സി.ഡി.എസുകൾക്ക് ലഭിച്ച ഐ.എസ്.ഒാ അംഗീകാരം കുടുംബശ്രീയുടെ വികസന പ്രവർത്തനങ്ങൾക്ക് കരുത്തു നൽകും: മന്ത്രി എം. ബി രാജേഷ്

Posted on Saturday, September 27, 2025

സമഗ്രമായ പ്രവർത്തന മികവിന് സി.ഡി.എസുകൾക്ക് ലഭിച്ച ഐ .എസ്.ഒാ അംഗീകാരം കുടുംബശ്രീയുടെ ഭാവി വികസന പ്രവർത്തനങ്ങൾക്ക് കരുത്തു നൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 617 സിഡിഎസുകൾക്ക് പ്രവർത്തന മികവിൽ ഐഎസ്ഒ അംഗീകാരം ലഭിച്ചതിന്റെ സംസ്ഥാതല പൂർത്തീകരണ പ്രഖ്യാപനവും കൊല്ലം ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളുടെ സമ്പൂർണ  ഐ.എസ്.ഒ പ്രഖ്യാപനവും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ആദ്യമായി ഐഎസ്ഒ  അംഗീകാരം നേടിയ സി.ഡി.എസുകൾക്കുള്ളപുരസ്കാര വിതരണവും കൊല്ലം സി.കേശവൻ മെമ്മോറിയൽ ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ 617 സി.ഡി.എസുകൾക്കാണ് ഐഎസ്ഒ അംഗീകാരം ലഭിച്ചിട്ടുള്ളത്. അടുത്ത വർഷം 1070 സി.ഡി.എസുകൾക്കും അംഗീകാരം കൈവരിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീ ജീവിതത്തെ മാറ്റുക എന്നാൽ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക എന്നതാണ് അർത്ഥം. കുടുംബശ്രീ വനിതകളുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാംസ്കാരിക ശാക്തീകരണത്തിന് കുടുംബശ്രീ വളരെ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. കുടുംബശ്രീ കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളെ സാമൂഹ്യജീവിതത്തിന്റെ മുഖ്യധാരയിൽ എത്തിച്ചെന്ന് സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾക്ക് ദേശീയതലത്തിൽ ഏറ്റവും മികച്ച പഠനമാതൃകയാണ് കുടുംബശ്രീ. സംരംഭകത്വം വളർത്തൽ, അതിന് പ്രോത്സാഹനം നൽകൽ എന്നിവയ്ക്കൊപ്പം സ്ത്രീകൾക്ക് ഇനി വേതനാധിഷ്ഠിത തൊഴിലും നൽകുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തുന്നതിനു വേണ്ടിയാണിത്. നിലവിൽ ഇത് 20 ശതമാനമാണ്. ഇത് 50 ശതമാനമാക്കി ഉയർത്തും. ഇത് കുടുംബത്തിന്റെയും സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെയും വളർച്ചയ്ക്ക് സഹായകമാകും.  

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഇതു വരെ 1,21,000 ത്തിൽ അധികം തൊഴിലുകൾ കണ്ടെത്തി. ഇതിൽ 43000 പേർക്ക് തൊഴിൽ ലഭ്യമാക്കി കഴിഞ്ഞു.  
പുതിയ മേഖലകളിലേക്ക് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെയും വിപുലീകരിക്കുന്നതിന്റെയും ഭാഗമായി കാർഷിക മൃഗസംരക്ഷണ മേഖലകളിലടക്കം നൂതനമായ നിരവദി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്. 184 ടെക്നോളജികൾ ഉപയോഗിച്ചു കൊണ്ട് കാർഷികമേഖലയ്ക്ക് കുതിപ്പു നൽകാൻ കെ-ടാപ് പദ്ധതി ആരംഭിച്ചു. ഒാണക്കാലത്ത് പൂവും പച്ചക്കറിയും വിപണനം ചെയ്ത് 44 കോടിയിലേറെ രൂപയാണ് വിറ്റുവരവ് നേടിയത്. കേരള ചിക്കൻ പദ്ധതി വഴി 400 കോടിയിലേറെ വിറ്റുവരവും നേടിയിട്ടുണ്ട്. ഐ.എസ്.ഒാ സർട്ടിഫിക്കേഷൻ ലഭ്യമാകുന്നതിലൂടെ കേരളീയ സ്ത്രീജീവിതത്തെ മുന്നോട്ടു നയിക്കാനുളള കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 617 സി.ഡി.എസുകൾക്ക് ഐ.എസ്.ഒാ അംഗീകാരം ലഭ്യമാക്കുന്നതിൽ വലിയ തോതിൽ പിന്തുണ നൽകിയ കില, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയെ അഭിനന്ദിച്ച മന്ത്രി, അരുന്ധതി റോയി രചിച്ച ഏറ്റവും പുതിയ പുസ്തകം മദർ മേരി കംസ് ടു മി തനിക്ക് സമ്മാനിച്ചതിന് ജില്ലാ മിഷൻ അധികൃതർക്ക് പ്രതേ്യകം നന്ദി പറഞ്ഞു.

