സംസ്ഥാന മിഷന് പ്രോഗ്രാം ഓഫീസര് ബി എസ് മനോജ് എന്നിവര് ആശംസകള് നേര്ന്നു. ജില്ലാ പ്രോഗ്രാം മാനേജര് ലക്ഷ്മി രാജ് നന്ദി പറഞ്ഞു.
 
Content highlight
Kudumbashree millet sandesha yathra concludes

കുടുംബശ്രീ കൊച്ചി ദേശീയ സരസ്മേള 2023 - ലോഗോയും ടാഗ് ലൈനും തയാർ, നിതിനും ഷിഹാബുദ്ദീനും വിജയികൾ

Posted on Friday, October 27, 2023
ഈ ഡിസംബറിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ എറണാകുളം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവഹിച്ചു.
 
ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ വൈവിധ്യമാർന്ന ഉത്പന്നങ്ങളും ഭക്ഷണ വിഭവങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തുന്ന മേളയുടെ ലോഗോയും ടാഗ് ലൈനും തയാറാക്കാൻ സംഘടിപ്പിച്ച മത്സരത്തിൽ യഥാക്രമം പത്തനംതിട്ട സീതത്തോട് സ്വദേശിയായ നിതിൻ. എസും പാലക്കാട്‌ കുമ്പിടി സ്വദേശിയായ ഷിഹാബുദീൻ. ടിയും വിജയിച്ചു. "സ്വയം പര്യാപ്തതയുടെ ആഘോഷം "എന്നതാണ് ഷിഹാബുദ്ദീൻ തയാറാക്കിയ  കൊച്ചി സരസ് മേളയുടെ ടാഗ് ലൈൻ.
 
കലക്ടറേറ്റ് ഹാളിൽ സംഘടിപ്പിച്ച പ്രകാശനച്ചടങ്ങിൽ ബഹു. കുന്നത്തുനാട് എംഎൽഎ അഡ്വ.പി വി ശ്രീനിജൻ, ബഹു. വൈപ്പിൻ എംഎൽഎ ശ്രീ കെ. എൻ.ഉണ്ണികൃഷ്ണൻ, ബഹു കോതമംഗലം എംഎൽഎ ശ്രീ ആന്റണി ജോൺ, ബഹു. കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ, ബഹു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌ ഐ.എ.എസ്, കുടുംബശ്രീ ജില്ലാമിഷൻ കോ- ഓർഡിനേറ്റർ ശ്രീമതി റജീന ടി.എം, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, കുടുംബശ്രീ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 
LJ
Content highlight
Kochi National Saras Fair 2023: Logo & Tag line launched; Winners of the Competition announcedML

'ഉജ്ജീവനം' നൂറുദിന സംസ്ഥാനതല ക്യാമ്പെയ്ന്‍ ബഹു. മന്ത്രി ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Thursday, October 26, 2023

ശാസ്ത്രീയമായ പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ അതിദരിദ്രരുടെ ഉപജീവന ആവശ്യങ്ങള്‍ നിര്‍വഹിക്കുക വഴി ഇന്ത്യയില്‍ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ഉജ്ജീവനം' നൂറു ദിന ഉപജീവന ക്യാമ്പെയ്ന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 25ന്‌ തൈക്കാട് ഗവണ്‍മെന്‍റ് വിമന്‍സ് കോളേജ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതലത്തില്‍ നീതി ആയോഗിന്‍റെ പുതിയ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ദാരിദ്ര്യത്തിന്‍റെ തോത് കേവലം 0.5 ശതമാനം മാത്രമാണ്. ഈ കുടുംബങ്ങളെ കൂടി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ മുന്‍ഗണനാക്രമത്തില്‍ പ്രത്യേക പ്രധാന്യം നല്‍കിയിട്ടുണ്ട്. ദാരിദ്ര്യത്തിന്‍റെ മുഖ്യ കാരണമായ ഉപജീവന മാര്‍ഗത്തിന്‍റെ അപര്യാപ്തത മാറ്റിക്കൊണ്ട് ഓരോ കുടുംബത്തെയും സ്വയംപര്യാപ്തതയിലേക്കുയര്‍ത്തുന്നു എന്നതാണ് ഉജ്ജീവനം ക്യാമ്പെയ്ന്‍റെ പ്രത്യേകത. 
 
