കുടുംബശ്രീ തെരഞ്ഞെടുപ്പ് - ആറ് ജില്ലകളില്‍ ഭാരവാഹികള്‍ സ്ഥാനമേറ്റെടുത്തു

Posted on Tuesday, February 1, 2022

കുടുംബശ്രീയുടെ  ത്രിതല സംഘടനാ സംവിധാനങ്ങളുടെ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ആറ് ജില്ലകളില്‍ പൂര്‍ത്തീകരിച്ചു. കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് അയല്‍ക്കൂട്ട, എ.ഡി.എസ് (വാര്‍ഡ്തല സംഘടനാ സംവിധാനം), സി.ഡി.എസ് (തദ്ദേശ സ്വയംഭരണ സ്ഥാപനതല സംഘടനാ സംവിധാനം) തെരഞ്ഞെടുപ്പുകള്‍ ജനുവരി 25ന് പൂര്‍ത്തിയാക്കി. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ജനുവരി 26ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

 ശേഷിച്ച എട്ട് ജില്ലകളിലും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്ന ക്രമത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു സി.ഡി.എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്. ജനുവരി 15ന് ഇതിനായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള അനുമതി കേരള സര്‍ക്കാര്‍ നേരത്തേ നല്‍കിയിരുന്നു.

  ആവശ്യത്തിന് വായുസഞ്ചാരമുള്ള തുറസ്സായ സ്ഥലത്താണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്. സാമൂഹ്യ അകലം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. പൊതുസഭ അംഗങ്ങളെല്ലാം എന്‍.95 മാസ്‌ക് ധരിച്ചിരുന്നുവെന്നും ഉറപ്പാക്കി. നിശ്ചിത ഇടവേളകളില്‍ സാനിറ്റൈസറിന്റെ ഉപയോഗവും നിര്‍ബന്ധമാക്കിയിരുന്നു. സാനിറ്റൈസര്‍ ലഭ്യമാക്കിയതിന് പുറമേ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

  സി.ഡി.എസ് തെരഞ്ഞെടുപ്പില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനായി ഒരേ സമയം അഞ്ച് വാര്‍ഡുകളിലെ എ.ഡി.എസ് ഭാരവാഹികളെ മാത്രം വിളിച്ച് ചേര്‍ത്ത് ഘട്ടം ഘട്ടമായാണ് സി.ഡി.എസ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഓരോ വാര്‍ഡിനും നിശ്ചിത സമയവും അനുവദിച്ച് നല്‍കിയിരുന്നു. ജനുവരി 7 മുതല്‍ 21 വരെ നടന്ന അയല്‍ക്കൂട്ടതല, എ.ഡി.എസ് തല തെരഞ്ഞെടുപ്പുകളിലും കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിരുന്നു.

 

Content highlight
Kudumbashree CDS Elections successfully completed at 6 districts as per the Covid Restrictionsml