കുടുംബശ്രീ ഉപജീവന പദ്ധതി വ്യാപകമാക്കും: മന്ത്രി ഡോ. കെ.ടി. ജലീല്‍

Posted on Friday, May 18, 2018

കോഴിക്കോട്:  ഇരുപതാം വയസ്സിലേക്ക് കടന്ന കുടുംബശ്രീ വഴി നടപ്പു സാമ്പത്തിക വര്‍ഷം 20 നൂതന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍. കുടുംബശ്രീയുടെ 20-ാം വാര്‍ഷികാഘോഷം കോഴിക്കോട് സ്വപ്ന നഗരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി 200 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതെന്ന് മന്ത്രി കൂട്ടി ചേര്‍ത്തു. ദാരിദ്ര്യം അനുഭവിക്കുന്ന ഒരു വീട് പോലും സംസ്ഥാനത്ത് ഉണ്ടാവരുതെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ദീര്‍ഘ വീക്ഷണത്തോടുകൂടിയ പദ്ധതികളാണ് കുടുംബശ്രീ വഴി നടപ്പിലാക്കി വരുന്നത്. കുടുംബശ്രീയുടെ വയോജന രംഗത്തെ നൂതന ഇടപെടലായ ഹര്‍ഷം പദ്ധതിയുടെ ഉദ്ഘാടനവും കുടുംബശ്രീയെ പറ്റി സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ് സ്റ്റഡീസ് വിവിധ ഘട്ടങ്ങളില്‍ നടത്തിയ പഠന പരമ്പരകളുടെ പുസ്തക രൂപത്തിന്‍റെ പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു. സംഘാടക സമിതി വര്‍ക്കിംഗ്ചെയര്‍മാന്‍ എ പ്രദീപ് കുമാര്‍ ചടങ്ങില്‍  അധ്യക്ഷത വഹിച്ചു.

   സംസ്ഥാനത്തെ മികച്ച ഒന്നാമത്തെ സിഡിഎസായി തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ സി.ഡി.എസിനുള്ള ഉപഹാരം മന്ത്രി ഡോ.കെ.ടി. ജലീലും കുടുംബശ്രീയുമായി നല്ല നിലയില്‍ സഹകരിച്ച് പ്രവര്‍ത്തിച്ച ബാങ്കിനുള്ള പുരസ്കാരം യൂണിയന്‍ ബാങ്കിന് മന്ത്രി ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും സമ്മാനിച്ചു. 'കുടുംബശ്രീയുടെ കഥ' പ്രദര്‍ശനം എക്സൈസ് - തൊഴില്‍ വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ക്കുള്ള പുരസ്കാരങ്ങള്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വിതരണം ചെയ്തു. എംഎല്‍എമാരായ ഇകെ വിജയന്‍, പുരുഷന്‍ കടലുണ്ടി, കുടുംബശ്രീ ഭരണസമിതിയംഗം ഏകെ രമ്യ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ് സ്വാഗതവും കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കവിത. പി.സി നന്ദിയും പറഞ്ഞു. 

  തുടര്‍ന്ന് സംസ്ഥാനത്തെ 1064 സി.ഡി.എസുകളിലെയും ചെയര്‍പേഴ്സണ്‍മാര്‍ പങ്കെടുത്ത വിവിധ സംഗമം നടന്നു. 2018-19 ലെ സി.ഡി.എസ് ലക്ഷ്യങ്ങള്‍ കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ ഐഎഎസ് അവതരണം.നടത്തി തുടര്‍ന്ന് 14 വിഷയങ്ങളെ അതികരീച്ച് പ്രത്യേക സെഷനുകളായി ചര്‍ച്ച നടന്നു. വൈകിട്ട് കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറി.2018-19 വര്‍ഷത്തെ കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കി സംഗമം ഇന്ന് വൈകിട്ട് സമാപിക്കും.

Kudumbahsree anniversary