  കുടുംബശ്രീ മുഖേന കണ്ടെത്തിയ 64,006 അതിദരിദ്ര കുടുംബങ്ങള്‍ക്കും ആവശ്യമായ സൂക്ഷ്മതല പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ഉപജീവനം ആവശ്യമായ 6429 കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന സംരംഭങ്ങള്‍ തുടങ്ങാനുള്ള സാമ്പത്തിക സഹായവും പരിശീലനവുമാണ് ഈ ക്യാമ്പെയ്ന്‍ വഴി ലഭ്യമാക്കുന്നത്. ഇതിനു വേണ്ടി ഈ കുടുംബങ്ങളില്‍ നിന്നുള്ള വിവരശേഖരണം ഉടന്‍ ആരംഭിക്കും. പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ളിക്കേഷന്‍ വഴിയാണ് വിവരശേഖരണം നടത്തുന്നത്.  2024 നവംബര്‍ ഒന്നിനകം 64006 ദരിദ്ര കുടുംബങ്ങളില്‍ 93 ശതമാനം കുടുംബങ്ങളെയും ബാക്കിയുള്ള ഏഴുശതമാനം കുടുംബങ്ങളെ 2025 നവംബര്‍ ഒന്നിനകവും അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കും. ഇതിനായി ആവിഷ്ക്കരിച്ച കര്‍മപരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

കേരളത്തിന്‍റെ ദാരിദ്ര്യനിര്‍മാര്‍ജന മിഷന്‍ എന്ന നിലയ്ക്ക് സംസ്ഥാന ജില്ലാ നഗര ഗ്രാമ വാര്‍ഡുതലത്തില്‍  തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ഒരുമിച്ചു പ്രവര്‍ത്തിച്ചു കൊണ്ട് കേരളത്തിലെ അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയണമെന്ന് തദ്ദേശ സ്വയംഭരണ അഡീഷണല്‍ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം പറഞ്ഞു. ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത അതിദരിദ്ര ഗുണഭോക്താക്കള്‍ക്കുളള ഉപജീവന പദ്ധതി സഹായവിതരണം ജാഫര്‍ മാലിക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി സുരേഷ് കുമാര്‍, സംസ്ഥാന പ്ളാനിങ്ങ് ബോര്‍ഡ് അംഗം ജിജു.പി.അലക്സ് എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. മൊബൈല്‍ ആപ് വഴി ഗുണഭോക്താക്കളുടെ വിവരശേഖരണം നടത്തുന്ന മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ്മാര്‍, കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് ജാഫര്‍ മാലിക് നേതൃത്വം നല്‍കി.

കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഗീത നസീര്‍, സി.ഡി.എസ് അധ്യക്ഷമാരായ സിന്ധു. ശശി.പി, വിനീത. പി, ഷൈന. എ, ബീന. പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത് നന്ദി പറഞ്ഞു.

 
Content highlight
kudumbashree launched ujjeevanam campaign

കുടുംബശ്രീ കേരള ചിക്കന് 208 കോടി രൂപയുടെ വിറ്റുവരവ്

Posted on Friday, October 20, 2023

കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി മുഖേന നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 208 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച 2019 മാര്‍ച്ച് മുതല്‍ ഇതു വരെയുള്ള വിറ്റുവരവാണിത്. നിലവില്‍ പ്രതിദിനം  ശരാശരി 25,000 കിലോ കോഴിയിറച്ചിയുടെ വിപണനമാണ് ഔട്ട്ലെറ്റുകള്‍ വഴി നടക്കുന്നത്. പൊതു വിപണിയെ അപേക്ഷിച്ച് ലഭിക്കുന്ന വിലക്കുറവും ഗുണനിലവാരവുമാണ് കേരള ചിക്കന് ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത നല്‍കുന്നത്.  പദ്ധതി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി സംസ്കരിച്ച കോഴി ഇറച്ചിയും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും ഉടന്‍ വിപണിയിലെത്തിക്കും.
 
ഉപഭോക്താക്കള്‍ക്ക് സംശുദ്ധമായ കോഴി ഇറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് 2019ല്‍ എറണാകുളം ജില്ലയിലാണ്. പിന്നീട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,  തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഈ വര്‍ഷം തന്നെ കണ്ണൂരിലും പദ്ധതി ആരംഭിക്കും.

