വാര്‍ത്തകള്‍

സമൂഹത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചുമുള്ള ജ്ഞാനമാണ് ഏറ്റവും മഹത്തായ ജ്ഞാനം: മന്ത്രി ഡോ. കെ.ടി. ജലീല്‍

Posted on Thursday, May 31, 2018

* കുടുംബശ്രീ സംസ്ഥാനതല ബാല പാര്‍ലമെന്‍റും ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചു

തിരുവനന്തപുരം: സമൂഹത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചുമുള്ള ജ്ഞാനമാണ് ഏറ്റവും മഹത്താ യ ജ്ഞാനമെന്നും നന്നായി പഠിക്കുന്നതിനൊപ്പം ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധവും ഓരോ വിദ്യാ ര്‍ത്ഥിക്കുമുണ്ടായിരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. കുടുംബശ്രീ ബാലസഭയുടെ ആഭിമുഖ്യത്തില്‍ പഴയ നിയമസഭ മന്ദിരത്തിലെ അസംബ്ലി ഹാളില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ ബാല പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യ അഭ്യസിക്കുന്നത് പാഠപുസ്തകത്തിലെ അറിവ് സമ്പാദിക്കുന്നതിനല്ല മറിച്ച് നല്ല മനുഷ്യരായി തീരുന്നതിനാണെന്നും മാറ്റത്തിന്‍റെ മെഴുകുതിരി സ്വന്തം മനസ്സില്‍ കൊളുത്തി ആ പ്രകാശം രാജ്യാതിര്‍ത്തിക്കുമപ്പുറത്തേക്ക് ഓരോ കുട്ടികളും പരത്തണമെന്നും അദ്ദേഹം ആവശ്യ പ്പെട്ടു. വിദ്യാഭ്യാസത്തോടൊപ്പം നല്ല സംസ്ക്കാരവും വച്ചു പുലര്‍ത്തുന്നവരാണ് നല്ല ജനപ്രതിനി ധികളെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വൈവിധ്യം അതേപടി കാത്ത് സൂക്ഷിക്കുന്നതിന് ഓരോ പൗരനും ചുമതലയുണ്ട്, എല്ലാവരേയും ഒന്നായി കാണുന്ന ദര്‍ശനം മാത്രമേ ശാശ്വത മായിരിക്കൂയെന്നും അദ്ദേഹം പറഞ്ഞു.

   പുതു തലമുറയില്‍പ്പെട്ട കുട്ടികള്‍ക്ക് ജനാധിപത്യ സംവിധാനത്തിന്‍റെ പ്രധാന്യവും വ്യാപ്തിയും മനസ്സിലാക്കി നല്‍കുന്നതിനും ഭരണഘടനാ സംവിധാനങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കി നല്‍കു ന്നതിനുമായാണ് ബാലസഭ അംഗങ്ങളായ കുട്ടികള്‍ക്ക് വേണ്ടി കുടുംബശ്രീ 2007 മുതല്‍ ബാല പാര്‍ലമെന്‍റ് സംഘടിപ്പിച്ച് വരുന്നത്. ജില്ലാ, സംസ്ഥാനതലങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് പ്രതിനിധിക ളുമായി സംവദിച്ചു പരിഹാരം കണ്ടെത്തുന്നത് ലക്ഷ്യമിട്ടുള്ള ഓപ്പണ്‍ ഫോറം ഇതാദ്യമായി ബാല പാര്‍ലമെന്‍റിന്‍റെ ഭാഗമായി സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസന്ന കുമാരി, വനം വകുപ്പില്‍ നിന്ന് സി. രാജേന്ദ്രന്‍ ഐഎഫ്എസ് (ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്), എക്സൈസ് വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജി. മുരളീധരന്‍ നായര്‍, ബാലാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ സി.ജെ. ആന്‍റണി, കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. സന്ദീപ് എന്നിവര്‍ ഓപ്പണ്‍ ഫോറത്തിന്‍റെ ഭാഗമായി അതാത് വകുപ്പുകളുമായി ബന്ധപ്പെട്ട കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

  കോഴിക്കോട് ഒഴികെയുള്ള 13 ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 131 കുട്ടികള്‍ ബാല പാര്‍ലമെന്‍റില്‍ പങ്കെടുത്തു. ആദ്യ ദിനത്തില്‍ സെന്‍റര്‍ ഫോര്‍ പാര്‍ലമെന്‍ററി സ്റ്റഡീസ് ഡെപ്യൂട്ടി സെക്രട്ടറി സുരേഷ് കുമാര്‍ ബാല പാര്‍ലമെന്‍റ് എന്ത്, എന്തിന്, എങ്ങനെ എന്ന വിഷയത്തില്‍ കുട്ടികള്‍ക്ക് ക്ലാസ് നല്‍കി. തുടര്‍ന്ന് കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് അവരില്‍ നിന്ന് 20 കുട്ടികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ്, പ്രധാനമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, വിവിധ വകുപ്പ് മന്ത്രിമാര്‍ തുടങ്ങിയ ചുമതലകള്‍ അവരെ ഏല്‍പ്പിച്ചു. മന്ത്രിസഭയും അംഗങ്ങളും ചേര്‍ന്ന പാര്‍ലമെന്‍റ് യോഗമാണ് സംസ്ഥാന ബാല പാര്‍ലമെന്‍റായി പഴയ നിയമസഭാ മന്ദിരത്തിലെ അസംബ്ലി ഹാളില്‍ സംഘടിപ്പിച്ചത്. ഇതിന് ശേഷം കുട്ടികളെ പുതിയ നിയമസഭാ മന്ദിര സന്ദര്‍ശനത്തിന് കൊണ്ടുപോ കുകയും ചെയ്തു.

  കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ (സാമൂഹ്യ വികസനം) ജി.എസ്. അമൃത ഉദ്ഘാടന സമ്മേളന ത്തില്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു നന്ദി പറഞ്ഞു. കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി കുടുംബശ്രീ

രൂപീകരിച്ചിട്ടുള്ള കുട്ടികളുടെ അയല്‍ക്കൂട്ടമാണ് ബാലസഭ. വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം, സംഘബോധം, നേതൃത്വ ശേഷി, സഹകരണ മനോഭാവം, അവകാശാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെ ജനാ ധിപത്യബോധം, സര്‍ഗ്ഗശേഷി, വ്യക്തിത്വ വികസനം, പരിസ്ഥിതി ബോധം തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയാണ് ബാലസഭയുടെ ലക്ഷ്യം.  

