കോവിഡ് - 19 ഓണ്‍ലൈന്‍ ബോധവത്ക്കരണ പരമ്പരയ്ക്ക് തുടക്കം

Posted on Tuesday, February 1, 2022

കോവിഡ് - 19 രോഗബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടിയുള്ള കുടുംബശ്രീയുടെ ഓണ്‍ലൈന്‍ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) യൂണിസെഫുമായും ചേര്‍ന്നാണ് ഈ പരമ്പര കുടുംബശ്രീ നടത്തുന്നത്. പരമ്പരയുടെ ആദ്യ സെഷനും ഉദ്ഘാടനവും ജനുവരി 21ന് സംഘടിപ്പിച്ചു.

  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ ദിനത്തില്‍ 'ഡെല്‍റ്റ മുതല്‍ ഒമിക്രോണ്‍ വരെ' എന്ന വിഷയത്തില്‍ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലുള്ള വി.എസ്.എം ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനായ ഡോ. സോണിയ സുരേഷ് സെഷന് നേതൃത്വം നല്‍കി.

  കിലയുടെയും കുടുംബശ്രീയുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഈ സെഷന്‍ തത്സമയം സ്ട്രീം ചെയ്തു. സംശയങ്ങള്‍ ഉന്നയിക്കാനും വിദഗ്ധരില്‍ നിന്ന് അതിനുള്ള മറുപടി നേടിയെടുക്കാനുമുള്ള അവസരവും ഈ തത്സമയ സ്ട്രീമിങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

  കോവിഡ് 19 രണ്ടാം തരംഗത്തിന്റെ ഭാഗമായും കുടുംബശ്രീയും ഐ.എം.എയും സംയുക്തമായി ഇതുപോലെ ഓണ്‍ലൈന്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. കുടുംബശ്രീയുടെയും കിലയുടെയും പേജിലും ചാനലിലും ഈ വീഡിയോകള്‍ ലഭ്യമാണ്. പരമ്പരയിലെ അടുത്ത സെഷന്‍ ഫെബ്രുവരി നാലിന് സംഘടിപ്പിക്കും.

  പരിഭ്രാന്തിയില്ലാതെ കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിന് പൊതുജനങ്ങളെ പ്രാപ്തരാക്കാനും മറ്റ് സഹായങ്ങളേകാനും ഇത്തരമൊരു സംയോജന പ്രവര്‍ത്തനത്തിലൂടെ കഴിയുമെന്നാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ആദ്യ സെഷന് ലഭിച്ചതും.

 ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ ഉദ്ഘാടനച്ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. എം.എ.എ- എന്‍.പി.പി.എസ് ഹോണററി സെക്രട്ടറി ഡോ. എ.വി. ജയകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ വി. സിന്ധു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഐ.എം.എയുടെ മെഡിക്കല്‍ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ ഡോ. ആര്‍.സി. ശ്രീകുമാര്‍ മോഡറേറ്ററായിരുന്നു.

 കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി) അംഗങ്ങള്‍ക്കും വാര്‍ഡ് സമിതി അംഗങ്ങള്‍ക്കുമായി ഓണ്‍ലൈന്‍ പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ, കില, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Content highlight
Online Awareness programme Series on Covid-19 startsml