ഓക്‌സിലറി ഗ്രൂപ്പ് പരിശീലനങ്ങളും പോസ്റ്റര്‍ ക്യാമ്പെയ്‌നുകളും റീല്‍സ് വീഡിയോകളുമെല്ലാമായി 'സ്ത്രീപക്ഷ നവകേരളം' പുരോഗമിക്കുന്നു

Posted on Saturday, February 5, 2022

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല  ബോധവത്ക്കരണ പരിപാടിയായ 'സ്ത്രീപക്ഷ നവകേരള'ത്തിന്റെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെക്കുറിച്ച് സമൂഹത്തിനൊന്നാകെ ബോധവത്ക്കരണം നല്‍കുകയും അത് മുഖേന സ്ത്രീധനത്തെക്കുറിച്ചും സ്ത്രീപീഡനങ്ങളെക്കുറിച്ചുമുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തുകയുമാണ് ഈ പ്രവര്‍ത്തനത്തിലൂടെ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

  കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍, അയല്‍ക്കൂട്ടങ്ങളും എ.ഡി.എസും സി.ഡി.എസും ഉള്‍പ്പെടുന്ന കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനങ്ങള്‍, യുവജന സംഘടനകള്‍, പ്രാദേശിക - സാമൂഹിക - രാഷ്ട്രീയ സംഘടനകള്‍ എന്നിവ വഴി സമൂഹത്തിന്റെ എല്ലാത്തട്ടിലും ബോധവത്ക്കരണ പ്രവർത്തനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ  നടക്കുന്നത്. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചുള്ള പരിശീലനത്തിന്റെ ആദ്യഘട്ടവും പോസ്റ്റര്‍ ക്യാമ്പെയ്‌നുകളും റീല്‍സ് വീഡിയോ മുഖേനയുള്ള പ്രചാരണവുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.

poster



  പ്രത്യേകമായി തയാറാക്കിയ മൂന്ന് മൊഡ്യൂളുകള്‍ (സ്ത്രീധനവും അതിക്രമങ്ങളും, ജെന്‍ഡര്‍ ആന്‍ഡ് സെക്‌സ്, സേവനമേഖലയിലെ നിയമങ്ങള്‍) ആധാരമാക്കിയാണ് ഓക്‌സിലറി ഗ്രൂപ്പിലെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ ആദ്യ മൊഡ്യൂളിലെ ചര്‍ച്ച സംസ്ഥാനത്തെ 9000 ഓക്‌സിലറി ഗ്രൂപ്പുകളില്‍ നടന്നുകഴിഞ്ഞു.

   ഇതുവരെ 815 സി.ഡി.എസുകളില്‍ പോസ്റ്റര്‍ ക്യാമ്പെയ്ന്‍ പൂര്‍ത്തിയായി. റീല്‍സ് ഉള്‍പ്പെടെയുള്ള സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള സമൂഹ മാധ്യമ പ്രചാരണത്തിലും ഏവരും ആവേശത്തോടെ പങ്കെടുക്കുന്നു.  പരിപാടിയുടെ ഭാഗമായുള്ള കലാജാഥയ്ക്കയുള്ള പരിശീലനവും ഓരോ ജില്ലയില്‍ നിന്നുമുള്ള മൂന്ന് പേര്‍ക്ക് വീതം നല്‍കിക്കഴിഞ്ഞു. ഇരുചക്ര വാഹന റാലികള്‍, വെബിനാര്‍, ചുവര്‍ചിത്ര ക്യാമ്പെയ്ന്‍, ഹ്രസ്വ ചിത്ര പ്രചാരണം, സിഗ്നേച്ചര്‍ ക്യാമ്പെയ്ന്‍, അഭിപ്രായ സര്‍വ്വേ തുടങ്ങിയ നിരവധി പരിപാടികൾ 'സ്ത്രീപക്ഷ നവകേരള'ത്തിന്റെ ഭാഗമായി നടക്കും.