Dr. K.T.Jaleel with Bala Parliament members

 

കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള കോളേജുകളിലും ഹോസ്റ്റലുകളിലും കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അവസരം

Posted on Sunday, May 27, 2018

തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള വിവിധ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും അതിനോടനുബന്ധിച്ചുള്ള ഹോസ്റ്റലുകളിലും ക്ളീനിങ്ങ്, കുക്കിങ്ങ്, സാനിട്ടേഷന്‍, ഹൗസ് കീപ്പിങ്ങ്, സെക്യൂരിറ്റി, തുടങ്ങിയ വിഭാഗ ങ്ങളില്‍ സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുന്നതു വരെ കുടുംബശ്രീ യൂണിറ്റുകളുടെ താല്‍ക്കാലിക സേവനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  ഈ വിഭാഗ ങ്ങളിലെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ജീവനക്കാരില്ലാത്ത സാഹച ര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഗണിച്ചാണ് പുതിയ തീരുമാനം. ഇതു പ്രകാരം അര്‍ഹരായ കുടുംബശ്രീ യൂണിറ്റുകളുടെ താത്ക്കാലിക സേവനം പ്രയോജനപ്പെടുത്തുവാന്‍ അതത് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരുമായി ധാരണാ പത്രം ഒപ്പു വയ്ക്കാന്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 

   സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ കാന്‍റീന്‍-കാറ്ററിങ്ങ്, ഹൗസ്കീപ്പിങ്ങ് മേഖ ലയില്‍ നിരവധി സൂക്ഷ്മ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ തീരുമാന പ്രകാ രം സംസ്ഥാനത്തെ കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോളേ ജുകളിലും ഹോസ്റ്റലുകളിലും ക്ളീനിങ്ങ്, കുക്കിങ്ങ്, സാനിട്ടേഷന്‍, ഹൗസ് കീപ്പിങ്ങ്, സെക്യൂരിറ്റി, തുടങ്ങിയ വിഭാഗങ്ങളില്‍ നിരവധി അയല്‍ക്കൂട്ട വനിതകള്‍ക്ക് അവസരം ലഭിക്കു ന്നതിലൂടെ മെച്ചപ്പെട്ട വരുമാന മാര്‍ഗം ഉറപ്പാക്കാന്‍ കഴിയും.

Content highlight
Kudumbasree units - college education department

ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് കുടുംബശ്രീയുടെ പ്രത്യേക നൈപുണ്യ പരിശീലനത്തിന് തുടക്കം

Posted on Friday, May 25, 2018

തിരുവനന്തപുരം: ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മാത്രമായി ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയുജികെവൈ) നൈപുണ്യ പരിശീലന പദ്ധതി വഴി പ്രത്യേക പരിശീലന പരിപാടിക്ക് കുടുംബശ്രീ തുടക്കമിട്ടു. എറണാകുളം കളമശ്ശേ രിയിലെ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് വഴി 2018-19 വര്‍ഷത്തില്‍ 150 പേര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ബുക്ക് ബൈന്‍ഡിങ്, ഫ്രണ്ട് ഓഫീസ് അസോസിയേറ്റ്, ഹൗസ്കീപ്പിങ് അറ്റന്‍ഡന്‍റ് എന്നീ മൂന്ന് കോഴ്സുകളിലാണ് പരിശീലനം നല്‍കുന്നത്. നാല് മാസ കാലയളവുള്ള ബുക്ക് ബൈന്‍ഡിങ് കോഴ്സിന്‍റെ ആദ്യ ബാച്ചിന്‍റെ പരിശീലനം മേയ് പത്തിന് ആരംഭിച്ചു. 30 പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 15 പേര്‍ മാനസിക വെല്ലുവിളി നേരിടുന്നവരാണ്. ആലുവയിലുള്ള കൃപ (കേരള റീഹാബി ലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ ഫിസിക്കലി അഫക്ടഡ്) ആണ് പരിശീലന കേന്ദ്രം. ഗ്രാമീ ണ മേഖലയിലെ യുവതീ യുവാക്കള്‍ക്ക് പരിശീലനത്തോടൊപ്പം തൊഴിലും ഉറപ്പ് നല്‍കുന്ന കേന്ദ്ര നൈപുണ്യ പരിശീലന പദ്ധതിയായ ഡിഡിയുജികെവൈയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്. ഈ പദ്ധതി വഴി ഇതുവരെ 34568 പേര്‍ക്ക് പരിശീ ലനം നല്‍കി കഴിഞ്ഞു. അതില്‍ 20564 പേര്‍ക്ക് തൊഴിലും ലഭിച്ചു.

 ഡിഡിയുജികെവൈ പദ്ധതിയുടെ എംപാനല്‍ഡ് ഏജന്‍സി കൂടിയായ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ ബുക്ക് ബൈന്‍ഡിങ്, ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് കോഴ്സുകള്‍ രണ്ട് ബാച്ചുകളിലായാണ് നടത്തുക. 60 വീതം പേര്‍ക്ക് ഇരു കോഴ്സുകളിലും പരിശീലനം നല്‍കും. അഞ്ച് മാസം വരെയാണ് ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് കോഴ്സി ന്‍റെ കാലാവധി. ബുക്ക് ബൈന്‍ഡിങ്, ഹൗസ്കീപ്പിങ് അറ്റന്‍ഡന്‍റ് കോഴ്സിന്‍റെ കാലാവധി നാല് മാസം വീതവും. ഹൗസ്കീപ്പിങ് അറ്റന്‍ഡന്‍റ് കോഴ്സ് വഴി 30 പേര്‍ക്കാണ് പരിശീലനം നല്‍കുക. ബുക്ക് ബൈന്‍ഡിങ്, ഹൗസ്കീപ്പിങ് അറ്റന്‍ഡന്‍റ് കോഴ്സുകള്‍ക്ക് എട്ടാം ക്ലാസാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് കോഴ്സിന് പ്ലസ്ടുവും. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍, സോഫ്ട് സ്കില്‍സ് എന്നീ വിഷയ ങ്ങളിലും പരിശീലനം നല്‍കുന്നു. ബുക്ക് ബൈന്‍ഡിങ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാ ക്കുന്നവര്‍ക്ക് എന്‍സിവിടി (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയ്നിങ്) സര്‍ട്ടിഫി ക്കറ്റാണ് നല്‍കുക. അവര്‍ക്ക് പ്രിന്‍റിങ് പ്രെസ്സുകളിലും മറ്റും ജോലി ഉറപ്പാക്കുകയും ചെയ്യും. എസ്എസ്സി (സെക്ടര്‍ സ്കില്‍സ് കൗണ്‍സില്‍സ്) സര്‍ട്ടിഫിക്കറ്റാണ് ഫ്രണ്ട് ഓഫീസ് അസിസ്റ്റന്‍റ് കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുന്നത്.

