സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ ഇന്ത്യയിലെ പെണ്‍കരുത്തിന്റെ അടയാളമാണ് കുടുംബശ്രീയെന്ന് ബഹു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബിരാജേഷ് പറഞ്ഞു. 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ക്ക് പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തു വരെ സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളില്‍' ക്യാമ്പെയ്ന്റെ സംസ്ഥാനതല ഉദ്ഘാടനം തൃത്താലയില്‍ ഡോ.കെ.ബി മേനോന് സ്മാരക ഹയര്‍ സക്കണ്ടറി സ്കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 25 വര്‍ഷം കൊണ്ട് സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് കുടുംബശ്രീ വലിയ മുന്നേറ്റമാണ് സാധ്യമാക്കിയതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇനി ദാരിദ്ര്യ നിര്‍മാര്‍ജനമല്ല, വരുമാന വര്‍ധനവാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കുടുംബശ്രീയുടെ ഉള്ളടക്കത്തിലും പ്രവര്‍ത്തന സ്വഭാവത്തിലും നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ഈയൊരു പരിവര്‍ത്തനഘട്ടത്തില്‍ കൂടുതല്‍ ശ്രദ്ധേയമായ കുതിപ്പുകള്‍ നടത്തേണ്ടത് അനിവാര്യമാണ്. ഇതിനാവശ്യമായ അറിവ്, വൈദഗ്ധ്യം, ഊര്‍ജ്ജം, നൈപുണ്യം എന്നിവ കൈവരിക്കാന്‍ 'തിരികെ സ്കൂളില്‍' ക്യാമ്പെയ്നില്‍ പങ്കെടുക്കുന്നത് കുടുംബശ്രീ വനിതകള്‍ക്ക് ഏറെ സഹായകമാകും. ജീവിതനിലവാരത്തിലും സാമൂഹിക ജീവിതത്തിലും മാനവ പുരോഗതിയിലും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിലും കുടുംബശ്രീ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 2021ലെ നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ദാരിദ്ര്യം കേവലം 0.55 ശതമാനം മാത്രമാണ്. ഇത് സാധ്യമാക്കിയതില്‍ മുഖ്യപങ്കു വഹിച്ചത് കുടുംബശ്രീയാണ്. കുടുംബശ്രീ വനിതകള്‍ക്ക് സാമ്പത്തിക ക്രയവിക്രയം നടത്തുന്നതിനും സംരംഭ വികസനത്തിനും സഹായകമാകുന്ന പരിശീലനമാണ് ഇപ്പോള്‍ ക്യാമ്പെയ്ന് വഴി ലഭ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ഗോത്ര ഊരുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട ഉള്‍ച്ചേര്‍ക്കല്‍ 'നമ്മക്കൂട്ടം' ക്യാമ്പെയ്ന്റെ പോസ്റ്റര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. 46 ലക്ഷം വനിതകള്‍ക്ക് പരിശീലനം നല്കുന്ന ക്യാമ്പെയ്നു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ മന്ത്രി അഭിനന്ദിച്ചു. അസംബ്ളിയിലും പങ്കെടുത്തു. തുടര്‍ന്ന് സ്കൂള്‍ ബെല്‍ അടിച്ചതിനു ശേഷം പരിശീലനം നടത്തുന്ന 15 ക്ളാസുകളിലും സന്ദര്‍ശനവും നടത്തി.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര മുഖ്യാതിഥി ആയി. കില ഡയറക്ടര്‍ ജോയ് ഇളമണ്‍, തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ ശുചിത്വ പ്രതിജഞ ചൊല്ലിക്കൊടുത്തു. ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എ.കൃഷ്ണ കുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് കുമാര്‍ സി.വി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഷറഫുദ്ദീന് കളത്തില്‍, ടി.സുഹറ, തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ശ്രീനിവാസന്, തൃത്താല ബ്ളോക്ക് പഞ്ചായത്ത് അംഗം
കുബ്ര ഷാജഹാന്, തൃത്താല ഗ്രാമപഞ്ചായത്ത് അംഗം ഗോപി നാഥ്, ടി.പി മുഹമ്മദ് മാസ്റ്റര്‍, ശ്രീജി കടവത്ത്, സി.കെ വിജയന്, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാര്‍ക്കു വേണ്ടി തൃത്താല സി.ഡി.എസ് അധ്യക്ഷ സുജിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് കൃതജ്ഞത അറിയിച്ചു.
ആദ്യദിനമായ ഒക്ടോബര്‍ ഒന്നിന് സംസ്ഥാനമൊട്ടാകെ 870 സ്കൂളുകളിലായി ആകെ നാല് ലക്ഷം വനിതകള്‍ പരിശീലനത്തില്‍ പങ്കെടുത്തു. പാലക്കാട് ജില്ലയില്‍ ഇന്നലെ 4243 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 28231 വനിതകള്‍ പങ്കെടുത്തു. ജില്ലയില്‍ ആകെ 88 സി.ഡി.എസുകളിലാണ് ക്യാമ്പെയ്നില്‍ പങ്കെടുക്കുന്നത്. 91 സ്കൂളുകളില്‍ 655 ക്ളാസുകളാണ് നടത്തിയത്.
- 221 views