വാര്‍ത്തകള്‍

കെ-ലിഫ്റ്റ് പദ്ധതി ബഹു. മന്ത്രി ശ്രീ. എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു, കുടുംബശ്രീ തിരികെ സ്‌കൂളില്‍ സമാപിച്ചു

Posted on Wednesday, February 7, 2024
'തിരികെ സ്കൂളില്‍' ക്യാമ്പയിനില്‍ നിന്നും ലഭിച്ച ഊര്‍ജം ഉള്‍ക്കൊണ്ട് മൂന്നു ലക്ഷം വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന കെ-ലിഫ്റ്റ്24 പദ്ധതി കേരളത്തിന്‍റെ സാമൂഹ്യ രംഗത്ത് പുതു ചരിത്രം സൃഷ്ടിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ അയല്‍ക്കൂട്ട ശാക്തീകരണത്തിനായി സംഘടിപ്പിച്ച 'തിരികെ സ്കൂളില്‍'  ക്യാമ്പയിന്‍റെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനവും,  ക്യാമ്പയിന്‍റെ തുടര്‍ച്ചയായി മൂന്ന്ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉപജീവനം ഒരുക്കാന്‍ ലക്ഷ്യമിട്ട് ആവിഷ്കരിച്ച  ഉപജീവന ക്യാമ്പയിന്‍ കുടുംബശ്രീ ലൈലവ്ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ കെ-ലിഫ്റ്റ്-24ന്‍റെ  ഉദ്ഘാടനവും വഴുതക്കാട് ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീയുടെ ചരിത്രത്തിലെ ഐതിഹാസിക മുന്നേറ്റമായിരുന്നു തിരികെ സ്കൂളില്‍ ക്യാമ്പയിന്‍. 2023 ഒക്ടോബര്‍ ഒന്നിനും 2023 ഡിസംബര്‍ 31നുംഇടയിലുളള പൊതു അവധി ദിനങ്ങളിലായി നടന്ന ക്യാമ്പയിനില്‍ 38,70,794 ലക്ഷംഅയല്‍ക്കൂട്ട അംഗങ്ങളാണ്  പങ്കെടുത്തത്. കുടുംബശ്രീയുടെ കീഴില്‍ ആകെയുള്ള 3,14,810 അയല്‍ക്കൂട്ടങ്ങളില്‍ 3,11,758 അയല്‍ക്കൂട്ടങ്ങളും ക്യാമ്പയിനില്‍ പങ്കാളികളായി. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു നല്‍കിയതിനൊപ്പം കേരളീയ കുടുംബങ്ങളില്‍ നല്ല മാറ്റങ്ങള്‍ക്കും ക്യാമ്പയിന്‍  വഴിയൊരുക്കി. കൂട്ടായ്മയുടെ കരുത്തില്‍ നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവിയിലെ സാധ്യതകളും വെല്ലുവിളികളും മനസിലാക്കുന്നതിനും കഴിഞ്ഞു. ഈ ക്യാമ്പയിനില്‍ നിന്നു ലഭിച്ച ഊര്‍ജം ഉള്‍ക്കൊണ്ട് നടപ്പാക്കുന്ന കെ-ലിഫ്റ്റ് 24 ഉപജീവന പദ്ധതി വഴി കേരളത്തില്‍ മൂന്നു ലക്ഷത്തിലേറെ വനിതകള്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇനി കുടുംബശ്രീ നടപ്പാക്കുന്നത്. 
 
 ബജറ്റില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിക്ക് തൊട്ടടുത്ത ദിവസം തുടക്കമിടാന്‍ കഴിയുന്ന ഒരേയൊരു പ്രസ്ഥാനവും കുടുംബശ്രീ മാത്രമാണ്. നീതി ആയോഗിന്‍റെ കണക്കുകള്‍പ്രകാരം ദാരിദ്ര്യത്തിന്‍റെകുറവ് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. ഉജ്ജീവനം പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷത്തിനുളളില്‍ അതിദരിദ്രരുടെ പട്ടികയില്‍ നിന്നും 47.9 ശതമാനം പേരെ ദാരിദ്ര്യമുക്തമാക്കാന്‍ കഴിഞ്ഞു.  2025 നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. ഇതില്‍ കുടുംബശ്രയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ നിന്ന് വരുമാനവര്‍ധനവിലേക്ക് എന്നതാണ് ഇനിയുള്ള കുടുംബശ്രീയുടെ ലക്ഷ്യം. ഒരു വര്‍ഷം കൊണ്ട് മൂന്നു ലക്ഷം വനിതകള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്നതിലൂടെ 2025 ല്‍ മറ്റൊരു ലോക റെക്കോര്‍ഡ് ലഭിക്കുന്ന പദ്ധതിയായി കെ-ലിഫ്റ്റ് 24 മാറട്ടെ എന്നും മന്ത്രി പറഞ്ഞു.

 ഏറ്റവും കൂടുതല്‍ സ്ത്രീകളെ പങ്കെടുപ്പിച്ചു കൊണ്ടു സംഘടിപ്പിച്ച ഏറ്റവും വലിയ പരിശീലന ക്യാമ്പെയ്ന്‍ എന്ന വിഭാഗത്തില്‍ ലഭിച്ച ഏഷ്യ ബുക്ക്ഓഫ് റെക്കോര്‍ഡ്സ്, ഇന്‍ഡ്യ ബുക്ക് ഓഫ്റെക്കോഡ്സ് ലോകറെക്കോര്‍ഡുകളുടെ സര്‍ട്ടിഫിക്കറ്റ് കൈമാറല്‍, 'തിരികെസ്കൂളില്‍' സുവനീര്‍ പ്രകാശനം, ഉപജീവന ക്യാമ്പയിന്‍ 'ക്ളിഫ്റ്റ് 24' കൈപ്പുസ്തകത്തിന്‍റെയും ലോഗോയുടെയും പ്രകാശനം എന്നിവയും മന്ത്രി  നിര്‍വഹിച്ചു.