  ഇത് കൂടാതെ ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സമര്‍ത്ഥനം ട്രസ്റ്റ് ഡിഡിയു ജികെവൈ പദ്ധതിക്കായി കുടുംബശ്രീയുമായി കരാറിലെത്തി. ഈ ഏജന്‍സി വഴി അംഗപരി മിതരായ 400 പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. ബിപിഒ (വോയ്സ്), ബിപിഒ (നോണ്‍ വോയ്സ്)  എന്നീ കോഴ്സുകളിലാകും പരിശീലനം. എറണാകുളത്തുള്ള സെന്‍ററില്‍ റെസിഡന്‍ഷ്യല്‍ പരിശീലനമാണ് നല്‍കുക. ജൂലൈ അവസാനത്തോടെ രണ്ട് കോഴ്സുക ളിലും പരിശീലനം ആരംഭിക്കും. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ളവര്‍ക്ക് പരിശീലനത്തിനായി അപേക്ഷിക്കാം. ഡിഡിയുജികെവൈ പദ്ധതി ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയതിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുടുംബശ്രീയ്ക്ക് ദേശീയ പുരസ്ക്കാരം ലഭിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10663 യുവജനങ്ങള്‍ക്ക് ഈ പദ്ധതി പ്രകാരം കുടുംബശ്രീ നൈപുണ്യ പരിശീലനവും തൊഴിലും ലഭ്യമാക്കിയിരുന്നു.
   
    ഇപ്പോള്‍ കേരളമുള്‍പ്പെടെ 29 സംസ്ഥാനങ്ങളിലും എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കുന്നു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗ മായുള്ള ഈ പദ്ധതി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തില്‍ ഉള്‍പ്പെടുത്തി 2014ലാണ്  കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ആരംഭിച്ചത്. 15നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് കോഴ്സിന് ചേരാനാവുക. സ്ത്രീകള്‍, അംഗപരിമിതര്‍ തുടങ്ങിയവര്‍ക്ക് 45 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. ടാലി, ബിപിഒ, റീട്ടേയ്ല്‍. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് തുടങ്ങിയ നിരവധി മേഖലകളില്‍ പദ്ധതി വഴി പരിശീലനം നല്‍കുന്നു.
 

 

വിശപ്പ് ഇല്ലാതാക്കാന്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം അനിവാര്യം: മന്ത്രി ഡോ.കെ.ടി. ജലീല്‍

Posted on Thursday, May 24, 2018

തിരുവനന്തപുരം: വിശപ്പിന്‍റെ ആദ്യത്തെ ഇരകള്‍ സ്ത്രീകളും  കുട്ടികളുമാണെന്നും വിശപ്പിനെ  ഇല്ലാതാക്കാന്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം അനിവാര്യമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു.  'ഗ്രാമീണ മേഖലയിലെ വനിതകളുടെ സംരംഭകത്വ വികസനം' എന്ന വിഷയത്തെ ആസ്പദമാക്കി 23 അംഗ വിദേശ പ്രതിനിധികള്‍ക്കായി കുടുംബശ്രീയും 'മാനേജും' സംയുക്തമായി സംഘടിപ്പിച്ച  അന്താരാഷ്ട്ര പരിശീലന പരിപാടിയുടെ സമാപന ചടങ്ങില്‍ പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കപ്പെട്ടെങ്കില്‍ മാത്രമേ വിശപ്പിനെ ഇല്ലായ്മ ചെയ്യുന്ന പ്രക്രിയയില്‍ നിര്‍ണായകമായ പങ്കു വഹിക്കാന്‍ കഴിയൂ. ഇതിന് കാര്‍ഷികമേഖലയിലെ നൂതനകൃഷി സമ്പ്രദായങ്ങളെ കുറിച്ചുള്ള അറിവ് സ്ത്രീകള്‍ക്കുണ്ടാകണം. കൂടാതെ ഗുണമേന്‍മയുള്ള വിത്ത്, വളം, ഉപകരണങ്ങള്‍, സാമ്പത്തിക പിന്തുണ എന്നിവ ലഭ്യമാകുകയും വേണം.  കാര്‍ഷിക-മൃഗസംരക്ഷണ മേഖലയില്‍ തൊഴില്‍ ചെയ്ത് ഗുണമേന്‍മയും  വിഷരഹിതവും പോഷകസമ്പുഷ്ടവുമായ ധാന്യങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും ഉല്‍പാദിപ്പിക്കുന്ന മൂന്നു ലക്ഷത്തോളം അയല്‍ക്കൂട്ട വനിതകള്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഇക്കാരണം കൊണ്ടാണ്.
കാര്‍ഷിക രംഗത്തെ ഉയര്‍ന്ന ഉല്‍പാദന ചെലവും കുറഞ്ഞ വരുമാനവും കാരണം കൃഷി ആകര്‍ഷകമല്ലാതായി തീര്‍ന്നതും അതോടൊപ്പം കര്‍ഷകരുടെ കടബാധ്യതയും പ്രതികൂല കാലാവസ്ഥയുമെല്ലാം നാം നേരിടുന്ന വെല്ലുവിളികളാണ്. രാസവളങ്ങളുടെ അമിത പ്രയോഗം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ അതീവദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗത്തിനു വേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. കുടുംബശ്രീ വനിതകള്‍ക്ക് നിലവില്‍ ലഭ്യമാകുന്ന സൗകര്യങ്ങളെ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്‍റെ ഫലമാണ്. ഓരോ പ്രദേശത്തിനും അതിന്‍റേതായ സവിശേഷത ഉണ്ട്. അതിനാല്‍ മറ്റിടങ്ങളില്‍ നിന്നും വികസന മാതൃകകള്‍ സ്വീകരിച്ചു നടപ്പാക്കുന്ന അവസരത്തില്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. വിശപ്പും ദാരിദ്ര്യവും ഇല്ലാതാക്കാനുള്ള പ്രതിനിധി സംഘത്തിന്‍റെ പരിശ്രമങ്ങള്‍ക്ക് കുടുംബശ്രീയില്‍ നിന്നു പഠിച്ച കാര്യങ്ങളും അനുഭവങ്ങളും കരുത്തു പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പഠനസംഘത്തിലെ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.

കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ അടുത്തറിഞ്ഞ പഠനസംഘം തങ്ങളുടെ രാജ്യങ്ങളില്‍ ഇതിനു സമാനമായ കാര്യങ്ങള്‍ നടപ്പാക്കിയാല്‍ അത് കുടുംബശ്രീക്ക് ലഭിക്കുന്ന വലിയ ആദരമായിരിക്കുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. കുടുംബശ്രീയുടെയും മാനേജിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര പരിപാടിയാണ് ഇതെന്നും പരിശീലന വേളയില്‍ പഠനസംഘം അങ്ങേയറ്റം ക്രിയാത്മകമായ മനോഭാവമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ നല്‍കിയ പരിശീലനത്തിന്‍റെ അടിസ്ഥാനത്തില്‍ ഉഗാണ്ടയില്‍ വനിതകള്‍ സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിച്ച് വരുമാനം നേടുന്നത് ഏറെ സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 പരിശീലനപരിപാടി അങ്ങേയറ്റം പ്രയോജനപ്രദമായിരുന്നുവെന്നും ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തങ്ങള്‍ പ്രായോഗികതലത്തില്‍ എങ്ങനെ ഫലപ്രദമായി നിര്‍വഹിക്കാമെന്നുള്ളതിന്‍റെ മികച്ച ഉദാഹരണമാണ് കുടുംബശ്രീയെന്നും മലാവി, ഉഗാണ്ട, മംഗോളിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.   തങ്ങളുടെ രാജ്യത്തും കുടുംബശ്രീ മാതൃകയില്‍ കാര്‍ഷിക സൂക്ഷമസംരംഭ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. അടുത്ത തവണ പരിശീലന പരിപാടി സംഘടിപ്പിക്കുമ്പോള്‍ തങ്ങളുടെ രാജ്യത്തെ രാഷ്ട്രീയ നേതാക്കളെയും ഭരണവിദഗ്ധരെയും ഉള്‍പ്പെടുത്തണമെന്ന് ലൈബീരിയയില്‍ നിന്നുള്ള പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ താഴെ തട്ടിലുള്ള സ്ത്രീകള്‍ക്ക് കൈവന്ന സാമൂഹ്യ സാമ്പത്തിക പുരോഗതി അഭിനന്ദനീയവും അതിശയകരവുമാണെന്നും ദാരിദ്ര്യ നിര്‍മാര്‍ജന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ തുടങ്ങുന്നതിന് കുടുംബശ്രീക്കു സമാനമായ സാമൂഹ്യ സംഘടനാധിഷ്ഠിത സംവിധാനം തങ്ങളുടെ രാജ്യത്തും തുടങ്ങുമെന്നും പഠനസംഘം വ്യക്തമാക്കി. അതിനായി കേരള സര്‍ക്കാരുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്കു താല്‍പര്യമുണ്ടെന്നും പ്രതിനിധി സംഘം പറഞ്ഞു. കെനിയയിലെ പ്രതിനിധികള്‍ മന്ത്രിക്ക് ആദരസൂചകമായി ഷാള്‍ അണിയിച്ചു.

'മാനേജ്'-പ്രോജക്ട് എക്സിക്യൂട്ടീവ് ഷക്കീറ പര്‍വീണ്‍ പ്രതിനിധികള്‍ക്ക് ഉപഹാരം നല്‍കി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ബിബിന്‍ ജോസ് സ്വാഗതവും സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി.രാജന്‍ കൃതജ്ഞതയും പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍ പ്രമോദ്.കെ.വി, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍മാരായ അജിത് ചാക്കോ, ഡോ. പ്രവീണ്‍ സി.എസ്, തീമാറ്റിക് ആങ്കര്‍ ഡോ.രാഹുല്‍ കൃഷ്ണന്‍,    സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ഷിബു എന്‍.പി, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ സാബു ബാലചന്ദ്രന്‍, ജിബി മാത്യു ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.  

Mininster Dr.K.T.Jaleel with foreign delegation

 

കുടുംബശ്രീ ഉപജീവന പദ്ധതി വ്യാപകമാക്കും: മന്ത്രി ഡോ. കെ.ടി. ജലീല്‍

Posted on Friday, May 18, 2018

കോഴിക്കോട്:  ഇരുപതാം വയസ്സിലേക്ക് കടന്ന കുടുംബശ്രീ വഴി നടപ്പു സാമ്പത്തിക വര്‍ഷം 20 നൂതന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍. കുടുംബശ്രീയുടെ 20-ാം വാര്‍ഷികാഘോഷം കോഴിക്കോട് സ്വപ്ന നഗരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി 200 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതെന്ന് മന്ത്രി കൂട്ടി ചേര്‍ത്തു. ദാരിദ്ര്യം അനുഭവിക്കുന്ന ഒരു വീട് പോലും സംസ്ഥാനത്ത് ഉണ്ടാവരുതെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ദീര്‍ഘ വീക്ഷണത്തോടുകൂടിയ പദ്ധതികളാണ് കുടുംബശ്രീ വഴി നടപ്പിലാക്കി വരുന്നത്. കുടുംബശ്രീയുടെ വയോജന രംഗത്തെ നൂതന ഇടപെടലായ ഹര്‍ഷം പദ്ധതിയുടെ ഉദ്ഘാടനവും കുടുംബശ്രീയെ പറ്റി സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ് സ്റ്റഡീസ് വിവിധ ഘട്ടങ്ങളില്‍ നടത്തിയ പഠന പരമ്പരകളുടെ പുസ്തക രൂപത്തിന്‍റെ പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു. സംഘാടക സമിതി വര്‍ക്കിംഗ്ചെയര്‍മാന്‍ എ പ്രദീപ് കുമാര്‍ ചടങ്ങില്‍  അധ്യക്ഷത വഹിച്ചു.

   സംസ്ഥാനത്തെ മികച്ച ഒന്നാമത്തെ സിഡിഎസായി തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ സി.ഡി.എസിനുള്ള ഉപഹാരം മന്ത്രി ഡോ.കെ.ടി. ജലീലും കുടുംബശ്രീയുമായി നല്ല നിലയില്‍ സഹകരിച്ച് പ്രവര്‍ത്തിച്ച ബാങ്കിനുള്ള പുരസ്കാരം യൂണിയന്‍ ബാങ്കിന് മന്ത്രി ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും സമ്മാനിച്ചു. 'കുടുംബശ്രീയുടെ കഥ' പ്രദര്‍ശനം എക്സൈസ് - തൊഴില്‍ വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ക്കുള്ള പുരസ്കാരങ്ങള്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വിതരണം ചെയ്തു. എംഎല്‍എമാരായ ഇകെ വിജയന്‍, പുരുഷന്‍ കടലുണ്ടി, കുടുംബശ്രീ ഭരണസമിതിയംഗം ഏകെ രമ്യ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ് സ്വാഗതവും കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കവിത. പി.സി നന്ദിയും പറഞ്ഞു. 

