സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ "ഡ്രീം വൈബ്സ്': നാലു ലക്ഷം കുട്ടികൾ പങ്കെടുക്കുന്ന ബാലസദസ് ഒക്ടോബർ രണ്ടിന്

Posted on Thursday, September 25, 2025

ഒക്ടോബർ രണ്ടിന് സംസ്ഥാനത്ത് എല്ലാ കുടുംബശ്രീ സി.ഡി.എസുകളിലും  "ഡ്രീം വൈബ്സ്' എന്ന പേരിൽ ബാലസദസ് സംഘടിപ്പിക്കുന്നു. കുടുംബശ്രീ ബാലസഭാംഗങ്ങളായ നാല് ലക്ഷത്തോളം കുട്ടികൾ ഇതിൽ പങ്കെടുക്കും. സമൂഹത്തിന്റെ ക്ഷേമത്തിനായി സർക്കാർ രൂപവൽക്കരിക്കുന്ന വികസന പദ്ധതികളിൽ കുട്ടികളുടെ ആശയങ്ങളും ആവശ്യങ്ങളും കൂടി ഉൾപ്പെടുത്തുന്നതിനുളള അവസരം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 27, 28 തീയതികളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വാർഡുതലത്തിൽ സംഘടിപ്പിക്കുന്ന ബാലസഭായോഗങ്ങളിൽ കുട്ടികൾ അവരുടെ  വികസന ആശയങ്ങൾ അവതരിപ്പിക്കും. ഇവ സി.ഡി.എസ് തലത്തിൽ ക്രോഡീകരിച്ച് ഒക്ടോബർ രണ്ടിന് ചേരുന്ന "ഡ്രീം വൈബ്സ്' - ബാലസദസിൽ ബാലപഞ്ചായത്ത് പ്രസിഡന്റ് അതത് തദ്ദേശ സ്ഥാപന അധ്യക്ഷന് കൈമാറും. ഡിസംബറിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ബാലപാർലമെന്റിനു മുന്നോടിയായിട്ടാണ് ഈ പരിപാടി.  

"ഡ്രീം വൈബ്സി'നു മുന്നോടിയായി 21 ന് സംസ്ഥാനത്ത് ഒാരോ പ്രദേശത്തും അതത് വാർഡുതലത്തിൽ ബാലസഭാ യോഗം സംഘടിപ്പിച്ച് കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിയിരുന്നു. 28, 29 തീയതികളിൽ വാർഡുതലത്തിൽ വീണ്ടും ബാലസഭാ യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ  കുട്ടികൾ കഥ,  കവിത, പോസ്റ്റർ, റീൽസ്, വീഡിയോ തുടങ്ങി വിവിധ മാർഗങ്ങൾ ഉപയോഗിച്ചു കൊണ്ട് അവരുടെ വികസന ആശയങ്ങൾ അവതരിപ്പിക്കും. 

  മാലിന്യ സംസ്ക്കരണം, ശിശുസൗഹൃദ ഗ്രാമം, ഭിന്നശേഷി സൗഹൃദ ഗ്രാമം തുടങ്ങി വിവിധ വിഷയങ്ങളിൽ ഉൾപ്പെടെയാണ് കുട്ടികൾ  അവരുടെ ആശയങ്ങൾ പങ്കു വയ്ക്കുക. ഇവ ഒാരോന്നും സംസ്ഥാന മിഷനിൽ നിന്നു നൽകിയിട്ടുള്ള ഒാൺലൈൻ പ്ളാറ്റ്ഫോമിൽ അപ് ലോഡ് ചെയ്യും. ഇതിന്റെ ചുമതല റിസോഴ്സ് പേഴ്സൺമാർക്കാണ്. സി.ഡി.എസിന്റെ നേതൃത്വത്തിൽ വാർഡുതലത്തിൽ കുട്ടികൾ അവതരിപ്പിക്കുന്ന വിഷയങ്ങൾ സമാഹരിച്ചു സി.ഡി.എസ്തലത്തിൽ ക്രോഡീകരിക്കും. ഈ റിപ്പോർട്ടുകളാണ് ഒക്ടോബർ രണ്ടിന് തദ്ദേശ സ്ഥാപന അധ്യക്ഷന് കൈമാറുക. 

 

Content highlight
Dream vibes special balasabha on Oct 2