 
 
 
Content highlight
Sthreepaksha Navakeralam' progressing with Auxiliary Group Trainings, Poster Campaigns and Reels Videosml

ആറളത്തെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി കുടുംബശ്രീ വനിതാ നിര്‍മ്മാണ സംഘങ്ങള്‍

Posted on Wednesday, February 2, 2022

കണ്ണൂര്‍ ജില്ലയിലെ ആറളം ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി ശ്രദ്ധ നേടിയിരിക്കുകയാണ് കുടുംബശ്രീയുടെ വനിതാ നിര്‍മ്മാണ സംഘങ്ങള്‍. ആറളം ഫാമിലെ ഒമ്പതാം ബ്ലോക്കിലെ ലക്ഷ്മി, ബിന്ദു, ശാന്ത എന്നിവര്‍ക്ക് വേണ്ടിയാണ് രണ്ട് വനിതാ നിര്‍മ്മാണ സംഘങ്ങള്‍ ചേര്‍ന്ന് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ പദ്ധതിയിലുള്‍പ്പെടുത്തി തയാറാക്കിയ ഈ ആദ്യ മൂന്ന് വീടുകളുടെ താക്കോല്‍ദാനം ജനുവരി 27ന് നടന്ന ചടങ്ങില്‍ ഡോ. വി. ശിവദാസന്‍ എം.പി നിര്‍വഹിച്ചു.

    560 മുതല്‍ 580 വരെ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 20 വീടുകള്‍ നിര്‍മ്മിക്കാനുള്ള അവസരമാണ് കുടുംബശ്രീയ്ക്ക് ലഭിച്ചിട്ടുള്ളത്. അടുത്ത ആറ് മാസത്തിനുള്ളില്‍ പത്ത് വീടുകളുടെ കൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഒരു വീടിനായി ആറ് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രണ്ട് മുറികളും അടുക്കളയും ഹാളുമെല്ലാം ഉള്‍പ്പെടുന്നതാണ് ഒരു വീട്.

   ജ്വാല, കനല്‍ എന്നീ കുടുംബശ്രീ വനിതാ നിര്‍മ്മാണ സംഘങ്ങളാണ് വീട് നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. സിസിലി ജോസഫ് (പ്രസിഡന്റ്), നിഷ ജയപ്രകാശ് (സെക്രട്ടറി), ബിന്ദു ഷിബിനന്‍, വിമല ചന്ദ്രന്‍, കുമാരി സുബ്രഹ്മണ്യന്‍, നസീമ റഷീദ്, പാത്തുമ്മ എന്‍.എം എന്നിവരാണ് ജ്വാലയിലെ അംഗങ്ങള്‍. അശ്വതി ബാബു (പ്രസിഡന്റ്), കെ. പങ്കജാക്ഷി (സെക്രട്ടറി), സഫീറ, കെ. ലീല, ഷൈജ, ശ്രീജ, സെഫിയ, സക്കീന, ഷാഹിന എന്നിവര്‍ കനലിലെ അംഗങ്ങളും.

  സ്ട്രക്ചറല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദധാരിയും കുടുംബശ്രീ കുടുംബാംഗവുമായ നിതിഷയുടെ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലായിരുന്നു വീടുകളുടെ നിര്‍മ്മാണം. ആറളം പുനരധിവാസ പദ്ധതി പ്രദശത്തെ ഭവന നിര്‍മ്മാണ രംഗത്ത് നീണ്ട കാലമായി നിലനില്‍ക്കുന്ന ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും പട്ടിക വര്‍ഗ്ഗ കുടുംബങ്ങളെ സംരംക്ഷിച്ച് അവര്‍ക്ക് ഉന്നത ഗുണനിലവാരമുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

 ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അധ്യക്ഷനായ താക്കോല്‍ദാന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്ത് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോള്‍ വാഴപ്പിള്ളി, വാര്‍ഡ് അംഗം മിനി ദിനേശന്‍, ആറളം ഫാം എം.ഡി എസ്. ബിമല്‍ഘോഷ്, പി.പി. ഗിരീഷ്, കെ.വി. സന്തോഷ്, വി.വി അജിത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുമാ ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

 