  തുടര്‍ന്ന് സംസ്ഥാനത്തെ 1064 സി.ഡി.എസുകളിലെയും ചെയര്‍പേഴ്സണ്‍മാര്‍ പങ്കെടുത്ത വിവിധ സംഗമം നടന്നു. 2018-19 ലെ സി.ഡി.എസ് ലക്ഷ്യങ്ങള്‍ കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ ഐഎഎസ് അവതരണം.നടത്തി തുടര്‍ന്ന് 14 വിഷയങ്ങളെ അതികരീച്ച് പ്രത്യേക സെഷനുകളായി ചര്‍ച്ച നടന്നു. വൈകിട്ട് കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറി.2018-19 വര്‍ഷത്തെ കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കി സംഗമം ഇന്ന് വൈകിട്ട് സമാപിക്കും.

Kudumbahsree anniversary

കുടുംബശ്രീ- എബിസി മൊബൈല്‍ ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

Posted on Wednesday, May 16, 2018

തിരുവനന്തപുരം: തെരുവുനായ നിയന്ത്രണ പദ്ധതി  ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പില്‍ നിന്നും കുടുംബശ്രീയുടെ കീഴിലുള്ള 'വിന്നേഴ്സ്' എ.ബി.സി മൊബൈല്‍ യൂണിറ്റ് കഴിഞ്ഞ ദിവസം ആറു നായ്ക്കളെ പിടി കൂടി. ഇവയെ  മൊബൈല്‍  ഓപ്പറേഷന്‍ തിയേറ്ററില്‍ വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്ത ശേഷം ആറ്റിങ്ങള്‍ മൃഗാശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയാനന്തര പരിചരണങ്ങള്‍ നടത്തി വരികയാണ്.  ഇതു പൂര്‍ത്തിയാകുന്ന മുറയ്ക്ക് പിടിച്ച സ്ഥലത്തു തന്നെ തിരികെ വിടും.   

സംസ്ഥാനത്ത് ഇതാദ്യമായാണ് കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ പദ്ധതിക്കായി മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൂടുതല്‍ മൊബൈല്‍ സര്‍ജറി യൂണിറ്റുകള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

ജില്ലയിലെ മുദാക്കല്‍ പഞ്ചായത്തിലെ കുടുംബശ്രീ വനിതകളായ രജനി.ടി.ജി, ജീവശ്രീ, കൂടാതെ സതീഷ് കുമാര്‍, ജിതേഷ് കെ.ജി, മുകേഷ് എന്നിവര്‍ ചേര്‍ന്നാണ് സംരംഭം തുടങ്ങിയത്. ഈ മാസം ഒമ്പതിനായിരുന്നു മൊബൈല്‍ യൂണിറ്റിന്‍റെ  ഉദ്ഘാടനം. സംരംഭം തുടങ്ങുന്നതിനായി ഇന്നവേഷന്‍ ഫണ്ടായി കുടുംബശ്രീ മൂന്നര ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് മൂന്നു ലക്ഷം രൂപയും നല്‍കിയിരുന്നു. കൂടാതെ പത്തു ലക്ഷം രൂപ ബാങ്ക് വായ്പയും എടുത്താണ് വാഹനം വാങ്ങി അതില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത മൊബൈല്‍ ഓപ്പറേഷന്‍ തിയേറ്ററില്‍  ഓപ്പറേഷന്‍ ടേബിള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍, ഓട്ടോക്ളേവ്, ഫ്രിഡ്ജ്, അലമാര, വാട്ടര്‍ ടാങ്ക്, വയറിങ്ങ് ഉള്‍പ്പെടെ എല്ലാ സൗകര്യവും ഉണ്ട്.

ശസ്ത്രക്രിയ ചെയ്യുന്നതിനായി കുടുംബശ്രീ എംപാനല്‍ ചെയ്ത വിദഗ്ധ ഡോക്ടര്‍മാരും രണ്ട് മെഡിക്കല്‍ അസിസ്റ്റന്‍റ്മാരും വാഹനത്തെ അനുഗമിക്കും. സെക്രട്ടേറിയറ്റ് വളപ്പില്‍  നിന്നും പിടി കൂടിയ ഇവര്‍   കഴിഞ്ഞ ദിവസം അഴൂര്‍ പഞ്ചായത്തില്‍ നിന്നും ഇരുപത്തിരണ്ട് നായ്ക്കളെ കൂടി പിടിച്ച് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഈ നായ്ക്കള്‍ക്കെല്ലാം ഇപ്പോള്‍ ശസ്ത്രക്രിയാനന്തര പരിചരണം നല്‍കി വരികയാണ്. ഇവയെ പിന്നീട് പിടിച്ച സ്ഥലത്തു തന്നെ തിരികെ വിടും. കഴിഞ്ഞ വര്‍ഷം കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളില്‍ തെരുവുനായ നിയന്ത്രണ പദ്ധതി ആരംഭിച്ചിരുന്നു. ഇവിടെയെല്ലാം പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ യൂണിറ്റ് അംഗങ്ങളായ അയല്‍ക്കൂട്ട വനിതകള്‍ക്ക് മികച്ച രീതിയില്‍ വരുമാനം നേടാന്‍ സാധിക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളും പദ്ധതി നടപ്പാക്കാന്‍ താല്‍പര്യപ്പെട്ടു മുന്നോട്ടു വന്നിട്ടുണ്ട്.   ഇവിടങ്ങളില്‍ സംരംഭക ഗ്രൂപ്പുകള്‍ രൂപീകരിച്ച് അതിലെ അംഗങ്ങള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം നല്‍കി വരികയാണ്.  ഇവര്‍ അടുത്ത മാസം മുതല്‍  പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാനത്ത് ഇപ്പോള്‍  അഞ്ഞൂറിലേറെ തദ്ദേശ സ്ഥാപനങ്ങളില്‍  പദ്ധതി നടപ്പാക്കുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം  സംസ്ഥാനത്ത് 13320  തെരുവുനായ്ക്കളെയാണ് പിടികൂടി വന്ധ്യംകരിച്ച് ശസ്ത്രക്രിയാനന്തര പരിചരണവും നല്‍കി വിട്ടയച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നു മാത്രം അയ്യായിരത്തോളം തെരുവു നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കാന്‍ കഴിഞ്ഞു. ഇതുവഴി പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ഉപദ്രവം ഗണ്യമായ രീതിയില്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 

