കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് തെരഞ്ഞെടുപ്പ്: എക്സിക്യൂട്ടീവ് ഡയറക്ടർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഇപ്പോൾ നടന്നു വരുന്ന എ.ഡി.എസ് തെരഞ്ഞെടുപ്പും, ജനുവരി 25ന് സംസ്ഥാനമൊട്ടാകെ നടത്തുന്ന സി.ഡി.എസ് തെരഞ്ഞെടുപ്പും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടപ്പാക്കും. ഇതു സംബന്ധിച്ച് 15ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് കുടുംബശ്രീ ത്രിതല സമിതി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണിത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് ഡയറക്ടറുടെ പ്രത്യേക മാർഗ നിർദേശങ്ങൾ. ഇതു പ്രകാരം കോവിഡ് ബാധിതരായ എ.ഡി.എസ്, സി.ഡി.എസ്, പൊതുസഭ അംഗങ്ങൾക്ക് അവരുടെ വോട്ട് രേഖപ്പെടുത്തുന്നതിന് അതേ അയൽക്കൂട്ടത്തിലെ തന്നെ ഒരംഗത്തെ പ്രതിനിധിയായി പങ്കെടുപ്പിക്കാം. ഇതിനായി പ്രതിനിധിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സാക്ഷ്യപത്രം വാട്ട്സാപ് വഴിയോ ഇമെയിൽ വഴിയോ അതത് തെരഞ്ഞെടുപ്പ് വരണാധികാരിയുടെ മുന്നിൽ സർപ്പിക്കണം. തെരഞ്ഞെടുപ്പ് സമയത്ത് ഈ പ്രതിനിധി വരണാധികാരിയുടെ മുമ്പാകെ ഫോൺ വഴി കോവിഡ് ബാധിതയെ വിളിക്കുകയും അവരുടെ പിന്തുണ ആർക്കാണെന്ന് ഉറപ്പു വരുത്തുകയും വേണം. കോവിഡ് ബാധിച്ച അംഗത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് താൽപ്പര്യമുണ്ടെങ്കിൽ അത് പ്രത്യേകമായി സാക്ഷ്യപത്രത്തിൽ രേഖപ്പെടുത്തണം.
കാറ്റും വെളിച്ചവും ഉള്ള ഹാളിലോ തുറസായ സ്ഥലത്തോ ആണ് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കേണ്ടത്. തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സ്ഥലത്തും സാമൂഹ്യ അകലം കർശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ്. എല്ലാ പൊതുസഭാ അംഗങ്ങളും എൻ-95 മാസ്കോ, ഇരട്ട സർജിക്കൽ മാസ്കോ നിർബന്ധമായും ധരിച്ചിരിക്കണം. സാനിറൈ്റസർ കൃത്യമായി ഉപയോഗിച്ചിരിക്കണം. തെരഞ്ഞെടുപ്പ് പൊതുയോഗ സ്ഥലത്ത് സാനിറൈ്റസറിന്റെ ലഭ്യതയോ അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യമോ ഉറപ്പു വരുത്തണം. സി.ഡി.എസ് തെരഞ്ഞെടുപ്പിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി അഞ്ചു വീതം വാർഡുകളിൽ നിന്നും എ.ഡി.എസ് ഭാരവാഹികളെ പങ്കെടുപ്പിച്ച് സി.ഡി.എസ് ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുക്കും. ഇതിനായി ഒാരോ വാർഡിനും പ്രത്യേകം സമയം നിർദേശിച്ചിട്ടുണ്ട്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇൗ മാസം ഏഴു മുതൽ 13 വരെ സംഘടിപ്പിച്ച അയൽക്കൂട്ട തെരഞ്ഞെടുപ്പിലും കോവിഡ് മാനദണ്ഡങ്ങൾ ബാധകമാക്കിയിരുന്നു.