 

Content highlight
Houses constructed by Kudumbashree Women Construction Groups for ST Families of Aralam Farm handed over to the beneficiariesml

കോവിഡ് - 19 ഓണ്‍ലൈന്‍ ബോധവത്ക്കരണ പരമ്പരയ്ക്ക് തുടക്കം

Posted on Tuesday, February 1, 2022

കോവിഡ് - 19 രോഗബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടിയുള്ള കുടുംബശ്രീയുടെ ഓണ്‍ലൈന്‍ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) യൂണിസെഫുമായും ചേര്‍ന്നാണ് ഈ പരമ്പര കുടുംബശ്രീ നടത്തുന്നത്. പരമ്പരയുടെ ആദ്യ സെഷനും ഉദ്ഘാടനവും ജനുവരി 21ന് സംഘടിപ്പിച്ചു.

  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ ദിനത്തില്‍ 'ഡെല്‍റ്റ മുതല്‍ ഒമിക്രോണ്‍ വരെ' എന്ന വിഷയത്തില്‍ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലുള്ള വി.എസ്.എം ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനായ ഡോ. സോണിയ സുരേഷ് സെഷന് നേതൃത്വം നല്‍കി.

  കിലയുടെയും കുടുംബശ്രീയുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഈ സെഷന്‍ തത്സമയം സ്ട്രീം ചെയ്തു. സംശയങ്ങള്‍ ഉന്നയിക്കാനും വിദഗ്ധരില്‍ നിന്ന് അതിനുള്ള മറുപടി നേടിയെടുക്കാനുമുള്ള അവസരവും ഈ തത്സമയ സ്ട്രീമിങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

  കോവിഡ് 19 രണ്ടാം തരംഗത്തിന്റെ ഭാഗമായും കുടുംബശ്രീയും ഐ.എം.എയും സംയുക്തമായി ഇതുപോലെ ഓണ്‍ലൈന്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. കുടുംബശ്രീയുടെയും കിലയുടെയും പേജിലും ചാനലിലും ഈ വീഡിയോകള്‍ ലഭ്യമാണ്. പരമ്പരയിലെ അടുത്ത സെഷന്‍ ഫെബ്രുവരി നാലിന് സംഘടിപ്പിക്കും.

  പരിഭ്രാന്തിയില്ലാതെ കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിന് പൊതുജനങ്ങളെ പ്രാപ്തരാക്കാനും മറ്റ് സഹായങ്ങളേകാനും ഇത്തരമൊരു സംയോജന പ്രവര്‍ത്തനത്തിലൂടെ കഴിയുമെന്നാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ആദ്യ സെഷന് ലഭിച്ചതും.

 ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ ഉദ്ഘാടനച്ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. എം.എ.എ- എന്‍.പി.പി.എസ് ഹോണററി സെക്രട്ടറി ഡോ. എ.വി. ജയകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ വി. സിന്ധു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഐ.എം.എയുടെ മെഡിക്കല്‍ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ ഡോ. ആര്‍.സി. ശ്രീകുമാര്‍ മോഡറേറ്ററായിരുന്നു.

 കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി) അംഗങ്ങള്‍ക്കും വാര്‍ഡ് സമിതി അംഗങ്ങള്‍ക്കുമായി ഓണ്‍ലൈന്‍ പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ, കില, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Content highlight
Online Awareness programme Series on Covid-19 startsml

കോവിഡ് - 19 ഗൃഹപരിചരണത്തിന് പോസ്റ്റര്‍ പരമ്പരയുമായി കുടുംബശ്രീ

Posted on Tuesday, February 1, 2022
കോവിഡ് - 19 ബാധിതരായവരുടെ ഗൃഹപരിചരണം എങ്ങനെ നടത്താം എന്നതില്‍ ബോധവത്ക്കരണം നടത്തുന്നതിനായി കുടുംബശ്രീയുടെ പോസ്റ്റര്‍ പരമ്പര. കുടുംബശ്രീയുടെ വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ പോസ്റ്ററുകള്‍ നിരന്തരം പങ്കുവയ്ക്കുന്നു. സംസ്ഥാനത്തുടനീളമുള്ള കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ ഓരോ അംഗങ്ങളിലേക്കും ഈ പോസ്റ്ററുകള്‍ എത്തിച്ച് താഴേത്തട്ടില്‍ ബോധവത്ക്കരണം നടത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളല്ലാത്ത പൊതുജനങ്ങളും ഈ പോസ്റ്ററുകള്‍ പങ്കുവയ്ക്കുന്നു.