കുടുംബശ്രീയെക്കുറിച്ച് പഠിക്കാന്‍ വിദേശ പ്രതിനിധി സംഘം കേരളത്തില്‍

Posted on Monday, May 14, 2018

തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നേരില്‍  കണ്ടറിയാന്‍ 23 അംഗ വിദേശ പ്രതിനിധി സംഘം കേരളത്തിലെത്തി. 'ഗ്രാമീണ മേഖലയിലെ വനിതകളുടെ സംരംഭകത്വ വികസനം' എന്ന വിഷയത്തെ ആസ്പദമാക്കി കുടുംബശ്രീയും മാനേജും സംയുക്തമായി കോവളം സമുദ്രയില്‍ സംഘടിപ്പിക്കുന്ന രണ്ടാഴ്ച നീളുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് പഠന സംഘം എത്തിയത്. പരിശീലനം ഈ മാസം 23ന് അവസാനിക്കും.   

  ലൈബീരിയ, ഉഗാണ്ട, മംഗോളിയ, മലാവി, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള സംഘമാണ്   അന്തര്‍ദേശീയ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയത്. ഈ രാജ്യങ്ങളിലെ കൃഷി, ജലസേചനം, മൃഗസംരക്ഷണം, തൊഴില്‍, മത്സ്യബന്ധനം, ജെന്‍ഡര്‍ വകുപ്പുകളിലെ ഉന്നതതല ഉദ്യോഗസ്ഥരാണ് എല്ലാവരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയുറപ്പിച്ചുകൊണ്ട് കേരളത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതുവഴി സ്ത്രീശാക്തീകരണം സാധ്യമാക്കുകയും ചെയ്ത കുടുംബശ്രീ മാതൃകയെ കുറിച്ച് ഫീല്‍ഡ്തല സന്ദര്‍ശനം ഉള്‍പ്പെടെയുള്ള പഠന പരിപാടികളിലൂടെ മനസിലാക്കുകയാണ് സംഘത്തിന്‍റെ ലക്ഷ്യം.

  കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് അതത് വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധര്‍ ക്ളാസുകള്‍ നയിക്കും. രണ്ടാഴ്ച നീളുന്ന അന്താരാഷ്ട്ര സെമിനാറില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും വിതരണവും, സംരംഭകരുടെ കൂട്ടായ്മകളായി രൂപീകരിക്കുന്ന കണ്‍സോര്‍ഷ്യങ്ങള്‍, കൃഷിയുമായി ബന്ധപ്പെട്ട നൂതന ആശയങ്ങള്‍ എന്നിവ മനസിലാക്കുന്നതിനു പഠനസംഘത്തിന് അവസരമൊരുങ്ങും. ജില്ലകളില്‍ കുടുംബശ്രീ മുഖേന നടപ്പാക്കിവരുന്ന വിവിധയിനം കൃഷികള്‍, സൂക്ഷ്മസംരംഭങ്ങള്‍, കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സംയോജിത പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘം നേരില്‍ സന്ദര്‍ശിച്ച് മനസിലാക്കും. ഇതിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ അയല്‍ക്കൂട്ടങ്ങളും, എ.ഡി.എസ്, സി.ഡി.എസ് എന്നിവയും സംഘം സന്ദര്‍ശിക്കും. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ അയല്‍ക്കൂട്ടങ്ങളുടെ പങ്ക്, കുടുംബശ്രീ ത്രിതല സംവിധാനത്തിലെ നേതൃനിരയെ തിരഞ്ഞെടുക്കുന്നതില്‍ എ.ഡി.എസുകള്‍ക്കും സി.ഡി.എസുകള്‍ക്കുമുള്ള പങ്ക് എന്നിവയെ കുറിച്ച് മനസിലാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.  ഒപ്പം അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകള്‍, ബഡ്സ് സ്കൂള്‍, കഫേ കുടുംബശ്രീ യൂണിറ്റ്, അമിനിറ്റി സെന്‍റര്‍, കാര്‍ഷിക സംരംഭങ്ങള്‍ എന്നിവയും സന്ദര്‍ശിച്ച് അയല്‍ക്കൂട്ട അംഗങ്ങളുമായി സംഘം ആശയവിനിമയം നടത്തും. കൂടാതെ ശ്രദ്ധേയമായ വിജയം കൈവരിച്ച അയല്‍ക്കൂട്ട വനിതകളുമായി നേരില്‍ സംവദിക്കുകയും അവരുടെ വിജയാനുഭവ കഥകള്‍ മനസിലാക്കുകയും ചെയ്യും. കുടുംബശ്രീ സംസ്ഥാന-ജില്ലാമിഷനിലെ ഉദ്യോഗസ്ഥരും പഠനസംഘത്തെ അനുഗമിക്കും.  
 
   കഴിഞ്ഞ വര്‍ഷം തൃശൂര്‍ കിലയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 28 അംഗ സംഘത്തിന് കുടുംബശ്രീ പരിശീലനം നല്‍കിയിരുന്നു. തുടര്‍ന്ന് ഉഗാണ്ടയില്‍ കുടുംബശ്രീ മാതൃക പ്രാവര്‍ത്തികമാക്കുന്നതിന്‍റെ  മുന്നോടിയായി കുടുംബശ്രീക്ക്  അവിടേക്ക് ക്ഷണം ലഭിക്കുകയും കുടുംബശ്രീയില്‍ നിന്നുമുള്ള പ്രതിനിധികള്‍ അവിടുത്തെ ഉന്നതതല ഉദ്യോഗസ്ഥര്‍ക്കും ഗ്രാമീണ വനിതകള്‍ക്കും പരിശീലനം നല്‍കുകയും ചെയ്തിരുന്നു.
 
