തദ്ദേശീയ മേഖലയിൽ സമഗ്ര ശാക്തീകരണം: ഉപജീവന സംരംഭ രൂപീകരണം ഊർജിതമാക്കി കുടുംബശ്രീ

Posted on Monday, September 22, 2025

തദ്ദേശീയ മേഖലയിലെ വികസനം ലക്ഷ്യമിട്ടുകൊണ്ട് എല്ലാ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 500 പേർക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ വിവിധ ഉപജീവന സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പരിശീലന പരിപാടികൾ പുരോഗമിക്കുന്നു. തദ്ദേശീയർക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭ്യമാക്കി സാമ്പത്തിക അഭിവൃദ്ധി നേടാൻ പ്രാപ്തമാക്കുകയാണ് ലക്ഷ്യം.

കുടുംബശ്രീ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന കെ-ടിക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനവും പിന്തുണയും ലഭ്യമാക്കുന്നത്. നിലവിൽ പരിശീലനം പൂർത്തിയാക്കിയ നൂറ്റി അമ്പതിലേറെ പേർക്ക് വിവിധ മേഖലകളിൽ ഉപജീവന സംരംഭങ്ങൾ തുടങ്ങാനുള്ള പിന്തുണ നൽകി വരികയാണ്.  കാർഷിക മൃഗസംരക്ഷണ പരമ്പരാഗത തൊഴിൽ മേഖലകളിലടക്കമാണ് സംരംഭങ്ങൾ രൂപീകരിക്കുന്നത്. ചെറുധാന്യങ്ങളുടെ കൃഷിയ്ക്കും കൂടുതൽ ഊന്നൽ നൽകുന്നുണ്ട്. ഉൽപന്ന വിപണനവും കാര്യക്ഷമമാക്കും.

കർഷക സംഘങ്ങളുടെ രൂപീകരണവും ഊർജിതമാക്കി. ഈ വർഷം പുതുതായി ആരംഭിച്ച ഒാരോ കർഷക സംഘത്തിനും പ്രാരംഭ പ്രവർത്തനങ്ങൾക്കായി  4,000 രൂപ വീതം കോർപ്പസ് ഫണ്ട് നൽകും.  ഈ ഇനത്തിൽ  23 കർഷക സംഘങ്ങൾക്കായി ഇതുവരെ 92,000 രൂപ വിതരണം ചെയ്തിട്ടുണ്ട്. മൃഗസംരക്ഷണ മേഖലയിൽ മുട്ടക്കോഴി വളർത്തൽ യൂണിറ്റുകളും ആരംഭിച്ചിട്ടുണ്ട്.  ഒാരോ യൂണിറ്റിനും പ്രാരംഭ പ്രവർത്തനങ്ങൾക്കായി  20,000 രൂപ വീതമാണ് നൽകുക. പരമ്പരാഗത ഉൽപന്നങ്ങൾക്കും  വനവിഭവങ്ങൾക്കും വിപണി ഉറപ്പാക്കുന്നതോടൊപ്പം ഈ വർഷം പ്രീമിയം ബാഗ് നിർമാണ യൂണിറ്റും ആരംഭിക്കും.
                                 
നിലവിലുള്ള  6460 അയൽക്കൂട്ടങ്ങൾക്ക് പുറമേ പുതിയവയുടെ രൂപീകരണവും പുരോഗമിക്കുകയാണ്. പുതിയ അയൽക്കൂട്ടങ്ങൾക്ക് പ്രാരംഭ പ്രവർത്തനങ്ങൾക്കായി 5000 രൂപ വീതമാണ് നൽകുക. നിലവിൽ തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഇംഗ്ളീഷ് ഭാഷാ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി "കമ്യൂണിക്കോർ' പദ്ധതിയും നടപ്പാക്കി വരികയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയാണിത്. ഇതു വഴി ആകെ ആയിരം കുട്ടികൾക്ക് പരിശീലനം നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്. കുട്ടികൾ മുഖേനയുള്ള ഹ്രസ്വ ചലച്ചിത്ര നിർമാണ പദ്ധതി "കനസ് ജാഗ 2.0'  ഈ വർഷവും നടപ്പാക്കും. കുട്ടികളുടെ സർഗാത്മകതയും വ്യക്തിത്വ വികാസവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രണ്ടു പദ്ധതികൾക്കും പ്രതേ്യകം ഫണ്ട് വകയിരുത്തിയിട്ടുണ്ട്.  

പദ്ധതിയുമായി ബന്ധപ്പെട്ട് കൊല്ലം മൺറോ തുരുത്തിൽ നടന്ന സംസ്ഥാനതല ശിൽപശാലയ്ക്ക് കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത്, കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ കോർഡിനേറ്റർ വിമൽ ചന്ദ്രൻ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ മേലാത്ത്, അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ പ്രീത ജി. നായർ, ദാനിയേൽ ലിബ്നി എന്നിവർ  നേതൃത്വം നൽകി. എല്ലാ ജില്ലകളിൽ നിന്നുമുള്ള അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാർ, സ്പെഷൽ പ്രോജ്ക്ട് കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.

Content highlight
trbl ktic