കുടുംബശ്രീ ചെറുധാന്യ സന്ദേശ യാത്രയ്ക്ക് കൊട്ടിക്കലാശം - 12.93 ലക്ഷം രൂപയുടെ വില്‍പ്പന

Posted on Saturday, October 28, 2023
അന്താരാഷ്ട്ര ചെറുധാന്യ വര്ഷത്തോടനുബന്ധിച്ച് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംഘടിപ്പിച്ച 'നമ്ത്ത് തീവനഗ' ചെറുധാന്യ സന്ദേശ യാത്രയ്ക്ക് പാലക്കാട് ഇന്നലെ (ഒക്ടോബര് 26) പരിസമാപ്തി. സെപ്റ്റംബര് 18ന് തിരുവനന്തപുരത്ത് തുടക്കമായ യാത്രയുടെ ആദ്യഘട്ടം 27ന് തൃശ്ശൂരില് അവസാനിച്ചിരുന്നു. ഒക്ടോബര് 17 നാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. യാത്രയിലൂടെ 12,93,051 രൂപയുടെ വിറ്റുവരവും നേടാനായി.
 
ചെറുധാന്യ കൃഷിയുടെ ഉപയോഗം, വ്യാപനം, ബോധവത്ക്കരണം, അട്ടപ്പാടിയിലെ ചെറുധാന്യ ഉത്പന്നങ്ങള്ക്ക് വിപണി കണ്ടെത്തല്, ജീവിതശൈലി രോഗങ്ങള് തടയുന്നതിന് ചെറുധാന്യങ്ങളുടെ കൃഷിയും പാചകവും പ്രോത്സാഹിപ്പിക്കലും എന്നീ ലക്ഷ്യങ്ങളാണ് സന്ദേശയാത്രയ്ക്കുള്ളത്. അട്ടപ്പാടിയിലെ ചെറുധാന്യ കര്ഷകരും കുടുംബശ്രീ പ്രവര്ത്തകരുമാണ് സന്ദേശയാത്രയുടെ ഭാഗമായത്.
ചോളം, റാഗി-പഞ്ഞപ്പുല്ല്, തിന, ചാമ, വരക്/വരക് അരി, കവടപ്പുല്ല് തുടങ്ങിയ നിരവധി ചെറുധാന്യങ്ങളുടെ പ്രദര്ശനവും വിപണനവും ഭക്ഷ്യമേളയും ചെറുധാന്യങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകളും ഈ സന്ദേശ യാത്രയുടെ ഭാഗമായി ഒരുക്കിയിരുന്നു.
 
ഒക്ടോബര് 26 ന് പാലക്കാട് സിവില് സ്റ്റേഷനില് സംഘടിപ്പിച്ച സമാപന യോഗത്തില് കുടുംബശ്രീ പാലക്കാട് നോര്ത്ത് സി.ഡി.എസ് ചെയര്പേഴ്‌സണ് കെ. സുലോചന അധ്യക്ഷയായി. പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് കെ.കെ. ചന്ദ്രദാസന് സ്വാഗതം ആശംസിച്ചു. സമാപന യോഗവും ചെറുധാന്യ ഉദ്പന്നങ്ങളുടെ വിപണന മേളയും പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള് ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ കളക്ടര് ഡോ. എസ്. ചിത്ര ഐ.എ.എസ് മുഖ്യാതിഥിയായി. ചെറുധാന്യ സന്ദേശ യാത്രയുടെ ഭാഗമായ അട്ടപ്പാടിയില് നിന്നുള്ള അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. പാലക്കാട് സബ് കളക്ടര് ധര്മ്മലശ്രീ ഐ.എ.എസ്, കുടുംബശ്രീ സംസ്ഥാന മിഷന് പ്രോഗ്രാം ഓഫീസര് ബി എസ് മനോജ് എന്നിവര് ആശംസകള് നേര്ന്നു. ജില്ലാ പ്രോഗ്രാം മാനേജര് ലക്ഷ്മി രാജ് നന്ദി പറഞ്ഞു.
 
Content highlight
Kudumbashree millet sandesha yathra concludes