കുടുംബശ്രീ 'തിരികെ സ്കൂളിൽ' - വിദഗ്ധർക്കുള്ള പരിശീലനം സംഘടിപ്പിച്ചു
- 146 views
വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിയിറങ്ങിയ വിദ്യാലയ മുറ്റത്തേക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമായി 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തു വരെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളില്‍' സംസ്ഥാനതല ക്യാമ്പെയ്ന്‍റെ ഭാഗമായാണ് അയല്‍ക്കൂട്ട വനിതകള്‍ വീണ്ടും വിദ്യാലയങ്ങളിലേക്കെത്തുന്നത്. ഓരോ സി.ഡി.എസിനു കീഴിലുമുള്ള വിദ്യാലയങ്ങളിലാകും അയല്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുക. അവധി ദിനങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പെയ്നു വേണ്ടി സംസ്ഥാനത്ത് രണ്ടായിരത്തിലേറെ സ്കൂളുകള്‍ അനുവദിച്ചിട്ടുണ്ട്.
സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് നാളിതു വരെ സംഘടിപ്പിച്ചതില്‍ ഏറ്റവും ബൃഹത്തായ ക്യാമ്പെയ്നായിരിക്കും 'തിരികെ സ്കൂളില്‍'. വിജ്ഞാന സമ്പാദനത്തിന്‍റെ ഭാഗമായി 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ പഠിതാക്കളായി എത്തുന്നു എന്നതാണ് ക്യാമ്പെയ്ന്‍റെ മുഖ്യ സവിശേഷത. 20000 ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റികള്‍, 1071 സി.ഡി.എസുകള്‍, 15,000 റിസോഴ്സ് പേഴ്സണ്‍മാര്‍, കുടുംബശ്രീ സ്നേഹിത, വിവിധ പരിശീലന ഗ്രൂപ്പിലെ അംഗങ്ങള്‍, സംസ്ഥാന ജില്ലാ മിഷന്‍ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ അര കോടിയിലേറെ പേരാണ് ക്യാമ്പെയ്നില്‍ പങ്കാളിത്തം വഹിക്കുക.
സ്കൂള്‍ വിദ്യാഭ്യാസ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്. രാവിലെ 9.30 മുതല് 4.30 വരെയാണ് ക്ളാസ് സമയം. 9.30 മുതല് 9.45 വരെ അസംബ്ളിയാണ്. ഇതില്‍ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. അതിനു ശേഷം ക്ളാസുകള്‍ ആരംഭിക്കും. സംഘശക്തി അനുഭവ പാഠങ്ങള്‍, അയല്‍ക്കൂട്ടത്തിന്‍റെ സ്പന്ദനം കണക്കിലാണ്, സംഘഗാനം-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങള്‍ പദ്ധതികള്‍, ഡിജിറ്റല്‍ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങള്‍. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം നല്‍കുക. പരിശീലനം ലഭിച്ച 15000ത്തോളം റിസോഴ്സ് പേഴ്സണ്‍മാരാണ് അധ്യാപകരായി എത്തുന്നത്. ഉച്ചയ്ക്ക് മുമ്പ് പതിനഞ്ച് മിനിട്ട് ഇടവേളയുണ്ട്. ഒന്നു മുതല്‍ ഒന്നേ മുക്കാല്‍ വരെയാണ് ഉച്ചഭക്ഷണത്തിനുള്ള സമയം. എല്ലാവരും ഒരുമിച്ചിരുന്നാകും ഭക്ഷണം കഴിക്കുക. കൂടാതെ ഈ സമയത്ത് ചെറിയ കലാപരിപാടികളും നടത്തും. ഓരോ പീഡിയഡ് കഴിയുമ്പോഴും ബെല്ലടിക്കും. ഉച്ചഭക്ഷണം, കുടിവെള്ളം. സ്നാക്സ്, സ്കൂള്‍ ബാഗ്, സ്മാര്‍ട്ട് ഫോണ്‍, ഇയര്‍ഫോണ്‍ എന്നിവ വിദ്യാര്‍ത്ഥിനികള്‍ തന്നെയാണ് കൊണ്ടു വരേണ്ടത്. താല്‍പര്യമുള്ള അയല്‍ക്കൂട്ടങ്ങള്‍ക്ക് യൂണിഫോമും ധരിക്കാം.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുകയാണ് ക്യാമ്പെയ്ന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അയല്‍ക്കൂട്ടങ്ങളിലെ സൂക്ഷ്മസാമ്പത്തിക ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സ്ത്രീപദവി ഉയര്‍ത്തുന്നതിന് സഹായകമാകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയും ക്യാമ്പെയ്നിലൂടെ ലക്ഷ്യമിടുന്നു. ക്യാമ്പെയ്ന്‍റെ സുഗമമായ നടത്തിപ്പിന് സംസ്ഥാന ജില്ലാമിഷന്‍ ജീവനക്കാര്‍, ജില്ലാ ബ്ളോക്ക് സി.ഡി.എസ്തല റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം നടന്നു വരികയാണ്.