തിരികെ സ്കൂളില്‍ ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിച്ച ഊര്‍ജം ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തും ലക്ഷ്യബോധവും നല്‍കുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍  ജാഫര്‍ മാലിക് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അഡീഷണല്‍ ചീഫ്സെക്രട്ടറി ശാരദമുരളീധരന്‍ 'തിരികെ സ്കൂളില്‍' ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച ജില്ലാമിഷനുകള്‍ക്കുള്ള ആദരം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം ഐ.എ.എസ്,  കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ഗീത നസീര്‍, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്  പ്രതിനിധി വിവേക് നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ സതികുമാരി എസ്, സി.ഡി.എസ് അധ്യക്ഷമാരായ സിന്ധു ശശി, വിനീത പി ഷൈന എ, ബീന പി എന്നിവര്‍ പങ്കെടുത്തു. തൊളിക്കോട് സി.ഡി.എസ് അധ്യക്ഷ ഷംന നവാസ് സ്വാഗതവും  കഞ്ഞിക്കുഴി സി.ഡി.എസിലെ ജ്യോതി ഓക്സിലറി ഗ്രൂപ്പ് അംഗം ആര്യ.എസ്.ശാന്തി നന്ദിയും പറഞ്ഞു.

രാവിലെ നടന്ന പരിപാടിയില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക് 'തിരികെസ്കൂളില്‍'-വിജയകഥ ' എന്ന വിഷയത്തെ അധികരിച്ച്സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, സി.ഡി.എസ് അധ്യക്ഷമാര്‍ എന്നിവര്‍ ക്യാമ്പയിനില്‍ പങ്കെടുത്തതിന്‍റെ അനുഭവം പങ്കു വച്ചു. കുടുംബശ്രീയുടെ ഭാവിപ്രവര്‍ത്തനങ്ങളുടെ അവതരണം, സമാപന സമ്മേളനത്തിനു ശേഷം വിവിധ ജില്ലകളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

രജതജൂബിലി പിന്നിട്ട കുടുംബശ്രീ മിഷന്‍ പുതിയവര്‍ഷത്തില്‍ ഏറ്റെടുത്തിരിക്കുന്ന നൂതനവും വിപുലവുമായ ദൗത്യങ്ങളിലൊന്നാണ് കുടുംബശ്രീ ലൈലവ്ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്ഫോര്‍മേഷന്‍-കെ-ലിഫ്റ്റ് 24. ( Kudumbashree  Livelihood Initiatative for Tansformation K-LIFT24) മൂന്ന് ലക്ഷം വനിതകള്‍ക്ക് പദ്ധതിയിലൂടെ  സുസ്ഥിര വരുമാനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിടുന്നു. ഒരുഅയല്‍ക്കൂട്ടത്തില്‍ നിന്നുംചുരുങ്ങിയത്ഒരുസംരംഭം/തൊഴില്‍ എന്ന കണക്കില്‍  ഉപജീവനമാര്‍ഗം സൃഷ്ടിച്ചു   കൊണ്ട് കുടുംബശ്രീ അംഗങ്ങള്‍ക്കും ഓക്സിലറി അംഗങ്ങള്‍ക്കും സുസ്ഥിര വരുമാനം ലഭ്യമാക്കും. 1070 സി.ഡി.എസ്സുകള്‍ക്ക്കീഴിലായി 3,16,860അയല്‍ക്കൂട്ടങ്ങളാണ് നിലവിലുള്ളത്. ഇത്രയും വനിതകള്‍ക്ക് ഉപജീവനമാര്‍ഗ്ഗംഒരുക്കുന്നതിലൂടെ ഈ കാമ്പയിന്‍ കേരളത്തിന്‍റെദാരിദ്ര്യനിര്‍മാജന രംഗത്ത് പുതിയ നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷ.
Content highlight
Minister M. B Rajesh officially declared the Closing of 'Back to School' Campaign & launched K-LIFT'24 Livelihood Campaign

വീണ്ടും കുടുംബശ്രീക്ക് ലോക റെക്കോഡ് തിളക്കം, ഇത്തവണ പാലക്കാട് നിന്ന് രണ്ട് ലോക റെക്കോഡുകള്‍!

Posted on Sunday, February 4, 2024
ഏറ്റവും കൂടുതല് വനിതകള് പത്ത് മണിക്കൂറിലധികം പാട്ടുകള് പാടിയതിന്റെയും ഏറ്റവും കൂടുതല് വനിതകള് തുടര്ച്ചയായി പരമ്പരാഗത പാട്ടുകള് പാടിയതിന്റെയും ലോക റെക്കോഡുകള് സ്വന്തമാക്കി കുടുംബശ്രീ. പാലക്കാട് ജില്ലയിലെ 'തിരികെ സ്‌കൂള്' ജില്ലാതല സമാപന ചടങ്ങുകളോട് അനുബന്ധിച്ച് ഫെബ്രുവരി 2 സംഘടിപ്പിച്ച പാട്ടുത്സവം 'സ്വരം 2k24' എന്ന പരിപാടിയിലൂടെയാണ് കുടുംബശ്രീ വനിതകള് റെക്കോഡ് നേട്ടം കൈവരിച്ചത്. ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി.രാജേഷ് രണ്ട് റെക്കോഡുകളുടെയും സാക്ഷ്യപത്രം സമാപന സമ്മേളനത്തില് പാലക്കാട് ജില്ലാ കുടുംബശ്രീ ടീമിന് കൈമാറി.
 
