പി.എം.എഫ്.എം.ഇ സ്‌കീം സീഡ് ക്യാപ്പിറ്റല്‍ വിതരണത്തിന് തുടക്കം

Posted on Thursday, October 21, 2021

ഭക്ഷ്യസംസ്‌ക്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് പിന്തുണയേകുന്നതിനായുള്ള പി.എം.എഫ്.എം.ഇ സ്‌കീമിന്റെ (പ്രധാനമന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റര്‍പ്രൈസസ് സ്‌കീം – ഭക്ഷ്യ സംസ്‌ക്കരണ സംരംഭങ്ങളുടെ രൂപവത്ക്കരണ പദ്ധതി) ഭാഗമായുള്ള സീഡ് ക്യാപ്പിറ്റല്‍ ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി  പി. രാജീവ് 18ാം തീയതി നിര്‍വഹിച്ചു.

കേന്ദ്ര ഭക്ഷ്യസംസ്‌ക്കരണ വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച്, കേരളത്തില്‍ വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കുന്ന  ഈ പദ്ധതി വഴി 14 ജില്ലകളില്‍ നിന്നുള്ള 1440 കുടുംബശ്രീ സംരംഭകര്‍ക്ക് 4,30,51,096 രൂപ നല്‍കാനുള്ള അനുമതി ലഭിച്ചിരുന്നു. എറണാകുളത്ത് സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ ഈ തുക കുടുബശ്രീയ്ക്ക് വേണ്ടി എറണാകുളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. രഞ്ജിനിയും കുടുംബശ്രീ സംരംഭകരും ചേര്‍ന്ന് മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

pmfme

അതാത് സി.ഡി.എസുകള്‍ മുഖേന സംരംഭകര്‍ക്ക് പലിശരഹിത വായ്പയായാണ് ധനസഹായം നല്‍കുന്നത്. പദ്ധതി പ്രകാരം ഭക്ഷ്യസംസ്‌ക്കരണ മേഖലയിലുള്ള വ്യക്തിഗത- സൂക്ഷ്മ സംരംഭങ്ങള്‍ക്ക് സീഡ് ഫണ്ട്, ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന ഗ്രാന്റ്, പൊതു അടിസ്ഥാന സൗകര്യങ്ങള്‍, ബ്രാന്‍ഡിങ്ങ്-  വിപണനം എന്നിങ്ങനെ നാല് പ്രധാന ഘടകങ്ങള്‍ക്ക് സഹായം ലഭിക്കും.

കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി. രാജമാണിക്യം ഐ.എ.എസ് സ്വാഗതം ആശംസിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ലാ ഇന്‍ഡസ്ട്രീസ് സെന്റര്‍ ജനറല്‍ മാനേജര്‍ ബിജു പി. എബ്രാഹം നന്ദി പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം മൂല്യവര്‍ധനവിനെക്കുറിച്ച് സംരംഭകര്‍ക്ക് വിദഗ്ധ ക്ലാസുകളും നല്‍കി.

Content highlight
പി.എം.എഫ്.എം.ഇ സ്‌കീം സീഡ് ക്യാപ്പിറ്റല്‍ വിതരണത്തിന് തുടക്കം

കോവിഡ് പ്രതിരോധം- അക്ഷീണ പരിശ്രമം തുടര്‍ന്ന് വയനാട്

Posted on Wednesday, October 13, 2021

കോവിഡ് -19 രോഗ നിയന്ത്രണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ അക്ഷീണം തുടരുകയാണ് വയനാട് ജില്ല. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ ക്വാറന്റൈന്‍ ലംഘനം നടത്തുന്നത് കണ്ടെത്താനുള്ള സഹായം ജില്ലാ ഭരണകൂടത്തിന് ഇപ്പോള്‍ കുടുംബശ്രീ സംഘടനാ സംവിധാനം മുഖേന ചെയ്തു നല്‍കി വരുന്നു. ജില്ലയില്‍ ക്വാറന്റൈന്‍ ലംഘനം വ്യാപകമാകുകയും അത് ഒരു പ്രധാന പ്രശ്‌നമായിത്തീരുകയും ചെയ്തിരുന്നു. കാവിഡ് പോസിറ്റീവായ രോഗികളും അവരുടെ സമ്പര്‍ക്കത്തിലുള്ളവരും നടത്തുന്ന ക്വാറന്റൈന്‍ ലംഘനവും ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ് നടത്തിയതിന് ശേഷം റിസല്‍റ്റ് വരുന്നതിനിടയില്‍ നടത്തുന്ന ക്വാറന്റൈന്‍ ലംഘനവുമാണ് വര്‍ദ്ധിച്ചുവന്നത്. ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കുകയും അത് ലംഘിക്കുന്നവരുടെ വിശദാംശങ്ങള്‍ പോലീസിന് കൈമാറുകയുമാണ് കുടുംബശ്രീ സംവിധാനം മുഖേന ചെയ്യുന്നത്.