നിലവില്‍ പദ്ധതിയുടെ ഭാഗമായി  345 ബ്രോയ്ലര്‍ ഫാമുകളും, 116 കേരള ചിക്കന്‍ ഔട്ട്ലെറ്റുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.  ഫാമുകളില്‍ നിന്നും വളര്‍ച്ചയെത്തിയ കോഴികളെ കമ്പനി തന്നെ തിരികയെടുത്ത ശേഷം കേരള ചിക്കന്‍ ഔട്ട്ലെറ്റുകളില്‍ എത്തിച്ചു വിപണനം നടത്തുകയാണ്  ചെയ്യുന്നത്.  ഇതു പ്രകാരം പദ്ധതിയില്‍ ഉള്‍പ്പെട്ട കോഴി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് രണ്ട് മാസത്തിലൊരിക്കല്‍ ശരാശരി 50,000 രൂപ വളര്‍ത്തു കൂലിയായി ലഭിക്കുന്നു. ഈയിനത്തില്‍ നാളിതു വരെ 19.68 കോടി രൂപയാണ് കുടുംബശ്രീ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്.  ഔട്ട്ലെറ്റുകള്‍ നടത്തുന്ന ഗുണഭോക്താക്കള്‍ക്കും പദ്ധതി ലാഭകരമാണ്. പ്രതിമാസം ശരാശരി 87,000 രൂപയാണ് ഇവര്‍ക്ക് വരുമാനമായി ലഭിക്കുന്നത്. നിലവില്‍ പദ്ധതി വഴി അഞ്ഞൂറോളം വനിതാ കര്‍ഷകര്‍ക്കും ഔട്ട്ലെറ്റ് ഗുണഭോക്താക്കള്‍ക്കും മെച്ചപ്പെട്ട ഉപജീവന മാര്‍ഗം ലഭിക്കുന്നുണ്ട്.

കുറഞ്ഞ മുതല്‍മുടക്കില്‍ സുസ്ഥിര വരുമാനം നേടാന്‍ സഹായകരമാകുന്ന തൊഴിലെന്ന നിലയ്ക്ക്  കൂടുതല്‍ വനിതകള്‍ ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. കേരള ചിക്കന്‍ ഫാമുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് അതത് കുടുംബശ്രീ ജില്ലാമിഷനുകളുമായി ബന്ധപ്പെട്ടാല്‍ ആവശ്യമായ വിവരങ്ങള്‍ ലഭിക്കും.

Content highlight
208 crores sales for kudumbashree kerala chicken

'ഉജ്ജീവനം' അതിദരിദ്രരുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നൂറു ദിന ക്യാമ്പെയ്ന് തുടക്കമിടുന്നു

Posted on Friday, October 20, 2023

കേരളത്തെ സമ്പൂര്‍ണ ദാരിദ്ര്യ മുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി 'ഉജ്ജീവനം' എന്ന പേരില്‍ പ്രത്യേക ഉപജീവന ക്യാമ്പെയ്ന് തുടക്കമിടുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍  25 മുതല്‍ 2024 ഫെബ്രുവരി ഒന്നു വരെ നൂറു ദിവസങ്ങളിലയാണ് ക്യാമ്പെയ്ന്‍. കുടുംബശ്രീ മുഖേന സംഘടിപ്പിച്ച സര്‍വേയിലൂടെ കണ്ടെത്തിയ 64006 അതിദരിദ്ര കുടുംബങ്ങളില്‍ ഉപജീവനം ആവശ്യമായ 6429 കുടുംബങ്ങള്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പു വരുത്തി അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ക്യാമ്പെയ്ന്‍റെ ലക്ഷ്യം. ഇതിനായി ദരിദ്ര കുടുംബങ്ങളില്‍ തൊഴിലെടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് ആവശ്യമായ തൊഴില്‍ പരിശീലനം നല്‍കുന്നതോടൊപ്പം വിവിധ പിന്തുണകളും ലഭ്യമാക്കും.  

അതിദരിദ്ര കുടുംബങ്ങള്‍ക്ക് സുസ്ഥിര ഉപജീവന മാര്‍ഗം ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ക്യാമ്പെയ്ന്‍ മുഖേന നടപ്പാക്കുക. ഇതിനായി ഓരോ ഓരോ കുടുംബങ്ങളുടെയും അതിജീവന ഉപജീവന ആവശ്യങ്ങള്‍ മനസിലാക്കുന്നതിനായി നവംബര്‍ 15വരെ ഭവന സന്ദര്‍ശനം നടത്തും. ഓരോ തദ്ദേശ സ്ഥാപനത്തിലും രൂപീകരിച്ച പ്രത്യേക ടീമിന്‍റെ നേതൃത്വത്തിലായിരിക്കും ഇത്. ഗുണഭോക്താവിന്‍റെ ഉപജീവന ആവശ്യകത, തൊഴില്‍ ലഭ്യതയ്ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിവിധ പദ്ധതികള്‍, ആവശ്യമായ സാമ്പത്തിക പിന്തുണകള്‍ എന്നിവ വിവരണശേഖരണത്തിനായി തയ്യാറാക്കിയ പ്രത്യേക മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തും. ഇപ്രകാരം ഭവന സന്ദര്‍ശനം വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ കുടുംബത്തിനും ആവശ്യമായ ഉപജീവന പ്രവര്‍ത്തനങ്ങളുടെ പട്ടിക അതത് തദ്ദേശ സ്ഥാപനതല ടീമുകളുടെ നേതൃത്വത്തില്‍ നവംബര്‍ 25നു മുമ്പായി പൂര്‍ത്തീകരിക്കും.