ജില്ലയിലെ 97 സി.ഡി.എസുകളിലേയും കുടുംബശ്രീ അംഗങ്ങളും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും ബാലസഭാംഗങ്ങളും എസ്.വി.ഇ.പി പദ്ധതി അംഗങ്ങളും കുടുംബശ്രീ ജീവനക്കാരും ഉള്പ്പെടെ 139 സംഘങ്ങള് ചേര്ന്നാണ് ഈ റെക്കോഡ് നേട്ടം കുടുംബശ്രീയ്ക്ക് സമ്മാനിച്ചത്. ജോബീസ് മാളില് സംഘടിപ്പിച്ച പരിപാടിയില് 1433 വനിതകള് 11.25 മണിക്കൂര് നേരം തുടര്ച്ചയായി പാട്ടുകള് പാടി.
 
ടാലന്റ് റെക്കോഡ് ബുക്കിന്റെ 'ലാര്ജസ്റ്റ് വുമണ് മാരത്തണ് സിങ്ങിങ്' എന്ന റെക്കോഡും യൂണിവേഴ്‌സല് റെക്കോഡ് ഫോറത്തിന്റെ 'മോസ്റ്റ് വുമണ് കണ്ടിന്യൂസ്‌ലി സിങ്ങിങ് ട്രഡീഷണല് സോങ്‌സ്' എന്ന റെക്കോഡുമാണ് കുടുംബശ്രീ നേടിയത്.
ബഹു. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള് അധ്യക്ഷയായ ചടങ്ങില് പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന് കോര്ഡിനേറ്റര് കെ.കെ ചന്ദ്രദാസ് സ്വാഗതം പറഞ്ഞു. ഗിന്നസ് സത്താര് അവാര്ഡ് പ്രഖ്യാപനം നടത്തി. സി.ഡി.എസ് ചെയര്പേഴ്‌സണ്മാര്, മറ്റ് ജൂറി അംഗങ്ങള് എന്നിവര് ചടങ്ങില് പങ്കെടുത്തു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര് സബിത മധു നന്ദി പറഞ്ഞു.
 
രാവിലെ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില് ജില്ലയിലെ പ്രായം ചെന്ന കുടുംബശ്രീ അംഗമായ ചിറ്റൂര് തത്തമംഗലം ദര്ശിനി അയല്ക്കൂട്ടാംഗം 91കാരി വള്ളിക്കുട്ടി അമ്മയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ മിഷന് കോര്ഡിനേറ്ററും ചേര്ന്ന് പൊന്നാടയണിച്ച് ആദരിച്ചു. സിനിമാ സീരിയല് താരം അട്ടപ്പാടി തായ്കുല സംഘം ഗോത്രകലാകാരിയുമായ വടുകി അമ്മ ഗാനങ്ങള് ആലപിച്ചു.
 
ds

 

Content highlight
worldrecord for kusumbahree

കുടുംബശ്രീ അട്ടപ്പാടി ട്രൈബല്‍ സ്പെഷല്‍ പോജക്ടില്‍ അവസരങ്ങള്‍

Posted on Tuesday, January 30, 2024

കുടുംബശ്രീ മുഖേന പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നടപ്പാക്കി വരുന്ന എന്‍.ആര്‍.എല്‍.എം-അട്ടപ്പാടി ട്രൈബല്‍ സ്പെഷല്‍ പോജക്ടിലെ കോ-ഓര്‍ഡിനേറ്റര്‍ (ഇന്‍സ്റ്റിറ്റ്യൂഷന്‍ ബില്‍ഡിങ്ങ് ആന്‍ഡ് കപ്പാസിറ്റി ബില്‍ഡിങ്ങ്), കോ-ഓര്‍ഡിനേറ്റര്‍(ഫാം ലൈവ്ലിഹുഡ്), ഫിനാന്‍സ് മാനേജര്‍ എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും.

അപേക്ഷകള്‍ www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. അവസാന തീയതി 5-2-2024. വിദ്യാഭ്യാസ യോഗ്യത, പ്രായം, വേതനം, പരീക്ഷാ ഫീസ് തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്സൈറ്റ് www.kudumbashree.org/careers സന്ദര്‍ശിക്കുക.  

Content highlight
Job Opportunity in Kudumbashree; Apply till 5 February 2024ds

കഫേ കുടുംബശ്രീ പ്രീമിയം- സംസ്ഥാനതല ഉദ്ഘാടനം ബഹു. മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു

Posted on Sunday, January 28, 2024

 കുടുംബശ്രീയുടെ സവിശേഷത വിശ്വാസ്യതയും കൈപ്പുണ്യവുമാണെന്നും സംരംഭങ്ങളുടെ വിജയത്തിനു കാരണം വിശ്വാസ്യത നിലനിര്‍ത്തുന്നതിലെ നിഷ്ക്കര്‍ഷയാണെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന പ്രീമീയം കഫേ ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം അങ്കമാലിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനകീയ ഹോട്ടലുകള്‍ അടക്കമുള്ള കുടുംബശ്രീയുടെ ഭക്ഷണശാലകളില്‍ മാതൃസ്നേഹം കൂടി ചേര്‍ത്തൊരുക്കുന്ന ഭക്ഷണമാണ് വിളമ്പുന്നത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്‍റെ അതേ രുചി തന്നെ നല്‍കുന്നതിനാല്‍ ആളുകള്‍ കുടുംബശ്രീയുടെ ഭക്ഷണം കഴിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. വിശ്വാസ്യതയും കൈപ്പുണ്യവും രുചിക്കൂട്ടും ചേര്‍ത്തൊരുക്കുന്ന വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ക്ക് ഇന്ന് കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും ഏറെ സ്വീകാര്യത നേടാന്‍ കഴിയുന്നു. 2023 നവംബറില്‍ സംഘടിപ്പിച്ച കേരളീയത്തിലും ഡിസംബറില്‍ ദേശീയ സരസ് മേളയിലും കുടുംബശ്രീ ഭക്ഷ്യമേളയില്‍ നിന്നും റെക്കോഡ് വിറ്റുവരവാണ് നേടിയത്.