   ക്വാറന്റൈന്‍ ലംഘനം വര്‍ദ്ധിച്ചുവരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി മീറ്റിങ്ങില്‍ ഉയര്‍ന്നുവന്നപ്പോഴാണ് കുടുംബശ്രീയുടെ അയല്‍ക്കൂട്ടം മുതലുള്ള സംഘടനാ സംവിധാനത്തിന് പോലീസിനെ ക്വാറന്റൈന്‍ ലംഘനം നടത്തുന്നത് കണ്ടെത്താന്‍ സഹായിക്കാനാകുമെന്ന് വയനാട് കുടുംബശ്രീ ടീം അറിയിച്ചത്. എല്ലാ സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് കഴിഞ്ഞവരുടെ വിശദാംശങ്ങള്‍ സി.ഡി.എസ് ചെയര്‍പേഴ്സണ് ലഭിക്കുന്നു. വാര്‍ഡ് അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ വേര്‍തിരിച്ച്, ബന്ധപ്പെട്ട എ.ഡി.എസി-ന് നല്‍കുന്നു. അവിടെ നിന്ന് അയല്‍ക്കൂട്ട സെക്രട്ടറിമാരെ വിശദാംശങ്ങള്‍ അറിയിക്കുന്നു. ടെസ്റ്റ് നടത്തിയവര്‍ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടോയെന്ന് അവര്‍ ഉറപ്പുവരുത്തുന്നു, ലംഘനം നടന്നാല്‍ ഗൂഗിള്‍ ഫോം വഴി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി ക്വാറന്റൈന്‍ ലംഘിക്കുന്നവരുടെ വിശദാംശങ്ങള്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പോലീസ് സ്റ്റേഷനിലേക്ക് അറിയിക്കുന്നു. പോലീസ് നിയമനടപടികളും കൈക്കൊള്ളുന്നു.  

  കൂടാതെ ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്ക് എല്ലാവിധത്തിലുമുള്ള സഹായങ്ങളും കുടുംബശ്രീ അംഗങ്ങള്‍ നല്‍കി വരുന്നു. ജില്ലയിലെ ആദിവാസി കോളനികള്‍ ആനിമേറ്റര്‍മാരുടെയും എ.ഡി.എസിന്റെയും പ്രത്യേക നിരീക്ഷണത്തിലുമാണ്. കൂടാതെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളിലും സജീവം. എല്ലാ ദിവസവും വൈകുന്നേരം 7 മുതല്‍ 8 വരെ എ.ഡി.എം, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് പ്രതിനിധി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് അവലോകന യോഗവും നടത്തുന്നു.

  കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് നിരവധിയായ മുന്‍കരുതലുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിത്തുടങ്ങിയ കാലം മുതല്‍ തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടപ്പിലാക്കി വരുന്നത്. ബോധവത്ക്കരണ പരിപാടികള്‍, മാസ്‌ക്- സാനിറ്റൈസര്‍ നിര്‍മ്മാണം, കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തിപ്പ്, വായ്പാ വിതരണം… എന്നിങ്ങനെ നീളുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ചത്.

  അതേസമയം ഓരോ ജില്ലകളും വ്യത്യസ്തങ്ങളായ ആവശ്യകതകള്‍ അനുസരിച്ച് പ്രാദേശിക ഭരണകൂടവുമായി ചേര്‍ന്ന് ഒട്ടനവധി പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. ഇപ്പോഴും ആ പ്രവര്‍ത്തനങ്ങളില്‍ പലതും തുടര്‍ന്ന് വരികയും ചെയ്യുന്നു. ഇത്തരത്തില്‍ വയനാട് കുടുംബശ്രീ ടീമും മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

Content highlight
Kudumbashree Wayanad team continues their relentless efforts in controlling covid-19 pandemicML

എന്‍.യു.എല്‍.എം, പി.എം.എ.വൈ : ഉത്തരമേഖലാ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Tuesday, October 12, 2021

വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മേയര്‍മാര്‍, നഗരസഭാ അധ്യക്ഷന്മാര്‍ എന്നിവര്‍ക്കുവേണ്ടി കുടുംബശ്രീ ഉത്തരമേഖലാ ഏകദിന ശില്‍പ്പശാല ഇന്ന് (ഒക്ടോബര്‍ 8) സംഘടിപ്പിച്ചു. കുടുംബശ്രീ മുഖേന കേരളത്തിലെ നഗരങ്ങളില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍- എന്‍.യു.എല്‍.എം), പ്രധാനമന്ത്രി ആവാസ് യോജന (നഗരം)- ലൈഫ് (പി.എം.എ.വൈ) എന്നീ പദ്ധതികള്‍ സംബന്ധിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു.

  കോഴിക്കോട് ഹൈസണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ചെയര്‍മാന്‍ ചേംബര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണുമായ ടി.വി. ശാന്ത അധ്യക്ഷയായി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ എസ്. ജഹാംഗീര്‍ നന്ദിയും പറഞ്ഞു.

  കുടുംബശ്രീയും നഗരസഭകളും, അഫോര്‍ഡബിള്‍ റെന്റല്‍ ഹൗസിങ് കോംപ്ലക്‌സ് (എ.ആര്‍.എച്ച്.സി), നഗരങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതികള്‍, തെരുവുകച്ചവടക്കാര്‍ക്കുള്ള സഹായ പദ്ധതി, തെരുവുകച്ചവട ആക്ട്, സ്‌കീം റൂള്‍സ് തുടങ്ങീ വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകളും ശില്‍പ്പശാലയുടെ ഭാഗമായി സംഘടിപ്പിച്ചു.