- 363 views
കുടുംബശ്രീ 'സ്ത്രീപക്ഷ നവകേരളം' സ്ത്രീശക്തി കലാജാഥ : നാടകക്കളരി സമാപിച്ചു
സ്ത്രീശക്തി കലാജാഥ-നാടകക്കളരിയില്‍ മികച്ച സര്‍ഗശേഷിയുള്ള നിരവധി കുടുംബശ്രീ വനിതകളെ കാണാന്‍ കഴിഞ്ഞുവെന്നും സ്ത്രീപക്ഷ നവകേരളം എന്ന ആശയം മികച്ച കലാവതരണത്തിലൂടെ നടപ്പാക്കുന്ന കുടുംബശ്രീയുടെ പരിശ്രമങ്ങള്‍ അഭിമാനകരവുമാണെന്ന് നാടകപരിശീലനത്തിന് മുഖ്യനേതൃത്വം നല്‍കിയ കരിവള്ളൂര്‍ മുരളി പറഞ്ഞു. സ്ത്രീശക്തി കലാജാഥ-നാടകക്കളരിയിലെ പരിശീലനത്തിലൂടെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഈ സമൂഹത്തോട് തുറന്നു പറയുക എന്നത് ഒരു ദൗത്യമായി ഏറ്റെടുക്കുകയാണ് കുടുംബശ്രീ വനിതകള്‍ എന്ന് നാടക പരിശീലകനായ റഫീഖ് മംഗലശ്ശേരി പറഞ്ഞു. സ്ത്രീശക്തി കലാജാഥ പുതിയൊരു സ്ത്രീമുന്നേറ്റമാകുമെന്ന് നാടകപരിശീലനം നല്‍കിയ ശ്രീജ അരങ്ങോട്ടുകര അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും മൂന്നു പേര്‍ വീതം ആകെ 42 വനിതകളാണ് നാടകക്കളരിയില്‍ പങ്കെടുത്തത്. കുടുംബശ്രീയുടെ കലാഗ്രൂപ്പായ 'രംഗശ്രീ'യിലെ അംഗങ്ങളാണ് ഇവര്‍. മൂന്നു നാടകങ്ങളും ഒരു സംഗീതശില്‍പ്പവുമാണ് ഇവരെ പരിശീലിപ്പിച്ചത്. ഇവിടെ നിന്നും പരിശീലനം നേടിയ വനിതകള്‍ തങ്ങളുടെ ജില്ലയില്‍ കലാജാഥയ്ക്ക് വേണ്ടി രൂപീകരിച്ച പത്തംഗ സംഘത്തെ നാടകം പരിശീലിപ്പിക്കും. ആകെ 140 കലാകാരികളാകും സ്ത്രീശക്തി കലാജാഥയില്‍ അണിനിരക്കുക. നാടക രംഗത്തെ വിദഗ്ധരായ ഷൈലജ അമ്പു, സുധി എന്നിവരും പരിശീലകരായിരുന്നു.
- 69 views
കുടുംബശ്രീ സംരംഭക രജിതയുടെ വിജയഗാഥ 'ഇംപാക്ട് ഫോറം ഫിലിം ഫെസ്റ്റിവലിലേക്ക്'
- 28 views
കോട്ടയത്തിന്റെ 'മുന്നേ' ദേശീയ ഗ്രാമീണ ചലച്ചിത്രമേളയിൽ
ഫിക്ഷന്, നോണ് ഫിക്ഷന് വിഭാഗങ്ങളിലായി 84 ചിത്രങ്ങള് മേളയിലേക്ക് ലഭിച്ചു. ഇതില് നിന്നാണ് കോട്ടയം ജില്ലാമിഷന് തയാറാക്കിയ 'മുന്നേ' എന്ന ചലച്ചിത്രം ഉള്പ്പെടെ 44 ചിത്രങ്ങള് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഫിക്ഷന് വിഭാഗത്തിലാണ് മുന്നേ മത്സരിച്ചത്.നവംബര് 26ന് ഹൈദരാബാദിലെ എന്.ഐ.ആര്.ഡി.പി.ആര് ക്യാമ്പസിലായിരുന്നു മേള.
- 17 views
സ്ത്രീകളെ പ്രതിരോധശേഷിയുള്ള മനസ്സുള്ളവരാക്കണം: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
സ്ത്രീകളെ പ്രതിരോധശേഷിയുള്ള മനസ്സുള്ളവരാക്കണമെന്നും ജനാധിപത്യബോധവും മൗലികാവകാശ ബോധവും സമൂഹത്തില്‍ എല്ലാവരിലും എത്തിക്കണമെന്നും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന 'സ്ത്രീപക്ഷ നവകേരളം' സംസ്ഥാനതല ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച സ്ത്രീശക്തി കലാജാഥാ -പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ തുല്യത സൃഷ്ടിക്കണമെങ്കില്‍ നാം ഓരോരുത്തരിലും സ്ത്രീപക്ഷ കാഴ്ചപ്പാടുണ്ടായിരിക്കണം. നാടകത്തിലൂടെ നാം നല്‍കുന്ന ആശയം കാണികളിലും പൊതു സമൂഹത്തിലും കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെ അതൊരു ഭൗതികശക്തിയായി മാറുകയാണ് ചെയ്യുന്നത്. ജനങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന ഏറ്റവും ശക്തമായ കലയാണ് നാടകമെന്നു പറഞ്ഞ അദ്ദേഹം നാടകക്കളരിയില്‍ പങ്കെടുക്കുന്ന കലാകാരികളെയും അവര്‍ക്കു നേതൃത്വം നല്‍കുന്ന റിസോഴ്‌സ് പേഴ്‌സണ്‍മാരെയും പരിചയപ്പെടുകയും വിജയാശംസകള്‍ നല്‍കുകയുംചെയ്തു.
സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ്രെബഫുവരിയില്‍ സംസ്ഥാനമെമ്പാടും കലാജാഥ സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി ഓരോ ജില്ലയിലുമുള്ള കുടുംബശ്രീയുടെ കലാസംഘമായ രംഗശ്രീയില്‍ നിന്നും പത്തു പേര്‍ വീതമുളള ഗ്രൂപ്പുകളുടെ രൂപീകരണവും പൂര്‍ത്തിയായി. ഇവര്‍ക്ക് പരിശീലനം നല്‍കാനുള്ള ടീമുകള്‍ക്കുള്ള പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. ആറു ദിവസത്തെ പരിശീലനമാണ് ഇവര്‍ക്കു നല്‍കുക. നാടക രംഗത്തെ വിദഗ്ധരായ റഫീഖ് മംഗലശ്ശേരി, ശ്രീജ അരങ്ങോട്ടുകര, ഷൈലജ അമ്പു, സുധി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ആകെ 140 കലാകാരികള്‍ സ്ത്രീശക്തി കലാജാഥയില്‍ അണിനിരക്കും.
- 129 views
സ്ത്രീപക്ഷ നവകേരളം- സ്ത്രീശക്തി കലാജാഥ പരിശീലന പരിപാടിക്ക് തുടക്കം
സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'സ്ത്രീപക്ഷ നവകേരളം' സംസ്ഥാനതല ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായുള്ള സ്ത്രീശക്തി കലാജാഥയുടെ പരിശീലന പരിപാടിക്ക് തുടക്കമായി. മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിക്കുന്ന കുടുംബശ്രീ വനിതകള്‍ക്കായുള്ള ഈ പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ സംവിധായകനും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അധ്യക്ഷനുമായ ഷാജി എന്‍. കരുണ്‍ തിങ്കളാഴ്ച (10-01-2022) നിര്‍വഹിച്ചു.
സ്ത്രീയും പുരുഷനും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് സമൂഹം മുന്നേറുന്നതെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഷാജി എന്‍. കരുണ്‍ അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ മീഡിയയുടെ കാലത്ത് തൊഴില്‍ മേഖലയില്‍ സ്ത്രീപുരുഷ അന്തരം കുറഞ്ഞിട്ടുണ്ട്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് മനുഷ്യര്‍ നേടിയെടുത്ത വളര്‍ച്ച കഴിഞ് 20 വര്‍ഷങ്ങള്‍ കൊണ്ട് നേടാന്‍ നമുക്ക് കഴിഞ്ഞു. മനുഷ്യര്‍ ഉണ്ടാക്കിയെടുത്തതാണ് സംസ്‌ക്കാരം. ഇതിന്റെ ഭാഗമായി ഇതുവരെ നേടിയ അറിവുകളും സ്വപ്‌നങ്ങളും അടുത്തതലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍ എത്തിയവരാണ് കലാജാഥ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന വനിതകളെന്നും അദ്ദേഹം പറഞ്ഞു.
'സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്‌ന്റെ ഭാഗമായി ഫെബ്രുവരിയിലാണ് സംസ്ഥാനമെമ്പാടും സ്ത്രീശക്തി കലാജാഥ സംഘടിപ്പിക്കുന്നത്. ജാഥയില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടി നാടകം, രണ്ട് സംഗീത ശില്‍പ്പങ്ങള്‍ എന്നിവയ്ക്കുള്‍പ്പെടെയുള്ള പരിശീലനമാണ് ആറു ദിവസങ്ങളിലായി നല്‍കുന്നത്. കലാജാഥയുമായി ബന്ധപ്പെട്ട് നേരത്തെ തിരക്കഥാ ശില്‍പ്പശാലയും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീധനം, സ്ത്രീപീഡനം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് നാടകവും സംഗീതശില്‍പ്പങ്ങളും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
നാടക രംഗത്തെ വിദഗ്ധരായ റഫീഖ് മംഗലശ്ശേരി, ശ്രീജ അരങ്ങോട്ടുകര, ഷൈലജ അമ്പു, സുധി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. വയനാട്, മലപ്പുറം എന്നീ ജില്ലകള്‍ ഒഴികെ ബാക്കി 12 ജില്ലകളില്‍ നിന്നുള്ള മൂന്ന് വീതം വനിതകളാണ് (ആകെ 36 പേര്‍) പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഇവര്‍ പിന്നീട് തങ്ങളുടെ ജില്ലകളില്‍ കലാജാഥയ്ക്കു വേണ്ടി പ്രത്യേകമായി രൂപീകരിച്ച പത്തംഗ സംഘത്തിന് പരിശീലനം നല്‍കും. ഇതു പ്രകാരം എല്ലാ ജില്ലകളെയും പ്രതിനിധീകരിച്ച് 140 സ്ത്രീകള്‍ സ്ത്രീശക്തി കലാജാഥയുടെ ഭാഗമാകും.
കുടുംബശ്രീ പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ മൈന ഉമൈബാന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സിന്ധു. വി സ്വാഗതവും കുടുംബശ്രീ വനിതകളുടെ നാടകസംഘമായ 'രംഗശ്രീ' പ്രതിനിധി ബിജി. എം നന്ദിയും പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബി.എസ്. മനോജ്്, സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ സുജിത, പ്രീത ജി. നായര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
- 329 views
കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 11.01.2022 ഉച്ചയ്ക്ക് 3.00 മണിക്ക്
- 137 views
കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പിന് തുടക്കം
സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുളള അയല്‍ക്കൂട്ടങ്ങള്‍ക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനുളള തെരഞ്ഞെടുപ്പിന് തുടക്കം. ഇന്ന് മുതല്‍ 13 വരെയാണ് അയല്‍ക്കൂട്ട തെരഞ്ഞെടുപ്പ്. ഓരോ അയല്‍ക്കൂട്ടത്തിനും പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കണ്‍വീനര്‍, സാമൂഹ്യ വികസന ഉപസമിതി കണ്‍വീനര്‍, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കണ്‍വീനര്‍ എന്നിങ്ങനെ അഞ്ചംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കുക. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച അയല്‍ക്കൂട്ടങ്ങളിലെ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തും.
അയല്‍ക്കൂട്ടം, ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി (എ.ഡി.എസ്), കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി(സി.ഡി.എസ്) എന്നിവ ഉള്‍പ്പെടുന്ന കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന് പുതിയ ഭരണസാരഥികളെ കണ്ടെത്തുന്നതിനാണ് തെരഞ്ഞെടുപ്പ്. ഇതിന്റെ ആദ്യഘട്ടമാണ് അയല്‍ക്കൂട്ട തലത്തില്‍ നടത്തുന്നത്. ജനുവരി 16 മുതല്‍ 21 വരെ 19,489 എ.ഡി.എസുകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പാണ് രണ്ടാംഘട്ടം. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ജനുവരി 25നാണ്. 1069 സി.ഡി.എസുകളിലേക്കുള്ള ഭാരവാഹികളെയാണ് ഇതുവഴി കണ്ടെത്തുക. പുതിയ ഭാരവാഹികള്‍ ജനുവരി 26ന് ചുമതലയേല്‍ക്കും.
ജില്ലാ കളക്ടര്‍മാര്‍ക്കാണ് കുടുംബശ്രീ തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല. ഇതിന്റെ ഭാഗമായി 14 ജില്ലകളിലും ജില്ലാ കളക്ടര്‍മാര്‍ ഓരോ ജില്ലയിലും ജില്ലാ വരണാധികാരിയെ നിയോഗിച്ചിട്ടുണ്ട്. എല്ലാ സി.ഡി.എസുകളിലും ഒരു വരണാധികാരിയും ഉപവരണാധികാരിയുമാണ് തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം വഹിക്കുക. കൂടാതെ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വരണാധികാരികള്‍, തെരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്‌ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍, സിറ്റി മിഷന്‍ മാനേജര്‍മാര്‍, പതിനാല് സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, അഞ്ഞൂറിലേറെ ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സി.ഡി.എസ് ഭരണാധികാരികള്‍, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറിമാര്‍, അക്കൗണ്ടന്റുമാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും ഇവരുടെ സജീവ പങ്കാളിത്തം ഉണ്ടാകും.
