'ഉജ്ജീവനം' നൂറുദിന സംസ്ഥാനതല ക്യാമ്പെയ്ന്‍ ബഹു. മന്ത്രി ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Thursday, October 26, 2023

ശാസ്ത്രീയമായ പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ അതിദരിദ്രരുടെ ഉപജീവന ആവശ്യങ്ങള്‍ നിര്‍വഹിക്കുക വഴി ഇന്ത്യയില്‍ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ഉജ്ജീവനം' നൂറു ദിന ഉപജീവന ക്യാമ്പെയ്ന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 25ന്‌ തൈക്കാട് ഗവണ്‍മെന്‍റ് വിമന്‍സ് കോളേജ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതലത്തില്‍ നീതി ആയോഗിന്‍റെ പുതിയ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ദാരിദ്ര്യത്തിന്‍റെ തോത് കേവലം 0.5 ശതമാനം മാത്രമാണ്. ഈ കുടുംബങ്ങളെ കൂടി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ മുന്‍ഗണനാക്രമത്തില്‍ പ്രത്യേക പ്രധാന്യം നല്‍കിയിട്ടുണ്ട്. ദാരിദ്ര്യത്തിന്‍റെ മുഖ്യ കാരണമായ ഉപജീവന മാര്‍ഗത്തിന്‍റെ അപര്യാപ്തത മാറ്റിക്കൊണ്ട് ഓരോ കുടുംബത്തെയും സ്വയംപര്യാപ്തതയിലേക്കുയര്‍ത്തുന്നു എന്നതാണ് ഉജ്ജീവനം ക്യാമ്പെയ്ന്‍റെ പ്രത്യേകത. 
 
  കുടുംബശ്രീ മുഖേന കണ്ടെത്തിയ 64,006 അതിദരിദ്ര കുടുംബങ്ങള്‍ക്കും ആവശ്യമായ സൂക്ഷ്മതല പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ഉപജീവനം ആവശ്യമായ 6429 കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന സംരംഭങ്ങള്‍ തുടങ്ങാനുള്ള സാമ്പത്തിക സഹായവും പരിശീലനവുമാണ് ഈ ക്യാമ്പെയ്ന്‍ വഴി ലഭ്യമാക്കുന്നത്. ഇതിനു വേണ്ടി ഈ കുടുംബങ്ങളില്‍ നിന്നുള്ള വിവരശേഖരണം ഉടന്‍ ആരംഭിക്കും. പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ളിക്കേഷന്‍ വഴിയാണ് വിവരശേഖരണം നടത്തുന്നത്.  2024 നവംബര്‍ ഒന്നിനകം 64006 ദരിദ്ര കുടുംബങ്ങളില്‍ 93 ശതമാനം കുടുംബങ്ങളെയും ബാക്കിയുള്ള ഏഴുശതമാനം കുടുംബങ്ങളെ 2025 നവംബര്‍ ഒന്നിനകവും അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കും. ഇതിനായി ആവിഷ്ക്കരിച്ച കര്‍മപരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

കേരളത്തിന്‍റെ ദാരിദ്ര്യനിര്‍മാര്‍ജന മിഷന്‍ എന്ന നിലയ്ക്ക് സംസ്ഥാന ജില്ലാ നഗര ഗ്രാമ വാര്‍ഡുതലത്തില്‍  തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ഒരുമിച്ചു പ്രവര്‍ത്തിച്ചു കൊണ്ട് കേരളത്തിലെ അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയണമെന്ന് തദ്ദേശ സ്വയംഭരണ അഡീഷണല്‍ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം പറഞ്ഞു. ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത അതിദരിദ്ര ഗുണഭോക്താക്കള്‍ക്കുളള ഉപജീവന പദ്ധതി സഹായവിതരണം ജാഫര്‍ മാലിക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി സുരേഷ് കുമാര്‍, സംസ്ഥാന പ്ളാനിങ്ങ് ബോര്‍ഡ് അംഗം ജിജു.പി.അലക്സ് എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. മൊബൈല്‍ ആപ് വഴി ഗുണഭോക്താക്കളുടെ വിവരശേഖരണം നടത്തുന്ന മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ്മാര്‍, കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് ജാഫര്‍ മാലിക് നേതൃത്വം നല്‍കി.

കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഗീത നസീര്‍, സി.ഡി.എസ് അധ്യക്ഷമാരായ സിന്ധു. ശശി.പി, വിനീത. പി, ഷൈന. എ, ബീന. പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത് നന്ദി പറഞ്ഞു.

 
Content highlight
kudumbashree launched ujjeevanam campaign