'നയി ചേതന' 3.0 ദേശീയ ക്യാമ്പയിന്‍ സമാപനം: സംസ്ഥാനത്ത് 1070 സി.ഡി.എസിലും കുടുംബശ്രീയുടെ ജെന്‍ഡര്‍ കാര്‍ണിവല്‍ ഡിസംബര്‍ 23ന്

Posted on Wednesday, December 18, 2024

ഡിസംബര്‍ 23ന് സംസ്ഥാനത്ത് 1070 കുടുംബശ്രീ സി.ഡി.എസുകളിലും ജെന്‍ഡര്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ ഇന്ത്യയൊട്ടാകെ സംഘടിപ്പിച്ചു വരുന്ന 'നയി ചേതന' ദേശീയ ജെന്‍ഡര്‍ ക്യാമ്പയിന്‍റെ സമാപനത്തോടനുബന്ധിച്ചാണിത്. 'സ്ത്രീധനവും സ്ത്രീകളുടെ അവകാശവും' എന്ന വിഷയത്തില്‍ വിവിധ മേഖകളിലുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് ഓപ്പണ്‍ ഫോറത്തോടു കൂടിയാകും ഓരോ സി.ഡി.എസിലും കാര്‍ണിവല്‍ ആരംഭിക്കുക. ഇതു കൂടാതെ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഒരുമാസമായി സി.ഡി.എസുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരണം, ജെന്‍ഡര്‍ ചാമ്പ്യന്‍മാരെ ആദരിക്കല്‍, പോഷകാഹാര ഭക്ഷ്യമേള എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളും കാര്‍ണിവലില്‍ അരങ്ങേറും. കാര്‍ണിവല്‍ വന്‍ വിജയമാക്കുന്നതിന് കുടുംബശ്രീ അയല്‍ക്കൂട്ട, ഓക്സിലറി ഗ്രൂപ്പ്, ബാലസഭാംഗങ്ങള്‍ എന്നിവര്‍ക്കു പുറമേ, ജനപ്രതിനിധികള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍, സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പങ്കാളിത്തം  കൂടി  ഉറപ്പു വരുത്തും.

ജെന്‍ഡര്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് പ്രധാനമായും ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി അയല്‍ക്കൂട്ട, എ.ഡി.എസ്, സി.ഡി.എസ്, ഓക്സിലറി ഗ്രൂപ്പുകള്‍, 854 ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍, വിജിലന്‍റ് ഗ്രൂപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചു വരുന്നത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് മാന്യവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പു വരുത്തുന്ന പോഷ് ആക്ട് സംബന്ധിച്ച ക്ളാസുകള്‍, എല്ലാ സ്ഥാപനങ്ങളിലും ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നതിനായി സംഘടിപ്പിച്ച  പരിശീലനങ്ങള്‍ എന്നിവ ഇതില്‍ മുഖ്യമാണ്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരേ പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കല്‍,  പുരുഷന്‍മാര്‍, ആണ്‍കുട്ടികള്‍, പ്രാദേശിക നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ചര്‍ച്ചകള്‍, ജെന്‍ഡര്‍ ക്വിസ്, ഗ്രൂപ്പ് ചര്‍ച്ചകള്‍,  പോസ്റ്റര്‍-ഹാഷ്ടാഗ്-ചുവര്‍ചിത്ര ക്യാമ്പെയ്നുകള്‍, പ്രതിജ്ഞയെടുക്കല്‍, തെരുവു നാടകങ്ങള്‍, ഫ്ളാഷ് മോബ്, ഹ്രസ്വചിത്ര പ്രദര്‍ശനം പോലുള്ള പരിപാടികളും അരങ്ങേറി. പലയിടത്തും സ്ത്രീകള്‍ക്കൊപ്പം പുരുഷന്‍മാരുടെയും ആണ്‍കുട്ടികളുടെയും സജീവ പങ്കാളിത്തവും ദൃശ്യമായി. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൊതു ഇടങ്ങളില്‍ ശ്രദ്ധ നേടാന്‍ കഴിഞ്ഞതായാണ് വിലയിരുത്തല്‍.  

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ  ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുന്ന ദേശീയതല ക്യാമ്പയിനാണ്  'നയി ചേതന'.  'ലിംഗവിവേചനത്തിനും  ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കുമെതിരേ' എന്നതാണ് ഈ വര്‍ഷത്തെ ആശയം. സ്ത്രീകള്‍, വിവിധ ലിംഗവിഭാഗത്തിലുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് വിവേചനങ്ങളും അതിക്രമങ്ങളും നേരിടാതെ സ്വന്തം അവകാശത്തില്‍ അധിഷ്ഠിതമായി നിര്‍ഭയം ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ക്യാമ്പയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും 'നയി ചേതന'. ക്യാമ്പെയിന്‍ ഏറ്റെടുത്തു കൊണ്ട് ദേശീയതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിരുന്നു. ഈ വര്‍ഷവും അയല്‍ക്കൂട്ട എ,ഡി.എസ്, സി.ഡി.എസ്, ജില്ലാതലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ പൂര്‍ത്തിയാകുമ്പോള്‍ 46ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ ഇതിന്‍റെ ഭാഗമാകും.

Content highlight
kudumbashree to conduct gender carnival as part of nayi chetana 3.0 gender campaign on 23rd