ഓണ വിപണിയില്‍ നിന്നും ഇത്തവണയും കുടുംബശ്രീക്ക് കൈനിറയെ നേട്ടം. ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഓണച്ചന്തകള്‍ വഴി കുടുംബശ്രീ നേടിയത് 23.09 കോടി രൂപയുടെ വിറ്റുവരവ്. 1070 സി.ഡി.എസ്തല ഓണച്ചന്തകള്‍, 17 ജില്ലാതല ഓണച്ചന്തകള്‍ എന്നിവ ഉള്‍പ്പെടെ ആകെ 1087 ഓണച്ചന്തകള്‍ വഴിയാണ് ഈ നേട്ടം. കഴിഞ്ഞ വര്‍ഷം 19 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇതിനേക്കാള്‍ നാലു കോടി രൂപയുടെ അധിക വിറ്റുവരവ്.
കുടുംബശ്രീ ഓണച്ചന്തകളിലൂടെ ഇത്തവണ എറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയത് എറണാകുളം ജില്ലയാണ്. 104 ഓണച്ചന്തകളില്‍ നിന്നായി 3.25 കോടി രൂപയാണ് ജില്ലയിലെ സംരംഭകര്‍ നേടിയത്. 103 ഓണച്ചന്തകളില്‍ നിന്നും 2.63 കോടി രൂപയുടെ വിറ്റുവരവ് നേടി തൃശൂര്‍ ജില്ല രണ്ടാമതും 81 ഓണച്ചന്തകളില്‍ നിന്നും 2.55 കോടി രൂപ നേടി കണ്ണൂര്‍ ജില്ല മൂന്നാമതും എത്തി.
കുടുംബശ്രീയുടെ കീഴിലുള്ള 28401 സൂക്ഷ്മസംരംഭ യൂണിറ്റുകളും 20990 വനിതാ കര്‍ഷക സംഘങ്ങളും വിപണിയില്‍ ഉല്‍പന്നങ്ങളെത്തിച്ചുകൊണ്ട് ഇത്തവണയും വിപണിയിലെ വിജയത്തിന് വഴിയൊരുക്കി. ഇതുവഴി പൊതുവിപണിയില്‍ വിലക്കയറ്റം തടയാനും ന്യായവിലയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കാനായി എന്നതും കുടുംബശ്രീക്ക് നേട്ടമായി.
110 ഓണച്ചന്തകള്‍ ഒരുക്കി മലപ്പുറം ജില്ല മേളയുടെ എണ്ണത്തില്‍ മുന്നിലെത്തി. കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ നിന്നുമായി 4854 യൂണിറ്റുകളെ പങ്കെടുപ്പിച്ച് ഏറ്റവും കൂടുതല്‍ സംരംഭകരുടെ പങ്കാളിത്തം ഉറപ്പു വരുത്തിയതിലും മലപ്പുറം ജില്ല ഒന്നാമതായി. 104 ഓണച്ചന്തകളിലായി 4723 യൂണിറ്റുകളെ പങ്കെടുപ്പിച്ച് എറണാകുളം ജില്ലയും, 103 ഓണച്ചന്തകള്‍ സംഘടിപ്പിച്ച് 4550 യൂണിറ്റുകളെ പങ്കെടുപ്പിച്ച് തൃശൂര്‍ ജില്ലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.
