കുടുംബശ്രീ മുഖേന നഗരങ്ങളിലെ തെരുവുകച്ചവടക്കാര്‍ക്ക് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനായി കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയം നടപ്പാക്കുന്ന പി.എം.സ്വാനിധി പദ്ധതി വഴി വായ്പ ലഭ്യമാക്കിയത് 51046 ഗുണഭോക്താക്കള്‍ക്ക്. സംസ്ഥാനത്തെ എല്ലാ ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി നടത്തിപ്പ്. ഇതില്‍ 25984 വായ്പകള്‍ നല്‍കി എസ്.ബി.ഐയും 10485 വായ്പകള്‍ നല്‍കി കാനറാ ബാങ്കുമാണ് മുന്നില്‍. 2023 ഡിസംബറിനുള്ളില്‍ പരമാവധി തെരുവു കച്ചവടക്കാരെ പദ്ധതിയുമായി ബന്ധിപ്പിച്ചു കൊണ്ട് അവര്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
കോവിഡ് വ്യാപന കാലത്ത് ഉപജീവനമാര്‍ഗം നഷ്ടമായ തെരുവു കച്ചവടക്കാര്‍ക്ക് അവരുടെ തൊഴിലും വരുമാനവും വീണ്ടെടുക്കുന്നതിനാവശ്യമായ ചെറുകിട വായ്പാസൗകര്യം ലഭ്യമാക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് പി.എം സ്വാനിധി. പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലായി യഥാക്രമം 10,000, 20,000, 50,000 രൂപ വീതം വായ്പ ലഭിക്കും. ഓരോ ഘട്ടത്തിലും നല്‍കുന്ന വായ്പയുടെ തിരിച്ചടവ് പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് അടുത്ത ഘട്ട വായ്പ ലഭിക്കുക, ഇപ്രകാരം ഓരോ ഗുണഭോക്താവിനും പരമാവധി 80,000 രൂപ വരെ വായ്പ ലഭിക്കും. നിലവില്‍ 6531 ഗുണഭോക്താക്കള്‍ക്ക് രണ്ടാംഘട്ട വായ്പയും 1926 പേര്‍ക്ക് മൂന്നാംഘട്ട വായ്പയും ലഭ്യമാക്കിയിട്ടുണ്ട്. വായ്പയ്ക്ക് ഏഴു ശതമാനം പലിശ സബ്സിഡി ലഭിക്കുന്നതും ഗുണഭോക്താക്കള്‍ക്ക് ആശ്വാസകരമാണ്. കൂടാതെ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ വഴി പണമിടപാടുകള്‍ നടത്തുന്നവര്‍ക്ക് പ്രത്യേക ഇന്‍സെന്‍റീവും ലഭിക്കും.
ഒരാള്‍ക്ക് വായ്പ ലഭിക്കാന്‍ തെരുവു കച്ചവടക്കാരനാണെന്നു സാക്ഷ്യപ്പെടുത്തുന്ന നഗരസഭയുടെ കത്ത്, വെന്‍ഡിങ്ങ് സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും ഒന്നും ആധാര്‍ കാര്‍ഡും മാത്രം നല്‍കിയാല്‍ മതിയാകും. വായ്പ ലഭിക്കുന്നതിന് പ്രത്യേകം ഈട് നല്‍കേണ്ട ആവശ്യമില്ല എന്നതും തെരുവുകച്ചവടക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ്. നിലവില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്തെ 93 നഗരസഭകളിലും നടപ്പാക്കുന്ന പദ്ധതി അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന തെരുവു കച്ചവടക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനലഭ്യതയും ഉറപ്പു വരുത്താന്‍ സഹായകരമാകുന്നുണ്ട്. നഗരസഭകളുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായാണ് പി.എം സ്വാനിധിയുടെ നടത്തിപ്പും.
- 193 views
Content highlight
pm sanaidhi- 51046 beneficieries got loan through kudumbashree for livelihood