  പ്രാദേശികമായ സ്വന്തം രുചിക്കൂട്ടുകള്‍ ചേര്‍ത്ത് സംരംഭകര്‍ തയ്യാറാക്കുന്ന വനസുന്ദരി, സോലൈ മിലന്‍, കൊച്ചി മല്‍ഹാര്‍ പോലുള്ള പ്രത്യേക വിഭവങ്ങള്‍ ഇന്ന് എല്ലാ ഭക്ഷ്യമേളകളിലും ഭക്ഷണപ്രേമികളുടെ മനം നിറയ്ക്കുന്നു. ഈ നേട്ടം പരമാവധി പ്രയോജനപ്പെടുത്തണം. അതോടൊപ്പം പ്രീമിയം കഫേകളില്‍ ഏറ്റവും മികച്ച രീതിയില്‍ ശുചിത്വം ഉറപ്പു വരുത്തുന്നതിലും നിഷ്കര്‍ഷ പാലിക്കണം. 2023ല്‍ നാലു ലോക റെക്കോഡുകള്‍ സ്വന്തമാക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. വലിയ നേട്ടങ്ങളിലേക്ക് കുതിക്കുന്ന വര്‍ഷമായിരിക്കും 2024 എന്നകാര്യത്തില്‍ സംശയമില്ല. സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന നേച്ചേഴ്സ് ഫ്രഷ് കാര്‍ഷിക ഔട്ട്ലെറ്റുകള്‍, ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന പ്രീമിയം കഫേ ശൃംഖല എന്നിവയെല്ലാം ഇതിന്‍റെ തെളിവാണ്. ഇത്രയും മഹത്തരമായ ഒരു പ്രസ്ഥാനത്തിന്‍റെ ഭാഗമാണ് തങ്ങളെന്ന അഭിമാനബോധം എല്ലാ കുടുംബശ്രീ അംഗങ്ങള്‍ക്കും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന കുടുംബശ്രീക്ക് കഫേ പ്രീമിയം ശൃംഖലയിലും മികച്ച സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് അങ്കമാലി നഗരസഭാധ്യക്ഷന്‍ മാത്യു തോമസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ഏറെ മത്സരാധിഷ്ഠിതമായ ഭക്ഷണ മേഖലയില്‍ കഫേ പ്രീമിയം ശൃംഖലയ്ക്ക് തുടക്കമിടുന്നതു വഴി ഓരോ കഫേയിലും മുപ്പത് മുതല്‍ അമ്പത് പേര്‍ക്ക് വരെ തൊഴില്‍ നല്‍കാനാവുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരണത്തില്‍ പറഞ്ഞു. പ്രീമിയം കഫേയിലെ ആദ്യ വില്‍പനയും അദ്ദേഹം നിര്‍വഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രജീന ടി.എം സ്വാഗതം പറഞ്ഞു. അങ്കമാലി നഗരസഭ ഉപാധ്യക്ഷ റീത്ത പോള്‍,  നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി പോളി, വാര്‍ഡ് കൗണ്‍സിലര്‍ മാര്‍ട്ടിന്‍ മുണ്ടാടന്‍, സി.ഡി.എസ് അധ്യക്ഷ ലില്ലി ജോണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്രീകാന്ത് എസ്. നന്ദി പറഞ്ഞു.

 

d

Content highlight
minister shri mb rajesh inaugurates kudumbashree cafe premium

നേച്ചേഴ്സ് ഫ്രഷ്' കാര്‍ഷിക ഔട്ട്ലെറ്റുകള്‍ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും: മന്ത്രി ശ്രീ എം.ബി രാജേഷ്

Posted on Saturday, January 27, 2024

കുടുംബശ്രീയുടെ കീഴിലുളള കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെ ഗുണനിലവാരമുളള ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി ബ്ളോക്ക്തലത്തില്‍ തുടങ്ങുന്ന നേച്ചേഴ്സ് ഫ്രഷ്'  കാര്‍ഷിക ഔട്ട്ലെറ്റുകള്‍ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന്  തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം.ബി രാജേഷ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന 'നേച്ചേഴ്സ് ഫ്രഷ്' കാര്‍ഷിക ഔട്ട്ലെറ്റിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വര്‍ക്കല ബ്ളോക്ക് പഞ്ചായത്തില്‍ ജനുവരി 25ന്‌ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


പദ്ധതിയുടെ ആദ്യഘട്ടമായി എല്ലാ ബ്ളോക്കിലുമായി 100 നേച്ചേഴ്സ് ഫ്രഷ് ഔട്ട്ലെറ്റുകള്‍ ആരംഭിക്കും.   അതിനു ശേഷം സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. നിത്യേനയുള്ള ഉപയോഗത്തിനായി പച്ചക്കറികളും പഴങ്ങളും നമുക്കാവശ്യമാണ്. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുളള 81304 കര്‍ഷക സംഘങ്ങളിലായി 378138 വനിതകള്‍ 12819 ഹെക്ടറില്‍ കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് പുതുതായി ആരംഭിച്ച കാര്‍ഷിക ഔട്ട്ലെറ്റുകള്‍ വഴി മികച്ച വിപണി ലഭ്യമാകും. കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള മികച്ച മാര്‍ഗമായിരിക്കും ഇത്. കൂടാതെ കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന മറ്റുല്‍പ്പന്നങ്ങളും ഇതുവഴി വിറ്റഴിക്കാനാകും. 2024 ല്‍ രാജ്യത്തിനു മാതൃകയാകുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി  വലിയ കുതിപ്പുകള്‍ക്ക് കുടുംബശ്രീ തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.