ഓണം വിപണിയില്‍ പൂവിനുള്ള ആവശ്യകത തിരിച്ചറിഞ്ഞ് ഈ രംഗത്ത് സാന്നിധ്യം ഉറപ്പിക്കാനും കുടുംബശ്രീക്ക് കഴിഞ്ഞു. ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ഓണാഘോഷത്തിനുള്ള പൂക്കള്‍ ഇവിടെ തന്നെ ഉല്‍പാദിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനമൊട്ടാകെ 1870 വനിതാ കര്‍ഷക സംഘങ്ങള്‍ ചേര്‍ന്ന് 780 ഏക്കറിലാണ് ഇത്തവണ പൂക്കൃഷി നടത്തിയത്. 100 സംഘങ്ങള്‍ ചേര്‍ന്ന് 186.37 ഏക്കറില്‍ പൂക്കൃഷി നടത്തി തൃശൂര്‍ ജില്ല ഒന്നാമതായി. സംസ്ഥാനമെമ്പാടും സംഘടിപ്പിച്ച കുടുംബശ്രീ ഓണം വിപണന മേളകളില്‍ കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ കൃഷി ചെയ്ത പൂക്കളും വിപണനത്തിനെത്തിയത് ഏറെ ശ്രദ്ധേയമായി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലത്ത് പൂക്കൃഷി വ്യാപിപ്പിക്കാന്‍ ഇപ്രാവശ്യത്തെ വിജയം സഹായകരമാകുമെന്നാണ് പ്രതീക്ഷ.
ന്യായവിലയ്ക്ക് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കിയതിനൊപ്പം മികവുറ്റ സംഘാടനവും കാര്യക്ഷമമായ ഏകോപനവുമാണ് കുടുംബശ്രീ ഓണച്ചന്തകളുടെ വിജയത്തിനു പിന്നില്‍.
ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളില്‍ പ്രധാനമാണ് കുടുംബശ്രീ മുഖേന സംസ്ഥാനമൊട്ടാകെ നടത്തുന്ന 1085 ഓണം വിപണനമേളകളെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കുടുംബശ്രീയുടെ ഓണം വിപണനമേളകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് ഗ്രൗണ്ടില്‍ ഓഗസ്റ്റ് 22ന് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാല്‍നൂറ്റാണ്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജനങ്ങള്‍ക്കിടയില്‍ കുടുംബശ്രീയിലുള്ള നേടിയെടുത്ത വിശ്വാസ്യതയാണ് ഏറ്റവും വലിയ കൈമുതലും മൂലധനവും. ആ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ വിപണനമേളകള്‍. ഏത് പുതിയ ചുവടുവയ്പ്പ് കേരളം നടത്തുമ്പോഴും അതില്‍ കുടുംബശ്രീയുടെ മുദ്രയുണ്ടെന്നും ആകാശമാണ് കേരളത്തിന്റെ പെണ്‍കരുത്തായ കുടുംബശ്രീയുടെ അതിരെന്നും മന്ത്രി പറഞ്ഞു. തൈക്കാട് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന ഓണനിലാവ് മേളയിലെ വിപണന സ്റ്റാളുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
മാവേലി വന്നില്ലെങ്കിലും ഓണം നടക്കും എന്നാല്‍ കുടുംബശ്രീയില്ലെങ്കില്‍ ഓണമില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളെന്നത് ചടങ്ങില്‍ അധ്യക്ഷനായ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അഭിപ്രായപ്പെട്ടു. കേരളത്തില്‍ രൂപം കൊണ്ട് കുടുംബശ്രീ പ്രസ്ഥാനം ലോകത്തിന് ആകെ മാതൃകയാകാന്‍ കാരണം അയല്‍ക്കൂട്ടാംഗങ്ങളുടെ നിസ്വാര്‍ത്ഥമായ സേവനത്തിനുള്ള അംഗീകരമായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.
മേളയിലെ ആദ്യ വില്‍പ്പന . കുടുംബശ്രീ സംഘകൃഷി സംഘാംഗമായ ജസീറയില്‍ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ നിര്‍വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് പദ്ധതി വിശദീകരണം നടത്തി. ന്യായവിലയ്ക്ക് പരിശുദ്ധവും മായം കലരാത്തതുമായ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും ജില്ലാതലത്തിലുമായി ഓണം വിപണനമേളകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഗീത നസീര്‍ (കുടുംബശ്രീ ഗവേണിങ് ബോഡി അംഗം, ജില്ലാ പഞ്ചായത്തംഗം) ആശംസ നേര്‍ന്നു. ജനപ്രതിനിധികള്‍, സി.ഡി.എസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പോത്തന്‍കോട് ബഡ്‌സ് സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളും തുടര്‍ന്ന് അരങ്ങേറി.
