കുടുംബശ്രീ 'തിരികെ സ്‌കൂളിൽ' ക്യാമ്പയിനിൽ ആവേശകരമായ പങ്കാളിത്തം; ആറ് ദിനം കൊണ്ട് 11.07 ലക്ഷം പഠിതാക്കൾ
കുടുംബശ്രീയുടെ 'തിരികെ സ്‌കൂളിൽ' അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിനിൽ ആവേശകരമായ പങ്കാളിത്തം. ആറ് ദിനം കൊണ്ട് സംസ്ഥാനത്തുടനീളം ക്യാമ്പയിനിൽ പങ്കാളികളായത് 11,07,627 വനിതകൾ. പഴയകാല ഓർമകളിലേക്കുള്ള മടങ്ങിപ്പോക്കിനൊപ്പം പുതിയ കാലത്തെ ഒട്ടേറെ അറിവുകളും പങ്കുവയ്ക്കുന്ന ക്യാമ്പയിനിൽ പുതിയ തലമുറയിലെ അംഗങ്ങൾക്കൊപ്പം പ്രായത്തെ തോൽപ്പിക്കുന്ന ആവേശത്തോടെ പഴയകാല അയൽക്കൂട്ടാംഗങ്ങളും സജീവമായി എത്തിച്ചേരുന്നുണ്ട്. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും വെല്ലുവിളികൾ മറികടന്ന് എത്തുന്ന ഭിന്നശേഷിക്കാരും മിക്ക കേന്ദ്രങ്ങളിലും കാമ്പയിന് ആവേശം പകരുന്നു.
ഒക്ടോബർ ഒന്നിന് തുടക്കമിട്ട ക്യാമ്പയിന്റെ മൂന്ന് ബാച്ചുകളാണ് ഞായറാഴ്ച (ഒക്ടോബർ 15) യോട് കൂടി പൂർത്തിയായത്. ഒക്ടോബർ 15 വരെ 1,29,392 അയൽക്കൂട്ടങ്ങളിൽ നിന്നുള്ള വനിതകൾ ക്യാമ്പെയിന്റെ ഭാഗമായി. ഡിസംബർ 10 വരെ നീളുന്ന ക്യാമ്പയിനിൽ 46 ലക്ഷം അയൽക്കൂട്ടാംഗങ്ങളെയും ഭാഗമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.
പാലക്കാട് ജില്ലയിലാണ് ഇതുവരെ ഏറ്റവും കൂടുതൽ പങ്കാളിത്തമുണ്ടായത്. 15609 അയൽക്കൂട്ടങ്ങളിൽ നിന്നായി 139851 അംഗങ്ങൾ ഇവിടെ പങ്കെടുത്തിട്ടുണ്ട്. മലപ്പുറം, എറണാകുളം ജില്ലകളാണ് തൊട്ടുപിന്നിൽ. മലപ്പുറത്ത് 15788 അയൽക്കൂട്ടങ്ങളിൽ നിന്നായി 136575 പേരും എറണാകുളത്ത് 13734 അയൽക്കൂട്ടങ്ങളിൽ നിന്നായി 116611 പേരും ഇതുവരെ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണകരണത്തോടെ സംസ്ഥാനത്തെ 1070 സി.ഡി.എസ് തലങ്ങളിലാണ് ക്യാമ്പയിൻ ഒരുക്കുന്നത്. ഡിസംബർ പത്ത് വരെയുള്ള പൊതു അവധി ദിനങ്ങളിൽ അതത് സി.ഡി.എസിൽ ലഭ്യമാകുന്ന സ്‌കൂളുകളാണ് ക്യാമ്പയിന് വേദിയാവുന്നത്. കേരളമൊട്ടാകെ 2000 സ്‌കൂളുകൾ ക്യാമ്പയിനായി പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിട്ടുണ്ട്.
വിദഗ്ധ പരിശീലനം നേടിയ 15000 ത്തിലേറെ റിസോഴ്സ് പേഴ്സൺമാർ ക്ലാസ്സുകൾ നയിക്കുന്നത്. സംഘടനാ ശക്തി അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ ജീവിത ഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം പുതിയ അറിവുകൾ ആശയങ്ങൾ, ഡിജിറ്റൽ കാലം എന്നീ അഞ്ച് വിഷയങ്ങളിലാണ് ക്ലാസ്സുകൾ. ഓരോ മണിക്കൂറാണ് ഓരോ പിരീഡിന്റെയും ദൈർഘ്യം. ഒന്നിച്ചുള്ള ഉച്ചഭക്ഷണം, കലാപരിപാടികൾ തുടങ്ങിയവയും ക്യാമ്പയിന്റെ പ്രത്യേകതയാണ്.
അസംബ്ലിയോടെ ആരംഭിക്കുന്ന ക്ലാസ്സിൽ കുടുംബശ്രീയുടെ മുദ്രഗീതം ചൊല്ലുകയും ശുചിത്വ പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു.
അയൽക്കൂട്ടാംഗങ്ങൾക്ക് കൂടുതൽ ആവേശം പകർന്ന് പലയിടങ്ങളിലും ക്യാമ്പയിൻ കേന്ദ്രങ്ങളിൽ നിരവധി പ്രമുഖർ സന്ദർശനം നടത്തുന്നുണ്ട്.
- 48 views