 ഒ.എസ് അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ചു.  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത് നഗരസഭാധ്യക്ഷന്‍ കെ.എം ലാജിക്കു നല്‍കി ആദ്യ വില്‍പ്പന നിര്‍വഹിച്ചു.  കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.സജീവ് കുമാര്‍ വയോജന അയല്‍ക്കൂട്ടത്തിലെ മികച്ച കര്‍ഷകയായി തിരഞ്ഞെടുത്ത ഫ്രീദാ ഫ്രാങ്ക്ളിനെ ആദരിച്ചു. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ് ബാലസഭാംഗങ്ങളില്‍ നിന്നും മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത സ്മൃജിത്ത് എയെ ആദരിച്ചു. കുടുംബശ്രീ അംഗങ്ങളും ബാലസഭാംഗങ്ങളും കൈകൊട്ടിക്കളി അവതരിപ്പിച്ചു.  

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.ഷൈലജ ബീഗം, വര്‍ക്കല നഗഗരസഭാധ്യക്ഷന്‍ കെ.എം ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എസ് ശശികല, എ.നഹാസ്, ബീന പി, ഷീജ സുനിലാല്‍, എ.ബാലിക്, പ്രിയങ്ക ബിറിള്‍, സൂര്യ ആര്‍, വര്‍ക്കല ബ്ളോക്ക് സ്ഥിരം സമിതി അധ്യക്ഷരായ അക്ബര്‍,സീനത്ത്, സുനിത എസ്.ബാബു, ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മനോജ്.എം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.പ്രിയദര്‍ശിനി, ബ്ളോക്ക് പഞ്ചായത്ത്  അംഗം രജനി അനില്‍, വര്‍ക്കല ബ്ളോക്ക് എ.ഡി.എ പ്രേമവല്ലി എം, ചെറുന്നിയൂര്‍ മെമ്പര്‍ സെക്രട്ടറി നിഷാദ് എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ അഡ്വ. സ്മിത സുന്ദരേശന്‍ സ്വാഗതവും ചെറുന്നിയൂര്‍ സി.ഡി.എസ് അധ്യക്ഷ ബിന്ദു ഷിബു നന്ദിയും പറഞ്ഞു.  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ഫാം ലൈവലിഹുഡ് പദ്ധതിയുടെ ഭാഗമായാണ് കാര്‍ഷിക ഔട്ട്ലെറ്റുകള്‍ ആരംഭിക്കുന്നത്. കുടുംബശ്രീയുടെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്കും മറ്റു മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ക്കും വിപണി കണ്ടെത്താനും പൊതുജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനും നേച്ചേഴ്സ് ഔട്ട്ലെറ്റുകള്‍ പ്രയോജനപ്പെടും.

Content highlight
agri kiosk to be started at lsgd level - minister mb rajesh

വരുന്നൂ 'നേച്ചേഴ്‌സ് ഫ്രഷ്': വിഷരഹിത ഉല്‍പന്നങ്ങളുമായി കുടുംബശ്രീയുടെ കാര്‍ഷിക ഔട്ട്‌ലെറ്റുകള്‍

Posted on Wednesday, January 24, 2024

വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും കേരളത്തിലെമ്പാടും വിപണനത്തിന് സജ്ജമാക്കി കുടുംബശ്രീയുടെ കാര്‍ഷിക ഔട്ട്‌ലെറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു. കഫേ കുടുംബശ്രീ മാതൃകയില്‍  'നേച്ചേഴ്‌സ് ഫ്രഷ്' എന്ന ബ്രാന്‍ഡിലാണ് കുടുംബശ്രീ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കിയോസ്‌കുകളുടെ ശൃംഖല വരുന്നത്. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായാണ് കാര്‍ഷിക ഔട്ട്‌ലെറ്റുകളുടെ  തുടക്കം.
 
സംസ്ഥാനത്തെ  എല്ലാ ബ്‌ളോക്കിലും ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആദ്യഘട്ടമായി നൂറ് 'നേച്ചേഴ്‌സ് ഫ്രഷ്' കിയോസ്‌കുകള്‍ പ്രവര്‍ത്തനമാരംഭിക്കും. ഇവയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ജനുവരി 25ന് ഉച്ചയ്ക്ക് മൂന്നിന് വര്‍ക്കല ചെറിന്നിയൂരില്‍ നിര്‍വഹിക്കും.  

കുടുംബശ്രീയുടെ കാര്‍ഷിക സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും പൊതുജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കികള്‍ ലഭ്യമാക്കാനും നേച്ചേഴ്‌സ് ഫ്രഷ് ഔട്ട്‌ലെറ്റുകള്‍ പ്രയോജനപ്പെടും. സംസ്ഥാനത്ത് കുടുംബശ്രീയുടെ 81034 കര്‍ഷക സംഘങ്ങളിലായി 3,78,138 വനിതാ കര്‍ഷകര്‍ വിവിധയിനം പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തു വരുന്നുണ്ട്. ആകെ 12819.71 ഹെക്ടറില്‍ കൃഷി ചെയ്യുന്നതു വഴി ലഭിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനത്തിന് ഇതു വരെ പ്രധാനമായും നാട്ടുചന്തകളെയാണ് ആശ്രയിച്ചിരുന്നത്. ഏകീകൃത സ്വഭാവത്തോടെ നേച്ചേഴ്‌സ് ഫ്രഷ് കിയോസ്‌കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കടക്കം കൂടുതല്‍ പ്രചാരണവും മൂല്യവും ഉറപ്പാക്കാനാകും. ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാകുന്നതു വഴി ഉപഭോക്താക്കള്‍ക്കും പദ്ധതി ഗുണകരമാകും.