  കോവിഡ് -19 ബാധിതരായവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മാസ്‌ക് ധരിക്കുമ്പോഴും കൈകള്‍ കഴുകമ്പോഴും കോവിഡ് രോഗിയെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ കൈക്കൊള്ളേണ്ട നടപടികള്‍, കോവിഡ് രോഗിയുടെ ഗൃഹപരിചരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ലക്ഷണങ്ങളില്ലാത്ത രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ചികിത്സാസഹായം തേടേണ്ടതെപ്പോള്‍, ഗൃഹനിരീക്ഷണം അവസാനിപ്പിക്കേണ്ടതെപ്പോള്‍ തുടങ്ങിയ നിരവധി വിവരങ്ങളാണ് പോസ്റ്ററുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

  കുടുംബശ്രീ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പുറത്തിറക്കിയ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകളും കുടുംബശ്രീ തയാറാക്കിയിരുന്നു.
Content highlight
Kudumbashree produces online poster series on the home treatment of Covid-19ml

കുടുംബശ്രീ തെരഞ്ഞെടുപ്പ് - ആറ് ജില്ലകളില്‍ ഭാരവാഹികള്‍ സ്ഥാനമേറ്റെടുത്തു

Posted on Tuesday, February 1, 2022

കുടുംബശ്രീയുടെ  ത്രിതല സംഘടനാ സംവിധാനങ്ങളുടെ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ആറ് ജില്ലകളില്‍ പൂര്‍ത്തീകരിച്ചു. കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് അയല്‍ക്കൂട്ട, എ.ഡി.എസ് (വാര്‍ഡ്തല സംഘടനാ സംവിധാനം), സി.ഡി.എസ് (തദ്ദേശ സ്വയംഭരണ സ്ഥാപനതല സംഘടനാ സംവിധാനം) തെരഞ്ഞെടുപ്പുകള്‍ ജനുവരി 25ന് പൂര്‍ത്തിയാക്കി. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ജനുവരി 26ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

 ശേഷിച്ച എട്ട് ജില്ലകളിലും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്ന ക്രമത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു സി.ഡി.എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്. ജനുവരി 15ന് ഇതിനായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള അനുമതി കേരള സര്‍ക്കാര്‍ നേരത്തേ നല്‍കിയിരുന്നു.

  ആവശ്യത്തിന് വായുസഞ്ചാരമുള്ള തുറസ്സായ സ്ഥലത്താണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്. സാമൂഹ്യ അകലം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. പൊതുസഭ അംഗങ്ങളെല്ലാം എന്‍.95 മാസ്‌ക് ധരിച്ചിരുന്നുവെന്നും ഉറപ്പാക്കി. നിശ്ചിത ഇടവേളകളില്‍ സാനിറ്റൈസറിന്റെ ഉപയോഗവും നിര്‍ബന്ധമാക്കിയിരുന്നു. സാനിറ്റൈസര്‍ ലഭ്യമാക്കിയതിന് പുറമേ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

  സി.ഡി.എസ് തെരഞ്ഞെടുപ്പില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനായി ഒരേ സമയം അഞ്ച് വാര്‍ഡുകളിലെ എ.ഡി.എസ് ഭാരവാഹികളെ മാത്രം വിളിച്ച് ചേര്‍ത്ത് ഘട്ടം ഘട്ടമായാണ് സി.ഡി.എസ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഓരോ വാര്‍ഡിനും നിശ്ചിത സമയവും അനുവദിച്ച് നല്‍കിയിരുന്നു. ജനുവരി 7 മുതല്‍ 21 വരെ നടന്ന അയല്‍ക്കൂട്ടതല, എ.ഡി.എസ് തല തെരഞ്ഞെടുപ്പുകളിലും കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിരുന്നു.