ഗുണഭോക്താക്കളുടെ വ്യക്തിഗത ഉപജീവന പദ്ധതി തയ്യാറാക്കുന്ന ചുമതല ഓരോ സി.ഡി.എസിലുമുള്ള മൈക്രോ എന്‍റര്‍പ്രൈസ് കണ്‍സള്‍ട്ടന്‍റിനാണ്. അവശ്യപിന്തുണ ആവശ്യമുളളവര്‍, കമ്യൂണിറ്റി എന്‍റര്‍പ്രൈസ് ഫണ്ട് നല്‍കുന്നതു വഴി പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ ഉളളവര്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് പട്ടിക തയ്യാറാക്കുക. ഇപ്രകാരം തയ്യാറാക്കിയ ഉപജീവന പദ്ധതികളുടെ സാധ്യതകള്‍ പരിശോധിച്ച ശേഷം  തൊഴില്‍ പരിശീലനം ആവശ്യമായ എല്ലാ ഗുണഭോക്താക്കള്‍ക്കും ഇത് ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.  

ഗുണഭോക്താക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി രൂപപ്പെടുത്തിയ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ അതും കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ വഴി 2024 ഫെബ്രുവരി എട്ടിനകം  ലഭ്യമാക്കും. കൂടാതെ തദ്ദേശ സ്ഥാപനതല പദ്ധതികള്‍, സ്പോണ്‍സര്‍ഷിപ് എന്നിവ മുഖേനയും സാമ്പത്തിക പിന്തുണ ലഭ്യമാക്കും. പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനായി സംസ്ഥാന ജില്ലാ തദ്ദേശതലത്തില്‍ പ്രത്യേക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

Content highlight
Kudumbashree to launch 'Ujjeevanam' 100 Day Campaign as part of Extreme Poverty Eradication Programme

നഗരപ്രദേശങ്ങളിലെ കുടുംബശ്രീ സി.ഡി.എസുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാന്‍ ചലനം രണ്ടാംഘട്ട പരിശീലനത്തിന് തുടക്കം

Posted on Wednesday, October 18, 2023

കേരളത്തിലെ 129 നഗരങ്ങളിലെയും കുടുംബശ്രീ സി.ഡി.എസുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാര്‍, ഉപസമിതി ഭാരവാഹികള്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായുള്ള 'ചലനം' ചതുര്‍ദിന മാര്‍ഗ്ഗദര്‍ശന/ നേതൃത്വ പരിശീലന ക്യാമ്പിന്‍റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമായി. പൈലറ്റ് അടിസ്ഥാനത്തില്‍ നടത്തുന്ന ക്യാമ്പിന്‍റെ ഉദ്ഘാടനം കൊല്ലം ജില്ലയിലെ പെരിങ്ങാനത്ത് മാര്‍ത്തോമാ ധ്യാനതീരം സെന്‍ററില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് നിര്‍വഹിച്ചു. പരിശീലനം 20 വരെ നീളും.

 നഗര സി.ഡി.എസുകളിലെ സംഘടനാ സംവിധാനം കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനതലത്തില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ചലനം ആദ്യഘട്ട പരിശീലനം നല്‍കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ജില്ലാതലത്തിലുള്ള ഈ രണ്ടാംഘട്ട പരിശീലനം. സംസ്ഥാനതലത്തില്‍ നിന്ന് നേരിട്ട് കൊല്ലത്ത് നടത്തുന്ന ഈ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ശേഷിക്കുന്ന 13 ജില്ലകളിലും ഡിസംബര്‍ 15നകം ജില്ലാതലത്തില്‍ ചലനം രണ്ടാംഘട്ടം നടത്തും.  