അതത് സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് നേച്ചേഴ്‌സ് ഫ്രഷ് കിയോസ്‌കുകളുടെ പ്രവര്‍ത്തനം വിഭാവനം ചെയ്തിരിക്കുന്നത്. കുടുംബശ്രീ മിഷന്‍ ഓരോ കിയോസ്‌കിനും രണ്ട് ലക്ഷം രൂപ വീതം സി.ഡി.എസുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഒരു കുടുംബശ്രീ അംഗത്തിന് ഓരോ കിയോസ്‌കിലും വിപണന ചുമതലയുണ്ടായിരിക്കും. ഇവര്‍ക്ക് പ്രതിമാസം 3600 രൂപ ഓണറേറിയവും വിറ്റുവരവിന്റെ ലാഭത്തിന്റെ മൂന്നു ശതമാനവും വേതനമായി ആദ്യ ഒരു വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തിട്ടുള്ള കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ വഴിയാണ് ഉല്‍പന്ന സംഭരണം. കെട്ടിടങ്ങള്‍ നിലവിലുള്ള ബ്‌ളോക്കുകളില്‍ കുറഞ്ഞത് 150 ചതുരശ്ര അടിയും കെട്ടിട സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ 100 ചതരശ്ര അടിയും ആണ് കെട്ടിടങ്ങളുടെ വിസ്തീര്‍ണം നിശ്ചയിച്ചിരിക്കുന്നത്.    

പദ്ധതി പ്രകാരം തിരുവനന്തപുരം(9),കൊല്ലം(8), പത്തനംതിട്ട(5), ആലപ്പുഴ(5), ഇടുക്കി(8), കോട്ടയം(8), എറണാകുളം(6), തൃശൂര്‍(8), പാലക്കാട്(4), മലപ്പുറം(8), കോഴിക്കോട്(8), കണ്ണൂര്‍(8), വയനാട്(5), കാസര്‍കോട്(10) എന്നിങ്ങനെ ജില്ലകളില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുക. ഉല്‍പന്നങ്ങള്‍ക്ക് സ്ഥിര വിപണി ലഭ്യമാകുന്നതോടെ ഉല്‍പാദനവും വിപണനവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിടുന്നു.

ഉദ്ഘാടന ചടങ്ങില്‍ അഡ്വ.വി.ജോയ് ആദ്യവില്‍പന നിര്‍വഹിക്കും. ഒ.എസ് അംബിക എം.എല്‍.എ അധ്യക്ഷത വഹിക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, പദ്ധതി വിശദീകരിക്കും. തദ്ദേശഭരണ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.

 

Content highlight
Kudumbashree to start natures frsh agri kosk to sell agri products

ബഡ്സ് സംസ്ഥാന കലോത്സവം 'തില്ലാന' - കലാകിരീടം ചൂടി വയനാട്

Posted on Tuesday, January 23, 2024

പരിമിതികളില്ലാത്ത കലാ വിരുന്നൊരുക്കി  ആര്‍ദ്രമായ രണ്ടു രാപ്പകലുകള്‍ കലയുടെ ഉത്സവം തീര്‍ത്ത കുടുംബശ്രീ ബഡ്സ് കലാമേളയില്‍ വയനാട് ജില്ല കിരീടം ചൂടി. മാറി മറിഞ്ഞ പോയിന്റുകള്‍ക്കിടെ ഫോട്ടോഫിനിഷിലാണ് 43 പോയിന്റോടെ വയനാട് ജില്ല കലാകിരീടത്തിന് മുത്തമിട്ടത്. ഞായറാഴ്ച ഉച്ചവരെ വയനാട് ജില്ല തന്നെയായിരുന്നു മുന്നില്‍. അവസാനം നിമിഷങ്ങളില്‍ തൃശൂര്‍ ജില്ല മുന്നേറ്റം നടത്തിയതോടെയാണ് കലോത്സവം ആവേശത്തേരിലേറിയത്. അവസാന ഇനമായ സംഘനൃത്തത്തില്‍ ഒന്നാംസ്ഥാനം നേടിയതോടെ കലാകിരീടം വയനാട് ഉറപ്പിച്ചു. 37 പോയിന്റോടെ തൃശൂര്‍ ജില്ല രണ്ടാംസ്ഥാനവും 27 പോയിന്റോടെ എറണാകുളം ജില്ല മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പുരസ്‌കാരം സമ്മാനിച്ചു.

  വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാര്, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. 18 ഇനങ്ങളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 300 ഓളം കലാപ്രതിഭകളാണ് മാറ്റുരച്ചത്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ കലാപ്രതിഭകളായി വയനാട് ജില്ലയിലെ വി ജെ അജവിനെയൂം അമയ അശോകനെയും തെരഞ്ഞെടുത്തു. ബഡ്സ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉല്‍പ്പന്ന പ്രദര്‍ശന സ്റ്റാളുകളില്‍ ഏറ്റവും മിക്ച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്‌കാരം നേടിയ ആലപ്പുഴ, എറണാകളം, കണ്ണൂര്‍, കൊല്ലം ജില്ലകള്‍ക്കുള്ള സമ്മാനവും സ്പീക്കര്‍ വിതരണം ചെയ്തു.

  തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നടന്ന കലോത്സവ സമാപനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയരക്ടര്‍ ജാഫര്‍ മാലിക് മുഖ്യാതിഥിയായി. കോര്‍പ്പറേഷന്‍ മേയര്‍ ഇന്‍ചാര്‍ജ് കെ ഷബീന, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യു പി ശോഭ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി സി ഗംഗാധരന്‍, ധര്‍മടം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി സീമ, ബൈജു നങ്ങാറത്ത്, കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്, അഞ്ചരക്കണ്ടി ബിആര്‍സി വിദ്യാര്‍ഥി പിപി ആദിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