 

Content highlight
nulmpmaycnorthzoneonedayworkshopconductedml

ഇഷ്ട സമ്മാനങ്ങള്‍ കൈകൊണ്ട് നെയ്ത് നല്‍കി വരുമാനം കണ്ടെത്തി കാസര്‍ഗോഡുള്ള ഡി.ഡി.യു-ജി.കെ.വൈ വിദ്യാര്‍ത്ഥിനികള്‍

Posted on Tuesday, October 12, 2021

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ സമ്മാനിക്കാന്‍ അതിമനോഹരമായ സമ്മാനങ്ങള്‍ അന്വേഷിച്ചു നടക്കുന്നവര്‍ക്ക് അത് തയാറാക്കി നല്‍കി കോവിഡ്-19 പ്രതിസന്ധിക്കിടെ മികച്ച വരുമാനം നേടുകയാണ് കാസര്‍ഗോഡ് ജില്ലയിലെ ഡി.ഡി.യു-ജി.കെ.വൈ വിദ്യാര്‍ത്ഥികള്‍.
കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത നൈപുണ്യ പരിശീലന പദ്ധതിയായ ഡി.ഡി.യു- ജി.കെ.വൈ യിലെ ഫാഷന്‍ ഡിസൈനിങ് കോഴ്‌സ്, പെരിയ എസ്.എന്‍ കോളേജില്‍ നിന്ന് പൂര്‍ത്തിയാക്കിവയരാണ് ഈ വിദ്യാര്‍ത്ഥികള്‍. ഹാന്‍ഡ് എംബ്രോയിഡറിയാണ് ഇവര്‍ ചെയ്ത് നല്‍കുന്നത്. ജന്മദിനത്തിനും വിവാഹത്തിനും നല്‍കുന്നതിനായുള്ള ഓര്‍ഡറുകളാണ് ഇവര്‍ക്ക് പ്രധാനമായും ലഭിക്കുന്നത്. ലോക്ഡൗണ്‍ കാലയളവില്‍ കോളേജ് അടച്ചപ്പോള്‍ ലഭിച്ച ഒഴിവ്കാലത്ത് നടത്തിയ ഈ പ്രവര്‍ത്തനങ്ങള്‍ മുഖേന ശരാശരി 10,000 രൂപയാണ് മാസവരുമാനമായി ഇവര്‍ നേടിയത്.

കാസര്‍ഗോഡ് ജില്ലയിലെ  ഗ്രാമീണ മേഖലയില്‍ നിന്നുള്ള 24 പെണ്‍കുട്ടികളാണ് ഈ ടീമിലുള്ളത്. അസിരിഫ പി.എ, അതുല്യ. സി, അതുല്യ കെ.എം. അയിഷ ത്രുമൈസ, ദേവിക. കെ, ഫാത്തിമത്ത് ഷാല സിരിന്‍ ടി.എച്ച്, ഹരിപ്രിയ. പി, കൈറുന്നിസ എം.എ, കാവ്യ. കെ, മറിയമത്ത് തസ്‌നിയ, മിഷ്വാന മുഹമ്മദ്, നജുമുന്നിസ, സഫൂറ മുനീസ നസ്രീന, ഫരീന ടി.എ, രജില പി.കെ, രഞ്ജിത എസ്, റീജ. ടി, രേഷ്മ പി.എന്‍, ഷമീര ഫഹിം, സീമ. കെ, ശ്രീമോള്‍. വി, ശ്രീശാന്തി. സി, സുജാത ഒ.എസ്, സുജിത്ര പി എന്നിവരാണിവര്‍. കോളേജിലെ പരിശീലകരാണ് കൈകൊണ്ട് ഇത്തരത്തിലുള്ള സമ്മാനങ്ങള്‍ തയാറാക്കി നല്‍കുകയെന്ന ആശയം മുന്നോട്ടുവച്ചത്. 400 രൂപ മുതലാണ് എംബ്രോയിഡറി ഹൂപ്പിന്റെ വില. ഓര്‍ഡര്‍ പൂര്‍ത്തിയാക്കാനായി ചെലവഴിക്കേണ്ടി വരുന്ന സമയവും പ്രയത്‌നവും അനുസരിച്ചാണ് വില നിശ്ചയിക്കുക. സാധാരണയായി സിംഗിള്‍ ഹൂപ്പ് പൂര്‍ത്തിയാക്കാന്‍ ഒന്നരദിവസമാണ് എടുക്കുക.

  ഒരു മാസത്തെ ഓണ്‍ ദ ജോബ് പരിശീലനത്തിന് ശേഷം നവംബര്‍ മാസത്തോടെ ഫാഷന്‍ ഡിസൈനിങ്ങ് മേഖലയില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഇവര്‍ക്ക് ഇത് ഒരു അധിക വരുമാനമാണ്. ഓര്‍ഡറുകള്‍ നേടുന്നതിനായി ഇന്‍സ്റ്റാഗ്രാം പ്രൊഫൈലുകളും ഇവരില്‍ ചിലര്‍ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഓര്‍ഡറുകള്‍ ലഭിക്കുന്നു. എംബ്രോയിഡറി ഉത്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഇവരെ നേരിട്ട് വിളിക്കാനുമാകും. ചില മേളകളിലും ഈ ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. ഇതോടെ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുകകയും ചെയ്തു. ചിലര്‍ ബോട്ടില്‍ ആര്‍ട്ടും ചിലര്‍ വിവാഹത്തിനുള്ള ബ്ലൗസ് തയ്ച്ച് നല്‍കുകയും ചെയ്യുന്നു.