 

Content highlight
Kudumbashree CDS Elections successfully completed at 6 districts as per the Covid Restrictionsml

covid-19

Posted on Thursday, January 27, 2022
Banner-image

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് തെരഞ്ഞെടുപ്പ്: എക്സിക്യൂട്ടീവ് ഡയറക്ടർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

Posted on Wednesday, January 19, 2022

കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഇപ്പോൾ നടന്നു വരുന്ന എ.ഡി.എസ് തെരഞ്ഞെടുപ്പും, ജനുവരി 25ന് സംസ്ഥാനമൊട്ടാകെ നടത്തുന്ന സി.ഡി.എസ് തെരഞ്ഞെടുപ്പും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടപ്പാക്കും. ഇതു സംബന്ധിച്ച് 15ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് കുടുംബശ്രീ ത്രിതല സമിതി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണിത്.     

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് ഡയറക്ടറുടെ പ്രത്യേക മാർഗ നിർദേശങ്ങൾ.  ഇതു പ്രകാരം കോവിഡ് ബാധിതരായ എ.ഡി.എസ്, സി.ഡി.എസ്, പൊതുസഭ അംഗങ്ങൾക്ക് അവരുടെ വോട്ട് രേഖപ്പെടുത്തുന്നതിന് അതേ അയൽക്കൂട്ടത്തിലെ തന്നെ ഒരംഗത്തെ പ്രതിനിധിയായി പങ്കെടുപ്പിക്കാം. ഇതിനായി പ്രതിനിധിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സാക്ഷ്യപത്രം വാട്ട്സാപ് വഴിയോ ഇമെയിൽ വഴിയോ അതത് തെരഞ്ഞെടുപ്പ് വരണാധികാരിയുടെ മുന്നിൽ സർപ്പിക്കണം. തെരഞ്ഞെടുപ്പ് സമയത്ത് ഈ പ്രതിനിധി വരണാധികാരിയുടെ മുമ്പാകെ ഫോൺ വഴി കോവിഡ് ബാധിതയെ വിളിക്കുകയും അവരുടെ പിന്തുണ ആർക്കാണെന്ന് ഉറപ്പു വരുത്തുകയും വേണം. കോവിഡ് ബാധിച്ച അംഗത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് താൽപ്പര്യമുണ്ടെങ്കിൽ അത് പ്രത്യേകമായി സാക്ഷ്യപത്രത്തിൽ രേഖപ്പെടുത്തണം. 

കാറ്റും വെളിച്ചവും ഉള്ള ഹാളിലോ തുറസായ സ്ഥലത്തോ ആണ് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കേണ്ടത്. തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സ്ഥലത്തും സാമൂഹ്യ അകലം കർശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ്. എല്ലാ പൊതുസഭാ അംഗങ്ങളും എൻ-95 മാസ്കോ, ഇരട്ട സർജിക്കൽ മാസ്കോ നിർബന്ധമായും ധരിച്ചിരിക്കണം. സാനിറൈ്റസർ കൃത്യമായി ഉപയോഗിച്ചിരിക്കണം. തെരഞ്ഞെടുപ്പ് പൊതുയോഗ സ്ഥലത്ത് സാനിറൈ്റസറിന്റെ ലഭ്യതയോ അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യമോ ഉറപ്പു വരുത്തണം. സി.ഡി.എസ് തെരഞ്ഞെടുപ്പിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി  അഞ്ചു വീതം വാർഡുകളിൽ നിന്നും എ.ഡി.എസ് ഭാരവാഹികളെ പങ്കെടുപ്പിച്ച് സി.ഡി.എസ് ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുക്കും. ഇതിനായി ഒാരോ വാർഡിനും പ്രത്യേകം സമയം നിർദേശിച്ചിട്ടുണ്ട്.   

കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇൗ മാസം ഏഴു മുതൽ 13 വരെ സംഘടിപ്പിച്ച അയൽക്കൂട്ട തെരഞ്ഞെടുപ്പിലും കോവിഡ് മാനദണ്ഡങ്ങൾ ബാധകമാക്കിയിരുന്നു.

Content highlight
Kudumbashree ADS-CDS Elections will be held following Covid Protocols: Executive Director of Kudumbashree issues Guidelinesml

കുടുംബശ്രീ 'സ്ത്രീപക്ഷ നവകേരളം' സ്ത്രീശക്തി കലാജാഥ : നാടകക്കളരി സമാപിച്ചു

Posted on Saturday, January 15, 2022
 'സ്ത്രീപക്ഷ നവകേരളം' സംസ്ഥാനതല ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി സംഘടിപ്പിച്ചു വരുന്ന സ്ത്രീശക്തി കലാജാഥ-നാടക പരിശീലന പരിപാടി സമാപിച്ചു. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഫെബ്രുവരിയില്‍ സംസ്ഥാനമെമ്പാടും നടത്തുന്ന കലാജാഥയ്ക്കു വേണ്ടിയാണ് നാടകപരിശീലനം.


സ്ത്രീശക്തി കലാജാഥ-നാടകക്കളരിയില്‍ മികച്ച സര്‍ഗശേഷിയുള്ള നിരവധി കുടുംബശ്രീ വനിതകളെ കാണാന്‍  കഴിഞ്ഞുവെന്നും സ്ത്രീപക്ഷ നവകേരളം എന്ന ആശയം മികച്ച കലാവതരണത്തിലൂടെ നടപ്പാക്കുന്ന കുടുംബശ്രീയുടെ പരിശ്രമങ്ങള്‍ അഭിമാനകരവുമാണെന്ന് നാടകപരിശീലനത്തിന് മുഖ്യനേതൃത്വം നല്‍കിയ കരിവള്ളൂര്‍ മുരളി പറഞ്ഞു. സ്ത്രീശക്തി കലാജാഥ-നാടകക്കളരിയിലെ പരിശീലനത്തിലൂടെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഈ സമൂഹത്തോട് തുറന്നു പറയുക എന്നത് ഒരു ദൗത്യമായി ഏറ്റെടുക്കുകയാണ് കുടുംബശ്രീ വനിതകള്‍ എന്ന് നാടക പരിശീലകനായ റഫീഖ് മംഗലശ്ശേരി  പറഞ്ഞു.  സ്ത്രീശക്തി കലാജാഥ പുതിയൊരു സ്ത്രീമുന്നേറ്റമാകുമെന്ന് നാടകപരിശീലനം നല്‍കിയ ശ്രീജ അരങ്ങോട്ടുകര അഭിപ്രായപ്പെട്ടു.    

drma



സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും മൂന്നു പേര്‍ വീതം ആകെ 42 വനിതകളാണ് നാടകക്കളരിയില്‍ പങ്കെടുത്തത്. കുടുംബശ്രീയുടെ കലാഗ്രൂപ്പായ 'രംഗശ്രീ'യിലെ അംഗങ്ങളാണ് ഇവര്‍. മൂന്നു നാടകങ്ങളും ഒരു സംഗീതശില്‍പ്പവുമാണ് ഇവരെ പരിശീലിപ്പിച്ചത്.  ഇവിടെ നിന്നും പരിശീലനം നേടിയ വനിതകള്‍ തങ്ങളുടെ ജില്ലയില്‍ കലാജാഥയ്ക്ക് വേണ്ടി രൂപീകരിച്ച പത്തംഗ സംഘത്തെ നാടകം പരിശീലിപ്പിക്കും. ആകെ 140 കലാകാരികളാകും സ്ത്രീശക്തി കലാജാഥയില്‍ അണിനിരക്കുക. നാടക രംഗത്തെ വിദഗ്ധരായ ഷൈലജ അമ്പു, സുധി എന്നിവരും പരിശീലകരായിരുന്നു.  

Content highlight
"Sthreepaksha Navakeralam' drama workshop concluded