വിശപ്പ് ഇല്ലാതാക്കാന്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം അനിവാര്യം: മന്ത്രി ഡോ.കെ.ടി. ജലീല്‍

Posted on Thursday, May 24, 2018

തിരുവനന്തപുരം: വിശപ്പിന്‍റെ ആദ്യത്തെ ഇരകള്‍ സ്ത്രീകളും  കുട്ടികളുമാണെന്നും വിശപ്പിനെ  ഇല്ലാതാക്കാന്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം അനിവാര്യമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു.  'ഗ്രാമീണ മേഖലയിലെ വനിതകളുടെ സംരംഭകത്വ വികസനം' എന്ന വിഷയത്തെ ആസ്പദമാക്കി 23 അംഗ വിദേശ പ്രതിനിധികള്‍ക്കായി കുടുംബശ്രീയും 'മാനേജും' സംയുക്തമായി സംഘടിപ്പിച്ച  അന്താരാഷ്ട്ര പരിശീലന പരിപാടിയുടെ സമാപന ചടങ്ങില്‍ പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കപ്പെട്ടെങ്കില്‍ മാത്രമേ വിശപ്പിനെ ഇല്ലായ്മ ചെയ്യുന്ന പ്രക്രിയയില്‍ നിര്‍ണായകമായ പങ്കു വഹിക്കാന്‍ കഴിയൂ. ഇതിന് കാര്‍ഷികമേഖലയിലെ നൂതനകൃഷി സമ്പ്രദായങ്ങളെ കുറിച്ചുള്ള അറിവ് സ്ത്രീകള്‍ക്കുണ്ടാകണം. കൂടാതെ ഗുണമേന്‍മയുള്ള വിത്ത്, വളം, ഉപകരണങ്ങള്‍, സാമ്പത്തിക പിന്തുണ എന്നിവ ലഭ്യമാകുകയും വേണം.  കാര്‍ഷിക-മൃഗസംരക്ഷണ മേഖലയില്‍ തൊഴില്‍ ചെയ്ത് ഗുണമേന്‍മയും  വിഷരഹിതവും പോഷകസമ്പുഷ്ടവുമായ ധാന്യങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും ഉല്‍പാദിപ്പിക്കുന്ന മൂന്നു ലക്ഷത്തോളം അയല്‍ക്കൂട്ട വനിതകള്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഇക്കാരണം കൊണ്ടാണ്.
കാര്‍ഷിക രംഗത്തെ ഉയര്‍ന്ന ഉല്‍പാദന ചെലവും കുറഞ്ഞ വരുമാനവും കാരണം കൃഷി ആകര്‍ഷകമല്ലാതായി തീര്‍ന്നതും അതോടൊപ്പം കര്‍ഷകരുടെ കടബാധ്യതയും പ്രതികൂല കാലാവസ്ഥയുമെല്ലാം നാം നേരിടുന്ന വെല്ലുവിളികളാണ്. രാസവളങ്ങളുടെ അമിത പ്രയോഗം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ അതീവദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗത്തിനു വേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. കുടുംബശ്രീ വനിതകള്‍ക്ക് നിലവില്‍ ലഭ്യമാകുന്ന സൗകര്യങ്ങളെ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്‍റെ ഫലമാണ്. ഓരോ പ്രദേശത്തിനും അതിന്‍റേതായ സവിശേഷത ഉണ്ട്. അതിനാല്‍ മറ്റിടങ്ങളില്‍ നിന്നും വികസന മാതൃകകള്‍ സ്വീകരിച്ചു നടപ്പാക്കുന്ന അവസരത്തില്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. വിശപ്പും ദാരിദ്ര്യവും ഇല്ലാതാക്കാനുള്ള പ്രതിനിധി സംഘത്തിന്‍റെ പരിശ്രമങ്ങള്‍ക്ക് കുടുംബശ്രീയില്‍ നിന്നു പഠിച്ച കാര്യങ്ങളും അനുഭവങ്ങളും കരുത്തു പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പഠനസംഘത്തിലെ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.

കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ അടുത്തറിഞ്ഞ പഠനസംഘം തങ്ങളുടെ രാജ്യങ്ങളില്‍ ഇതിനു സമാനമായ കാര്യങ്ങള്‍ നടപ്പാക്കിയാല്‍ അത് കുടുംബശ്രീക്ക് ലഭിക്കുന്ന വലിയ ആദരമായിരിക്കുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. കുടുംബശ്രീയുടെയും മാനേജിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര പരിപാടിയാണ് ഇതെന്നും പരിശീലന വേളയില്‍ പഠനസംഘം അങ്ങേയറ്റം ക്രിയാത്മകമായ മനോഭാവമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ നല്‍കിയ പരിശീലനത്തിന്‍റെ അടിസ്ഥാനത്തില്‍ ഉഗാണ്ടയില്‍ വനിതകള്‍ സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിച്ച് വരുമാനം നേടുന്നത് ഏറെ സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 പരിശീലനപരിപാടി അങ്ങേയറ്റം പ്രയോജനപ്രദമായിരുന്നുവെന്നും ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തങ്ങള്‍ പ്രായോഗികതലത്തില്‍ എങ്ങനെ ഫലപ്രദമായി നിര്‍വഹിക്കാമെന്നുള്ളതിന്‍റെ മികച്ച ഉദാഹരണമാണ് കുടുംബശ്രീയെന്നും മലാവി, ഉഗാണ്ട, മംഗോളിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.   തങ്ങളുടെ രാജ്യത്തും കുടുംബശ്രീ മാതൃകയില്‍ കാര്‍ഷിക സൂക്ഷമസംരംഭ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. അടുത്ത തവണ പരിശീലന പരിപാടി സംഘടിപ്പിക്കുമ്പോള്‍ തങ്ങളുടെ രാജ്യത്തെ രാഷ്ട്രീയ നേതാക്കളെയും ഭരണവിദഗ്ധരെയും ഉള്‍പ്പെടുത്തണമെന്ന് ലൈബീരിയയില്‍ നിന്നുള്ള പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ താഴെ തട്ടിലുള്ള സ്ത്രീകള്‍ക്ക് കൈവന്ന സാമൂഹ്യ സാമ്പത്തിക പുരോഗതി അഭിനന്ദനീയവും അതിശയകരവുമാണെന്നും ദാരിദ്ര്യ നിര്‍മാര്‍ജന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ തുടങ്ങുന്നതിന് കുടുംബശ്രീക്കു സമാനമായ സാമൂഹ്യ സംഘടനാധിഷ്ഠിത സംവിധാനം തങ്ങളുടെ രാജ്യത്തും തുടങ്ങുമെന്നും പഠനസംഘം വ്യക്തമാക്കി. അതിനായി കേരള സര്‍ക്കാരുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്കു താല്‍പര്യമുണ്ടെന്നും പ്രതിനിധി സംഘം പറഞ്ഞു. കെനിയയിലെ പ്രതിനിധികള്‍ മന്ത്രിക്ക് ആദരസൂചകമായി ഷാള്‍ അണിയിച്ചു.

'മാനേജ്'-പ്രോജക്ട് എക്സിക്യൂട്ടീവ് ഷക്കീറ പര്‍വീണ്‍ പ്രതിനിധികള്‍ക്ക് ഉപഹാരം നല്‍കി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ബിബിന്‍ ജോസ് സ്വാഗതവും സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി.രാജന്‍ കൃതജ്ഞതയും പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍ പ്രമോദ്.കെ.വി, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍മാരായ അജിത് ചാക്കോ, ഡോ. പ്രവീണ്‍ സി.എസ്, തീമാറ്റിക് ആങ്കര്‍ ഡോ.രാഹുല്‍ കൃഷ്ണന്‍,    സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ഷിബു എന്‍.പി, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ സാബു ബാലചന്ദ്രന്‍, ജിബി മാത്യു ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.  

Mininster Dr.K.T.Jaleel with foreign delegation