തൈക്കാട് നടക്കുന്ന ഓണനിലാവ് മേളയില്‍ പൂക്കള്‍ മുതല്‍ സദ്യ ഒരുക്കാന്‍ പഴങ്ങളും പച്ചക്കറികളുമടക്കം കുടുംബശ്രീയുടെ എല്ലാ തനത് ഉത്പന്നങ്ങളും ലഭ്യമാക്കുന്ന സ്റ്റാളുകളുണ്ട്. 50 ഉത്പന്ന വിപണന സ്റ്റാളുകള്‍ക്ക് പുറമേ പ്രത്യേക വിപണന കൗണ്ടറുകളും ഫുഡ്‌കോര്‍ട്ടുകളുമുണ്ട്. നാളെ മുതല്‍ എല്ലാദിവസവും വൈകുന്നേരം 5ന് കലാപരിപാടിളും നടക്കും.
ഇന്ത്യയ്ക്ക് മാതൃകയാക്കാനാകും വിധം കേരളം സൃഷ്ടിച്ച അനേകം ബദലുകളില്‍ സാമൂഹിക സേവനത്തിന്റെ ഏറ്റവും മാനുഷികമായ ഒന്നാണ് ബഡ്സ് സ്ഥാപനങ്ങളെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഇന്ത്യയില്‍ മുഴുവന്‍ വ്യാപിപ്പിക്കാനാകുന്ന മാതൃകയായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ നടത്തുന്ന ബഡ്സ് സ്ഥാപനങ്ങളുടെ ചരിത്രത്തിലെ അവിസ്മരണീയമായ ദിനമാണ് ആദ്യ ബഡ്സ് ദിനമായി ആഘോഷിക്കുന്ന ഓഗസ്റ്റ് 16 എന്നും മന്ത്രി പറഞ്ഞു.
ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് കുടുംബശ്രീ നടത്തിവരുന്ന ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ ഭാഗമായി വളര്‍ത്തിക്കൊണ്ടുവരുന്നതിനുമായി ഈ വര്‍ഷം ഓഗസ്റ്റ് 16 മുതല്‍ സംഘടിപ്പിക്കുന്ന ബഡ്സ് ദിനാഘോഷത്തിന്റെ പ്രഖ്യാപനവും ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ബഡ്സ് ലോഗോ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ കോവളം വെള്ളാര്‍ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രകൃതി ദുരന്തങ്ങളെ തിരിച്ചറിയുന്നതിനും നേരിടുന്നതിനും കുടുംബശ്രീ ബാലസഭാംഗങ്ങളായ ഒരു ലക്ഷത്തോളം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന 'സജ്ജം ' ബില്‍ഡിങ് റെസിലിയന്‍സ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ബഡ്സ് സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ഉള്‍ച്ചേര്‍ക്കുക, രക്ഷിതാക്കള്‍ക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളും ബഡ്സ് ദിനാഘോഷം സംഘടിപ്പിക്കുന്നതിന് പിന്നിലുണ്ട്. സംസ്ഥാനത്തെ ആദ്യ ബഡ്സ് സ്‌കൂള്‍ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ 2004ല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ദിനമാണ് ഓഗസ്റ്റ് 16. ആദ്യ ബഡ്സ് ദിനാഘോഷത്തിന് മുന്നോടിയായി എല്ലാ ബഡ്സ് സ്ഥാപനങ്ങളിലും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വാരാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എല്ലാ ജില്ലകളിലും വാരാഘോഷ സമാപന പരിപാടികളും ബഡ്‌സ് ദിനാഘോഷവും ഇന്നലെ സംഘടിപ്പിച്ചു.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പരാശ്രയത്വത്തില്‍ നിന്ന് സ്വാശ്രയത്വത്തിലേക്ക് നയിക്കുക എന്നതാണ് ബഡ്സ് സ്ഥാപനങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ബുദ്ധിപരമായ ബലഹീനതകള്‍ നേരിടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യമാണ് ബഡ്സ് സ്ഥാപനങ്ങള്‍ക്കുള്ളത്.