സംസ്ഥാനമായി ആദ്യമായി ഐ.എസ്.ഒാ അംഗീകാരം നേടിയ വെങ്ങപ്പള്ളി(വയനാട്), പരവൂർ(കൊല്ലം), ഭരണങ്ങാനം(കോട്ടയം), ഇരവിപേരൂർ(പത്തനംതിട്ട), നൂറനാട്, കൃഷ്ണപുരം(ആലപ്പുഴ), നെടുമങ്ങാട്-1, നെടുമങ്ങാട്-2(തിരുവനന്തപുരം) സി.ഡി.എസുകൾക്ക് മന്ത്രി മെമന്റോ സമ്മാനിച്ചു.

സ്ത്രീകൾക്ക് സാമൂഹ്യജീവിതത്തിൽ ദൃശ്യപരത ലഭിക്കുന്നതിന് കുടുംബശ്രീ നിർണായക പങ്കു വഹിച്ചെന്നും നാളത്തെ കേരളം എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കുള്ള ശക്തിയായി ഈ പ്രസ്ഥാനം മാറിയെന്നും എം. നൗഷാദ് എം.എൽ. എ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

കൊല്ലം ജില്ലയിൽ ഐ.എസ്.ഒാ അംഗീകാരം നേടിയ മുഴുവൻ സി.ഡി.എസുകൾക്കും, ബാക്കി ജില്ലകളിൽ ബ്ളോക്ക് അടിസ്ഥാനത്തിൽ ഐ.എസ്.ഒാ അംഗീകാരം ലഭിച്ച സി.ഡി.എസുകളും ഉൾപ്പെടെ ആകെ 212 സി.ഡിഎസുകൾക്ക് എം.നൗഷാദ് എം.ൽ.എ,  കില ഡയറക്ടർ ജനറൽ നിസ്സാമുദ്ദീൻ എ, കില അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ.പി.എൻ അമൃത എന്നിവർ മെമന്റോ സമ്മാനിച്ചു.
 
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടർ എൻ. ദേവീദാസ്, കില ഡയറക്ടർ ജനറൽ നിസ്സാമുദീൻ. എ,   കൊല്ലം ഡെപ്യൂട്ടി മേയർ എസ്. ജയൻ,  കൊല്ലം ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി  ജയദേവി മോഹൻ, കൊല്ലം ജില്ല ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ഡോ. സി. ഉണ്ണികൃഷ്ണൻ, കൊല്ലം കോർപറേഷൻ നികുതി അപ്പീൽകാര്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എ. കെ. സവാദ്, തദ്ദേശസ്വയംഭരണ വകുപ്പ് കൊല്ലം ജോയിൻറ് ഡയറക്ടർ എസ്. സുബോദ്, കൊല്ലം സിഡിഎസ്  ചെയർപേഴ്സൺ സുജാത രതികുമാർ, കൊല്ലം ഈസ്റ്റ് സിഡിഎസ് ചെയർപേഴ്സൺ സിന്ധു വിജയൻ, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർമാരായ  ശ്യാംകുമാർ. കെ. യു, മേഘ മേരി കോശി, പത്തനംതിട്ട ജില്ലാ മിഷൻ കോഒാർഡിനേറ്റർ ആദില  എന്നിവർ ആശംസിച്ചു.  കുടുംബശ്രീ ജില്ലാ മിഷൻ കോഒാർഡിനേറ്റർ ആർ. വിമൽ ചന്ദ്രൻ നന്ദി പറഞ്ഞു.

കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നും ഐഎസ്ഒ സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയ മുഴുവൻ സി ഡി എസ്സുകളിലെയും സി.ഡി.എസ് ചെയർപേഴ്സൺ, മെമ്പർ സെക്രട്ടറി, അക്കൗണ്ടന്റ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

സംസ്ഥാനതല പ്രഖ്യാപന പരിപാടിക്കൊപ്പം ബാക്കി ഒമ്പത് ജില്ലകളിലും ഐഎസ്ഒാ ആദ്യ ഘട്ട  പൂർത്തീകരണ പ്രഖ്യാപനം നടത്തി. സി.ഡി.എസുകൾക്ക് ഐ.എസ്.ഒ അംഗീകാരം ലഭ്യമാക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങങ്ങളാണ് ഇപ്പോൾ പൂർത്തിയായത്. ഈ സാമ്പത്തിക വർഷം ബാക്കിയുള്ള 453 സി.ഡി.എസുകൾക്കു കൂടി ഐ.എസ്.ഒ അംഗീകാരം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

സ്ഥാപനത്തിൽ ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കുന്നതു വഴി സി.ഡി.എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായരീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഐ.എസ്.ഒ 90012015 സംവിധാനം വഴി ഉദ്ദേശിക്കുന്നത്. ഇതുവഴി സി.ഡി.എസ് പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനും സി.ഡി.എസിന്റെ വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും കഴിയും. കിലയുടെ സഹകരണത്തോടെയാണ് ഐഎസ് സർട്ടിഫിക്കേഷന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.  മൂന്നു വർഷമാണ് ഒരു സർട്ടിഫിക്കേഷന്റെ കാലാവധി.

 

Content highlight
617 Kudumbashree CDS get ISO certification- state level declaration programme held