  ബഡ്സ് വിദ്യാര്‍ഥികള്‍ അരിക് വല്‍കരിക്കപ്പെട്ടവരല്ലെന്നും ഇച്ഛാശക്തിയുടെ പ്രതീകങ്ങളാണെന്നും നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍. കുടുംബശ്രീ സംഘടിപ്പിച്ച ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഡ്സ് സ്ഥാപനങ്ങളില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ സര്‍ഗവാസനകള്‍ കണ്ടെത്തി പരിപോഷിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടത്തുന്നത്. ബഡ്സ് വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനാണ്. പ്രതിഭാശാലികളായ കുട്ടികളാണ് ബഡ്സ് സ്ഥാപനങ്ങളിലുള്ളത്. ബഡ്സ് സ്‌കൂളുകളിലെഅധ്യാപകരുടെ കഠിനാധ്വാനവും സമര്‍പ്പണവും വിലമതിക്കാനാകാത്തതാണ്. ബഡ്സ് സ്ഥാപനങ്ങളില്‍ ആവശ്യമായ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കേണ്ട ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുണ്ടെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

 

 

Content highlight
wayanad won the overall championship in the state buds fest

കുടുംബശ്രീ ബഡ്സ് സംസ്ഥാന കലോത്സവം 'തില്ലാന-2024'ന് വര്‍ണ്ണാഭ തുടക്കം - മന്ത്രി ശ്രീ എം.ബി രാജേഷ് കലോത്സവത്തിന് തിരി തെളിയിച്ചു

Posted on Saturday, January 20, 2024

സര്‍ഗാത്മകതയുടെ കരുത്തുകൊണ്ട് കലയുടെ വസന്തമൊരുക്കി കുടുംബശ്രീ ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവം 'തില്ലാന-2024'ന് ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജിലെ സൂര്യകാന്തിയില്‍ തുടക്കമായി. സദസില്‍ നിറഞ്ഞ മത്സരാര്‍ത്ഥികളെയും രക്ഷിതാക്കളെയും സാക്ഷി നിര്‍ത്തി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് കലോത്സവത്തിന് തിരി തെളിയിച്ചു.

 ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലോത്സവം സംഘടിപ്പിക്കുന്നതു പോലെ അടുത്ത വര്‍ഷം മുതല്‍ കായിക മേളയും സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നിരന്തരമായ പരിശീലനത്തിലൂടെ അഞ്ചു വര്‍ഷം കൊണ്ട് കലാരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാന്‍ സാധാരണ കുട്ടികളെ പോലെ ബഡ്സ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും സാധിച്ചിട്ടുണ്ട്. കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളില്‍ കായിക മികവുള്ള നിരവധി കുട്ടികളുണ്ട്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കായികരംഗത്തേക്ക് കൊണ്ടു വരുന്നതിലൂടെ മികച്ച പ്രതിഭകളെ കണ്ടെത്താനാകും.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാമൂഹിക മുന്നേറ്റത്തിനൊപ്പം സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനുള്ള മാര്‍ഗങ്ങള്‍ കൂടി ലഭ്യമാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. അതിനായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും സ്വന്തമായി ഉപജീവനമാര്‍ഗമൊരുക്കാനും അതുവഴി അവരെ സമഗ്രവികാസം കൈവരിക്കാന്‍ സഹായിക്കുന്നതിനുമാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍. ഇതിനായി കുട്ടികള്‍ തയ്യാറാക്കുന്ന വിവിധ ഉല്‍പന്നങ്ങള്‍ 'ഇതള്‍' എന്ന പേരില്‍ ഏകീകൃത ബ്രാന്‍ഡിങ്ങ് നടത്തി വിപണിയിലിറക്കുന്നതിനായി ആവിഷ്ക്കരിച്ച  പരിപാടികള്‍ അന്തിമഘട്ടത്തിലാണ്. സംസ്ഥാനത്ത് നിലവില്‍ 359 ബഡ്സ് സ്ഥാപനങ്ങളുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് കൂടുതല്‍ ബഡ്സ് സ്കൂളുകള്‍ ആരംഭിക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കുടുംബശ്രീ നിര്‍വഹിക്കുന്ന ഏറ്റവും മികച്ച സാമൂഹ്യ ഉത്തരവാദിത്വമാണ് ബഡ്സ് സ്ഥാപനങ്ങള്‍.  കാല്‍നൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീ കാലത്തിനനുസൃതമായി നവീകരിച്ചു കൊണ്ട് പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന വര്‍ഷമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.  ബഡ്സ് സ്ഥാപനങ്ങളുടെ 20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന തീം സ്റ്റാളിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരണം നടത്തി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്‍ ബഡ്സ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന സ്റ്റാളിന്‍റെ ഉദ്ഘാനം നിര്‍വഹിച്ചു.  കൊളശ്ശേരി ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥിയായ ശ്യാമള സ്വന്തമായി ചെയ്ത എംബോസ് പെയിന്‍റിങ്ങ് മന്ത്രി എം.ബി രാജേഷിനു സമ്മാനിച്ചു.

കല്യാശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ഷാജിന്‍, തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ രാജീവന്‍, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.ക രവി, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രന്‍, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് അംഗം അഭിലാഷ് വേലാണ്ടി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ അരുണ്‍ ടി.ജെ, ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.വാസന്തി ജെ, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി.ബിജു, ധര്‍മ്മടം സി.ഡി.എസ് അധ്യക്ഷ എമിലി ജെയിംസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത് സ്വാഗതവും കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത് നന്ദിയും പറഞ്ഞു. രാവിലെ മട്ടന്നൂര്‍ ബഡ്സ് സ്കൂള്‍ ജീവനക്കാര്‍ അവതരിപ്പിച്ച 'അമ്മ' സംഗീതശില്‍പം, തുടര്‍ന്ന് ഓക്സിലറി ഗ്രൂപ്പ് അംഗമായ സ്നിയ അനീഷ് കുടുംബശ്രീ മുദ്രഗീതത്തിന്‍റെ നൃത്താവിഷ്കാരം എന്നിവയും വേദിയില്‍ അരങ്ങേറി.