നിലവില്‍ 359 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബഡ്സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. 18 വയസ്സ് വരെ പ്രായമുള്ള കട്ടികള്‍ക്കായി 167 ബഡ്‌സ് സ്‌കൂളുകളും 18 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായി 192 ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളും. റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ തൊഴില്‍, ഉപജീവന പരിശീലനത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ബഡ്സ് സ്ഥാപനങ്ങളിലൂടെ 11,642 പരിശീലനാര്‍ത്ഥികള്‍ക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം, തൊഴില്‍ പരിശീലനം എന്നിവയ്ക്ക് പിന്തുണ നല്‍കിവരുന്നു. 495 അധ്യാപകരും 622 ആയമാരുമാണ് ബഡ്സ് സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ നല്‍കി വരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപജീവന മാര്‍ഗ്ഗം സൃഷ്ടിക്കുന്നതിനായി പ്രത്യേക ഉപജീവന പദ്ധതി കുടുംബശ്രീ നടപ്പിലാക്കി വരുന്നു. ഇതിനായി 3.5 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. നിലവില്‍ 162 സംരംഭങ്ങള്‍ ബഡ്സ് സ്ഥാപനങ്ങളുടെ ഭാഗമായുണ്ട്. ബഡ്സ് സ്ഥാപനങ്ങളിലെ മുഴുവന്‍ പരിശീനാര്‍ത്ഥികളെയും സംപൂര്‍ണ്ണ ആരോഗ്യ സുരക്ഷാ പദ്ധതിയായ നിരാമയയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ പോളിസി തുക പൂര്‍ണ്ണമായും അടയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.
ബഡ്സ് പരിശീലനാര്‍ത്ഥികളുടെ മാനസിക വളര്‍ച്ചയ്ക്ക് തുണയാകുന്നതിനായി കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കും പരമാവധി പ്രോത്സാഹനം നല്‍കുന്നു. ഇതിനായി ബഡ്സ് കലോത്സവങ്ങളും എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നു. കൂടാതെ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ ഉണര്‍വേകുന്നതിനായി സഞ്ജീവനി അഗ്രി തെറാപ്പി പ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബഡ്‌സ് സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യവികസനത്തിനായി 200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്
12.5 ലക്ഷം രൂപ വീതം അനുവദിച്ചതുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ മികച്ച പിന്തുണയാണ് ബഡ്സ് സ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്നത്. പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ഒരു ലക്ഷത്തോളം ബാലസഭാംഗങ്ങളെ തയാറാക്കുന്ന സജ്ജ് ബില്‍ഡിങ് റെസിലിയന്‍സ് പദ്ധതിയുടെ ഭാഗമായി 28 മാസ്റ്റര്‍ പരിശീലകര്‍ക്കും 608 ജില്ലാതല റിസോഴ്സ് പേഴ്സണ്‍മാര്‍ക്കും പരിശീലനം പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.
വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്. ശ്രീകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബി. ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. 'സജ്ജം' കൈപ്പുസ്തക പ്രകാശനം ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ് (കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അംഗം) മന്ത്രിയ്ക്ക് നല്‍കി നിര്‍വഹിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ചേതന്‍ കുമാര്‍ മീണ വിശിഷ്ട സാന്നിധ്യമായി. ബഡ്സ് ലോഗോ ടാഗ്ലൈന്‍ മത്സരത്തില്‍ വിജയിച്ച രഞ്ജിത്ത് കെ.ടി (ലോഗോ), അഭിരാജ് ആര്‍.എസ് (ടാഗ്ലൈന്‍) എന്നിവര്‍ക്ക് 5000 രൂപ വീതം ക്യാഷ് പ്രൈസ് മന്ത്രി സമ്മാനിച്ചു.
