ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ 37.91 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ സംരംഭകർ

Posted on Tuesday, December 7, 2021

•    ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നവംബർ 14 മുതൽ 27 വരെയായിരുന്നു മേള

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ഇന്ത്യ ട്രേഡ് പ്രോമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നവംബർ 14 മുതൽ 27 വരെ സംഘടിപ്പിച്ച ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ (ഐ.ഐ.ടി.എഫിൽ) 37,91,946 രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ സംരംഭകർ. എെ.എെ.ടി.എഫിലെ ഉത്പന്ന പ്രദർശന വിപണന സ്റ്റാൾ, ഫുഡ്കോർട്ട് എന്നിവ കൂടാതെ ഐ.ഐ.ടി.എഫിന്റെ ഭാഗമായി സംഘടിപ്പിച്ച സരസ് മേളയിലെ വിപണന സ്റ്റാളുകൾ എന്നിവ വഴിയാണ് കുടുംബശ്രീ സംരംഭകർ ഇൗ മികച്ച വിറ്റുവരവ് നേടിയത്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സംരംഭകരുടെ മികച്ച ഉത്പന്നങ്ങൾ രാജ്യമൊട്ടാകെ പരിചയപ്പെടുത്തുന്നതിന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ആഭിമുഖ്യത്തിലാണ് 'സരസ് മേള' സംഘടിപ്പിക്കുന്നത്.

  ഐ.ഐ.ടി.എഫിനോട് അനുബന്ധിച്ചുള്ള കേരള പവലിയനിലെ കുടുംബശ്രീ കൊമേഴ്സ്യൽ സ്റ്റാളിൽ വയനാട്, കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുള്ള സംരംഭകരുടെ തെരഞ്ഞെടുത്ത ഉത്പന്നങ്ങളാണ് വിൽപ്പനയ്ക്കെത്തിച്ചത്. 10,06,511 രൂപയുടെ വിറ്റുവരവ്  സ്റ്റാളിൽ നിന്നുണ്ടായി. മേളയുടെ ഭാഗമായുള്ള ഫുഡ് കോർട്ടിൽ തൃശ്ശൂരിൽ നിന്നുള്ള കല്യാണി, മലപ്പുറം ജില്ലയിലെ അന്നപൂർണ്ണ എന്നീ കേറ്ററിങ് യൂണിറ്റുകൾ പങ്കെടുക്കുകയും കേരളത്തിന്റെ തനത് വിഭവങ്ങൾ ഒരുക്കി നൽകി 6,43,550 രൂപയുടെ വിറ്റുവരവ് നേടുകയും ചെയ്തു.

iitf gnrl

  സരസ് മേളയിൽ പാലക്കാട്, ഇടുക്കി, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള സംരംഭകരാണ് പങ്കെടുത്തത്. 21,41,885 രൂപയുടെ വിറ്റുവരവ് നേടാൻ ഇവർക്കും കഴിഞ്ഞു. ഇത് കൂടാതെ 'സ്വയം പര്യാപ്ത ഇന്ത്യ' എന്ന വിഷയം ആസ്പദമാക്കി കുടുംബശ്രീ ഉപജീവന പ്രവർത്തനങ്ങൾ/സംരംഭ വികസന പദ്ധതികൾ വിശദീകരിക്കുന്ന പ്രത്യേക തീം സ്റ്റാളും ഐ.ഐ.ടി.എഫിൽ കുടുംബശ്രീ ഒരുക്കിയിരുന്നു. 2002 മുതൽ ഐ.ഐ.ടി.എഫിൽ കുടുംബശ്രീ സംരംഭകർ പങ്കെടുത്തുവരുന്നു.

Content highlight
Kudumbashree entrepreneurs record great sales at Indian International Trade Fairml