hm

 

Content highlight
kudumbashree buds festival starts

സംസ്ഥാന ബഡ്‌സ് കലോത്സവം കണ്ണൂരില്‍, ലോഗോ പ്രകാശനം ചെയ്തു

Posted on Tuesday, January 16, 2024
ജനുവരി 20,21 തീയതികളില് കണ്ണൂര് ആതിഥ്യമരുന്ന സംസ്ഥാന ബഡ്‌സ് കലോത്സവം 'തില്ലാന'യുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിര്വഹിച്ചു. തലശ്ശേരി ബ്രണ്ണന് കോളേജില് സംഘടിപ്പിക്കുന്ന കലോത്സവത്തില് ജില്ലാതല വിജയികളായ 300ലേറെ ബഡ്‌സ് പരിശീലനാര്ത്ഥികള് പങ്കെടുക്കും. 18 ഇനം മത്സരങ്ങളാണുണ്ടാകുക.
 
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്ക്കായി കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്ന്ന് പ്രവര്ത്തിപ്പിക്കുന്ന 359 ബഡ്‌സ് സ്ഥാപനങ്ങളാണ് (ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റീഹാബിലിറ്റേഷന് സെന്ററുകളും -ബി.ആര്.സി) സംസ്ഥാനത്തുള്ളത്. ഈ സ്ഥാപനങ്ങളിലെ പരിശീലനാര്ത്ഥികളുടെ മാനസിക ഉന്മേഷത്തിനും അവര്ക്ക് കലാപരമായ കഴിവുകള് പ്രകടിപ്പിക്കുന്നതിനുമുള്ള വേദി ഒരുക്കുന്നതിനായാണ് എല്ലാവര്ഷവും കുടുംബശ്രീ ജില്ലാ, സംസ്ഥാനതല ബഡ്സ് കലോത്സവങ്ങള് സംഘടിപ്പിക്കുന്നത്.
 
ജനുവരി 11ന്  ജില്ലാ പഞ്ചായത്തില് സംഘടിപ്പിച്ച ലോഗോ പ്രകാശന ചടങ്ങില് കുടുംബശ്രീ കണ്ണൂര് ജില്ലാ മിഷന് കോര്ഡിനേറ്റര് ഡോ. എം സുര്ജിത്, ഇ.വി. വിജയന് മാസ്റ്റര്, ജില്ലാ പഞ്ചായത്ത് എഫ്.ഒ മുകുന്ദന്, സീനിയര് സൂപ്രണ്ട് സന്തോഷ് കുമാര്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്മാരായ ആര്യ, വിനേഷ്. പി, ബ്ലോക്ക് കോര്ഡിനേറ്റര്മാരായ അഞ്ജന, ആഹ്ലാദ് ടി എന്നിവര് പങ്കെടുത്തു.
 
നിലവില് ബഡ്‌സ് സ്ഥാപങ്ങളിലൂടെ 11,642 പരിശീലനാര്ത്ഥികള്ക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം, തൊഴില് പരിശീലനം എന്നിവയ്ക്ക് പിന്തുണ നല്കിവരുന്നു.
Content highlight
buds fest to be conducted at Kannur, logo released

കുടുംബശ്രീ ഉത്പന്ന ബ്രാൻഡിങ് : സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശ്രീ. എം.ബി. രാജേഷ് നിർവഹിച്ചു

Posted on Tuesday, January 16, 2024
കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന കറിപൗഡർ, മസാലപ്പൊടികൾ, ധാന്യപ്പൊടികൾ, എന്നിങ്ങനെ 15 ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് ഏകീകൃത സ്വഭാവത്തോടെ വിപണിയിലിറക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം  മലപ്പുറത്ത് ജനുവരി 12ന് സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂരിൽ ആരംഭിച്ച പദ്ധതി മലപ്പുറം, കോട്ടയം, തൃശൂർ ജില്ലകളിലേക്ക് കൂടി ഇതോടെ വ്യാപിപ്പിച്ചു. ഉടൻ തന്നെ രണ്ട് ജില്ലകളിൽ പദ്ധതി ആരംഭിക്കും.
 
റോസ് ലോഞ്ച് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ കളക്ടര് വി.ആര് വിനോദ് ഐ.എ.എസ് മുഖ്യാതിഥിയായി.
 
മലപ്പുറം ജില്ലാ മിഷന്റെ നൂതന തനത് പദ്ധതികൾ മലപ്പുറം ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ.കെ.കക്കൂത്ത് മന്ത്രിക്ക് സമർപ്പിച്ചു.കൂടാതെ മലപ്പുറം ജില്ലയുടെ മാതൃകം ഡിജിറ്റൽ മാഗസിന്റെ മൂന്നാം ലക്കം അദ്ദേഹം പ്രകാശനവും ചെയ്തു.
കോഡൂര് പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്, വാര്ഡംഗം കെ.എന് ഷാനവാസ്, കുടുംബശ്രീ
ഗവേണിംഗ് ബോഡി അംഗം പി.കെ സൈനബ, സി.ഡി.എസ് ചെയര്പേഴ്‌സണ് ഷബ്‌ന റാഫി, ജില്ലാ കറിപൗഡര് കണ്സോര്ഷ്യം പ്രസിഡന്റ് വി. ബിന്ദു, കുടുംബശ്രീ തൃശൂര് ജില്ലാ മിഷന് കോര്ഡിനേറ്റര് ഡോ. എസ്. കവിത, കോട്ടയം ജില്ലാ മിഷന് കോര്ഡിനേറ്റര് പ്രശാന്ത് ബാബു, കുടുംബശ്രീ പ്രോഗ്രാം ഓഫീസര് എ.എസ്. ശ്രീകാന്ത് നന്ദി പറഞ്ഞു.
 
dsd

 

Content highlight
minister shri MB Rajesh launched kudumbashree branded products