കുടുംബശ്രീ "പുനർജീവനം 2.0' കാർഷിക പദ്ധതി: രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് ഇടുക്കിയിൽ തുടക്കം

Posted on Sunday, September 28, 2025

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത്  നടപ്പാക്കുന്ന "പുനർജീവനം ' കാർഷിക പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് ഇടുക്കി തൊടുപുഴയിൽ തുടക്കം. സമ്പുഷ്ടീകരിച്ച മധുരക്കിഴങ്ങിന്റെ കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം മധുരക്കിഴങ്ങിന്റെ മൂല്യവർധനവിലൂടെ തദ്ദേശീയ മേഖലയിലെ വനിതാ കർഷകർക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്നതിനായി കുടുംബശ്രീ ആവിഷ്ക്കരിച്ചു കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തിന്റെ പട്ടികവർഗ ഉപപദ്ധതിയുമായി സഹകരിച്ചു കൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണ് പുനർജീവനം.

കഴിഞ്ഞ വർഷം അട്ടപ്പാടിയിൽ നടത്തിയ ആദ്യഘട്ട പ്രവർത്തനങ്ങളിൽ കർഷകർക്ക് മികച്ച വരുമാനലഭ്യത ഉറപ്പു വരുത്താൻ കഴിഞ്ഞിരുന്നു. ഇതേ തുടർന്നാണ് പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട്  ജില്ലകളിൽ ഈ വർഷം പദ്ധതി നടപ്പാക്കും.

ഇടുക്കി വെള്ളിയാമറ്റം സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെയും ഇതിന്റെ ഭാഗമായുള്ള കാർഷിക സംരംഭകത്വ വികസന പരിശീലന ശിൽപശാലയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ നിർവഹിച്ചു. ഇടുക്കിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന പദ്ധതിയാണ് പുനർജീവനമെന്നും ഗുണഭോക്താക്കളായ കർഷക വനിതകൾക്ക് വരുമാനം ലഭ്യമാക്കുന്നതിനൊപ്പം കാർഷിക സംസ്ക്കാരം വീണ്ടെടുക്കാനും പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യകരമായ ജീവിതത്തിനാവശ്യമായ മൈക്രോ ന്യൂട്രീയന്റുകളും ആന്റിഒാക്സിഡന്റുകളും ഫൈബറുകളും അടങ്ങിയിട്ടള്ള പോഷകസമ്പുഷ്ടമായ ഭക്ഷ്യവിഭവമാണ് മധുരക്കിഴങ്ങെന്നും കർഷകർക്ക് ഇടവിളയായി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച വിളയാണിതെന്നും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ-കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.ജി.ബൈജു  മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. പുനർജീവനം 2.0 പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ  ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.  

ശാസ്ത്രഗവേഷകർ കണ്ടെത്തുന്ന അറിവുകൾ പ്രയോജനപ്പെടുത്തി സാധാരണക്കാരായ വനിതകൾക്ക് മികച്ച  ഉപജീവന മാർഗമൊരുക്കാൻ കുടുംബശ്രീയും കേന്ദ്ര കിഴങ്ങ്വിള ഗവേഷണ കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന കാർഷിക പദ്ധതി സമൂഹത്തിന് ഏറെ പ്രയോജനകരമാകുമെന്ന് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അരുണാചലം പറഞ്ഞു.

വെള്ളിയാമറ്റം സി.ഡി.എസിൽ തദ്ദേശീയവിഭാഗത്തിൽ നിന്നും തിരഞ്ഞെടുത്ത പദ്ധതി ഗുണഭോക്താക്കളായ 40 വനിതാ കർഷകർക്ക് മധുരക്കിഴങ്ങ് കൃഷി ചെയ്യുന്നതിനാവശ്യമായ നടീൽ വസ്തുക്കൾ, ജൈവ വളങ്ങൾ, കാർഷികോപകരണങ്ങൾ എന്നിവ ചടങ്ങിൽ വിതരണം ചെയ്തു.

കുടുംബശ്രീ മുഖേന അട്ടപ്പാടിയിൽ നടപ്പാക്കിയ പുനർജീവനം പദ്ധതിയുടെ ആദ്യഘട്ടം വലിയ വിജയം കൈവരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മറ്റു ജില്ലകളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കുന്നതെന്ന് സ്വാഗത പ്രസംഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ പറഞ്ഞു.  

വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ഷാനവാസ് പദ്ധതി വിശദീകരിച്ചു. പൂമാല ബ്ളോക്ക് ഡിവിഷൻ അംഗം കെ.എസ് ജോൺ, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ രാജു കുട്ടപ്പൻ, വെള്ളിയാമറ്റം സി.ഡി.എസ് അധ്യക്ഷ രേഷ്മ സി.രവി, മെമ്പർ സെക്രട്ടറി സ്മിത മോൾ കെ.ജി, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ, കൃഷി ഒാഫീസർ നിമിഷ അഗസ്റ്റിൻ, ട്രൈബൽ എക്സ്റ്റൻഷൻ ഒാഫീസർ ലിജി കെ.ടി, സി.ഡി.എസ് ഉപാധ്യക്ഷ ഗ്രീഷ്മ പി.ജി എന്നിവർ ആശംസിച്ചു.   ജില്ലാ മിഷൻ കോർഡിനേറ്റർ(ഇൻ ചാർജ്ജ്) ജി.ഷിബു നന്ദി പറഞ്ഞു.

മികച്ച വരുമാനദായകവിളയായ സമ്പൂഷ്ടീകരിച്ച മധുരക്കിഴങ്ങ് ഇനങ്ങളും അവയുടെകൃഷി രീതിയും മൂല്യവർധിത ഉൽപന്നങ്ങളും ശിൽപശാലയിൽ പരിചയപ്പെടുത്തി.   "കിഴങ്ങുവർഗ വിളകളുടെ കൃഷിയും പരിപാലനരീതിയും', "മൂല്യവർധിത ഉൽപന്ന നിർമാണ പരിശീലനം,' "ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന സേവനങ്ങളും പരിശീലനങ്ങളും-ആമുഖം' എന്നീ വിഷയങ്ങളിൽ യഥാക്രമം  കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എം.എസ് സജീവ്, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സയന്റിസ്റ്റ് ഡോ. രമേഷ് കുമാർ എന്നിവർ ക്ളാസുകൾ നയിച്ചു. വെള്ളിയാമറ്റം സി.ഡി.എസിലെ തദ്ദേശീയ വിഭാഗത്തിൽ നിന്നുള്ള കർഷകർ, അനിമേറ്റർമാർ, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ സംസ്ഥാന ജില്ലാമിഷൻ ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു.

 കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത വിവിധ കിഴങ്ങുവിളകൾ, മൂല്യവർധിത ഉൽപന്നങ്ങൾ, പാലോട് കെ.എസ്.സി.എസ്.ടി.ഇ-ജെ.എൻ.ടി.ബി.ജി.ആർ.ഐ വികസിപ്പിച്ചെടുത്ത ഉൽപന്നങ്ങൾ,  അട്ടപ്പാടിയിലെ കർഷകരുടെയും തൊടുപുഴ സമസ്ത കുടുംബശ്രീ യൂണിറ്റിന്റെയും വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും ശിൽപശാലയോടനുബന്ധിച്ച് സംഘടിപ്പിച്ചു.

Content highlight
Kudumbashree Punarjeevanam2.0 starts