തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടറിയാന്‍ 23 അംഗ വിദേശ പ്രതിനിധി സംഘം കേരളത്തിലെത്തി. 'ഗ്രാമീണ മേഖലയിലെ വനിതകളുടെ സംരംഭകത്വ വികസനം' എന്ന വിഷയത്തെ ആസ്പദമാക്കി കുടുംബശ്രീയും മാനേജും സംയുക്തമായി കോവളം സമുദ്രയില്‍ സംഘടിപ്പിക്കുന്ന രണ്ടാഴ്ച നീളുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് പഠന സംഘം എത്തിയത്. പരിശീലനം ഈ മാസം 23ന് അവസാനിക്കും.
ലൈബീരിയ, ഉഗാണ്ട, മംഗോളിയ, മലാവി, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള സംഘമാണ് അന്തര്‍ദേശീയ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയത്. ഈ രാജ്യങ്ങളിലെ കൃഷി, ജലസേചനം, മൃഗസംരക്ഷണം, തൊഴില്‍, മത്സ്യബന്ധനം, ജെന്‍ഡര്‍ വകുപ്പുകളിലെ ഉന്നതതല ഉദ്യോഗസ്ഥരാണ് എല്ലാവരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയുറപ്പിച്ചുകൊണ്ട് കേരളത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതുവഴി സ്ത്രീശാക്തീകരണം സാധ്യമാക്കുകയും ചെയ്ത കുടുംബശ്രീ മാതൃകയെ കുറിച്ച് ഫീല്‍ഡ്തല സന്ദര്‍ശനം ഉള്‍പ്പെടെയുള്ള പഠന പരിപാടികളിലൂടെ മനസിലാക്കുകയാണ് സംഘത്തിന്‍റെ ലക്ഷ്യം.
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് അതത് വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധര്‍ ക്ളാസുകള്‍ നയിക്കും. രണ്ടാഴ്ച നീളുന്ന അന്താരാഷ്ട്ര സെമിനാറില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും വിതരണവും, സംരംഭകരുടെ കൂട്ടായ്മകളായി രൂപീകരിക്കുന്ന കണ്‍സോര്‍ഷ്യങ്ങള്‍, കൃഷിയുമായി ബന്ധപ്പെട്ട നൂതന ആശയങ്ങള്‍ എന്നിവ മനസിലാക്കുന്നതിനു പഠനസംഘത്തിന് അവസരമൊരുങ്ങും. ജില്ലകളില്‍ കുടുംബശ്രീ മുഖേന നടപ്പാക്കിവരുന്ന വിവിധയിനം കൃഷികള്‍, സൂക്ഷ്മസംരംഭങ്ങള്‍, കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സംയോജിത പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘം നേരില്‍ സന്ദര്‍ശിച്ച് മനസിലാക്കും. ഇതിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ അയല്‍ക്കൂട്ടങ്ങളും, എ.ഡി.എസ്, സി.ഡി.എസ് എന്നിവയും സംഘം സന്ദര്‍ശിക്കും. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ അയല്‍ക്കൂട്ടങ്ങളുടെ പങ്ക്, കുടുംബശ്രീ ത്രിതല സംവിധാനത്തിലെ നേതൃനിരയെ തിരഞ്ഞെടുക്കുന്നതില്‍ എ.ഡി.എസുകള്‍ക്കും സി.ഡി.എസുകള്‍ക്കുമുള്ള പങ്ക് എന്നിവയെ കുറിച്ച് മനസിലാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഒപ്പം അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകള്‍, ബഡ്സ് സ്കൂള്‍, കഫേ കുടുംബശ്രീ യൂണിറ്റ്, അമിനിറ്റി സെന്‍റര്‍, കാര്‍ഷിക സംരംഭങ്ങള്‍ എന്നിവയും സന്ദര്‍ശിച്ച് അയല്‍ക്കൂട്ട അംഗങ്ങളുമായി സംഘം ആശയവിനിമയം നടത്തും. കൂടാതെ ശ്രദ്ധേയമായ വിജയം കൈവരിച്ച അയല്‍ക്കൂട്ട വനിതകളുമായി നേരില്‍ സംവദിക്കുകയും അവരുടെ വിജയാനുഭവ കഥകള്‍ മനസിലാക്കുകയും ചെയ്യും. കുടുംബശ്രീ സംസ്ഥാന-ജില്ലാമിഷനിലെ ഉദ്യോഗസ്ഥരും പഠനസംഘത്തെ അനുഗമിക്കും.
കഴിഞ്ഞ വര്‍ഷം തൃശൂര്‍ കിലയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 28 അംഗ സംഘത്തിന് കുടുംബശ്രീ പരിശീലനം നല്‍കിയിരുന്നു. തുടര്‍ന്ന് ഉഗാണ്ടയില്‍ കുടുംബശ്രീ മാതൃക പ്രാവര്‍ത്തികമാക്കുന്നതിന്‍റെ മുന്നോടിയായി കുടുംബശ്രീക്ക് അവിടേക്ക് ക്ഷണം ലഭിക്കുകയും കുടുംബശ്രീയില്‍ നിന്നുമുള്ള പ്രതിനിധികള്‍ അവിടുത്തെ ഉന്നതതല ഉദ്യോഗസ്ഥര്‍ക്കും ഗ്രാമീണ വനിതകള്‍ക്കും പരിശീലനം നല്‍കുകയും ചെയ്തിരുന്നു.
പരിശീലന പരിപാടി കുടുംബശ്രീ ഡയറക്ടര്‍ പി. റംലത്ത് ഉദ്ഘാടനം ചെയ്തു. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ അജിത് ചാക്കോ സ്വാഗതം പറഞ്ഞു. 'മാനേജ്' ഡയറക്ടര്‍(എക്സ്റ്റന്‍ഷന്‍) ഡോ. കെ. ഉമാറാണി മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ബിപിന്‍ ജോസ് പരിശീലന പരിപാടിയെ കുറിച്ച് വിശദീകരിച്ചു. നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ തീമാറ്റിക് ആങ്കര്‍ രാഹുല്‍ കൃഷ്ണ നന്ദി പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍മാരായ ജി.എസ്. അമൃത, ഡോ. നികേഷ് കിരണ്‍, അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പ്രോജക്ട് എക്സ്പേര്‍ട്ട് ഡോ. രവികുമാര്‍.എല്‍, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ അരുണ്‍.പി.രാജന്‍, പ്രോജക്ട് എക്സിക്യൂട്ടീവ് ചിന്നു ജോസഫ് എന്നിവര്‍ പങ്കെടുത്തു.
- 270 views