 

Content highlight
DDU-GKY students from Kasaragod earning income by making customised handmade giftsml

കുടുംബശ്രീ ഒരു നേര്‍ച്ചിത്രം, ഫോട്ടോഗ്രാഫി മത്സരം നാലാം സീസണ്‍ ; ഒന്നാം സ്ഥാനം സുരേഷ് കാമിയോയ്ക്ക്

Posted on Thursday, October 7, 2021

കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരത്തിന്റെ നാലാം സീസണില്‍ മലപ്പുറം ജില്ലയിലെ തെക്കന്‍കുറൂര്‍ തെക്കുംമ്പാട്ട് വീട്ടില്‍ സുരേഷ് കാമിയോ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തൃശ്ശൂര്‍ ജില്ലയിലെ എരുമപ്പെട്ടി മുരിങ്ങാതെരി വീട്ടിലെ ആല്‍ഫ്രഡ് എം.കെയ്ക്കാണ് രണ്ടാം സ്ഥാനം. വയനാട് ജില്ലയിലെ ഒഴക്കൊടി കുളങ്ങര വീട്ടില്‍ മധു എടച്ചന മൂന്നാം സ്ഥാനത്തിനും അര്‍ഹനായി. ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപയും മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും രൂപയും മികച്ച മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. പത്ത് ചിത്രങ്ങള്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹമായി. 2000 രൂപ വീതമാണ് പ്രോത്സാഹന സമ്മാനം.

  2021 ജൂലൈ 22 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരുന്നു ഫോട്ടോഗ്രാഫി മത്സര ത്തിന്റെ നാലാം സീസണ്‍ സംഘടിപ്പിച്ചത്. മുതിര്‍ന്ന സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആര്‍. ഗോപാലകൃഷ്ണന്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫര്‍  വി. വിനോദ്, ഡോക്യുമെന്ററി ഫിലിം മേക്കറും ഫോട്ടാഗ്രാഫറുമായ ചന്ദ്രലേഖ സി. എസ്, കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗ്ഗീസ് എന്നിവരുള്‍പ്പെടുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.

  കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സര ത്തിനായി പരിഗണിച്ചത്. മികച്ച പങ്കാളിത്തമുണ്ടായ മത്സരത്തില്‍ ലഭിച്ച 850ലേറെ ചിത്രങ്ങളില്‍ നിന്നാണ് വിജയ ചിത്രങ്ങള്‍ കണ്ടെത്തിയത്.

  പ്രോത്സാഹന സമ്മാനാര്‍ഹര്‍ : ദീപേഷ് പുതിയപുരയില്‍, കെ.ബി. വിജയന്‍, ശരത് ചന്ദ്രന്‍, പ്രമോദ്. കെ, അഭിലാഷ്. ജി,  ബൈജു സി.ജെ, ദിനേഷ്. കെ, ജൂബല്‍ ജോസഫ് ജൂഡ്, ഷിജു വാണി, ഇജാസ് പുനലൂര്‍.

വിജയ ചിത്രങ്ങള് കാണാം - www.kudumbashree.org/photography2021

photography 4th

 

 

Content highlight
Kudumbashree oru Nerchithram’ Photography Competition Season 4- Winners announcedml

കുടുംബശ്രീ 'അഗ്രി ന്യൂട്രി ഗാര്‍ഡന്‍'പദ്ധതിക്ക് തുടക്കം

Posted on Monday, October 4, 2021

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രചാരണ വീഡിയോ പ്രകാശനവും ഐ.ബി സതീഷ് എം.എല്‍.എ നിര്‍വഹിച്ചു

തിരുവനന്തപുരം: വീടുകളില്‍ ജൈവ കാര്‍ഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ 'അഗ്രി ന്യൂട്രി ഗാര്‍ഡന്‍' പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി.  ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴവര്‍ഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ് ലക്ഷ്യമിടുന്നത്.  ഇതിനായി പത്തു  ലക്ഷം ഗുണഭോക്താക്കളെ കണ്ടെത്തി അവരുടെ വീടുകളില്‍ പ്രാദേശിക കാര്‍ഷിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികളും പഴവര്‍ഗങ്ങളും  കൃഷി ചെയ്യും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രചാരണ വീഡിയോ പ്രകാശനവും ഐ.ബി സതീഷ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ പദ്ധതി വിശദീകരണം നടത്തി.  


നിലവില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ ഭാഗമായി 2021-22 സാമ്പത്തിക വര്‍ഷം ഓരോ ഭവനത്തിലും പോഷകോദ്യാനങ്ങള്‍ സജ്ജീകരിക്കുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതു പ്രകാരമാണ് ഓരോ വാര്‍ഡുകളിലും പോഷകോദ്യാനങ്ങളുടെ രൂപീകരണം. പോഷക സമൃദ്ധമായ കാര്‍ഷിക വിളകളായ തക്കാളി, പാവല്‍, ചീര, മത്തന്‍, മല്ലി, പുതിന വെണ്ട, വഴുതന, വെള്ളരി എന്നിവയില്‍ ഏതെങ്കിലും അഞ്ചെണ്ണവും രണ്ടിനം ഫലവൃക്ഷങ്ങളുമാണ് അഗ്രി ന്യൂട്രി ഗാര്‍ഡനില്‍ കൃഷി ചെയ്യുക. ഓരോ ഗുണഭോക്താക്കളും കുറഞ്ഞത് മൂന്നു സെന്‍റില്‍ ജൈവരീതിയില്‍ കൃഷി ചെയ്യണം.
 
   ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി ഓരോ വാര്‍ഡിലും  50  കുടുംബങ്ങളെ  വീതം  തിരഞ്ഞെടുത്ത് ഒരു ക്ലസ്റ്റര്‍ ആയി രൂപീകരിക്കും. ഓരോ ക്ലസ്റ്ററിനും പ്രസിഡന്‍റ്, സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, ജോയിന്‍റ് സെക്രട്ടറി തുടങ്ങിയ ഭാരവാഹികളും ഉണ്ടാകും. കൃഷി ചെയ്യുന്നതിനുള്ള വിത്തും പരിശീലനവും നല്‍കുന്നത് കുടുംബശ്രീയാണ്. കാര്‍ഷിക മേഖലയിലെ പരിശീലകരായ ജീവ, മാസ്റ്റര്‍ കര്‍ഷകര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിലമൊരുക്കല്‍, വിത്തിടല്‍, വളപ്രയോഗം, വിളപരിപാലനം എന്നിവയില്‍ പരിശീലനം ലഭ്യമാക്കും. ഓരോ മാസവും ക്ലസ്റ്റര്‍ ലെവല്‍ മീറ്റിംഗ് നടത്തി പദ്ധതിയുടെ പുരോഗതി വിലയിരുത്തും. ഇതിനായി പഞ്ചായത്തുതലത്തില്‍ ജനപ്രധിനിധികളെ  ഉള്‍പ്പെടുത്തി സംഘാടക മോണിറ്ററിംഗ് സമിതികളുടെ  രൂപീകരണം ഊര്‍ജിതമായിട്ടുണ്ട്. ഗാര്‍ഹികാവശ്യങ്ങള്‍ക്കായി മാറ്റി വച്ചതിനു ശേഷം അധികമായി വരുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ കുടുംബശ്രീ നാട്ടുചന്തകള്‍, കൃഷി ഭവന്‍ വഴിയുള്ള വിപണന കേന്ദ്രങ്ങള്‍  എന്നിവ വഴി വിറ്റഴിക്കുന്നതിനുള്ള ഇടപെടലുകള്‍ സി.ഡി.എസ് തലത്തില്‍ നടപ്പാക്കും. പദ്ധതിയുടെ ഭാഗമായുള്ള ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമൊട്ടാകെ നടന്നു വരികയാണ്.

മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കു വേണ്ടി സംഘടിപ്പിച്ച പോസ്റ്റര്‍ ഡിസൈനിങ്ങ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം  ഐ.ബി സതീഷ് എം.എല്‍.എ നിര്‍വഹിച്ചു. അഡ്വ.പ്രീജ എസ്.കെ, ശാന്ത പ്രഭാകരന്‍, ഡീനാ കുമാരി കെ.എസ്, എ.ആര്‍ സുധീര്‍ഖാന്‍, പ്രേമവല്ലി എസ്, ആന്‍റോ വി, സാബു സജയന്‍.പി.എസ്, ഷീബ മോള്‍ വി.വി, ഇന്ദുലേഖ വി.എ, മനോജ് ബി.എസ്, ശാന്തകുമാരി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.  കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍ ഷൈജു നന്ദി പറഞ്ഞു.

 

Content highlight
agri nutri garden

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണവും തുടര്‍പ്രവര്‍ത്തനങ്ങളും ചരിത്രപരമായ ദൗത്യം: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

Posted on Monday, October 4, 2021

* ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് നിര്‍വഹിച്ചു   

തിരുവനന്തപുരം: കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണവും തുടര്‍പ്രവര്‍ത്തനങ്ങളും ചരിത്രപരമായ ദൗത്യമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കളിപ്പാന്‍കുളത്ത് ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സാമ്പത്തികസ്വാതന്ത്ര്യം നേടാന്‍ കഴിയുമെന്ന ആത്മവിശ്വസം ഓരോ സ്ത്രീയിലും വളര്‍ത്തിയെടുക്കുകയെന്നതാണ് ഓക്സിലറി ഗ്രൂപ്പുകളുടെ പ്രഥമദൗത്യമെന്ന് മന്ത്രി പറഞ്ഞു. അഭ്യസ്തവിദ്യരായിട്ടും നിരവധി സ്ത്രീകള്‍ തൊഴില്‍രഹിതരുടെ പട്ടികയിലേക്ക് മാറുന്നു. ഈ അവസ്ഥ മാറണം. ഐടി, ബയോടെക്നോളജി എന്നിവയടക്കമുള്ള മേഖലകളില്‍ സ്വയംതൊഴില്‍ കണ്ടെത്താന്‍ സ്ത്രീകള്‍ പരിശ്രമിക്കണം. അതോടൊപ്പം സാമൂഹ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പ്രശ്നങ്ങള്‍ക്കെതിരേ പ്രതിരോധിക്കാനും ശബ്ദമുയര്‍ത്താനും കഴിയുന്ന വിധത്തില്‍ ആശയപരമായ യുക്തിയും ശക്തിയുമുള്ള സ്ത്രീസമൂഹമായി ഓക്സിലറി ഗ്രൂപ്പുകള്‍ രൂപപ്പെടണം. ഓരോ അംഗവും ഓരോ സംരംഭകരായി മാറുന്ന തലത്തിലേക്ക് ക്രിയാത്മകമായി വളര്‍ന്നു വരാന്‍ കഴിയണം. ഗ്രൂപ്പ് രൂപീകരണത്തിന് ശേഷം അംഗങ്ങള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുമെന്നും, കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ തൊഴില്‍പദ്ധതികളുമായും നൈപുണ്യപരിശീലക കേന്ദ്രങ്ങളുമായും ഓക്സിലറി ഗ്രൂപ്പുകളെ ബന്ധപ്പെടുത്തിക്കൊണ്ട് വരുമാനദായക തൊഴില്‍ സംരംഭങ്ങളിലേക്ക് കടന്നു വരാന്‍ അവരെ പ്രാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു.

