ജലജീവന്‍ മിഷന്റെ ഭാഗമായി സൗജന്യ നൈപുണ്യ പരിശീലനം നേടാന്‍ അവസരം

Posted on Saturday, February 19, 2022
2024ഓടെ പ്രത്യേക ഗാര്ഹിക കുടിവെള്ള കണക്ഷനുകള് മുഖേന ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവന് മിഷന്. ജലജീവന് മിഷന് പ്രവര്ത്തനങ്ങളുടെ ഭാഗമാകുന്നതിനായി കുടുംബശ്രീ അംഗങ്ങള്ക്കോ അവരുടെ കുടുംബാംഗങ്ങള്ക്കോ സൗജന്യ നൈപുണ്യ പരിശീലനം നേടാനുള്ള അവസരം ഇപ്പോള് ഒരുക്കിയിരിക്കുന്നു.
 
സംസ്ഥാന ജല അതോറിറ്റി, കേരള അക്കാഡമി ഫോര് സ്‌കില് എക്സലന്സ് (KASE) എന്നിവയുമായി സഹകരിച്ചാണ് നൈപുണ്യ പരിശീലനം നല്കുന്നത്. പ്ലംബര്, പൈപ്പ് ഫിറ്റര്, മേസണ്, ഇലക്ട്രീഷ്യന് തുടങ്ങിയ ജോലികള് ഏറ്റെടുത്ത് നിര്വഹിക്കാനാവും വിധത്തില്, ഈ നാല് മേഖലകളില് വ്യക്തമായ സിലബസ് അടിസ്ഥാനമാക്കിയുള്ള പരിശീലനമാണിത്.
 
ആയിരത്തോളം പേര്ക്ക് പത്ത് ദിവസം നീളുന്ന പരിശീലനം നല്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കേരള അക്കാഡമി ഫോര് സ്‌കില് എക്സലന്സ് കേന്ദ്രങ്ങള്, സര്ക്കാര് ഐ.ടി.ഐകള് എന്നിവിടങ്ങളാണ് പരിശീലന കേന്ദ്രങ്ങള്. പരിശീലനം വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് വാട്ടര് അതോറിറ്റി പ്രത്യേക ലൈസന്സും നല്കും. ജലജീവന് മിഷന്റെ ഭാഗമായി കുടിവെള്ള പൈപ്പ് കണക്ഷന് നല്കല്, നിര്മ്മാണ പ്രവര്ത്തനങ്ങള്, അറ്റകുറ്റ പണികള്, പരിപാലന പ്രവര്ത്തനങ്ങള് എന്നിവ നടത്തുന്നതിനുള്ള അവസരവും പരിശീലനം പൂര്ത്തിയാക്കുന്നവര്ക്ക് ലഭിക്കും.
 
ജലജീവന് മിഷന്റെ ഭാഗമായി നല്കുന്ന സൗജന്യ നൈപുണ്യ പരിശീലനത്തില് പങ്കെടുക്കാന് താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങള്ക്ക് അതാത് സി.ഡി.എസുകളിലോ ജില്ലാ മിഷന് ഓഫീസുകളിലോ ബന്ധപ്പെടാം.
വയനാട്, കാസര്ഗോഡ്, കോട്ടയം, ഇടുക്കി, തൃശ്ശൂര് എന്നീ ജില്ലകളില് ജലജീവന് മിഷന്റെ ഭാഗമായി പൈപ്പ് കണക്ഷന് നല്കലുള്പ്പെടെയുള്ള വിവിധ പ്രവര്ത്തനങ്ങള് കുടുംബശ്രീയുടെ മള്ട്ടി ടാസ്‌ക് ടീം (എറൈസ്) അംഗങ്ങള് ഏറ്റെടുത്ത് നടപ്പിലാക്കിയിരുന്നു. 258 പഞ്ചായത്തുകളില് ജലജീവന് മിഷന്റെ പദ്ധതി നിര്വ്വഹണ ഏജന്സികള്ക്ക് പിന്തുണ നല്കുന്ന ഇംപ്ലിമെന്റിങ് സപ്പോര്ട്ട് ഏജന്സിയായി പ്രവര്ത്തിക്കാനുള്ള അവസരവും കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു. പത്ത് ജില്ലകളില് നിന്നുള്ള 162 പേര്ക്ക് ഒരാഴ്ച്ച നീളുന്ന ആദ്യഘട്ട പരിശീലനങ്ങളും ലഭ്യമാക്കിയിരുന്നു.
Content highlight
Opportunity to avail free skill training as part of Jal Jeevan Mission