   പരിശീലന പരിപാടി കുടുംബശ്രീ ഡയറക്ടര്‍ പി. റംലത്ത് ഉദ്ഘാടനം ചെയ്തു. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ അജിത് ചാക്കോ സ്വാഗതം പറഞ്ഞു. 'മാനേജ്' ഡയറക്ടര്‍(എക്സ്റ്റന്‍ഷന്‍) ഡോ. കെ. ഉമാറാണി മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ബിപിന്‍ ജോസ് പരിശീലന പരിപാടിയെ കുറിച്ച് വിശദീകരിച്ചു. നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ തീമാറ്റിക് ആങ്കര്‍ രാഹുല്‍ കൃഷ്ണ നന്ദി പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍മാരായ ജി.എസ്. അമൃത, ഡോ. നികേഷ് കിരണ്‍, അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പ്രോജക്ട് എക്സ്പേര്‍ട്ട് ഡോ. രവികുമാര്‍.എല്‍, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ അരുണ്‍.പി.രാജന്‍, പ്രോജക്ട് എക്സിക്യൂട്ടീവ് ചിന്നു ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Foreign delegation with kudumbashree staff

 

ഡിഡിയുജികെവൈ പദ്ധതി: കുടുംബശ്രീ ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Posted on Monday, May 7, 2018

തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ നിര്‍ധനരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തോടൊപ്പം തൊഴിലും നല്‍കുന്ന കേന്ദ്രാവിഷ്കൃത പദ്ധതി ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയുജികെവൈ) സംസ്ഥാനത്ത് മികച്ച രീതിയില്‍ നടപ്പാക്കിയതിന്  കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ പുരസ്കാരം കുടുംബശ്രീക്ക് ലഭിച്ചു.  ഝാര്‍ഖണ്ഡിലെ റാഞ്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍  കേന്ദ്ര ഗ്രാമ വികസന വകുപ്പ് മന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് എന്നിവരില്‍ നിന്നും കുടുംബശ്രീക്കു വേണ്ടി ഡി.ഡി.യു.ജി.കെ.വൈ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ഡോ.പ്രവീണ്‍ സി.എസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഷിബു എന്‍.പി എന്നിവര്‍ ശില്‍പവും സര്‍ട്ടിഫിക്കറ്റും അടങ്ങിയ പുരസ്കാരം സ്വീകരിച്ചു.  മികച്ച പ്രവര്‍ത്തനത്തിന് കഴിഞ്ഞ വര്‍ഷവും കുടുംബശ്രീക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.  

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമീണ മേഖലയിലെ 10663 ഓളം യുവജനങ്ങള്‍ക്ക് സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനവും ജോലിയും ലഭ്യമാക്കിയതിനാണ് അവാര്‍ഡ്. ഈ വര്‍ഷം 30,000 പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

     ഓരോ വര്‍ഷവുമുള്ള ഗുണഭോക്താക്കളുടെ എണ്ണം, പരിശീലനം നേടിയവര്‍ക്ക് ഉറപ്പാക്കിയ തൊഴില്‍ ലഭ്യത, വിവിധ പരിശീലന ഏജന്‍സികളുമായി ധാരണാപത്രം ഒപ്പു വയ്ക്കല്‍, മൈഗ്രേഷന്‍ സപ്പോര്‍ട്ട്, പദ്ധതി ഊര്‍ജിതപ്പെടുത്തുന്നതിനായി നൂതന സാങ്കേതിക വിദ്യകളുടെയും വിവര സാങ്കേതിക വിദ്യയുടെയും ഉപയോഗം, പദ്ധതി ഗുണഭോക്താക്കള്‍ക്ക് ആത്മവിശ്വാസം വളര്‍ത്താന്‍ ഉപകരിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വിലയിരുത്തല്‍, പുരസ്കാര നിര്‍ണയ കമ്മിറ്റക്കു മുമ്പാകെയുള്ള പ്രവര്‍ത്തനങ്ങളുടെ അവതരണം എന്നിവയാണ് പുരസ്കാരം നിര്‍ണയത്തിനായി സ്വീകരിച്ച മാനദണ്ഡങ്ങള്‍.

    ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും കൂടാതെ എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. പരിശീലനാര്‍ത്ഥികള്‍ക്കു നല്‍കുന്ന മികച്ച അടിസ്ഥാന ഭൗതിക സാഹചര്യങ്ങള്‍, നൂതനവും വൈവിധ്യമുളളതുമായ കോഴ്സുകള്‍, കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ അംഗീകാരമുള്ള എന്‍.സി.വി.ടി, എസ്.എസ്.സി സര്‍ട്ടിഫിക്കറ്റുകള്‍, നടത്തിപ്പിലെ സൂക്ഷ്മത എന്നിവയും പുരസ്കാര നിര്‍ണയത്തിനു പരിഗണിച്ചിരുന്നു.  

    ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഗുണഭോക്താക്കളുടെ അഭിരുചിക്കും യോഗ്യതയ്ക്കും അനുസരിച്ചാണ് വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്നത്.  

Shibu.N.P (left) and Dr.Praveen C.S receives national award  from Raghubar Das  and  Narendra Singh Tomer

                            

സമൂഹത്തില്‍ ശക്ത സാന്നിധ്യമായി കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍- മൂന്ന് ലക്ഷത്തിലേറെ ഗുണഭോക്താക്കള്‍ക്ക് സേവനമേകി

Posted on Saturday, May 5, 2018

തിരുവനന്തപുരം: കുടുംബശ്രീയുടെ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ മുഖേന കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് പരിഹരിച്ചത് 4723 കേസുകള്‍. മൂന്നു ലക്ഷത്തിലേറെ ഗുണഭോക്താക്കള്‍ക്കാണ് ഇവരുടെ സേവനം ലഭ്യമായത്. കൗണ്‍സലിങ്ങ് രംഗത്തെ ഇവരുടെ പ്രവര്‍ത്തനമികവും സാമൂഹ്യ സ്വീകാര്യതയും കണക്കിലെടുത്ത്  തിരുവനന്തപുരം ജില്ലയിലെ പട്ടം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലും പത്തനംതിട്ട ജില്ലയിലെ അടൂര്‍, പന്തളം പോലീസ് സ്റ്റേഷനുകളിലും കുടുംബശ്രീയുടെ കൗണ്‍സലിങ്ങ് സെന്‍ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ ഇടങ്ങളിലേക്ക് ഇവരുടെ സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ച പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണ്.    