ജില്ലാപഞ്ചായത്ത് ഡിവിഷന്‍ അംഗം ഭഗത് റൂഫസ് ആര്‍.എസ്, കുടുംബശ്രീ ഗവേണിങ് ബോഡി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഗീത നസീര്‍, കുടുംബശ്രീ ഗവേണിങ് ബോഡി അംഗവും വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. സ്മിത സുന്ദരേശന്‍, കുടുംബശ്രീ വെങ്ങാനൂര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അനിത വൈ.വി, 2004 കാലയളവില്‍ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന റൂഫസ് ഡാനിയേല്‍, സി.ഡി.എസ് ചെയര്‍പേഴ്സണായിരുന്ന ശോഭന എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തംഗം അഷ്ടപാലന്‍ വി.എസ് നന്ദി പറഞ്ഞു. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, തിരുവനന്തപുരം ജില്ലയിലെ ബഡ്സ് സ്ഥാപന പരിശീലനാര്‍ത്ഥികള്‍, അധ്യാപകര്‍, ആയമാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബഡ്സ് പരിശീലനാര്‍ത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.
* ആദ്യ ബഡ്‌സ് ദിനാഘോഷം ഓഗസ്റ്റ് 16ന്
* ബഡ്‌സ് സ്ഥാപനതലത്തില്‍ വാരാഘോഷവും ജില്ലാതല ദിനാഘോഷവും
ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ നടത്തിവരുന്ന ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനായി ഈ വര്‍ഷം മുതല്‍ ബഡ്‌സ് ദിനാഘോഷം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ ആദ്യ ബഡ്സ് സ്‌കൂള്‍ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ 2004ല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ദിനമായ ഓഗസ്റ്റ് 16നാണ് ഇനി മുതല്‍ എല്ലാ വര്‍ഷവും ബഡ്‌സ് ദിനമായി ആഘോഷിക്കുക. ആദ്യ ബഡ്സ് ദിനാഘോഷത്തിന് മുന്നോടിയായുള്ള ബഡ്‌സ് വാരാഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളും ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ 359 ബഡ്‌സ് സ്ഥാപനങ്ങളിലും 'ഒരു മുകുളം' എന്ന പേരില്‍ ഫലവൃക്ഷത്തൈ നടീല്‍ പ്രവര്‍ത്തനങ്ങളാണ് ഇന്ന് സംഘടിപ്പിക്കുന്നത്.
ബൗദ്ധിക വെല്ലുവിളി നേരുന്ന കുട്ടികളുടെ വിദ്യാഭ്യാസവും പുനരധിവാസവും ലക്ഷ്യമിട്ട് പ്രവര്‍ത്തിപ്പിക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ഉള്‍ച്ചേര്‍ക്കുക, രക്ഷിതാക്കള്‍ക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളും ബഡ്‌സ് ദിനാഘോഷത്തിനുണ്ട്. സംസ്ഥാനത്തെ എല്ലാ ബഡ്സ് സ്ഥാപനങ്ങളിലും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വാരാഘോഷ പരിപാടികളും ജില്ലാതല സമാപന പരിപാടികളുമാണ് ആദ്യ ബഡ്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 11ന് ഗൃഹ സന്ദര്‍ശനം (ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ബഡ്‌സ് സ്ഥാപനങ്ങളിലേക്ക് എത്താന്‍ കഴിയാത്ത കുട്ടികളുടെ വീടുകള്‍ ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളും ജീവനക്കാരും സന്ദര്‍ശിക്കുക), ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷവും രക്ഷകര്‍ത്തൃ സംഗമവും അതോടൊപ്പം കുട്ടികളുടെ സര്‍ഗ്ഗശേഷി പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരവും ഒരുക്കി നല്‍കും. ഒരാഴ്ച നീളുന്ന ബഡ്‌സ് സ്ഥാപനതല ആഘോഷങ്ങളുടെ സമാപനവും ബഡ്‌സ് ദിനാഘോഷവും ഓഗസ്റ്റ് 16ന് ജില്ലാതലത്തിലും സംഘടിപ്പിക്കും. ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാപരിപാടികള്‍ ഉള്‍പ്പെടെയുള്ളവ അന്നേ ദിനം സംഘടിപ്പിക്കും.
18 വയസ്സ് വരെ പ്രായമുള്ള കട്ടികള്‍ക്കായി 167 ബഡ്‌സ് സ്‌കൂളുകളും 18ന് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായി 192 ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളുമാണ് നിലവിലുള്ളത്. റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ തൊഴില്‍, ഉപജീവന പരിശീലനത്തിനാണ് മുന്‍ഗണന നല്‍കുന്നത്. 2013 മുതലാണ് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.