auxilary ing

   കോര്‍പ്പറേഷനു കീഴിലുള്ള സി.ഡി.എസ് മൂന്നില്‍ രൂപീകരിച്ച നവഗാഥ, കാലടി വാര്‍ഡിലെ  മാനസ, പുത്തന്‍പള്ളി വാര്‍ഡിലെ സംഗമം എന്നീ ഓക്സിലറി ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ നല്‍കിയ അംഗത്വ ഫോമുകളും മന്ത്രി സ്വീകരിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ്.സലിം അധ്യക്ഷത വഹിച്ചു. കളിപ്പാന്‍കുളം വാര്‍ഡ് കൗണ്‍സിലര്‍ സജുലാല്‍. ഡി, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ അനു.ആര്‍.എസ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ ഷൈന.എ, ബീന.പി, എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍ ഷൈജു നന്ദി പറഞ്ഞു.
ഓക്സിലറി ഗ്രൂപ്പുകളില്‍ ആര്‍ക്കെല്ലാം അംഗമാകാം?
അംഗത്വമെടുക്കേണ്ടത് എങ്ങനെ?
പതിനെട്ടിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കാണ് ഓക്സിലറി ഗ്രൂപ്പുകളില്‍ അംഗത്വമെടുക്കാന്‍ കഴിയുക.  ഒരു വീട്ടില്‍ നിന്നും ഈ പ്രായപരിധിയിലുള്ള ഒന്നിലധികം സ്ത്രീകള്‍ക്കും അംഗമാകാം. അയല്‍കൂട്ട കുടുംബാംഗമായ (18നും 40നും ഇടയില്‍ പ്രായമുള്ള) വനിതകള്‍ക്കും ഗ്രൂപ്പില്‍ അംഗമാകാം. ഓരോ വാര്‍ഡിലും അമ്പത് പേര്‍ വരെ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളാണ്  രൂപീകരിക്കുന്നത്. അമ്പതു പേരില്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വരുന്ന പക്ഷം പുതിയൊരു ഗ്രൂപ്പ് രൂപീകരിക്കാം. അതത് വാര്‍ഡുകളിലെ കുടുംബശ്രീ എ.ഡി.എസുകളുടെ നേതൃത്വത്തിലായിരിക്കും ഗ്രൂപ്പ് രൂപീകരണം. ഓരോ അംഗവും എല്ലാ മാസവും നിശ്ചിത തുക(കുറഞ്ഞത് പത്തു രൂപ) പ്രവര്‍ത്തന ഫണ്ടായി നല്‍കണം.  ഓരോ ഗ്രൂപ്പിലും ഒരു ലീഡര്‍, കൂടാതെ സാമ്പത്തികം, സാമൂഹിക വികസനം, ഉപജീവനം, ഏകോപനം എന്നീ ചുമതലകള്‍ വഹിക്കുന്നര്‍ ഉള്‍പ്പെടെ അഞ്ചംഗ കമ്മിറ്റിയും ഉണ്ടാകും.

അതത് ജില്ലാമിഷന്‍ ഭാരവാഹികള്‍, സി.ഡി.എസ് ഭാരവാഹികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ റിസോഴ്സ് പേഴ്സണ്‍മാര്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ അയല്‍ക്കൂട്ട പ്രദേശങ്ങളിലെ നാല്‍പതു വയസിനു താഴെ പ്രായമുള്ള അര്‍ഹരായ വനിതകളെ കണ്ടെത്തി ഇവരില്‍ നിന്നും താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പുകള്‍ രൂപീകരിക്കുക. അംഗത്വമെടുക്കാനുള്ള അപേക്ഷാ ഫോം അതത് സി.ഡി.എസ് ഓഫീസില്‍ നിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സി.ഡി.എസ് ചെയര്‍പേഴ്സന്‍റെ ശുപാര്‍ശ സഹിതം ജില്ലാമിഷന്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കും. അന്തിമഘട്ട പരിശോധനകള്‍ക്ക് ശേഷം ഗ്രൂപ്പുകള്‍ക്ക് അംഗീകാരം നല്‍കും. അതത് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവി അധ്യക്ഷനായ വിലരുത്തല്‍ സമിതിയാണ് ഓക്സിലറി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക. ഒക്ടോബര്‍ 31നകം കേരളമൊട്ടാകെ ഇരുപതിനായിരം ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