  കുടുംബശ്രീ മുഖേന നടപ്പാക്കിവരുന്ന വിവിധ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി പരിശീലനം ലഭിച്ച 357 കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് ഇവരുടെ പ്രവര്‍ത്തനം. വിവാഹ പൂര്‍വ കൗണ്‍സലിങ്ങ് നല്‍കുക, സ്ത്രീകളും കുട്ടികളും കുടുംബങ്ങളും നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, കൗമാരക്കാര്‍, വയോജനങ്ങള്‍ എന്നിവര്‍ക്കുള്ള മാനസിക പിന്തുണ,  എന്ന ലക്ഷ്യത്തോടെയാണ് കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ  സേവനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചത്. കൗമാരപ്രായക്കാര്‍ക്ക്  ആവശ്യമായ വിദഗ്ധ കൗണ്‍ലിങ്ങ് നല്‍കുന്നതിനാല്‍ പലയിടത്തും സ്കൂളുകളില്‍ ഇവരുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ കുടുംബശ്രീയെ സമീപിച്ചിട്ടുണ്ട്.  

സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ചുള്ളതും കുടുംബ പ്രശ്നങ്ങളുമടക്കം കോടതിയിലേക്ക് പോകാന്‍ സാധ്യതയുള്ള കേസുകള്‍ വരെ സമാധാനപൂര്‍ണമായി പരിഹരിക്കാന്‍ കഴിയുന്നതു കൊണ്ട് പഞ്ചായത്തുതലത്തില്‍ ഇവര്‍ക്ക് ഏറെ വിശ്വാസ്യത നേടാന്‍ കഴിഞ്ഞിട്ടുണ്ട്. വിവാഹപൂര്‍വ കൗണ്‍സലിങ്ങ്, അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കുടുംബശ്രീ സംവിധാനമായ സ്നേഹിത, ജെന്‍ഡര്‍ റിസോഴസ് സെന്‍റര്‍, ബ്ളോക്ക് തല കൗണ്‍സലിങ്ങ് സെന്‍ററുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആവശ്യമായ കൗണ്‍സിലിങ്ങ്, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പരിശീലനം നേടിയ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ മുഖേനയാണ് നടപ്പാക്കിവരുന്നത്. കുടുംബശ്രീ മുഖേന  സംസ്ഥാനത്ത്  അരക്ഷിതാവസ്ഥയുടെ പഠനം-വള്‍ണറബിലിറ്റി മാപ്പിങ്ങ് നടപ്പാക്കിയപ്പോഴും ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.

``

കുടുംബശ്രീ സ്‌നേഹിത മികച്ച പ്രവര്‍ത്തനം തുടരുന്നു- കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 4721 കേസുകള്‍

Posted on Friday, May 4, 2018

തിരുവനന്തപുരം- ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീ കളുടെയും കുട്ടികളുടെയും ആശ്രയ കേന്ദ്രമായ കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 4721 കേസുകള്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എറണാകുളം ജില്ലയിലാണ്. കേസുകള്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കി വരുന്നു. ഇതുവരെ 25000 ത്തിലേറെ പേര്‍ക്ക് സ്നേഹിതയുടെ സേവനം ലഭ്യമായിട്ടുണ്ട്. 2244 സ്ത്രീകള്‍ക്ക് ഷോര്‍ട്ട് ഷെല്‍റ്റര്‍ ഹോം സേവനവും നല്‍കി.     

കഴിഞ്ഞ വര്‍ഷം വിവിധ അതിക്രമങ്ങള്‍ നേരിട്ട് സ്നേഹിതയിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 3271 പേര്‍ക്ക് കൗണ്‍സലിംഗ് സേവനം ലഭ്യമാക്കി. ഇതില്‍ 2248 പേര്‍ ഗാര്‍ഹിക പീഡനം നേരിട്ടവരും 30 പേര്‍ മനുഷ്യക്കടത്തിനു വിധേയമായവരുമാണ്. ഇതു കൂടാതെ ഫോണ്‍ വഴി 6659 കേസുകളും സ്നേഹിതയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാന ശിശുക്ഷേമ സമിതി, പോലീസ്, സാമൂഹിക നീതി എന്നീ വകുപ്പുകളുമായി സംയോജിച്ചാണ് സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.  അതിക്രമങ്ങള്‍ നേരിട്ട് സ്നേഹിതയിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്നേഹിതയിലെ കൗണ്‍സിലര്‍മാര്‍ വഴി ആവശ്യമായ കൗണ്‍സലിങ്ങ് നല്‍കും. കൂടാതെ പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍റ് ഗ്രൂപ്പുകള്‍, ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍ എന്നിവ വഴി അതിക്രമങ്ങള്‍ക്കിരയാകുന്നതായി കണ്ടെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ സുരക്ഷിത താമസവും സൗജന്യനിയമ സഹായവും മാനസിക പിന്തുണയും ലഭ്യമാക്കും. കൂടാതെ രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍, പരീക്ഷ,ജോലി എന്നിവ സംബന്ധിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് ആവശ്യമെങ്കില്‍ സ്നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ താമസിക്കാനുള്ള സൗകര്യം ലഭ്യമാക്കും.     

കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2013  ഓഗസ്റ്റിലാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ആറ് ജില്ലകളില്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ എല്ലാ ജില്ലകളിലും സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് സ്നേഹിത ഹെല്‍പ് ഡെസ്ക്കിന്‍റേത്. സ്നേഹിതയില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ നിയമസഹായം ലഭ്യമാക്കുന്നതിനായി മുഴുവന്‍ സമയ അഭിഭാഷകയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.

 പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിരവധി സഹായങ്ങളാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക്ക് ഒരുക്കി നല്‍കുന്നത്. തങ്ങളെ സമീപിക്കുന്ന സ്ത്രീകള്‍ക്ക് മാനസികമായ പിന്തുണ നല്‍കുന്നതോടൊപ്പം തന്നെ അവര്‍ക്ക് വേണ്ട നിയമ സഹായം, കൗണ്‍സിലിങ് തുടങ്ങിയ സേവനങ്ങളും സ്നേഹിതയിലുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താത്ക്കാലിക അഭയവും സ്നേഹിത ഒരുക്കി നല്‍കുന്നു എന്നതാണ്. ഇതിനു പുറമേ നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ഫാമിലി കൗണ്‍സിലിങ്, ടെലിഫോണ്‍ വഴിയുള്ള കൗണ്‍സിലിങ് എന്നീ സേവനങ്ങളും സ്നേഹിത വഴി നല്‍കുന്നു.

 തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലായിരുന്നു തുടക്കത്തില്‍ സ്നേഹിത പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, കൊല്ലം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, കാസര്‍ഗോഡ് എന്നീ ജില്ലകളിലും സ്നേഹിത പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വയനാട്, കോഴിക്കോട് ജില്ലകളില്‍ ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും ടോള്‍ ഫ്രീ നമ്പര്‍ സൗകര്യവുമുണ്ട്.