  കൊല്ലം ജില്ലയിലെ ആറ് നഗര സി.ഡി.എസുകളില്‍ നിന്നായി 36 സി.ഡി.എസ് ഭാരവാഹികള്‍ (ഈ നഗരസഭകളിലെ ഉപസമിതി കണ്‍വീനരമാര്‍ -സാമൂഹിക വികസനം, അടിസ്ഥാന സൗകര്യ വികസനം, ഉപജീവനം, വാര്‍ഡ്സഭ - തൊഴിലുറപ്പ്, മൈക്രോ ഫിനാന്‍സ്),  കൊല്ലം ജില്ലയിലെ സിറ്റിമിഷന്‍ മാനേജര്‍മാര്‍, എല്ലാ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ സിറ്റി മിഷന്‍ മാനേജര്‍മാര്‍, ചലനം പരിശീലന കോര്‍ ടീമംഗങ്ങള്‍, കുടുംബശ്രീ സംസ്ഥാന മിഷനിലെ എന്‍ യു എല്‍ എം ടീം അംഗങ്ങള്‍, കൊല്ലം ജില്ലാ മിഷനിലെ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ എണ്‍പതോളം പേരാണ് ഈ ചതുര്‍ദിന പൈലറ്റ് പരിശീലനത്തിന്‍റെ ഭാഗമായിട്ടുള്ളത്.


  ജില്ലാ മിഷനുകളുടെ നേരിട്ടുള്ള ഇടപെടല്‍, കുടുംബശ്രീ ഉദ്യോഗസ്ഥരുടെ പിന്തുണ, നഗരസഭകളുമായുള്ള മികച്ച ബന്ധവും സംയോജനവും ഉറപ്പാക്കല്‍, അവരവരുടെ വിഷയ മേഖലകളില്‍ പ്രാവീണ്യം ഉറപ്പാക്കല്‍, ഉപസമിതികളുടെയും വിലയിരുത്തല്‍ സമിതികളുടെയും മെച്ചപ്പെട്ട പ്രവര്‍ത്തനം, അയല്‍ക്കൂട്ടതലം വരെ ഉപസമിതികള്‍ ചലിപ്പിക്കല്‍, നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി (അര്‍ബന്‍ പോവര്‍ട്ടി റിഡക്ഷന്‍ പ്ലാന്‍- യു.പി.ആര്‍.പി) കാര്യക്ഷമമായി തയാറാക്കുക വഴി സംഘടനാ സംവിധാനം ചലിപ്പിക്കുകയും നഗരസഭാ പ്ലാനുമായി ബന്ധിപ്പിക്കുകയും ചെയ്യുക,  കുടുംബശ്രീ കമ്മ്യൂണിറ്റി റിസോഴ്സ് ടീമുകളുടെ സേവനം പ്രയോജനപ്പെടുത്തല്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ക്കാണ് ചലനം രണ്ടാം ഘട്ടം ഊന്നല്‍ നല്‍കുന്നത്.

കൊല്ലം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍  വിമല്‍ ചന്ദ്രന്‍. ആര്‍ സ്വാഗതമാശംസിച്ച ഉദ്ഘാടന ചടങ്ങില്‍ അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ആതിര, അനീസ, ഉമേഷ്, സംസ്ഥാന മിഷന്‍ പ്രോഗ്രാം മാനേജര്‍മാരായ ബീന,  നിഷാന്ത് എന്നിവര്‍  പങ്കെടുത്തു.

 

Content highlight
chalanam second stage starts

കുടുംബശ്രീ 'തിരികെ സ്‌കൂളിൽ' ക്യാമ്പയിനിൽ ആവേശകരമായ പങ്കാളിത്തം; ആറ് ദിനം കൊണ്ട് 11.07 ലക്ഷം പഠിതാക്കൾ

Posted on Tuesday, October 17, 2023

കുടുംബശ്രീയുടെ 'തിരികെ സ്‌കൂളിൽ' അയൽക്കൂട്ട ശാക്തീകരണ  ക്യാമ്പയിനിൽ ആവേശകരമായ പങ്കാളിത്തം. ആറ് ദിനം കൊണ്ട് സംസ്ഥാനത്തുടനീളം ക്യാമ്പയിനിൽ പങ്കാളികളായത് 11,07,627 വനിതകൾ. പഴയകാല ഓർമകളിലേക്കുള്ള മടങ്ങിപ്പോക്കിനൊപ്പം പുതിയ കാലത്തെ ഒട്ടേറെ അറിവുകളും പങ്കുവയ്ക്കുന്ന ക്യാമ്പയിനിൽ പുതിയ തലമുറയിലെ അംഗങ്ങൾക്കൊപ്പം പ്രായത്തെ തോൽപ്പിക്കുന്ന ആവേശത്തോടെ പഴയകാല അയൽക്കൂട്ടാംഗങ്ങളും സജീവമായി എത്തിച്ചേരുന്നുണ്ട്. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും വെല്ലുവിളികൾ മറികടന്ന് എത്തുന്ന ഭിന്നശേഷിക്കാരും മിക്ക കേന്ദ്രങ്ങളിലും കാമ്പയിന് ആവേശം പകരുന്നു.