പ്രവര്‍ത്തനങ്ങള്‍
സ്ത്രീകള്‍ക്ക് സമൂഹത്തിലെ ഇടപെടല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനോടൊപ്പം അവരുടെ സര്‍ഗാത്മക കഴിവുകള്‍ക്ക് പ്രോത്സാഹനവും വേദിയും നല്‍കുക, സാമൂഹ്യതിന്‍മകള്‍ക്കെതിരേ പ്രതിരോധിക്കാനുള്ള പ്രാദേശിക സംവിധാനമായി മാറുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ഓക്സിലറി ഗ്രൂപ്പുകള്‍ വഴി നടപ്പാക്കുക. കൂടാതെ സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍, തൊഴില്‍ പദ്ധതികള്‍, തൊഴില്‍ നൈപുണ്യ പരിശീലന പരിപാടികള്‍ എന്നിവയുമായെല്ലാം ബന്ധപ്പെടുത്തിക്കൊണ്ട് സ്ത്രീകളെ വൈവിധ്യമാര്‍ന്ന ഉപജീവന സാധ്യതകളിലേക്ക് ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ഇതിലൂടെ സംഘടിപ്പിക്കും.

Content highlight
Kudumbashree Auxiliary Group Formation officially starteden

ഓക്സിലറി ഗ്രൂപ്പ് രൂപീകരണം കുടുംബശ്രീയുടെ ന്യൂജെന്‍ സംവിധാനം, കേരളത്തില്‍ ശക്തമായ സാമൂഹ്യ മുന്നേറ്റമാകും: മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

Posted on Friday, October 1, 2021

കുടുംബശ്രീയുടെ ന്യൂജെന്‍ സംവിധാനമെന്ന നിലയ്ക്ക് ഒക്ടോബര്‍ രണ്ടു മുതല്‍ സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പുകള്‍ കേരളത്തില്‍ ശക്തമായ സാമൂഹ്യ മുന്നേറ്റമായി മാറുമെന്ന് തദ്ദേശസ്വയംഭരണ ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഗ്രൂപ്പ് രൂപീകരണത്തിന് മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍, മിഷന്‍ ജീവനക്കാര്‍, കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍, കുടുംബശ്രീ റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവരുമായി ഓണ്‍ലൈനായി സംവദിക്കുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ തൊഴിലില്ലായ്മ കൂടുതലാണ്. തൊഴില്‍രഹിതരായ യുവതികളുടെ പട്ടികയില്‍ ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകളുമുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പ്രാദേശികതലത്തില്‍ കാര്‍ഷിക വ്യാവസായിക സേവന മേഖലകളിലെ വിഭവ സാധ്യതകള്‍ മനസ്സിലാക്കി അതിനനുസൃതമായ തൊഴില്‍ രംഗങ്ങളിലേക്ക് കടന്നു ചെല്ലാന്‍ വനിതകളെ സഹായിക്കുകയാണ് ഓക്സിലറി ഗ്രൂപ്പുകളിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് നൈപുണ്യ വികസന പരിശീലനവും  സംരംഭകത്വ വികസന പരിശീലനങ്ങളും നല്‍കി കുടുംബശ്രീയുടെ യുവതലമുറ ഉള്‍പ്പെടുന്ന സംവിധാനത്തെ ശക്തമാക്കും. വിവിധ വകുപ്പുകളുമായും നൈപുണ്യപരിശീലന കേന്ദ്രങ്ങളുമായും സംയോജിച്ചു കൊണ്ടായിരിക്കും ഇത്. വനിതാ കമ്മീഷന്‍റെ നേതൃത്വത്തില്‍ പഞ്ചായത്ത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികളുമായി ചേര്‍ന്നുകൊണ്ട് സ്ത്രീധന ഗാര്‍ഹിക പീഡനം, മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കെതിരെ പ്രതിരോധിക്കുന്ന കരുത്തുറ്റ പ്രാദേശിക സംവിധാനങ്ങളായി ഓക്സിലറി ഗ്രൂപ്പുകളും മാറ്റും. കൂട്ടായ്മയുടെ പിന്‍ബലം കൈവരിക്കുന്നതു വഴി ഓക്സിലറി ഗ്രൂപ്പുകള്‍ എന്ന ആശയം വലിയൊരു ഭൗതിക ശക്തിയായി മാറുമെന്നും പുരുഷാധിപത്യ സമൂഹത്തിലെ ജീര്‍ണതകള്‍ മാറ്റിക്കൊണ്ട് കൂടുതല്‍ ആര്‍ജ്ജവത്തോടെ മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  

കുടുംബശ്രീയുടെ കീഴില്‍ യുവതികള്‍ക്കു കൂടി പ്രസക്തമാകുന്ന വിധത്തില്‍ രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പുകള്‍ മുഖേന സ്ത്രീകള്‍ക്ക് പ്രാദേശികതലത്തില്‍ കൂടുതല്‍ ക്രിയാത്മകവും വൈവിധ്യവുമായ ഇടപെടലുകള്‍ക്ക് അവസരം ലഭ്യമാകുമെന്നും, തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനമായി ഈ ഗ്രൂപ്പുകള്‍ക്ക് മാറാന്‍ കഴിയണമന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാമുരളീധരന്‍ പറഞ്ഞു.

