കുടുംബശ്രീയുടെ 'തിരികെ സ്കൂളില്‍' ക്യാമ്പെയ്ന്‍ തരംഗമാകുന്നു പരിശീലനത്തില്‍ പങ്കെടുത്തത് മുപ്പത് ലക്ഷത്തിലേറെ വനിതകള്‍
സ്ത്രീശാക്തീകരണ രംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിച്ച കുടുംബശ്രീയുടെ 'തിരികെ സ്കൂളില്‍' ക്യാമ്പെയ്നില്‍ ഇതുവരെ പങ്കെടുത്തത് മുപ്പത് ലക്ഷത്തിലേറെ അയല്‍ക്കൂട്ട അംഗങ്ങള്‍. ആകെ 30,21,317 പേര്‍ വിവിധ ദിവസങ്ങളിലായി പങ്കെടുത്തു. സംസ്ഥാനമൊട്ടാകെയുള്ള 3,14,557 അയല്‍ക്കൂട്ടങ്ങളില്‍ 297559 അയല്‍ക്കൂട്ടങ്ങളും ഇതിനകം ക്യാമ്പെയ്നില്‍ പങ്കാളികളായി.
നവംബര്‍ 26 വരെയുള്ള കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തത്. 333968 വനിതകള്‍ വിവിധ തീയതികളിലായി ഇവിടെ പരിശീലനത്തിനെത്തി. പാലക്കാട് (328350), മലപ്പുറം (317899) ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. 27 സി.ഡി.എസുകള്‍ മാത്രമുള്ള വയനാട് ജില്ലയില്‍ 99.25 ശതമാനം അയല്‍ക്കൂട്ട പങ്കാളിത്തമുണ്ട്. ഇവിടെ ആകെയുള്ള 124647 അയല്‍ക്കൂട്ട അംഗങ്ങളില്‍ 104277 പേരും ക്യാമ്പെയ്നില്‍ പങ്കെടുത്തു. 42 സി.ഡി.എസുകള്‍ മാത്രമുള്ള കാസര്‍ഗോഡ് ജില്ലയിലും മികച്ച പങ്കാളിത്തമാണുള്ളത്. ആകെയുള്ള 180789 അയല്‍ക്കൂട്ട അംഗങ്ങളില്‍ 129476 പേരും ക്യാമ്പെയ്നില്‍ പങ്കെടുത്തു.
ഡിസംബര്‍ പത്തിനകം ബാക്കി 16 ലക്ഷം അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് അയല്‍ക്കൂട്ട ശൃംഖലയിലെ 46 ലക്ഷം വനിതകള്‍ക്കും പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ഇനിയുളള നാല് അവധിദിനങ്ങളില്‍ ഓരോ സി.ഡി.എസില്‍ നിന്നും ഇനിയും പങ്കെടുക്കാനുള്ള മുഴുവന്‍ പേരെയും ക്യാമ്പെയ്ന്‍റെ ഭാഗമാക്കും. ഇതിനായി സംസ്ഥാന ജില്ലാ സി.ഡി.എസ്തല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
കുടുംബശ്രീ സംഘടനാ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് സംസ്ഥാനത്തെ 46 ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്കും പരിശീലനം നല്‍കുന്നതിനു വേണ്ടി സംഘടിപ്പിക്കുന്ന ക്യാമ്പെയ്നാണ് 'തിരികെ സ്കൂളില്‍'. തിരഞ്ഞെടുത്ത സ്കൂളുകളില്‍ അവധിദിനങ്ങളിലാണ് പരിശീലനം. നിലവിലെ തീരുമാന പ്രകാരം ഡിസംബര്‍ പത്തിന് ക്യാമ്പെയ്ന്‍ അവസാനിക്കും.
- 51 views