ഒക്ടോബർ ഒന്നിന് തുടക്കമിട്ട ക്യാമ്പയിന്റെ  മൂന്ന് ബാച്ചുകളാണ് ഞായറാഴ്ച (ഒക്ടോബർ 15) യോട് കൂടി പൂർത്തിയായത്. ഒക്ടോബർ 15 വരെ 1,29,392 അയൽക്കൂട്ടങ്ങളിൽ നിന്നുള്ള വനിതകൾ ക്യാമ്പെയിന്റെ ഭാഗമായി. ഡിസംബർ 10 വരെ നീളുന്ന ക്യാമ്പയിനിൽ 46 ലക്ഷം അയൽക്കൂട്ടാംഗങ്ങളെയും ഭാഗമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

പാലക്കാട് ജില്ലയിലാണ് ഇതുവരെ ഏറ്റവും കൂടുതൽ പങ്കാളിത്തമുണ്ടായത്. 15609 അയൽക്കൂട്ടങ്ങളിൽ നിന്നായി 139851 അംഗങ്ങൾ ഇവിടെ പങ്കെടുത്തിട്ടുണ്ട്.  മലപ്പുറം, എറണാകുളം  ജില്ലകളാണ് തൊട്ടുപിന്നിൽ. മലപ്പുറത്ത് 15788 അയൽക്കൂട്ടങ്ങളിൽ നിന്നായി 136575 പേരും എറണാകുളത്ത്  13734 അയൽക്കൂട്ടങ്ങളിൽ നിന്നായി 116611 പേരും ഇതുവരെ പങ്കെടുത്തു.  

 പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണകരണത്തോടെ സംസ്ഥാനത്തെ 1070 സി.ഡി.എസ് തലങ്ങളിലാണ് ക്യാമ്പയിൻ ഒരുക്കുന്നത്. ഡിസംബർ പത്ത് വരെയുള്ള പൊതു അവധി ദിനങ്ങളിൽ അതത് സി.ഡി.എസിൽ ലഭ്യമാകുന്ന സ്‌കൂളുകളാണ് ക്യാമ്പയിന് വേദിയാവുന്നത്. കേരളമൊട്ടാകെ 2000 സ്‌കൂളുകൾ ക്യാമ്പയിനായി പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിട്ടുണ്ട്.

  വിദഗ്ധ പരിശീലനം നേടിയ 15000 ത്തിലേറെ റിസോഴ്സ് പേഴ്സൺമാർ ക്ലാസ്സുകൾ നയിക്കുന്നത്.  സംഘടനാ ശക്തി അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ ജീവിത ഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം പുതിയ അറിവുകൾ ആശയങ്ങൾ, ഡിജിറ്റൽ കാലം എന്നീ അഞ്ച് വിഷയങ്ങളിലാണ് ക്ലാസ്സുകൾ. ഓരോ മണിക്കൂറാണ് ഓരോ പിരീഡിന്റെയും ദൈർഘ്യം. ഒന്നിച്ചുള്ള ഉച്ചഭക്ഷണം, കലാപരിപാടികൾ തുടങ്ങിയവയും ക്യാമ്പയിന്റെ പ്രത്യേകതയാണ്.

അസംബ്ലിയോടെ ആരംഭിക്കുന്ന ക്ലാസ്സിൽ കുടുംബശ്രീയുടെ മുദ്രഗീതം ചൊല്ലുകയും ശുചിത്വ പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു.
അയൽക്കൂട്ടാംഗങ്ങൾക്ക് കൂടുതൽ ആവേശം പകർന്ന് പലയിടങ്ങളിലും  ക്യാമ്പയിൻ കേന്ദ്രങ്ങളിൽ നിരവധി പ്രമുഖർ സന്ദർശനം നടത്തുന്നുണ്ട്.

Content highlight
More than 11 lakh NHG Members attended Kudumbashree's Back to School Campaign within 6 days