- 1623 views
കുടുംബശ്രീ 'സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്ന്‍ - 19,500 ഓക്സിലറി ഗ്രൂപ്പുകളിലെ മൂന്നു ലക്ഷത്തിലേറെ അംഗങ്ങള്‍ക്ക് പരിശീലനം
സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരേ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന 'സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്ന്‍റെ ഭാഗമാകാന്‍ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മികച്ച പരിശീലന പരിപാടികളുമായി കുടുംബശ്രീ. ഇതു പ്രകാരം സംസ്ഥാനത്തെ 19,500 ഓക്സിലറി ഗ്രൂപ്പിലെ മൂന്നു ലക്ഷത്തിലേറെ അംഗങ്ങള്‍ വിവിധ പരിശീലന പരിപാടികളുടെ ഭാഗമാകും. സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും അതിന്‍റെ കാരണങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേകം തയ്യാറാക്കിയ മൂന്നു പ്രധാന മൊഡ്യൂളുകളുടെ അടിസ്ഥാനത്തിലാണ് പരിശീലനം. കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, ജെന്‍ഡര്‍ റിസോഴ്സ് പേഴ്സണ്‍മാര്‍, വിജിലന്‍റ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരാണ് ജില്ലാതല പരിശീലകര്‍. ഒരാള്‍ക്ക് ഒരു സി.ഡി.എസിന്‍റെ ചുമതലയാണ് ലഭിക്കുക.
സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍, അതിക്രമങ്ങള്‍, ചൂഷണങ്ങള്‍ എന്നിവ തിരിച്ചറിയുന്നതിനും പ്രതികരിക്കുന്നതിനും സ്തീകളെ പ്രാപ്തരാക്കുക, നിലവിലുള്ള നിയമങ്ങള്‍, സേവന സംവിധാനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, ലിംഗപദവി, ലിംഗസമത്വം, ലിംഗനീതി എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രൂപ്പ് ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നു വരുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് ഗ്രൂപ്പിന്‍റെ പ്രതിനിധികള്‍ അവതരണം നടത്തും. പരിശീലന ചുമതല വഹിക്കുന്ന ഫെസിലിറ്റേറ്റര്‍മാര്‍ അനുകൂലവും പ്രതികൂലവുമായിട്ടുള്ള അഭിപ്രായങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തും. പൊതു ചര്‍ച്ചകള്‍ക്കു ശേഷം അതിന്‍റെ ക്രോഡീകരണം നടത്തി റിസോഴ്സ് പേഴ്സണ്‍മാര്‍ അവതരിപ്പിക്കും. മൂന്നു മാസം നീളുന്ന വിവിധ പരിശീലനങ്ങളാണ് ഇവര്‍ക്കായി സംഘടിപ്പിക്കുക. ഒരു ദിവസം ഒരു മൊഡ്യൂളാണ് ചര്‍ച്ച ചെയ്യുന്നത്. ആദ്യഘട്ടമായി സംസ്ഥാനത്തെ എല്ലാ ഓക്സിലറി ഗ്രൂപ്പുകളിലും 'സ്ത്രീധനവും അതിക്രമങ്ങളും' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.
ചര്‍ച്ചകളില്‍ നിന്നും ലഭിക്കുന്ന ആശയങ്ങളെ അടിസ്ഥാനമാക്കി സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കും എതിരേ പൊതുസമൂഹത്തിന്‍റെ മനോഭാവത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ഇടപെടലുകള്‍ നടത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഓക്സിലറി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ വഴി വിവിധ പ്രചരണ പരിപാടികള്‍ ഏറ്റെടുക്കും. റീല്‍സ് വീഡിയോ, ട്രോള്‍സ്, പോസ്റ്ററുകള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രചാരണ ഉപാധികളായിരിക്കും സ്വീകരിക്കുക.
സ്ത്രീപക്ഷ നവകേരളം ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിലൂടെ സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരേ കുടുംബശ്രീ മുഖേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയില്‍ യുവതികളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പുകള്‍ക്ക് ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- 81 views