കുടുംബശ്രീ എക്സിക്യട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അധ്യക്ഷന്‍ സലിം,  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം ഉഷ, കില ഡയറക്ടര്‍ ജോയ് ഇളമണ്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ അനു. ആര്‍.എസ് നന്ദി പറഞ്ഞു.    

aux

 

Content highlight
auxilary group discussion

എന്‍.യു.എല്‍.എം, പി.എം.എ.വൈ പദ്ധതികള്‍ സംബന്ധിച്ച് മധ്യമേഖലാ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Thursday, September 30, 2021

കുടുംബശ്രീ മുഖേന കേരളത്തിലെ നഗരങ്ങളില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍- എന്‍.യു.എല്‍.എം), പ്രധാനമന്ത്രി ആവാസ് യോജന (നഗരം)- ലൈഫ് (പി.എം.എ.വൈ) എന്നീ പദ്ധതികള്‍ സംബന്ധിച്ച് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ മേയര്‍മാര്‍ക്കും നഗരസഭാ അധ്യക്ഷന്മാര്‍ക്കുമായി മധ്യമേഖലാ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.

  എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇന്ന് (സെപ്റ്റംബര്‍ 29) സംഘടിപ്പിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ചെയര്‍മാന്‍, ചേംബര്‍ ഓഫ് ചെയര്‍മാന്‍ എം. കൃഷ്ണദാസ് (ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍) അധ്യക്ഷനായി. മേയേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. എം. അനില്‍ കുമാര്‍ (കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍) സമ്മേളനം ഉദ്ഘാടനം ചെയ്തു.

  കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ എസ്. ജഹാംഗീര്‍ നന്ദിയും പറഞ്ഞു.

  കുടുംബശ്രീയും നഗരസഭകളും, അഫോര്‍ഡബിള്‍ റെന്റല്‍ ഹൗസിങ് കോംപ്ലക്‌സ് (എ.ആര്‍.എച്ച്.സി), നഗരങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതികള്‍, തെരുവുകച്ചവടക്കാര്‍ക്കുള്ള സഹായ പദ്ധതി, തെരുവുകച്ചവട ആക്ട്, സ്‌കീം റൂള്‍സ് തുടങ്ങീ വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകള്‍ ശില്‍പ്പശാലയുടെ ഭാഗമായി സംഘടിപ്പിച്ചു.

nulmpmayworkshop

 

Content highlight
nulmpmaycentralzoneonedayworkshopconductedml

ഡി.ഡി.യു-ജി.കെ.വൈ ഹുനര്‍ബാസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

Posted on Wednesday, September 29, 2021

കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ) സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി പരിശീലനം നേടുകയും ജോലി സ്വന്തമാക്കുകയും ചെയ്ത ഭിന്നശേഷിക്കാര്‍ക്ക് 'ഹുനര്‍ബാസ്' അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡി.ഡി.യു-ജി.കെ.വൈ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ അനുസരിച്ച് പരിശീലനം നേടിയ ശേഷം ഒരു വര്‍ഷമോ, അതില്‍ കൂടുതലോ കാലം ജോലിയില്‍ തുടരുന്ന 12 ഭിന്നശേഷിക്കാരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. അന്ത്യോദയ ദിനമായ സെപ്റ്റംബര്‍ 25ന് കുടുംബശ്രീ എറണാകുളം കളക്ടറേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

HUNARBAAZ

 

   ആസാദി കാ അമൃത് മഹോത്സവ് ഇന്ത്യ@75  നോടനുബന്ധിച്ചാണ് അവാര്‍ഡുകള്‍ നല്‍കിയത്. അമീന്‍ സിദ്ദിഖ്, ടി. അബ്ദുള്‍ വാജിദ്, മിഥുന്‍.കെ (ജെ.എസ്.എസ്), മഞ്ജു ജോര്‍ജ്, അഹമ്മദ് സവദ് എം (ക്വെസ്), സല്‍മാന്‍ അര്‍ഷാദ് (എം.ഇ.ടി), മെറീന ഡാനിയേല്‍, സജീഷ് ജോര്‍ജ് (വിമലഗിരി), സാന്റോ ജോസഫ് (യു.എല്‍.സി.സി), ജോര്‍ജ് എന്‍. ജോണ്‍, സ്‌നേഹ സെബാസ്റ്റിയന്‍ (ഇസാഫ്), നവീന്‍ സൂര്യ (ഹോളിക്രോസ്) എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചത്.

   ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഓര്‍മയ്ക്കായി ഇന്ത്യാ ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ പരമ്പരയാണ് ആസാദി കാ അമൃത് മഹോത്സവ്. ജന പങ്കാളിത്തോടെ ജനകീയ ഉത്സവമായിട്ടാണ് ആസാദി കാ മഹോത്സവ് ആഘോഷിക്കുന്നത്. 2021 മാര്‍ച്ച് 12ന് ആരംഭിച്ച ആഘോഷം 2023 ഓഗസ്റ്റ് 15 വരെ തുടരും.

 

Content highlight
DDU-GKY Hunarbaaz Awards presented to the differently abledML